Coverstory

വൈവിധ്യത്തിലൂടെ ഐക്യത്തിലേക്ക്‌

മോണ്‍. ഡോ. ആന്റണി നരികുളം
സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറിയായി 21 വര്‍ഷം സേവനം ചെയ്ത റവ. ഡോ. ആന്റണി നരികുളം 39 വര്‍ഷമായി സഭയുടെ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മറ്റി അംഗമാണ്. ലിറ്റര്‍ജി സംബന്ധമായി പത്തോളം ഗ്രന്ഥങ്ങളും 150 ഓളം ലേഖനങ്ങളും ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ലിറ്റര്‍ജിക്കല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇന്റര്‍നാഷണല്‍ ലിറ്റര്‍ജിക്കല്‍ അസോസിയേഷന്‍, ഏഷ്യന്‍ ലിറ്റര്‍ജിക്കല്‍ ഫോറം എന്നിവയില്‍ അംഗവുമാണ്. ദേശീയവും അന്തര്‍ദേശീയവുമായി നിരവധി സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ 29 വര്‍ഷം ലിറ്റര്‍ജി പ്രൊഫസറായിരുന്ന അദ്ദേഹം ഇന്ത്യയിലെ മറ്റു മേജര്‍ സെമിനാരികളിലും ലിറ്റര്‍ജി പഠിപ്പിച്ചിട്ടുണ്ട്. മംഗലപ്പുഴ സെമിനാരി റെക്ടറും ഫാക്കല്‍റ്റി പ്രസിഡന്റുമായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറലായിരുന്നു. ഇപ്പോള്‍ അതിരൂപതാ മൈനര്‍ സെമിനാരി റെക്ടറാണ്. നാലു പതിറ്റാണ്ടിനിടെ സഭ പ്രസിദ്ധീകരിച്ച എല്ലാ ആരാധനാക്രമ ഗ്രന്ഥങ്ങളുടെയും രചനയില്‍ പങ്കു വഹിച്ചിട്ടുള്ള ഡോ. നരികുളം വി. കുര്‍ബാനയര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ വിശകലനം ചെയ്യുകയും പരിഹാരം നിര്‍ദ്ദേശിക്കുകയുമാണ് ഈ ലേഖനത്തില്‍.

സീറോ മലബാര്‍ സഭ അസാധാരണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു കാലമാണല്ലോ ഇത്. ഓരോ പ്രതിസന്ധിയും ഏതു സമൂഹത്തെയും വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുക സ്വാഭാവികമാണ്. ഈ പശ്ചാത്തലത്തില്‍ ചില ചിന്തകള്‍ പങ്കുവയ്ക്കുന്നു.

സീറോ മലബാര്‍ സഭയുടെ ആരാധനക്രമ കമ്മീഷന്റെ സെക്രട്ടറിയായി 21 വര്‍ഷം ശുശ്രൂഷ ചെയ്തിട്ടുള്ള വ്യക്തിയാണ് ഈ ലേഖകന്‍. മാത്രമല്ല, 1982 മുതല്‍ 2021 വരെയുള്ള 39 വര്‍ഷക്കാലം ഈ സഭയുടെ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചും പോരുന്നു. അതുകൊണ്ടുതന്നെ നാല്പതോളം വര്‍ഷമായി ഈ സഭയുടെ ആരാധനക്രമ സംബന്ധമായ എല്ലാ ചര്‍ച്ചകളിലും പങ്കെടുക്കാനും തീരുമാനങ്ങളില്‍ ഭാഗഭാക്കാകാനും എനിക്കു കഴിഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നടത്തുന്ന ചില പങ്കുവയ്ക്കലുകളും നിരീക്ഷണങ്ങളുമാണ് ഈ ലേഖനത്തില്‍.

ലിറ്റര്‍ജിയിലെ അഭിപ്രായവ്യത്യാസങ്ങള്‍

സീറോ മലബാര്‍ മെത്രാന്മാരുടെ സമ്മേളനങ്ങളില്‍ ലിറ്റര്‍ജി സംബന്ധമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. അതില്‍ അത്ഭുതത്തിന് അവകാശവുമില്ല. സഭാജീവിതത്തിന്റെ ആത്മാവിനെ സ്പര്‍ശിക്കുന്ന ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, ഉദ്ദേശ്യശുദ്ധിയോടെ പറയുന്ന ചില അഭിപ്രായങ്ങളില്‍ ഭിന്നത ഉണ്ടാകാവുന്നതാണല്ലോ. എല്ലാവരുടെയും ലക്ഷ്യം സഭയുടെ നന്മയും വിശ്വാസികളുടെ ആത്മീയപുരോഗതിയുമാണെങ്കിലും, ആ ലക്ഷ്യം സാധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ സംബന്ധിച്ചാണ് പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുള്ളത്. എങ്കിലും, സാധാരണമായി സമന്വയത്തില്‍ എത്തുകയാണ് പതിവ്.

മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പാരമ്പര്യം

അജപാലകരും അല്മായവിശ്വാസികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്ന മഹത്തായ ഒരു പാരമ്പര്യത്തിന്റെ അവകാശികളാണല്ലോ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍. അതുകൊണ്ടാണ് വിദേശമിഷണറിമാര്‍ ഈ സഭയെ ഒരു 'ക്രിസ്ത്യന്‍ റിപ്പബ്‌ളിക്' (Christian Republic) എന്നു വിളിച്ചത്. ഇന്നും ആ പാരമ്പര്യം തുടരുന്നുവെന്നതിനു തെളിവാണ് നമ്മുടെ ഇടവക പൊതുയോഗങ്ങള്‍. ഇടവക വികാരിയാകാന്‍ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിലും, എന്തിനേറെ, വിശ്വാസിസമൂഹത്തില്‍നിന്ന് ഒരു വ്യക്തിയെ മാറ്റിനിറുത്തുന്നതില്‍ പോലും ഇടവക പൊതുയോഗത്തിന് അധികാരമുണ്ടായിരുന്നത്രേ. സഭയെ പൊതുവില്‍ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് പല ഇടവകകള്‍ ചേര്‍ന്ന മഹായോഗങ്ങളും ഉണ്ടായിരുന്നു. ഈ പാരമ്പര്യം ആരാധനക്രമ സംബന്ധമായ വിഷയങ്ങളില്‍, 1960-കള്‍ മുതല്‍, ഒരു പരിധിവരെ നാം അനുവര്‍ത്തിച്ചു പോരുന്നു. 1968-ലെയും 1989-ലെയും 2021-ലെയും കുര്‍ബാന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് സഭയിലെ വൈദിക-സന്യാസ-അല്മായ സഹോദരങ്ങളുമായി കൂടിയാലോചന നടത്തുകയുണ്ടായി. കൂദാശകളുടെ പുസ്തകം തയ്യാറാക്കിയപ്പോഴും ഇതാവര്‍ത്തിച്ചു. എന്നാല്‍ 1962, 1986 എന്നീ വര്‍ഷങ്ങളില്‍ നടപ്പില്‍വന്ന കുര്‍ബാനപുസ്തകങ്ങള്‍ വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. തന്മൂലം അവ രണ്ടും വലിയ പരാതികള്‍ക്ക് കാരണമാകുകയുണ്ടായി. തുടര്‍ന്ന് അവയില്‍ ഭേദഗതികള്‍ വരുത്തേണ്ടതായും വന്നു.

1999-ലും അതുതന്നെ സംഭവിച്ചു. സിനഡു പിതാക്കന്മാരോടല്ലാതെ മറ്റാരോടും ചര്‍ച്ച ചെയ്യാതെയാണ് ഏകീകൃതരീതിയില്‍ കുര്‍ബാനയര്‍പ്പണം തുടങ്ങാന്‍ 1999 നവംബറിലെ സിനഡില്‍ മെത്രാന്മാര്‍ തീരുമാനിച്ചത്. പക്ഷേ, നിശ്ചയിച്ച പ്രകാരം 2000 ജൂലൈ 3-ാം തീയതി ആ രീതി എല്ലായിടത്തും ആരംഭിക്കാന്‍ കഴിഞ്ഞില്ല. എറണാകുളം, തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, താമരശ്ശേരി, മാനന്തവാടി എന്നീ രൂപതകളിലെ മെത്രാന്മാര്‍ക്ക് ആ തീരുമാനത്തില്‍നിന്ന് ഒഴിവു നല്‌കേണ്ട സാഹചര്യവുമുണ്ടായി. ആ രീതി ഈ പ്രദേശങ്ങളില്‍ അസ്വീകാര്യമായതും വൈദികരോടോ അല്മായരോടോ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതുമായിരുന്നു കാരണം. അതുകൊണ്ടായിരിക്കണം 2001 നവംബറിലെ സിനഡില്‍, മേലില്‍ ആരാധനക്രമ സംബന്ധമായ തീരുമാനങ്ങളെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമം കൃത്യമായി നിര്‍വ്വചിച്ചത്. അതനുസരിച്ച് സീറോ മലബാര്‍ സെന്‍ട്രല്‍ ലിറ്റര്‍ജ്ജിക്കല്‍ കമ്മിറ്റിയിലും രൂപതകളിലെ ഉചിതമായ സമിതികളിലും ചര്‍ച്ച ചെയ്തതിനു ശേഷമേ സിനഡില്‍ അന്തിമ തീരുമാനമെടുക്കാവൂ എന്ന് മെത്രാന്മാര്‍ നിശ്ചയിച്ചു. അതനുസരിച്ച്, 2021 നവംബര്‍ 28-ാം തീയതി നിലവില്‍ വന്ന പരിഷ്‌ക്കരിച്ച കുര്‍ബാനക്രമവും അതിലെ അനുഷ്ഠാനവിധികളും ബന്ധപ്പെട്ട സമിതികളില്‍ വിശദമായി ചര്‍ച്ച ചെയ്‌തെങ്കിലും, 50:50 ഫോര്‍മുലയെപ്പറ്റി ഒരിടത്തും പറഞ്ഞിരുന്നില്ലെന്നു മാത്രമല്ല, ഒരിക്കലും ചര്‍ച്ചയ്ക്കു വിധേയമാക്കുകയും ചെയ്തില്ല. അതിന്റെ പരിണത ഫലമാണ് അടുത്തകാലത്തുണ്ടായ പ്രതിസന്ധി.

ഒരു കാര്യം ചരിത്രപരമായി ശരിയാണ് 1999-നു ശേഷം നടന്ന ചില സിനഡ് സമ്മേളനങ്ങളില്‍ ജനറല്‍ അസംബ്‌ളികളിലും ഏകീകൃത കുര്‍ബാനയര്‍പ്പണത്തെപ്പറ്റി അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ, ആ രീതി നടപ്പിലായാല്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളെപ്പറ്റി ആശങ്കകള്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അക്കാരണത്താല്‍, ഒരു തീരുമാനവുമെടുക്കാതെ ആ വിഷയം മാറ്റിവയ്ക്കുകയാണുണ്ടായിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍ പാപ്പ 2021 ജൂലൈ 3-ാം തീയതി സീറോ മലബാര്‍ സഭയ്ക്കു നല്കിയ കത്തില്‍, 1999-ലെ സിനഡു തീരുമാനം പില്‍ക്കാലത്ത് തുടര്‍ച്ചയായി സ്ഥിരീകരിക്കപ്പെട്ടതാണെന്ന് എഴുതിയത് സത്യമല്ലെന്ന പരാതി ഉയരാന്‍ കാരണമിതാണ്.

കുര്‍ബാനയര്‍പ്പണ രീതിയെ സംബന്ധിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയം അതിക്രമിച്ചെന്നു തോന്നുന്നു. മറിച്ചായാല്‍, ഭാവിയിലും ഈ വിഷയം അനാവശ്യപ്രതിസന്ധികള്‍ക്കു കാരണമായേക്കാം. അതുകൊണ്ട്, പ്രശ്‌നപരിഹാരാര്‍ത്ഥമുള്ള താത്ക്കാലിക ഒഴിവുകള്‍ക്കു പകരം, ശാശ്വതമായ പരിഹാരം സാധ്യമാണോ എന്നു പര്യാലോചിക്കണം.

ചില രൂപതകളില്‍ അമ്പതോളം വര്‍ഷമായി ജനാഭിമുഖ കുര്‍ബാന തുടര്‍ന്നു പോരുന്നു. മറ്റിടങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ആള്‍ത്താരാഭിമുഖ കുര്‍ബാനയും. ഈ രീതികളുടെ ഗുണദോഷങ്ങളെപ്പറ്റി ഒരന്വേഷണം നടത്തേണ്ടതല്ലേ? 2023-ല്‍ റോമില്‍ വച്ചു നടക്കേണ്ട ആഗോള സിനഡിന് ഒരുക്കമായി 2021-ല്‍ത്തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സഭയില്‍ എല്ലാവരും ഒരുമിച്ചു നടക്കേണ്ടതിന്റെ ആവശ്യകത(Synodality)യാണ് ചര്‍ച്ചാവിഷയം. സമാനമായ ഒരന്വേഷണം വിവിധ രീതികളിലുള്ള കുര്‍ബാനയര്‍പ്പണത്തെപ്പറ്റി നടത്തേണ്ടത് ഉചിതമല്ലേ എന്നു ചിന്തിക്കണം. സജീവവും കൂടുതല്‍ ഫലപ്രദവുമായ വിധം കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വിശ്വാസികളെ സഹായിക്കുന്ന രീതിയേതെന്നു തിരിച്ചറിയാന്‍ അതു സഹായിക്കും. അതനുസരിച്ച് ശാശ്വതമായ പരിഹാരത്തിലേക്കു നീങ്ങാനും കഴിയും.

കുര്‍ബാനയര്‍പ്പണ രീതിയെ സംബന്ധിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയം അതിക്രമിച്ചെന്നു തോന്നുന്നു. മറിച്ചായാല്‍, ഭാവിയിലും ഈ വിഷയം അനാവശ്യപ്രതിസന്ധികള്‍ക്കു കാരണമായേക്കാം. അതുകൊണ്ട്, പ്രശ്‌ന പരിഹാരാര്‍ത്ഥമുള്ള താത്ക്കാലിക ഒഴിവുകള്‍ക്കു പകരം, ശാശ്വതമായ പരിഹാരം സാധ്യമാണോ എന്നു പര്യാലോചിക്കണം. അതിനായി ജനാഭിമുഖകുര്‍ബാനയും നിയമപരമാക്കണം (Legitimize).

ഐക്യവും ഐകരൂപ്യവും

ഐക്യവും (unity) ഐകരൂപ്യവും (uniformity) തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും പരിഗണിക്കാതെ പോയത് ഇന്നത്തെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചില്ലേ എന്നു സംശയിക്കുന്നു. ഐകരൂപ്യം ഐക്യത്തിലേക്കു നയിക്കുമെന്ന വാദത്തിന് ചരിത്രത്തില്‍ കാര്യമായ പിന്തുണയുണ്ടെന്നു തോന്നുന്നില്ല. നേരേമറിച്ച്, വൈവിധ്യത്തിലെ ഐക്യമാണ് സാര്‍വ്വത്രികമായി കണ്ടുവരുന്നത്. ലിറ്റര്‍ജിയുടെ കാര്യത്തിലും ഇതു വാസ്തവമാണ്. ഒരേ വിശ്വാസവും ഒരേ ഏഴു കൂദാശകളും ഒരേ ഹയരാര്‍ക്കിക്കല്‍ രീതിയിലുമുള്ള കത്തോലിക്കാ സഭയിലെ 23 വ്യക്തിസഭകള്‍, വൈവിധ്യങ്ങളോടു കൂടി, സഭാ തലവനായ മാര്‍പാപ്പയുടെ കീഴില്‍ ഏക സഭയായി വര്‍ത്തിക്കുന്ന അനുഭവമാണല്ലോ നമ്മുടേത്. അതുകൊണ്ട്, വൈവിധ്യം ഒരിക്കലും ഐക്യത്തിനു തടസ്സമല്ലെന്ന ബോധ്യം വളര്‍ത്തണം.

സഭയും റീത്തും

സഭയും റീത്തും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. നിലവിലുള്ള പല തെറ്റിദ്ധാരണകളെ ഇല്ലാതാക്കാനും വൈവിധ്യങ്ങളെ സന്തോഷപൂര്‍വം ഉള്‍ക്കൊള്ളാനും, പരസ്പരം ബഹുമാനിച്ചും സ്‌നേഹിച്ചും ഐക്യത്തില്‍ വളരാനും ഈ ധാരണ സഹായകമാണ്.

പൗരസ്ത്യ കാനോന്‍ നിയമമനുസരിച്ച് വ്യക്തിസഭ എന്നു പറയുന്നത്, ഒരു ഹയരാര്‍ക്കിയുടെ കീഴില്‍ ക്രൈസ്തവവിശ്വാസമനുസരിച്ചു ജീവിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയാണ് (കാനോന്‍ 26). റീത്താകട്ടെ, ഈ വിശ്വാസം ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, നിയമങ്ങള്‍ എന്നിവ തങ്ങളുടേതായ രീതിയില്‍ പാലിച്ചു ജീവിക്കുന്നതാണ് (കാനോന്‍ 27). ഓരോ സമൂഹത്തിന്റെയും സംസ്‌കാരം, ജീവിതസാഹചര്യങ്ങള്‍ തുടങ്ങിയവ റീത്തിനെ ബാധിക്കാം. അതനുസരിച്ച് വൈവിധ്യങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഒരേ സഭയില്‍ വൈവിധ്യങ്ങള്‍ (റീത്തു വ്യത്യാസങ്ങള്‍ = Ritual Diversities) ഉണ്ടാകാമെന്നു സാരം.

ലോകത്തില്‍ ഒരു ലത്തീന്‍ സഭയേ ഉള്ളൂ. എന്നാല്‍, ഈ സഭയില്‍ അംബ്രോസിയന്‍, മൊസറാബിക്, ആഫ്രിക്കന്‍, കെല്‍റ്റിക് തുടങ്ങിയ റീത്തുകളുണ്ട്. അവയില്‍ ചിലത് കാലഹരണപ്പെട്ടു. അംബ്രോസിയന്‍ പോലുള്ള റീത്തുകള്‍ ഇന്നും സജീവമാണ്. ഈ റീത്ത് ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ മാത്രമാണുള്ളത്. മൊസറാബിക് റീത്താകട്ടെ സ്‌പെയിനിലെ ടൊളേദോയില്‍ മാത്രവും. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം, ആഫ്രിക്കയിലെ സൈറില്‍ 'സൈറീസ്' എന്ന പേരില്‍ ഒരു റീത്തുണ്ട്. ഇന്ത്യയിലെ ലത്തീന്‍ സഭയിലാകട്ടെ, 'ഇന്ത്യന്‍ റീത്തു'മുണ്ട്. വ്യാപകമായി ഉപയോഗിക്കു ന്നില്ലെങ്കിലും, ചിലയിടങ്ങളില്‍ ഇന്നും ഇന്ത്യന്‍ റീത്തു കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ട്.

സീറോ മലബാര്‍ സഭയ്ക്കുള്ളില്‍ പല 'റീത്തു വ്യത്യാസങ്ങള്‍' (Ritual Diversities) ഉണ്ട്. മദ്ബഹവിരി ഉപയോഗിച്ചും അല്ലാതെയുമുള്ള ബലിയര്‍പ്പണം ഒരുദാഹരണമാണ്. കുരിശുവരച്ചും അല്ലാതെയും കുര്‍ബാന ആരംഭിക്കുന്നതും ഇടത്തുനിന്നോ വലത്തുനിന്നോ കുരിശുവരയ്ക്കുന്നതും ഈ വൈവിധ്യത്തിന്റെ ഉദാഹരണങ്ങളാണ്. അള്‍ത്താരാഭിമുഖമായും ജനാഭിമുഖമായുമുള്ള കുര്‍ബാനയര്‍പ്പണം ഈ വിഭാഗത്തില്‍പ്പെടുന്ന ഉദാഹരണം തന്നെയാണ്. ഇവയൊന്നും സഭയുടെ വിശ്വാസപ്രമാണങ്ങളെയോ ആരാധനക്രമത്തിന്റെ അന്തഃസത്തയെയോ ബാധിക്കുന്ന വിഷയങ്ങളല്ല. അതുകൊണ്ടുതന്നെ, കഴിഞ്ഞ അനേകം വര്‍ഷങ്ങളായി നിലനിന്നുപോരുന്ന ഈ വൈവിധ്യങ്ങള്‍ പരസ്പരം അംഗീകരിച്ചും ആദരിച്ചും പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതയുണ്ടെന്നു ഞാന്‍ കരുതുന്നു. ഏതായാലും കാനോന്‍ 1538-ല്‍ പറയുന്ന 'വിശ്വാസികളുടെ നന്മ' ആയിരിക്കട്ടെ എല്ലാവരുടെയും ആത്യന്തികലക്ഷ്യം.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]