Coverstory

മുറിവുകൾ, സൗഖ്യത്തിലേക്കു തുറക്കുന്ന വാതിലുകൾ

ആല്‍ഫസ് പത്രോസ്‌

ബേസൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള "കല്ലറയിലെ ക്രിസ്തുവിന്റെ മൃതശരീരം" എന്ന ഹാൻസ് ഹോൾബൈൻ ചിത്രം കണ്ട് ഫ്യോദർ ദോസ്തേവ്സ്കി നിമിഷാർദ്ധത്തിൽ വികാരസ്തബ്ധനായി. ജീവന്റെ അവസാന അടയാളവും വിട്ട്, മരണത്തിന്റെ കാളിമ പടരുന്ന വിളറി വെളുത്ത ക്രിസ്തുവിന്റെ ശരീരം വിറങ്ങലിച്ച് കിടക്കുന്നു. "അവൻ" വെറും "അത്" ആയി മാറിയിരിക്കുന്നു. മനുഷ്യത്വത്തിന്റെ അന്തസ് ശൂന്യമാക്കപ്പെട്ടിരിക്കുന്നു. നാം വിശ്വസിക്കുന്ന എന്തിനെയും ചോദ്യം ചെയ്യുന്ന, വെല്ലുവിളിക്കുന്ന ഒരു ദൃശ്യത്തെ നാം അഭിമുഖീകരിക്കുന്നു. ദെസ്തയെവ്സ്കി തന്റെ ഒരു കഥാപാത്രത്തെക്കൊണ്ട്, വിശ്വാസത്തിന്റെ ഈ പ്രതിസന്ധിയെപ്പറ്റി ദീർഘമായി സംസാരിപ്പിക്കുന്നുണ്ട്.

ഫ്രഞ്ച് ചിന്തകയും മിസ്റ്റിക്കുമായ സീമോൺ വെയിൽ പീഡാനുഭവത്താൽ സൃഷ്ടിക്കപ്പെടുന്ന ഈ ശൂന്യതയെ ദൈവത്തിനു പ്രത്യക്ഷപ്പെടാനും ഇടപെടാനുമുള്ള ഇടമായി മനസിലാക്കുന്നു. ഭ്രഷ്ടിന്റെയും, അവഹേളനത്തിന്റെയും, പരിത്യക്തതയുടെയും ഇരുളടഞ്ഞ ഭാവിയുടെയും പീഡകൾ പേറുന്നവന്റെ അഹം ഇല്ലാതാകുന്നു. ആ ശൂന്യത ദൈവസാന്നിദ്ധ്യമായി പരിണമിക്കുന്നു. ഭഗ്നാശയും കോപവും ഉപേക്ഷിച്ച് പരിപൂർണമായ സ്വയം ശൂന്യവൽകരണത്തെ പീഡാനുഭവത്തിൽ ദർശിക്കുന്ന ഒരു ആത്മാവ്. ആ ആത്മാവിന്റെ നിസഹായാവസ്ഥ ദൈവത്തിലേക്കുള്ള തുറവി ആയി മാറുന്നു. ക്രൂശിതനിൽ മനുഷ്യൻ സമ്പൂർണമായി പരിത്യക്തനായി, തകർക്കപ്പെടുന്നു. പക്ഷേ, ആ അവസ്ഥ മഹത്വീകൃതമായ ശരീരത്തോടുകൂടിയ ഉത്ഥിതനായ പുതിയ മനുഷ്യന് നാന്ദിയാകുന്നു.

ക്രൂശിതനായ കർത്താവിന്റെ ശരീരത്തെ ധ്യാനിച്ച് നമ്മുടെ മുറിവുകളെ അവന്റെ മുറിവുകളുമായി അനുരൂപപ്പെടുത്തുക എന്ന പ്രമേയമാണ് ബിഷപ് എറിക് വാർഡെൻ 2025-ൽ രചിച്ച Healing Wounds എന്ന നോമ്പുകാല ധ്യാനചിന്താ ഗ്രന്ഥത്തിൽ പ്രതിപാദിക്കുക. പീഡാനുഭവത്തിന്റെ മുറിവുകൾ സമുദ്ധിയുടെ പുഷ്കലതയിലേക്ക് തഴച്ചുവളരുന്ന അനുഭവം ഈ ഗ്രന്ഥം സമ്മാനിക്കുന്നുണ്ട്.

ക്രൂശിതനിൽ മനുഷ്യൻ സമ്പൂർണമായി പരിത്യക്തനായി, തകർക്കപ്പെടുന്നു. പക്ഷേ, ആ അവസ്ഥ മഹത്വീകൃതമായ ശരീരത്തോടുകൂടിയ ഉത്ഥിതനായ പുതിയ മനുഷ്യന് നാന്ദിയാകുന്നു.

സന്യാസ ആദ്ധ്യാത്മികതയിലേക്ക് ഒരു തിരിച്ചു നടത്തം

അഗസ്റ്റീനിയൻ സന്യാസിയായ ലിയോ XIV പാപ്പാ, താപസഭവനങ്ങളിലെ പുരാതന ആദ്ധ്യാത്മിക ഈടുവെയ്പുകളെ വീണ്ടെടുത്ത് സഭക്ക് കരുത്തേകാൻ ബോധപൂർവം ശ്രമിക്കുന്നുണ്ട്. തന്റെ വ്യക്തിത്വത്തെ രൂപീകരിച്ചത് കർമലീത്താ സന്യാസിയായ ബ്രദർ ലോറൻസിന്റെ "ദൈവസാന്നിദ്ധ്യത്തിന്റെ അഭ്യസനം" എന്ന ഗ്രന്ഥമാണ് എന്ന് അദ്ദേഹം ഒരിക്കൽ പത്രലേഖകരോട് പറയുകയുണ്ടായി. എല്ലാ പ്രവൃത്തികളും ദൈവഹിതമറിഞ്ഞ് ദൈവസാന്നിദ്ധ്യത്തിലാണ് എന്ന അവബോധത്തോടെ ചെയ്യുക എന്നത് വ്യക്തിത്വത്തിന്റെ ഭാഗമാക്കുക എന്നതാണ് ആ ഗ്രന്ഥത്തിന്റെ പ്രമേയം. "എല്ലാം ദൈവത്തിന്റെ ഉപരി മഹത്വത്തിനായി" എന്ന ഇഗ്നേഷ്യസ് ലൊയോളയുടെ ആപ്തവാക്യത്തിന്റെ പ്രായോഗികാവിഷ്കാരമായി നമുക്കതിനെ കാണാൻ കഴിയും.

തന്റെ ആദ്യത്തെ നോമ്പുകാല ഒരുക്കധ്യാനം നയിക്കാൻ പാപ്പാ തെരഞ്ഞെടുത്തിരിക്കുന്നത് നോർവേയിലെ ട്രോൺഡ്ഹീം രൂപതാ മെത്രാനും സിസ്റ്റേഴ്സ്യൻ സന്യാസിയുമായ എറിക് വാർഡനെ ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ആദ്ധ്യാത്മിക രചനകൾ കൊണ്ട് ശ്രദ്ധേയനായ മറ്റൊരു സിസ്റ്റേഴ്സ്യൻ സന്യാസി.

ഫാ. തോമസ് മേർട്ടന്റെ ജീവിതരേഖയുമായി ബിഷപ് വാർഡെന്റെ ജീവിതകഥയ്ക്ക് വളരെ സാജാത്യങ്ങൾ കാണുവാൻ കഴിയും. നോർവേയിൽ മതനിഷ്ഠ ഇല്ലാത്ത ഒരു ലൂഥറൻ കുടുംബത്തിൽ ജനിച്ചു വളർന്ന എറിക് വാർഡെൻ കേംബ്രിഡ്ജ് സർവകലാശാലയിലെ പഠനത്തിടെ പത്തൊൻപതാം വയസിലാണ് കത്തോലിക്കാ സഭയിലേക്ക് കടന്നുവരുന്നത്. കേംബ്രിഡ്ജ്ജിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, 2002-ൽ തന്റെ ഇരുപത്തെട്ടാം വയസിൽ സിസ്റ്റേഴ്സ്യൻ സന്യാസസമൂഹത്തിൽ പ്രവേശിച്ചു. 2011-ൽ വൈദികപട്ടമേറ്റ ശേഷം രണ്ടു വർഷക്കാലം റോമിൽ സുറിയാനി പ്രൊഫസറായി പ്രവർത്തിക്കുകയും തുടർന്ന് 2019 വരെ ആശ്രമാദ്ധ്യക്ഷനായി ശുശ്രൂഷ ചെയ്യുകയും ചെയ്തു.

2019-ൽ ട്രോൻഡ്ഹീം രൂപതയുടെ മെത്രാനായി ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ നിയോഗിച്ചു. ആധുനിക കാലഘട്ട ത്തിന്റെ പ്രശ്നങ്ങളെയും ആധ്യാത്മിക പ്രതിസന്ധികളെയും ചർച്ച ചെയ്യുകയും, മധ്യകാല സന്യാസ ആദ്ധ്യാത്മികതയുടെ കാലാനുസൃതമായ പുനരാഖ്യാനങ്ങളിലൂടെ ഉത്തരങ്ങൾ തേടുകയും ചെയ്യുന്ന ബിഷപ് വാർഡന്റെ രചനകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഏകാന്തത, ലൈംഗിക പവിത്രത, സഹനം, പ്രത്യാശ, മാനസാന്തരം എന്നിങ്ങനെ നിരവധി അസ്തിത്വപരമായ പ്രമേയങ്ങളെ ആ രചനകൾ സ്പർശിക്കുന്നു. കേരളത്തിലെ സിസ്റ്റേഴ്സ്യൻ ആശ്രമമായ കുരിശുമലയും അതിന്റെ സ്ഥാപകരായ ഫ്രാൻസിസ് ആചാര്യയുടെയും, ബീഡ് ഗ്രിഫിത്സിന്റെയും ദർശനങ്ങളും അവയിൽ കടന്നുവന്നിട്ടുണ്ട്.

ലൂവെയ്നിലെ ആർനുൾഫ് എന്ന സന്യാസശ്രേഷ്ഠൻ പതിമൂന്നാം നൂറ്റാണ്ടിൽ ക്രൂശിതന്റെ ശരീരത്തെ ധ്യാനിച്ചെഴുതിയ പ്രാർത്ഥനാകീർത്തനത്തിന്റെ ചട്ടക്കൂട് ഉപയോഗിച്ചാണ് Healing Wounds ലെ ചിന്തകൾ ചിട്ടപ്പെടു ത്തപ്പെട്ടിരിക്കുന്നത്.

ശീർഷകത്തിൽ തന്നെ വാക്കുകൾ കൊണ്ടൊരു ശ്ലേഷ പ്രയോഗം രചയിതാവ് നടത്തുന്നുണ്ട്. "സൗഖ്യം നൽകുന്ന മുറിവുകൾ" എന്നും "മുറിവുകളുടെ സൗഖ്യമാക്കപ്പെടൽ" എന്നും വ്യാഖ്യാനിക്കപ്പെടാവുന്ന ആ സന്ദിഗ്ദത മനപൂർവമാണ് എന്ന് അദ്ദേഹം പിന്നീട് അഭിമുഖങ്ങളിൽ പറയുന്നു. ഏശയ്യാ പ്രവചനം 53-ാം അദ്ധ്യായത്തിലെ സഹനദാസനെ പത്രോസ് ശ്ലീഹാ തന്റെ ലേഖനത്തിൽ ക്രിസ്തുവായി തിരിച്ചറിഞ്ഞ് പ്രഖ്യാപിക്കുന്നു: നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ അവന്‍ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്‌. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.

1 പത്രോസ് 2 : 24. അവന്റെ മുറിവുകൾ മൂലമാണ് നമ്മുടെ മുറിവുകൾ സൗഖ്യത്തിലേക്കും ജീവനിലേക്കും പുഷ്പിക്കുന്നത്.

ഉടലിനൊരു ദൈവശാസ്ത്രം

ലോകവും ശരീരവും തിൻമ നിറഞ്ഞ മായയാണെന്നും ജ്ഞാനത്തിലൂടെ പൂർണത പ്രാപിക്കുന്ന ആത്മാവാണ് പാവനമെന്നും പഠിപ്പിക്കുന്ന ജ്ഞാനവാദസിദ്ധാന്തമാണ് സഭ നേരിട്ട ആദ്യത്തെ വേദവിരുദ്ധ പാഷണ്ഡത.

ദൈവം നന്മയിൽ സൃഷ്ടിച്ച പദാർത്ഥ പ്രപഞ്ചവും ശരീരവും യാഥാർത്ഥ്യങ്ങൾ ആണെന്നും ക്രിസ്തു ശരീരം ധരിച്ച സത്യമനുഷ്യനായ ദൈവമാണെന്നും ശരീരത്തിൽ നാം കൂദാശകളിലൂടെ സ്വീകരിക്കുന്ന ഭൗതിക അടയാളങ്ങൾ കൃപാദായകങ്ങൾ ആണെന്നും നാം വിശ്വസിക്കുന്നു. മാമ്മോദീസായിൽ ശിരസിൽ ഒഴുകുന്ന ജലം പാപം കഴുകിക്കളയുന്നു. അധരങ്ങളിലൂടെ നാം ഭക്ഷിക്കുന്ന അപ്പം മിശിഹായുടെ സത്യശരീരമാകയാൽ അവൻ നമ്മിലും നാം അവനിലും ഒന്നാകുന്നു.

"വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. നാം അവനെ വീണ്ടും വചനമാക്കി മാറ്റി" എന്ന് ദൈവശാസ്ത്രജ്ഞനായ വാൾട്ടർ ജെ. ഓംഗ് പ്രോട്ടസ്റ്റന്റ് വിപ്ലവത്തെ വിലയിരുത്തിയത് ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ക്രിസ്തു എന്ന വ്യക്തിയിൽ നിന്നും അവന്റെ പ്രബോധനങ്ങൾ മാത്രം അടർത്തിമാറ്റി, അച്ചടിച്ച ബൈബിളിന്റെ വ്യക്തിപരമായ വായന അധിഷ്ഠിതമാക്കി അനുധാവനം ചെയ്യാനുള്ള ശ്രമം കൂദാശകളോടും വിശുദ്ധ രൂപങ്ങളോടുമുള്ള നിരാസമായി മാറി. ക്രിസ്തുവിന്റെ ശരീരമായ സഭയിലെ സജീവമായ പങ്കുചേരലിന്റെ അനുഭവത്തിൽ നിന്നും ഗ്രന്ഥപാരായണത്തിലേക്കുള്ള മാറ്റം ക്രിസ്തുവിനെ നാഥനിൽ നിന്നും ഗുരുവായി സ്ഥാനാന്തരണം ചെയ്തു.

സഭയിൽ വികസിച്ചു വന്ന ക്രിസ്തുവിജ്ഞാനീയമാണ് ക്രൈസ്തവ കലകൾക്ക് ആധാരമായി തീർന്നത്. മത്സ്യം, നല്ലയിടയൻ, പ്രപഞ്ച രാജാവ് എന്നിങ്ങനെയുള്ള പ്രതീകാത്മക ചിത്രങ്ങൾ ആണ് ക്രിസ്തുവിനെ ദ്യോതിപ്പിക്കാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. മിശിഹാ പൂർണമായും ദൈവമായിരിക്കെത്തന്നെ പൂർണ മനുഷ്യനും ആണ് എന്ന് കാൽസിദോൻ സൂനഹദോസ് അഞ്ചാം നൂറ്റാണ്ടിൽ വിശ്വാസസത്യമായി നിർവചിച്ചതോടെ അവന്റെ മനുഷ്യാവതാരത്തെ, വിശിഷ്യാ കുരിശുമരണത്തെ ചിത്രീകരിക്കുകയും വണങ്ങുകയും അവയെ നോക്കി ധ്യാനിക്കുകയും ചെയ്യുന്ന പാരമ്പര്യങ്ങൾ ഉണ്ടായി. കേരളസഭയിൽ മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി പ്രസംഗിക്കുന്നതും ധ്യാനിക്കുന്നതും തെറ്റാണ് എന്ന അബദ്ധധാരണ ഉണ്ടായിരുന്നതിനെ വിശ്വാസവിപരീതമായി പ്രഖ്യാപിക്കുന്ന ഒരു ഡിക്രി ഉദയംപേരൂർ സൂനഹദോസ് കാനോനകളിൽ കാണാൻ കഴിയും. കാൽസിദോൻ സൂനഹദോസിനു മുൻപു തന്നെ കത്തോലിക്കാ കൂട്ടായ്മയിൽ നിന്നും വിഘടിച്ചു പോയ കൽദായസഭയുടെ സ്വാധീനമായിരുന്നിരിക്കാം ഈ ധാരണക്ക് പിറകിൽ.

ക്രൂശിതൻ ഒരു ക്ഷണമാണ്. അവനോടൊപ്പം ക്രൂശിക്കപ്പെടാനും, ഇല്ലായ്മ ചെയ്യപ്പെടാനും, ആ നിസഹായതയുടെ വിജനതയിൽ ദൈവത്തെ കണ്ടുമുട്ടാനുമുള്ള ഒരു ക്ഷണം.

മിശിഹായുടെ പീഡാനുഭവത്തെയും മരണത്തെയും, മനുഷ്യപാപങ്ങൾക്കുള്ള ശിക്ഷ അവൻ ഏറ്റുവാങ്ങി പരിഹാരം ചെയ്യുന്ന ഒരു ന്യായവിധിയുടെ യുക്തിയിലാണ് പാശ്ചാത്യദൈവശാസ്ത്രം കാണുന്നത്. റോമൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന വി. അംബ്രോസിന്റെയും, അദ്ദേഹത്തിന്റെ ശിഷ്യനും അഭിഭാഷകനുമായ വി. അഗസ്റ്റിന്റെയും സ്വാധീനം ആ വീക്ഷണത്തിനു കരുത്തേകി. പാപത്തെ രോഗാവസ്ഥയായും മിശിഹായെ അത് സുഖപ്പെടുത്തുന്ന ദിവ്യഭിഷഗ്വരനായുമുള്ള പൗരസ്ത്യ സഭാപിതാക്കൻമാരുടെ ദർശനത്തിനാണ് Healing Wound ന്റെ രചയിതാവ് കൂടുതൽ ഊന്നൽ നൽകുന്നത്.

പുസ്തകത്തിന്റെ ഉപക്രമം പീഡാനുഭവത്തിന്റെ യാഥാർത്ഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. വ്രണിതനായ ക്രൂശിതൻ എന്ന യാഥാർത്ഥ്യം. നിന്ദിതനും പീഡിതനുമായ മിശിഹായെ കുരിശിൽ കണ്ടുമുട്ടുക എന്നതാണ് പ്രധാനം. മഹത്വത്തിന്റെ ഉടയാടകൾ ഒന്നുമില്ലാതെ ശൂന്യവത്കൃതനായ മനുഷ്യൻ അവിടെ അനാവൃതനാകുന്നു. മോശ മരുഭൂമിയിൽ ഉയർത്തിയ പിത്തള സർപ്പത്തെപ്പോലെ മനുഷ്യപുത്രൻ ഉയർത്തപ്പെട്ടിരിക്കുന്നു. ആ സാകല്യത്തിൽ അവനെ കാണുകയും ധ്യാനവിഷയമാക്കുകയും ചെയ്തു കൊണ്ട് രചയിതാവ് മുഖ്യപ്രമേയത്തിലേക്ക് കടക്കുന്നു.

ലുവെയ്നിലെ ആർനുൾഫ് കർത്താവിന്റെ തകർക്കപ്പെട്ട ശരീരത്തെ ഏഴ് ഖണ്ഡങ്ങളായാണ് പ്രകീർത്തിക്കുന്നത്. പാദങ്ങൾ, മുട്ടുകൾ, കൈകൾ, വിലാവ്, മാറിടം, ഹൃദയം, തിരുമുഖം എന്നിങ്ങനെ ക്രൂശിതനെ ആപാദചൂഢം കൃപ ചൊരിയുന്ന ഉറവയായി ആ കീർത്തനം വാഴ്ത്തുന്നു. ഓരോ ഖണ്ഡത്തിനും വാർഡെൻ വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും കലയിൽ നിന്നും സാഹിത്യത്തിൽ നിന്നുമെല്ലാമുള്ള പ്രതീകങ്ങളും വിവരണങ്ങളുമുപയോഗിച്ച് തനതായ വ്യാഖ്യാനം നൽകുന്നു.

ലക്ഷ്യബോധമില്ലാത്ത അലച്ചിലുകളോട് ക്രൂശിതന്റെ നിശ്ചലമാക്കപ്പെട്ട പാദങ്ങൾ ശാന്തതയും വിശ്രമവും ആഹ്വാനം ചെയ്യുന്നു. അവന്റെ പൊട്ടിയ മുട്ടുകൾ വിനയത്തോടെ പ്രാർത്ഥനാനിരതരാകാൻ നമ്മെ പ്രേരിപ്പിക്കുന്നു. കുരിശിൽ തറക്കപ്പെട്ട കരങ്ങൾ, പ്രതിക്രിയ ചെയ്യാനും പിടിച്ചെടുക്കാനും വെമ്പുന്ന മനുഷ്യകരങ്ങൾക്കു മുന്നിൽ ചോദ്യചിഹ്നമാകുന്നു. ഭേദിക്കപ്പെട്ട തിരുവിലാവ് കൂദാശകളുടെ കൃപ പ്രവഹിക്കുന്ന വാതായനമായി മാറുന്നു. മുറിവേറ്റ മാറിടം അവന്റെ ശ്വാസോഛ്വാസം ശ്രവിച്ചു കൊണ്ട് നമുക്ക് തലചായ്ക്കാൻ ഇടമൊരുക്കുന്നു. തിരുഹൃദയം നമ്മുടെ ഹൃദയവേദനകളെ സ്നേഹത്തിന്റെ അനുഭവമാക്കിത്തീർക്കുന്നു. മുൾമുടി അണിഞ്ഞ ശിരസിലും പ്രഹരമേറ്റ് വികൃതമായ തിരുമുഖത്തിലും ദൈവത്തിന്റെ അഗ്രാഹ്യമായ മുഖം പീഡിതന്റെ മുഖമായി മനുഷ്യന് സമീപസ്ഥവും പ്രാപ്യവുമാകുന്നു.

പുഷ്കലമാകുന്ന മുറിവുകളെക്കുറിച്ചുള്ള പ്രത്യാശയുടെ അദ്ധ്യായവുമായാണ് വാർഡെൻ തന്റെ ഗ്രന്ഥം ഉപസംഹരിക്കുക. പറുദീസായിലെ ജീവന്റെ വൃക്ഷമായി കുരിശ് പരിണമിക്കുന്നു. ജീവൻ നൽകുന്ന അതിന്റെ ദിവ്യഫലങ്ങൾ വാങ്ങി ഭക്ഷിക്കുവാൻ ക്രൂശിതൻ സ്നേഹപൂർവം ഏവരേയും ക്ഷണിക്കുന്നു. പാപത്തിനു മുൻപുള്ള സമഗ്രതയിലേക്ക് പ്രപഞ്ചം മടങ്ങിയെത്തുന്നു. ഉത്ഥിതന്റെ രൂപാന്തരപ്പെട്ട മഹത്വീകൃത ശരീരത്തിലും മുറിപ്പാടുകൾ മാറ്റമില്ലാതെ നിലകൊള്ളുന്നത് ഒരു വലിയ അടയാളമായാണ് എറിക് വാർഡെൻ ദർശിക്കുക. അവ കഴിഞ്ഞുപോയ ചരിത്ര സംഭവത്തിന്റെ സ്മാരകങ്ങൾ മാത്രമല്ല, മനുഷ്യന്റെ മുറിവുകളെ ചേർത്തുവയ്ക്കാനുള്ള ഇടങ്ങൾ കൂടിയാണ്. പീഡാനുഭവങ്ങളെ ഇല്ലാതാക്കിക്കൊണ്ടല്ല മിശിഹാ സൗഖ്യം നൽകുന്നത്; മറിച്ച് പീഡാനുഭവങ്ങളെ രൂപാന്തരപ്പെടുത്തി രക്ഷാകരാനുഭവമായും സ്നേഹപ്രവാഹമായും പുഷ്കലമാക്കിക്കൊണ്ടാണ്. ക്രൂശിതൻ ഒരു ക്ഷണമാണ്. അവനോടൊപ്പം ക്രൂശിക്കപ്പെടാനും, ഇല്ലായ്മ ചെയ്യപ്പെടാനും, ആ നിസഹായതയുടെ വിജനതയിൽ ദൈവത്തെ കണ്ടുമുട്ടാനുമുള്ള ഒരു ക്ഷണം.

പീഡാനുഭവത്തിന് ചിട്ടയായ രീതിയിലുള്ള ഒരു ദൈവശാസ്ത്ര വിശദീകരണം നൽകുക എന്നതിനേക്കാൾ വായനക്കാരനെ ക്രൂശിതന്റെ ഉൺമയോട് ഉൾചേർക്കുക എന്നതാണ് ഗ്രന്ഥകാരന്റെ ലക്ഷ്യം. ഒരു ധ്യാനപ്രഭാഷണത്തിന്റെ ശൈലിയാണ് ഓരോ അദ്ധ്യായത്തിനും. ഓരോ സൂക്ഷ്മാംശത്തെയും പഴയ നിയമ സന്ദർഭങ്ങളുമായും, വിശുദ്ധരുടെ ജീവിതത്തിലെ സംഭവങ്ങളുമായും, ശിൽപങ്ങളും ചിത്രങ്ങളും കീർത്തനങ്ങളും സംഗീതവുമായും ചാരുതയോടെ ബന്ധപ്പെടുത്തി അവയെ എല്ലാം തീർത്ഥാടനത്തിന്റെ ഒരു നവ്യാനുഭവമാക്കി ഈ ഗ്രന്ഥം മാറ്റുന്നു. ഒറ്റത്തവണ വായിച്ച് മാറ്റിവയ്ക്കപ്പെടാനുള്ളതല്ല ഇത്, മറിച്ച് അവധാനതയോടെ ക്രൂശിതനെ അംഗപ്രത്യംഗം തനിമയിൽ കാണുവാനും അവന്റെ മുറിവുകളിൽ നമ്മുടെ മുറിവുകൾ ചേർത്തു വച്ച് സൗഖ്യത്തിലേക്ക് വളരാനുമായി ധ്യാനാത്മകതയോടെ മനനം ചെയ്യപ്പെടേണ്ട ഒന്നാണ്. ആ ധ്യാനത്തിൽ

വി. ഇഗ്നേഷ്യസ് ലയോളയുടെ പ്രാർത്ഥന നമ്മുടെ ഹൃദയത്തിൽ നിന്നും പുറപ്പെടും: "ഓ ഈശോ ! അങ്ങയുടെ തിരുമുറിവുകളിൽ എനിക്ക് അഭയം നൽകേണമേ."

ലിയോ പതിനാലാമന്‍ പാപ്പായുടെ 2026 ലെ യാത്രകള്‍ പ്രഖ്യാപിച്ചു

കള പറിക്കാനുള്ള വ്യഗ്രത

റോം രൂപതയ്ക്കായി പുതിയ നാല് സഹായമെത്രാന്മാര്‍

വ്യത്യസ്ത വിഷയങ്ങളില്‍ ലോക റെക്കോര്‍ഡ് നേടിയവരെ ആദരിച്ചു

ഇറാഖില്‍ പുരാതന ആശ്രമ ചിത്രങ്ങള്‍ വീണ്ടെടുപ്പിന്റെ പാതയില്‍