സന്യാസിനിമാരാണ് സഭയുടെ നന്മയുടെ മുഖം. സുവിശേഷത്തെ സമൂഹത്തിലെ ഏറ്റവും അവസാനത്തെ ആളുകളിൽ എത്തിക്കുന്നത് സന്യാസിനിമാരാണ്.ആർച്ചുബിഷപ് ജോസഫ് പാംപ്ലാനി
[ദൈവവിളിയുടെ വിവിധ വശങ്ങളെ സംബന്ധിച്ച് ആർച്ചുബിഷപ് ജോസഫ് പാംപ്ലാനി സത്യദീപത്തോടു സംസാരിക്കുന്നു]
തന്റെ സഭയ്ക്ക് ആവശ്യമുള്ള ആളുകളെ സമയത്തിന്റെ പൂർണ്ണതയിൽ ദൈവം തിരഞ്ഞെടുക്കുന്നതാണ് ദൈവവിളി. അതുകൊണ്ട് ദൈവവിളി കുറഞ്ഞോ കൂടിയോ എന്ന പ്രശ്നം മാനുഷികമായ ദൃഷ്ടിയിൽ വിലയിരുത്തുന്നതിൽ അർഥമില്ല എന്നാണ് എന്റെ വിചാരം. ഈ കാലഘട്ടത്തിൽ സന്യസ്തരുടെ, പ്രത്യേകിച്ച് വനിതാസന്യസ്തരുടെ ഇടയിൽ ദൈവവിളി കുറഞ്ഞു വരുന്നു എന്നുള്ളത് എല്ലാവരും ശ്രദ്ധിക്കുന്ന കാര്യമാണ്. വളരെ സങ്കീർണ്ണമായ ഒരു വിഷയമാണിത്.
ദൈവവിളിയുടെ കാര്യത്തിൽ പ്രത്യക്ഷത്തിലുള്ള ചില മാറ്റങ്ങൾ ദൃശ്യമായിട്ടുണ്ട്. നേരത്തെ 15 വയസ്സിനും 18 വയസ്സിനും ഇടയിൽ അല്ലെങ്കിൽ പത്താം ക്ലാസിനും പ്ലസ് ടുവിനും ഇടയിലുള്ള പെൺകുട്ടികളാണ് സന്യാസസഭകളിൽ ചേർന്നുകൊണ്ടിരുന്നതെങ്കിൽ ഇന്ന് ഉന്നതപഠനം നടത്തി, പ്രൊഫഷണൽ ബിരുദങ്ങൾ നേടിയവർ ദൈവവിളി സ്വീകരിക്കുന്ന പ്രവണത വർധിച്ചിരിക്കുന്നു. ദൈവവിളി സ്വീകരിക്കുന്ന സമയത്തിൽ വ്യത്യാസമുണ്ടായിരിക്കുന്നു.
രണ്ട്, നേരത്തെ കേരളത്തിലെ കുടുംബങ്ങളിൽ നിന്നാണ് കേരളത്തിലെ സന്യാസ സഭകളിലേക്ക് ദൈവവിളി ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിലേക്കാൾ കൂടുതൽ ദൈവവിളികൾ വടക്കുകിഴക്കനിന്ത്യയിൽ നിന്ന് സന്യാസ സഭകൾക്ക് ലഭിക്കുന്നു എന്ന മാറ്റം. അതായത്, ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയാത്ത വിധത്തിൽ ഈ വിഷയം സങ്കീർണ്ണമാണ്.
സന്യാസത്തിന്റെ പരമ്പരാഗതമായ ചട്ടക്കൂടിന് വെളിയിലും സുവിശേഷ ത്തിന് സാക്ഷ്യം വഹിക്കാനുള്ള പുതിയ സാധ്യതകൾ സ്ത്രീകൾ തേടുന്നു എന്നുള്ളത് ഈ കാലഘട്ടത്തിലെ ദൈവവിളിയെ വിലയിരുത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യമാണ്.
സഭയുടെ സാമൂഹിക പ്രവർത്തന മണ്ഡലങ്ങളിൽ ദൈവവിളിയോടുള്ള കാഴ്ചപ്പാട് വിശ്വാസി സമൂഹത്തിനിടയിൽ മാറുന്നു. ദൈവവിളി ലഭിക്കുക എന്നത് ഒരു സാമൂഹിക അംഗീകാരമായി നേരത്തെ കരുതപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് അത് അപ്രകാരം പരിഗണിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, സന്യാസ ജീവിതത്തിനെതിരായിട്ടുള്ള നിഷേധാത്മകമായ വലിയൊരു പ്രചാരവേല നടക്കുന്നു എന്നുള്ളതും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.
ഇതിന്റെ കാരണങ്ങളെയും ഇതുകൊണ്ടുള്ള പ്രതിസന്ധികളെയും കുറിച്ചു ചർച്ച ചെയ്യുമ്പോൾ, വനിതാസന്യസ്തർക്ക് സഭയിലുള്ള പങ്കാളിത്തം എന്ത് എന്നതിനെക്കുറിച്ച് ഒരു പുനർവിചിന്തനം ആവശ്യമായി വരുന്നുണ്ട്. സഭയുടെ ഭരണപരമായ തലങ്ങളിലും തീരുമാനങ്ങൾ എടുക്കുന്ന സമിതികളിലും വനിതാസന്യസ്തരുടെ പങ്കാളിത്തം എന്തുമാത്രമുണ്ട് എന്നുള്ളത് ഈ കാലഘട്ടത്തിലെ യുവജനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നുണ്ട്. വത്തിക്കാൻ കാര്യാലയങ്ങളിൽ അധ്യക്ഷപദവികളിൽ പോലും വനിതാസന്യസ്തർ നിയമിക്കപ്പെടുന്നുണ്ട് എന്ന് നമുക്കറിയാം. കർദിനാളന്മാർക്ക് മാത്രം സംവരണം ചെയ്തിരിക്കുന്ന ആ പദവികളിൽ ഇന്നു സന്യാസിനിമാർ ചുമതല വഹിക്കുന്നു. സമാനമായ മാറ്റങ്ങൾ കേരള സഭയിലും ആവശ്യമുണ്ട്. തീരുമാനങ്ങൾ എടുക്കുന്ന സമിതികളിലും ഭരണസമിതികളിലും വനിതാസന്യസ്തർക്കു കൂടി പങ്കാളിത്തം കിട്ടുന്നത് ഇവരുടെ ദൈവവിളിയെ പ്രോത്സാഹിപ്പിക്കാൻ സഹായകരമാണ്.
സ്ത്രീകൾ ആദ്ധ്യാത്മിക ജീവിതത്തിൽ നിന്ന് അകലാൻ തുടങ്ങിയതിന്റെ ലക്ഷണമൊന്നുമല്ല അവർക്കിടയിലെ ദൈവവിളികളുടെ കുറവ്. ജീസസ് യൂത്ത് പോലെയുള്ള പ്രസ്ഥാനങ്ങളിൽ ഫുൾ ടൈമേഴ്സ് ആയി മിഷനുവേണ്ടി സേവനം ചെയ്യാൻ പുറപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം വളരെയധികമാണ്. ഏതെങ്കിലും ഒരു സന്യാസസമൂഹത്തിൽ ചേരുക എന്നുള്ളതിനേക്കാളുപരി ഏതെങ്കിലും ഒരു ദൈവിക ദൗത്യത്തിനുവേണ്ടി സ്വയം സമർപ്പിക്കുക എന്ന ചിന്ത ഈ കാലഘട്ടത്തിൽ പല പെൺകുട്ടികളുടെയും യുവതികളുടെയും മനസ്സിൽ ശക്തമായിട്ടുണ്ട്. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ, ഡിജിറ്റൽ സുവിശേഷവൽക്കരണം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലൊക്കെയും മുന്നിട്ട് പ്രവർത്തിക്കാൻ സ്ത്രീകൾ ധൈര്യം കാണിക്കുന്നു. ഇപ്രകാരം, ഒരുപക്ഷേ സന്യാസത്തിന്റെ പരമ്പരാഗതമായ ചട്ടക്കൂടിന് വെളിയിലും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ള പുതിയ സാധ്യതകൾ സ്ത്രീകൾ തേടുന്നു എന്നുള്ളത് ഈ കാലഘട്ടത്തിലെ ദൈവവിളിയെ വിലയിരുത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യമാണ്.
* * * *
ഈ കാലഘട്ടത്തിൽ നിന്നാണ് ദൈവം സന്യാസാർത്ഥികളെ വിളിക്കുന്നത്. അതുകൊണ്ട് ഈ കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ അവരുടെ ദൈവവിളിയെ സ്വാധീനിക്കുന്നു എന്നുള്ളതു വസ്തുതയാണ്. എണ്ണത്തിൽ കുറവ് വരുന്നു എന്ന് മാത്രമല്ല സന്യാസസ്വത്വം തന്നെ പുനർനിർവചിക്കപ്പെടുന്നു. സാമൂഹിക മാധ്യമങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ധ്യാനാത്മകമായ മനസ്സോ ആന്തരികതയെ അവലംബമാക്കിയുള്ള ചിന്തകളോ നഷ്ടപ്പെടുന്നു എന്നുള്ളത് ഒരു സത്യമാണ്. ഒന്നിനു പിന്നാലെ ഒന്നായി പരസ്പര ബന്ധങ്ങളില്ലാത്ത റീൽസ് കണ്ടുകണ്ട് മനുഷ്യന്റെ ചിന്തിക്കാനും ആന്തരികതയെ ധ്യാനിക്കാനുമുള്ള കഴിവ് നഷ്ടമാകുന്നു. സാമൂഹിക മാധ്യമങ്ങളിലെ അടിമത്തം കൊണ്ട് സംഭവിക്കുന്നതാണത്. ആന്തരികതയെ ഇഷ്ടപ്പെടാത്തവർക്ക് ദൈവവിളിയുടെ സ്വരം കേൾക്കാനോ അനുധാവനം ചെയ്യാനോ സാധിക്കില്ല.
ഈ കാലഘട്ടത്തിലെ യുവജനങ്ങൾ, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരിക്കുന്നവർ ഒരുതരം പ്രദർശനപരതയെ ഇഷ്ടപ്പെടുന്നവരാണ്. അല്ലെങ്കിൽ അവർ അപ്രകാരം രൂപീകരിക്കപ്പെടുന്നവരാണ്. അത്തരം യുവജനങ്ങൾക്ക് ഏകാന്തതയിൽ താപസരായി ജീവിക്കുക എന്നുള്ളത് ദുഷ്കര മാണ്. തങ്ങൾ പറയുന്നതും ചെയ്യുന്നതുമൊക്കെ ലോകം മുഴുവനും കാണണം, എല്ലായിടത്തും റീച്ച് ലഭിക്കണം, ആയിരങ്ങൾ തങ്ങൾക്ക് ഫോളോവേഴ്സ് ആയിട്ടുണ്ടാ വണം എന്ന മനോഭാവം അവർക്കുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി യുവജനങ്ങ ളുടെ ഉള്ളിൽ തെറ്റായ ഒരു ബിംബസൃഷ്ടി സംഭവിച്ചിട്ടുണ്ട് എന്നർഥം. ആ ബിംബസൃഷ്ടി വൈകല്യങ്ങൾ നിറഞ്ഞതാക യാൽ അത് ദൈവവിളിയെ അനുധാവനം ചെയ്യുന്നതിന് തടസ്സം നിൽക്കുന്നു എന്നുള്ളത് സത്യമാണ്.
സഭയുടെ ഭരണപരമായ തലങ്ങളിലും തീരുമാനങ്ങളെടുക്കുന്ന സമിതികളിലും വനിതാസന്യസ്തരുടെ പങ്കാളിത്തം എന്തുമാത്രമുണ്ട് എന്നുള്ളത് ഈ കാലഘട്ടത്തിലെ യുവജനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നുണ്ട്.
മറ്റൊരു പ്രശ്നം വിദേശങ്ങളിലേക്കുള്ള യുവജനങ്ങളുടെ ഒരു ഒഴുക്കാണ്. അവിടെ വലിയ സാമ്പത്തിക ഭദ്രതയുള്ള ജോലി കൾ സ്വന്തമാക്കാം എന്നുള്ള സ്വപ്നവുമായി യുവജനങ്ങൾ പോകുന്നു. മാതാപിതാക്കൾ തങ്ങളുടെ സാമ്പത്തിക പരാധീനതകൾക്കെല്ലാം പരിഹാര മായി തങ്ങളുടെ മക്കളുടെ വിദേശ ജോലിയെ അവലംബ മാക്കുന്നു. ഇതെല്ലാം അടിസ്ഥാനപരമായി ദൈവവിളി എന്നുള്ള യാഥാർത്ഥ്യത്തെക്കുറിച്ച് ശാന്തമായി ചിന്തിക്കാനുള്ള ഒരിടം യുവജനങ്ങൾക്ക് നിഷേധിക്കുന്നു.
കുടുംബങ്ങളിലെ കുഞ്ഞു ങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതു മറ്റൊരു മാറ്റമാണ്. ഒന്ന് അല്ലെങ്കിൽ രണ്ട് എന്നതിന പ്പുറം മക്കൾ ഇല്ലാതാകുമ്പോൾ തങ്ങളുടെ മക്കളാണ് തങ്ങളുടെ ജീവിതത്തിന്റെ ഏക ആശ്രയ മെന്നും വാർദ്ധക്യത്തിൽ തങ്ങളെ സംരക്ഷിക്കേണ്ടത് മക്കളാണെന്നുമുള്ള വലിയ ചിന്താഭാരം മാതാപിതാക്കൾക്കുള്ളതിനാൽ അവർ ദൈവവിളിയെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കാത്ത സാഹ ചര്യങ്ങൾ സംജാതമാകുന്നു.
നിരീശ്വരവാദത്തെ ഇഷ്ടപ്പെടുന്ന യുവജനങ്ങളുടെ എണ്ണം ഇന്നു വർധിച്ചു വരുന്നു. അതുപോലെ സന്യാസത്തിലെ ലിംഗസമത്വചിന്തകൾ പ്രത്യേകിച്ച് യുവതികളുടെ ദൈവവിളിയെ ഗൗരവമായി സ്വാധീനിക്കുന്നുണ്ട്. ഇപ്രകാരം, കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ തീർച്ചയായും ദൈവവിളിയെ പുനർനിർണ്ണയിക്കുന്നു എന്നുള്ളത് സത്യമാണ്.
* * * *
കുടുംബം ഗാർഹിക സഭയാണ് എന്ന് നമുക്കറിയാം. ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന കുടുംബങ്ങളിൽ നിന്നാണ് ദൈവവിളിയുണ്ടാവുക എന്ന് ഫുൾട്ടൻ ജെ. ഷീനിന്റെ പ്രസിദ്ധമായ പ്രസ്താവന നമുക്കറിയാം. ഒരുമിച്ച് സന്ധ്യാപ്രാർഥന ചൊല്ലുന്ന കുടുംബങ്ങൾ ദൈവവിളിയുടെ ഏറ്റവും ശ്രദ്ധേയമായ വിളനിലമാണ്. ഏലി എന്ന പ്രവാചകന്റെ ഭവനത്തിൽ ദൈവഭവനത്തിന്റെ ചാരെ സാമുവൽ എന്ന ബാലൻ കഴിയുകയാണ്. കർത്താവിന്റെ പേടകത്തിന് സമീപം അവൻ കിടന്നുറങ്ങിയപ്പോൾ കർത്താവ് അവനെ വിളിച്ചു, സാമുവൽ, സാമുവൽ എന്ന്. അതൊരു ഓർമ്മപ്പെടുത്തലാണ്. ദൈവവിളി കേൾക്കാനും തിരിച്ചറിയാനും അനുധാവനം ചെയ്യാനും പറ്റിയ ഒരു സാമൂഹിക പരിതസ്ഥിതിയിൽ കുഞ്ഞുങ്ങൾ വളർത്തപ്പെടുമ്പോഴാണ് അവർക്ക് ദൈവവിളി ലഭിക്കുക. അല്ലാതെ ദൈവം വിളിക്കാത്തതുകൊണ്ടല്ല.
അതുപോലെ തന്നെ മാതാപിതാക്ക ളുടെ മാതൃക ദൈവവിളിക്ക് വളരെ പ്രധാനപ്പെട്ടതാണ്. മക്കൾ വിദേശത്ത് പോയി സാമ്പത്തിക ഭദ്രത നേടുക എന്നുള്ളത് മാതാപിതാക്കളുടെ ഒരു വലിയ സ്വപ്നമായി നിലനിൽക്കുന്നതി നാൽ മക്കൾക്ക് മറിച്ച് ചിന്തിക്കാനുള്ള അവസരങ്ങൾ ഇല്ലാതെ പോകുന്നുണ്ട്. കുടുംബവും ദൈവവിളിയും തമ്മിൽ വളരെ അഭേദ്യമായ ബന്ധമുണ്ട് എന്ന് തന്നെ ഇതിനെല്ലാം അർഥം.
* * * *
നമ്മുടെ ലിബറൽ (liberal) ചിന്താഗതികൾ ദൈവവിളിയെ സ്വാധീനിക്കുന്നുണ്ട്. സമൂഹ സ്വത്വബോധവും വ്യക്തിപരമായ സ്വാതന്ത്ര്യവും തമ്മിലുള്ള ഒരു സംഘർഷം യുവജനങ്ങളുടെ മനസ്സിലുണ്ട്. ദൈവവിളിയെ ഒരു തൊഴിലായി കാണുന്നിടത്ത് ദൈവവിളിയുടെ അർഥം മാറിപ്പോകുന്നു. മനുഷ്യനെ സേവിക്കുന്നതാണ് മതത്തെ സേവിക്കുന്നതിനേക്കാൾ നല്ലത് എന്ന ചിന്താഗതി യുവജനങ്ങളുടെ ഇടയിൽ വർദ്ധിച്ചുവരുന്നു. ഇത് പ്രത്യക്ഷത്തിൽ ഗുണകരമാണ് എന്ന് തോന്നിയാലും, ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിൽ തന്നെയുണ്ട് ക്രിസ്തീയതയിലെ മനുഷ്യത്വത്തിന്റെ മഹാപ്രാധാന്യമെന്നും ജാതിമത ഭേദങ്ങൾക്കതീതമായ മനുഷ്യത്വത്തിന്റെ ശുശ്രൂഷയാണ് സന്യാസമെന്നുമുള്ള അവബോധം ഇന്ന് വേണ്ടത്ര പകർന്നു കൊടുക്കാൻ നമുക്ക് സാധിക്കുന്നില്ല.
യുവജനങ്ങൾ എല്ലാത്തിന്റെയും ശാസ്ത്രീയമായ അടിത്തറകൾ അന്വേഷിക്കുന്നവരും വിശ്വാസവഴി കളിൽ ശാസ്ത്രീയമായി ബോധ്യപ്പെടുന്ന ഉത്തരങ്ങൾ അന്വേഷിക്കുന്നവരുമാണ്. അതും പലപ്പോഴും ദൈവവിളിയുടെ വഴിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അത്തരം മാതൃകകളിൽ ഊന്നിനിന്നു കൊണ്ട് അവരുടെ ദൈവാന്വേഷണ ത്തെ തൃപ്തിപ്പെടുത്താൻ നമുക്കു കഴിയണം.
നിത്യസത്യങ്ങൾ മനസ്സിലാക്കി, ശാശ്വതമായ തീരുമാനങ്ങളെടുക്കുക എന്നതിനേക്കാൾ, ഈ കാലത്തിനും സ്ഥലത്തിനും അനുയോജ്യമായ നിലപാടുകൾ സ്വീകരിക്കുക എന്നുള്ളത് യുവജനങ്ങളുടെ ഒരു പ്രത്യേകത ആയിരിക്കുന്നു. അതിനാൽ, ജീവിത കാലം മുഴുവനും നീണ്ടുനിൽക്കുന്ന ഒരു തീരുമാനം 20 വയസ്സാകുമ്പോഴേക്ക് എടുക്കുക എന്നത് ഈ കാലഘട്ട ത്തിലെ ദൈവവിളികൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിൽ തന്നെയുണ്ട് ക്രിസ്തീയതയിലെ മനുഷ്യത്വത്തിന്റെ മഹാപ്രാധാന്യമെന്നും ജാതിമത ഭേദങ്ങൾക്കതീതമായ മനുഷ്യത്വത്തിന്റെ ശുശ്രൂഷയാണ് സന്യാസമെന്നുമുള്ള അവബോധം ഇന്ന് വേണ്ടത്ര പകർന്നു കൊടുക്കാൻ നമുക്ക് സാധിക്കുന്നില്ല.
സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ പൗരോഹിത്യത്തെയും സന്യാസ ത്തെയും കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകൾ പുനർവായനയ്ക്ക് വിധേയമാക്കപ്പെടുന്ന ഒരുതരം അപനിർമ്മിതി നടന്നുകൊണ്ടിരിക്കു ന്നുണ്ട്. LGBT വിഷയങ്ങളിൽ സഭയുടെ നിലപാടുമായി ഒത്തുപോകാൻ പറ്റില്ല എന്ന് ചിന്തിക്കുന്ന യുവജനങ്ങളുണ്ട്. പക്ഷേ ഈ മേഖലകളിലൊന്നും സഭയുടെ ശരിയായ നിലപാട് എന്താണ് എന്ന് യുവജനങ്ങളെ ബോധ്യപ്പെടുത്തി കൊടുക്കാൻ നമുക്ക് കഴിയുന്നില്ല.
ലിബറൽ ചിന്താഗതി സമൂഹത്തെ ഇത്രമാത്രം ശക്തമായി അടിപ്പെടുത്തി യിരിക്കുന്ന ഒരു കാലഘട്ടത്തിൽ സഭയുടെ ചിന്തകൾ സ്വാതന്ത്ര്യത്തിന് വിരുദ്ധമല്ല എന്നും അത് മനുഷ്യത്വ ത്തിന്റെ ശുശ്രൂഷയാണ് എന്നും സന്യാസം അടിമത്തമല്ല, നിത്യസത്യങ്ങ ളോടുള്ള സമ്പൂർണ്ണ സമർപ്പണമാണ് എന്നുമുള്ള അടിസ്ഥാന പാഠങ്ങൾ നമ്മുടെ യുവജനങ്ങളെ പഠിപ്പിക്കുന്ന തിൽ നമുക്ക് വീഴ്ച വന്നിട്ടുണ്ട്.
അതേസമയം, ഈ കാലഘട്ടത്തിൽ ഇത്രയും പ്രതിസന്ധികൾ ഉള്ളപ്പോഴും സന്യാസവഴികളിലേക്ക് കടന്നുവരുന്ന വരുടെ ഗുണമേന്മ വർധിച്ചിരിക്കുന്നു എന്ന വസ്തുത ശ്രദ്ധിക്കേണ്ടതാണ്. എണ്ണത്തേക്കാളുപരി ഗുണത്തിന് സന്യാസത്തിൽ പ്രാധാന്യം കൈവരുന്നു എന്ന് ഈ കാലഘട്ടത്തിന്റെ പ്രത്യേകതകൾക്ക് നടുവിൽ വളരുന്ന സന്യാസം നമുക്ക് തരുന്ന ശുഭോദർക്കമായ ഒരു സൂചനയാണ്.
* * * *
സഭയുടെ സ്ഥാപനവൽക്കരണം സന്യാസത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്ന ചോദ്യം സ്ഥിരമാണ്. സ്ഥാപനവൽക്കരണം എന്തോ വലിയ തിന്മ എന്നതുപോലെ പലപ്പോഴും ചിത്രീകരിക്കപ്പെടുന്നു. എന്നാൽ സ്ഥാപനങ്ങളിലൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്നു എന്നുള്ളത് സഭയുടെ ഇതുവരെയുമുള്ള ചരിത്രത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. സ്ഥാപനങ്ങൾ സുവിശേഷം പ്രഘോഷിക്കാനുള്ള ഇടങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ പലപ്പോഴും ഈ സ്ഥാപനങ്ങളുടെ എതിർസാക്ഷ്യങ്ങൾ യുവജനങ്ങൾക്ക് ദോഷകരമായ ചിന്തകൾ ഉണർത്താൻ പര്യാപ്തമാണ്. കാരണം യുവജനങ്ങൾ സുതാര്യത ഇഷ്ടപ്പെടുന്നവരും സത്യ സന്ധമായി കാര്യങ്ങളെ വിലയിരുത്താൻ ആഗ്രഹിക്കുന്നവരുമാണ്. പല സ്ഥാപന ങ്ങളുടെയും നടത്തിപ്പിൽ സുവിശേഷ മൂല്യങ്ങൾക്ക് ചേർന്ന സുതാര്യത ഇല്ലാതെ വരുമ്പോൾ ആ സ്ഥാപന ത്തോടും സ്ഥാപനം നടത്തുന്ന സഭയോടും യുവജനങ്ങൾക്ക് അകലം തോന്നുക സ്വാഭാവികമാണ്.
സന്യാസസഭകൾ വലിയ കോർപ റേറ്റ് പ്രസ്ഥാനങ്ങൾ നടത്തുന്നവരാ ണെന്ന ചിന്ത യുവജനങ്ങളുടെ മനസ്സിൽ കുടുങ്ങിയിട്ടുണ്ട്. വലിയ ആശുപത്രികൾ, വിദ്യാഭ്യാസ സമുച്ചയ ങ്ങൾ എല്ലാം നാം പടുത്തുയർത്തു മ്പോൾ സന്യാസത്തിന്റെ അരൂപിക്ക് ചേരാത്ത മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയ തസ്തികകളിൽ വൈദികരും സന്യസ്തരും ഇരിക്കുന്നത് കാണുമ്പോൾ പലപ്പോഴും യുവജനങ്ങൾക്ക് തോന്നാറുണ്ട്, ഈ ജോലിക്കുവേണ്ടി എന്തിനാണ് സന്യാസം ആശ്ലേഷിക്കുന്നത്, അത് ഏതു പ്രൊഫഷണലിനും ചെയ്യാവുന്ന കാര്യമല്ലേ ഉള്ളൂ എന്ന്. സ്ഥാപനങ്ങൾ സന്യാസത്തിന് അനുകൂലമായ ഒട്ടനവധി സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു ണ്ടെങ്കിലും ഇത്തരത്തിലുള്ള ചില വിപരീത സാക്ഷ്യങ്ങൾക്കും അത് ഇടവരുത്തുന്നുണ്ട്.
* * * *
ഈ കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ തിരിച്ചറിയാൻ നമ്മൾ സന്യാസത്തിന്റെ പരിശീലന വഴികളിലും ദൈവവിളികൾ തിരിച്ചറിയുന്നതിനുവേണ്ടിയും മനഃശാസ്ത്രപരമായ അനുധാവനം നൽകേണ്ടതാവശ്യമാണ്. തോമസ് അക്വീനാസ് തന്നെ പറയുന്നുണ്ട്, "Grace is built upon nature", അതായത് കൃപ പ്രവർത്തനക്ഷമ മാകുന്നത് മനുഷ്യപ്രകൃതിയിലാണ്. ഈ മനുഷ്യപ്രകൃതിയെ രൂപപ്പെടുത്തി യെടുക്കുന്നതിൽ വലിയ സംഭാവന ചെയ്യാൻ മനഃശാസ്ത്രത്തിന് സാധിക്കും. ഒരു വ്യക്തിയുടെ ദൈവവിളി യഥാർത്ഥ ത്തിലുള്ള ദൈവവിളിയാണോ അതോ അത് അദ്ദേഹത്തിന്റെ തന്നെ ഏതെ ങ്കിലും വൈകാരികമായ അപക്വതയിൽ നിന്നോ ആത്മവിശ്വാസക്കുറവിൽ നിന്നോ രൂപംകൊണ്ട ഒരുതരം ഒളിച്ചോട്ടമാണോ എന്ന് തിരിച്ചറിയാൻ തീർച്ചയായും മനഃശാസ്ത്രപരമായ മാർഗ്ഗങ്ങൾ നാം ഉപയോഗിക്കേണ്ടതാ യിട്ടുണ്ട്. ദൈവവിളി സ്വീകരിച്ചു വരുന്ന ഒരു വ്യക്തിയുടെ പ്രചോദനം ദൈവസ്നേ ഹത്താൽ പ്രേരിതമായ മനുഷ്യസേവന മാണോ അഥവാ അധികാരത്തോടും സമ്പത്തിനോടുമുള്ള താല്പര്യമാണോ തുടങ്ങിയതൊക്കെയും തിരിച്ചറിയാൻ മനഃശാസ്ത്ര മാർഗങ്ങൾ ഇന്ന് സംലഭ്യമാണ്.
കത്തോലിക്കാ സന്യാസത്തിൽ ബ്രഹ്മചര്യം പരമപ്രധാനമായ ഒരു വസ്തുതയാണ്. ബ്രഹ്മചാരി ആകേണ്ട ഒരു വ്യക്തി തീർച്ചയായും മനോ-ലൈംഗിക പക്വത (psychosexual maturity) ആർജ്ജിച്ചിരിക്കേണ്ടതുണ്ട്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിന് വൈകാരിക ബുദ്ധി (emotional intelligence) വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അപ്രകാരമുള്ള വൈകാരിക ബുദ്ധി ആർജ്ജിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനും ബാല്യകാലത്ത് കടന്നുപോയ വളരെ ദോഷകരമായ അനുഭവങ്ങളെ ഇന്നും മാറാപ്പുപോലെ കൊണ്ടുനടക്കുന്ന സാഹചര്യമുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടെത്തുന്നതിനും ബ്രഹ്മചര്യം ഒരു ഒറ്റപ്പെടലല്ല, ദൈവവുമായുള്ള ആത്മീയ ഐക്യമാണ് എന്നു തിരിച്ചറിയാനും ഒക്കെ ഈ മനഃശാസ്ത്രപരമായ അനുധാവനം (psychological accompaniment) വളരെ ആവശ്യമാണ്.
* * * *
അൽമായർ സമൂഹത്തിന്റെ എല്ലാ തുറകളിലും മുൻപോട്ട് വന്നത് സന്യാസത്തെ പിന്നോട്ട് നയിക്കേണ്ടതില്ല. സന്യസ്തരും അൽമായരും വൈദികരും എല്ലാം സഭയുടെ അടിസ്ഥാനപരമായ ഘടനയിൽ അവരുടേതായ ഇടങ്ങൾ ഉള്ളവരാണ്. ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കുന്നില്ല, മറിച്ച് പരിപോഷിപ്പിക്കുന്നതേ ഉള്ളൂ എന്ന സത്യമാണ് നമ്മൾ തിരിച്ചറിയേണ്ടത്. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഒരിക്കൽ പറയുകയുണ്ടായി, രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം അൽമായരുടെ പുരോഹിതവത്കരണവും പുരോഹിതരുടെ അത്മായവൽക്കരണവും എന്നൊരു പ്രവണത ഉണ്ടായെന്ന്. അൽമായർ കൂടുതൽ വൈദിക ബന്ധിയായ ശുശ്രൂഷകളിലേക്ക് കടന്നുവരാൻ തുടങ്ങി, വൈദികരാകട്ടെ അൽമായർക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി. അത് കേരള സഭയിലും വളരെ സ്പഷ്ടമാണ്. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളിലൂടെ അനേകം അൽമായ സഹോദരങ്ങൾ ശക്തരായ വചനപ്രഘോഷകരായി, ദൈവകൃപയുടെ സംവാഹകരായി ഈ സമൂഹത്തിൽ സേവനം ചെയ്യുന്നുണ്ട്. അവരിൽ പലരും അഭിഷിക്തരായ വൈദികരെക്കാളും സന്യസ്തരെക്കാളും കൂടുതൽ തീഷ്ണതയോടെ വചനം പ്രഘോഷിക്കുന്നതും ശുശ്രൂഷ ചെയ്യുന്നതും നമ്മൾ കാണുന്നുണ്ട്. അതുപോലെ തന്നെ വൈദികർ പലപ്പോഴും തങ്ങളുടെ വൈദിക ധർമ്മത്തെക്കാൾ ഉപരിയായി അദ്ധ്യാപകരും സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുമായിട്ടൊക്കെ മാറാൻ തുടങ്ങി. മാർപാപ്പ ചൂണ്ടിക്കാട്ടിയ ഈ ഒരു യാഥാർത്ഥ്യം നമ്മുടെ ഇടയിലുണ്ട്.
സ്ഥാപനങ്ങളിലൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്നു എന്നുള്ളത് സഭയുടെ ഇതുവരെയുമുള്ള ചരിത്രത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. സ്ഥാപനങ്ങൾ സുവിശേഷം പ്രഘോഷിക്കാനുള്ള ഇടങ്ങൾ സൃഷ്ടിക്കുന്നു.
അൽമായർ മുന്നോട്ട് വരുമ്പോൾ സന്യാസം പിന്നോട്ട് പോകേണ്ട ഒരു സാഹചര്യവുമില്ല. മറിച്ച് പല സന്യാസ സമൂഹങ്ങളും ഇങ്ങനെയുള്ള അൽമായ സമൂഹങ്ങളാൽ പരിപോഷിപ്പിക്കപ്പെടുന്നുമുണ്ട്. പല സന്യാസ സമൂഹങ്ങൾക്കും മൂന്നാം സഭ പോലെ അൽമായവിഭാഗങ്ങൾ തന്നെയുണ്ട്. അവർ സന്യസ്തരുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നുമുണ്ട്.
മഠങ്ങളിലൊക്കെ ആളെണ്ണം കുറഞ്ഞിരിക്കുന്ന സാഹചര്യങ്ങളിൽ എല്ലായിടവകയിലും മഠവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പറ്റുന്ന തുണ സഹോദരിമാരുടെ ഒരു സംഘം രൂപീകരിച്ചാൽ ഭവന സന്ദർശനത്തിനും മറ്റ് രോഗീ പരിചരണത്തിനും ഒക്കെ പോകുമ്പോൾ ഒരു സന്യാസിനി മാത്രമേ പോകാനുള്ളൂവെങ്കിലും ഈ സഹോദരിമാരുടെ പിന്തുണയോടുകൂടി അവർക്ക് പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാകുന്നുണ്ട്. അതുകൊണ്ട് ഈ അൽമായപ്രസ്ഥാനങ്ങളുടെ മുന്നേറ്റം സന്യാസത്തെ പരിപോഷിപ്പിക്കാൻ ഉതകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
* * * *
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് ഉപരിയായി പുതിയ മേഖലകൾ സന്യാസത്തിൽ നാം തേടേണ്ടതില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ആരോഗ്യവും വിദ്യാഭ്യാസവും ഒരിക്കലും കാലഹരണപ്പെടാത്ത മേഖലകളാണ് എന്ന് നമ്മൾ തിരിച്ചറിയണം. ഈ രംഗത്തെ സഭയുടെ പ്രവർത്തനങ്ങൾ ഒരിക്കലും അപ്രസക്തമാകുന്നില്ല. എന്നാൽ കാലഘട്ടത്തിനനുസരിച്ചുള്ള നവീനമായ മേഖലകൾ കൂടി നമ്മുടെ പ്രവർത്തനങ്ങളുടെ പരിധിയിൽ വരേണ്ടതുണ്ട് എന്നുള്ളത് പൂർണ്ണമായും സത്യമാണ്. ഉദാഹരണത്തിന്, മാനസിക ആരോഗ്യം വളരെ ശോഷിച്ചുവരുന്ന ഒരു കാലഘട്ടമാണ്. ഇന്ന് കുഞ്ഞുങ്ങൾക്കുപോലും ഒട്ടനവധി മാനസിക പ്രശ്നങ്ങളുണ്ട്. അവരുടെ പെരുമാറ്റത്തിൽ
പല തരത്തിലുള്ള വൈകല്യങ്ങൾ കടന്നുകൂടുന്നു (behavioral disorders). അതുകൊണ്ടുതന്നെ മാനസിക ആരോഗ്യം വീണ്ടെടുക്കുക എന്നതിനു കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട തുണ്ട്. അതിന് പറ്റുന്ന മനശ്ശാസ്ത്ര പരിശീലനം കിട്ടിയ സന്യസ്തരെ
ഈ കാലഘട്ടത്തിൽ കൂടുതലായി ആവശ്യമുണ്ട്.
ശ്രദ്ധ പതിക്കേണ്ട മറ്റൊരിടമാണ് ഡിജിറ്റൽ മേഖലയിലെ സുവിശേഷ വൽക്കരണം. സമൂഹമാധ്യമ മേഖലകൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള സന്യസ്തശുശ്രൂഷകളിൽ വളർച്ച ഉണ്ടാകേണ്ടതുണ്ട്. സൈബർ ധാർമ്മികതയും (cyber ethics) നമ്മൾ ശ്രദ്ധിക്കേണ്ട മേഖലയാണ്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ ലൗദാത്തോ സി വന്നതോടുകൂടി പരിസ്ഥിതി ആദ്ധ്യാത്മികത കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. പ്രത്യേകിച്ചും ബഹുഭൂരിപക്ഷം കർഷകരായ കേരള സമൂഹത്തിൽ ഒരു കാർഷിക ആദ്ധ്യാത്മികതയ്ക്കുള്ള ശക്തമായ ഇടം സന്യസ്തർക്ക് മുന്നിലുണ്ട്. നമ്മുടെ സന്യാസ ഭവനങ്ങളുടെ ഭൂമികളൊക്കെയും മാതൃകാ കൃഷിയിടങ്ങളായി (model farms) രൂപാന്തരപ്പെടുത്താവുന്ന സാഹചര്യമുണ്ട്. അതുപോലെ തന്നെ മാലിന്യരഹിത പാരിസ്ഥിതികൾ രൂപപ്പെടുത്തുക.
അത്ര വ്യാപകമായിട്ടല്ലെങ്കിലും ഈ കാലഘട്ടത്തിന്റെ ഒരു പ്രശ്നമായി, നമ്മുടെ ഇടയിൽ ശക്തി പ്രാപിച്ചുവരുന്ന ഒരു വിഷയമാണ് ഈ LGBT വിഷയങ്ങൾ. ഇത്തരം വ്യക്തികളോട് സഭയ്ക്കുള്ള കരുതലും സ്നേഹവും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള മനഃശാസ്ത്രപരമായ അനുധാവനവുമൊക്കെ ഈ കാലഘട്ടത്തിലെ സഭ എത്തിപ്പിടിക്കേണ്ട നൂതന പ്രവർത്തന മേഖലകളാണ്. സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ചിന്തിക്കുമ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത്, അഴിമതിയുടെ വലിയ ശൃംഖലകൾ രൂപംകൊള്ളുന്നത്, കുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുന്ന സാഹചര്യങ്ങൾ ഇവയൊക്കെയും സഭയും സന്യസ്തരും ഗൗരവമായി ശ്രദ്ധിക്കേണ്ട മേഖലകളാണ്.
* * * *
ദൈവവിളിയുടെ കുറവിനെ മറികടക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നുള്ളതാണ് എല്ലാവരും ഗൗരവപൂർവം ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. ദൈവവിളിയുടെ കുറവ് എന്ന് പറയുമ്പോൾ പലരുടെയും മനസ്സിൽ സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള ബുദ്ധിമുട്ടുകളാണ്. പല സന്യാസസമൂഹമേലധികാരികളും പറയാറുണ്ട്, ഇത്രയും സ്ഥാപനങ്ങൾ ഞങ്ങൾക്കുണ്ട്, ഇതൊക്കെ നടത്തിക്കൊണ്ടുപോകാനുള്ള സിസ്റ്റേഴ്സ് ഇല്ലാതെ പോകുന്നു എന്നതിനെക്കുറിച്ച്. എനിക്ക് തോന്നുന്നു അത് അസ്ഥാനത്തുള്ള ഒരു ആശങ്കയാണ്. ഈ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാൻ സന്യാസം ആവശ്യമില്ല എന്നും ജോലിക്കാരെ നിയമിച്ച് ആ പ്രശ്നം പരിഹരിക്കാൻ സാധിക്കും എന്നും മനസ്സിലാക്കുകയാണു പ്രധാനം.
ആന്തരികതയെ അന്വേഷിക്കുന്ന, ശരിയായ ദൈവാന്വേഷണം നടത്തുന്ന, ആഴത്തിൽ പ്രാർത്ഥിക്കുന്ന, തങ്ങൾ കണ്ടെത്തിയ ദൈവാനുഭവം മറ്റുള്ളവരുമായി പങ്കുവെച്ച് അവരെയും ദൈവാനുഭവമുള്ളവരാക്കി മാറ്റാൻ പറ്റുന്ന, സമൂഹത്തിന്റെ പുളിമാവായി വർത്തിക്കുന്ന സന്യാസമാണ് വരും കാലങ്ങളിൽ പ്രസക്തമായിട്ടുള്ളത്. എണ്ണത്തിൽ കുറവാണ് എങ്കിലും നമ്മൾ അത്തരത്തിലുള്ള സന്യാസങ്ങളാൽ അനുഗ്രഹീതരാകും എന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. അതുകൊണ്ട് എണ്ണം കുറയുന്നതിനെയോർത്ത് വ്യഗ്രതപ്പെടുകയോ എണ്ണം കുറയുന്ന പ്രശ്നം പരിഹരിക്കാൻ സമൂഹത്തിന്റെ സന്യാസവഴികളിൽ അതിനുള്ള ഗുണമേന്മയില്ലാത്തവരെ പ്രതിഷ്ഠിക്കുകയോ ചെയ്യേണ്ട കാര്യമില്ല എന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്.
മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എങ്കിലും, നമ്മുടെ കർത്താവീശോമിശിഹായെ അനുധാവനം ചെയ്യാനുള്ള പ്രേരണയും പ്രചോദനവും കാലദേശങ്ങൾക്ക് അതീതമായി യുവജനങ്ങൾക്ക് ലഭിച്ചുകൊണ്ടേയിരിക്കുന്നു. ഒരുകാലത്ത് യൂറോപ്പിലായിരുന്നു അത് ശക്തമായിരുന്നതെങ്കിൽ പിന്നീട് അത് ഏഷ്യൻ രാജ്യങ്ങളിൽ ശക്തമായി. ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ദൈവവിളി കൂടുതൽ ശക്തമായിരിക്കുന്നത് എന്ന് നമുക്കറിയാം.
കർത്താവിന് തന്റെ ദൈവരാജ്യത്തിന്റെ ശുശ്രൂഷ നിറവേറ്റാൻ യുവജനങ്ങളെ ആവശ്യമുണ്ട്, അവിടുന്ന് കാലദേശങ്ങൾക്ക് അതീതമായി അവരെ ആകർഷിക്കുന്നു, ക്ഷണിക്കുന്നു. പക്ഷേ പലപ്പോഴും നാം കരുതിവച്ചിരിക്കുന്ന പരമ്പരാഗത ശൈലികളിലും സങ്കല്പങ്ങളിലും ആയിരിക്കില്ല കർത്താവ് തന്റെ ശുശ്രൂഷകരെ ഇനിയുള്ള കാലത്ത് തിരഞ്ഞെടുക്കുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകം കൂടി നമുക്ക് ആവശ്യമുണ്ട്.
നമ്മുടെ സന്യാസിനിമാരാണ് സഭയുടെ നന്മയുടെ മുഖം. സുവിശേഷത്തെ അതിന്റെ ഏറ്റവും അവസാനത്തെ ആളുകളിൽ എത്തിക്കുന്നത് വാസ്തവത്തിൽ നമ്മുടെ സന്യാസിനിമാരാണ്. നമ്മുടെ സിസ്റ്റർമാർ ഇല്ലായിരുന്നുവെങ്കിൽ എത്രയോ കുഞ്ഞുങ്ങൾ അനാഥരായി ആരാരും തുണയില്ലാതെ വഴിതെറ്റി പോകുമായിരുന്നു. നമ്മുടെ സ്കൂളുകളിൽ സിസ്റ്റർമാർ ഇല്ലായിരുന്നുവെങ്കിൽ എത്രയോ കുഞ്ഞുങ്ങൾ ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെടുന്നവരായി തീരുമായിരുന്നു. നമ്മുടെ സിസ്റ്റർമാർ ആശുപത്രികളിൽ സേവനം ചെയ്യുന്നില്ലായിരുന്നെങ്കിൽ എത്രയോ രോഗികൾ അവഗണിക്കപ്പെട്ട് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തന്നെ പുറന്തള്ളപ്പെടുന്ന വ്യക്തികളായി തീരുമായിരുന്നു. സന്യസ്തർ കുറയുമ്പോൾ സഭയുടെ നന്മയുടെ മുഖം കൂടുതൽ കൂടുതൽ പ്രശോഭിപ്പിക്കാനുള്ള മാർഗങ്ങളും കുറയുന്നു എന്ന് നാം തിരിച്ചറിയണം. അതുകൊണ്ട് സന്യാസിനിമാരുടെ എണ്ണം കുറയുന്നത് അവരുടെ മാത്രം വിഷയമായി കരുതാതെ സഭ ഒന്നാകെ ഈ വിഷയത്തെ സംബോധന ചെയ്യുകയും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ടതാണ്.