Coverstory

സിനഡ് ഒരു സംഭവമൊ അതോ ഒരു ശൈലിയോ?

ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍
സിനഡല്‍ മനോഭാവമുള്ള വ്യക്തികളും കുടുംബങ്ങളും ഇല്ലാത്ത ഇടവകകളിലേയും രൂപതകളിലേയും സിനഡല്‍ സമ്മേളനങ്ങള്‍ മെഗാഷോയുടെ കാറ്റഗറിയിലല്ലാതെ മറ്റെന്തിലാണ് പെടുത്താനാവുന്നത്? സഭയില്‍ വീണ്ടും കൂടിയാട്ടങ്ങളുടെ കാലമായി എന്നു സാമൂഹ്യ നിരീക്ഷകര്‍ പരിഹസിക്കാതിരിക്കാന്‍ സിനഡ് എന്ന സംഭവത്തെ ശ്രദ്ധയില്‍നിന്ന് മറച്ചിട്ട്, സിനഡെന്ന ശൈലിയെ സ്വായത്തമാക്കാന്‍ നാം ശ്രമിക്കണം.

ആഗോള മെത്രാന്‍ സിനഡിന് ഒരുക്കമായുള്ള പ്രാദേശിക കൂടിയാലോചനകള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ സമയമാണല്ലൊ ഇത്. കഴിഞ്ഞ ഒക്‌ടോബറിലെ ഒരു ഞായറാഴ്ച കുര്‍ബാനയോടെ ആരംഭിച്ച്, എണ്ണമറ്റ സെമിനാറുകളിലൂടെയും ചര്‍ച്ചകളിലൂടെയും തുടര്‍ന്ന്, പരശതം പേജുകളില്‍ അഭി പ്രായങ്ങളും ആശയങ്ങളുമായി നിറഞ്ഞ്, ഒടുവില്‍, ആഘോഷപൂര്‍വകമായ ഒരു സമ്മേളനത്തോടെ രൂപതാ സിനഡുകള്‍ സമാപിക്കുമ്പോള്‍, സിനഡില്‍ പങ്കെടുത്തവരുടെയും പുറത്തുനിന്ന് നോക്കിക്കണ്ടവരുടെയും പ്രതല മനസ്സില്‍, ഒരുപക്ഷെ, അവശേഷിക്കാനിടയുള്ളത് 'സിനഡ് ഒരു സംഭവമാണ്' എന്ന ചിന്തയാകാം. സഭകളുടെ പ്രവര്‍ത്തന രീതിയും ഓരോ ക്രിസ്ത്യാനിയുടേയും ജീവിതശൈലിയുമാണ് സിനഡെന്ന സത്യം അനുഭവപരമായി അറിയാതെയാണ് സിനഡു സമ്മേളനങ്ങളില്‍ നിന്ന് വിശ്വാസികള്‍ പുറത്തുവരുന്നതെങ്കില്‍, പ്രാദേശിക സിനഡുകള്‍ പരാജയമായിരുന്നുവെന്നു വിലയിരുത്തേണ്ടിവരും. സിനഡ് ഒരു സംഭവമെന്നതിനേക്കാള്‍ ഒരു ശൈലിയാണ്. ഒരു പ്രത്യേക പരിപാടിയെന്നതിനേക്കാള്‍ വ്യത്യസ്തമായ ഒരു പ്രവര്‍ത്തന രീതിയാണ്.

സിനഡ് എന്ന പദത്തിനുതന്നെ പലതും വെളിപ്പെടുത്താനുണ്ട്. 'സുന്‍', 'ഹോദോസ്' എന്നീ ഗ്രീക്കു മൂലങ്ങള്‍ ചേര്‍ന്നുണ്ടായ 'സുനോദോസ്' എന്ന പദത്തില്‍ നിന്നാണ് സിനഡ് എന്ന വാക്കുണ്ടായത്. സുന്‍ എന്നാല്‍ ഒരുമിച്ച് എന്നും,ഹോദോസ് എന്നാല്‍ വഴി എന്നുമാണ് അര്‍ത്ഥം. അപ്പോള്‍, സുനോദോസ് എന്നതിനര്‍ത്ഥം ഒരുമിച്ച് ഒരേ വഴിയില്‍ എന്നാണ്. ഈ അര്‍ത്ഥകല്പനകളുടെ വെളിച്ചത്തില്‍ ഒരുമിച്ച് ഒരേ പാതയിലുള്ള സഞ്ചാരത്തെ സൂചിപ്പിക്കാന്‍ സിനഡ് എന്ന പദം ഉപയോഗിച്ചു തുടങ്ങി. ഒരുമയ്ക്കും വഴിക്കും സഞ്ചാരത്തിന്റെ ദിശയ്ക്കും ക്രിസ്തീയമായ അര്‍ത്ഥങ്ങള്‍ അത്യാരോപിക്കപ്പെട്ടതോടെ സിനഡ് സഭയുടെ പര്യായപദമായി. ആത്മാവിലുള്ള സ്‌നേഹത്തിന്റെ ഐക്യത്തില്‍, വഴിയായ ക്രിസ്തുവിലൂടെയും ക്രിസ്തുവിനോടുകൂടെയും പിതാവിന്റെ ഭവനത്തിലേക്ക് യാത്ര ചെയ്യുന്ന ദൈവജനമായ സഭയെ സിനഡാത്മക സഭയെന്ന് വിശേഷിപ്പിക്കുന്നത് തികച്ചും യുക്തം തന്നെയാണ്. ക്രിസ്തുവിന്റേതുപോലുള്ള ജീവിതശൈലിയും പരിശുദ്ധാത്മാവിന്റേതു പോലുള്ള പ്രവര്‍ത്തനരീതിയും ശാശ്വതീകരിക്കുന്ന സഭ, സിനഡ് എന്നീ പദങ്ങള്‍ എത്രയോ പ്രസാദാത്മകമാണ്.

എന്നാല്‍, എവിടെയാണ് ഈ സഭ? പുറത്തേയ്ക്കു മാത്രം തുറന്നിരിക്കുന്ന കണ്ണുകള്‍ കൊണ്ടാണ് സഭയെ നാം തിരയാറുള്ളത്. ഉള്ളിലേക്കു തുറന്നതും, ചുറ്റുപാടും തിരിയുന്നതുമായ കണ്ണുകള്‍ കൊണ്ട് നോക്കിയാലെ ദൈവത്തിന്റെ ജനവും, ക്രിസ്തുവിന്റെ ശരീരവുമായ സഭയെ കാണാനാകൂ. ഇവനും അബ്രാഹമിന്റെ പുത്രനാണെന്ന പ്രഖ്യാപനവും ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നതെന്ന ഓര്‍മ്മപ്പെടുത്തലും സഭയുടെ വൈയക്തിക തലങ്ങളിലേക്കും തുടക്കങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട്. ഞാനുമാണ് സഭ. എന്റേയും മറ്റുള്ളവരുടേയും കുടുംബങ്ങള്‍ ഗാര്‍ഹിക സഭകളാണ്. അയല്‍ക്കൂട്ടങ്ങളായി സഭയ്ക്കു സമ്മേളിക്കാനാകും. ഇടവകകളും സമൂഹങ്ങളും സംഘടനകളും സഭാ ഘടകങ്ങളാണ്. രൂപതകള്‍ പ്രാദേശിക സഭകളാണ്.

അതുകൊണ്ട് സിനഡെന്ന ജീവിതശൈലിയും പ്രവര്‍ത്തന രീതിയും എല്ലാ തലങ്ങളിലും പരിശീലിക്കണം. വ്യക്തി സിനഡ്, കുടുംബ സിനഡ്, അയല്‍ക്കൂട്ട സിനഡ്, ഇടവക സിനഡ്, പ്രവിശ്യാ സിനഡ്, രൂപതാ സിനഡ് എന്നിങ്ങനെ തലങ്ങള്‍ തിരിച്ചുതിരിച്ച് സിനഡാത്മക ശൈലികളും പ്രവര്‍ത്തന രീതികളും പരിശീലിച്ചെങ്കില്‍ മാത്രമേ തീയതി കുറിച്ച് നടത്തുന്ന ഒരു സംഭവമെന്നതിനപ്പുറം മാറ്റം വരുത്തുന്ന ഒരു നവീകരണ അനുഭവമായി സിനഡു മാറുകയുള്ളൂ.

ഒരു വ്യക്തിയെന്ന നിലയ്ക്കു എന്റെ മനോഭാവങ്ങളിലും സംഭാഷണ രീതിയിലും പെരുമാറ്റ ശൈലികളിലും മറ്റുള്ളവരെ ആദരപൂര്‍വ്വം മനസ്സിലാക്കാനുള്ള തുറവിയും ഉദാരതയും പ്രകടമാണോ? സ്വന്തമനസ്സിന്റെ ഇഷ്ടങ്ങളേയും സ്വന്ത മനസ്സാക്ഷിയുടെ സ്വരത്തേയും തിരുവചനത്തിലും അപരന്റെ വാക്കുകളിലും വെളിപ്പെടുന്ന ആത്മാവിന്റെ ആദേശങ്ങള്‍ കൊണ്ട് വിലയിരുത്താന്‍ നാം തയ്യാറാണോ? ഇങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങുമ്പോള്‍, വ്യക്തിയെന്ന നിലയില്‍ ഒരാള്‍ സിനഡാത്മക പരിവര്‍ത്തനത്തിന്റെ (സിനഡല്‍ കണ്‍വെര്‍ഷന്‍) പാതയിലാണെന്ന് പറയാനാകും.

സഭാതലവനായ പത്രോസിന്റെ മാനസാന്തരം വ്യക്തികളുടെ സിനഡല്‍ പരിവര്‍ത്തനത്തിന്റെ പാഠപുസ്തകമാണ്. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍, പത്താമധ്യായത്തിലാണ് ശിഷ്യപ്രമുഖനായ പത്രോസിന്റേയും വിജാതീയനായ കൊര്‍ണേലിയൂസിന്റേയും മാനസാന്തര കഥയുള്ളത്. പത്രോസിനുണ്ടായ ഒരു ദര്‍ശനത്തില്‍ അശുദ്ധമൃഗങ്ങളെ കൊന്നുതിന്നാന്‍ കര്‍ത്താവില്‍നിന്ന് കല്പന ലഭിക്കുന്നുണ്ട്. പത്രോസാകട്ടെ, താനൊരിക്കലും ചെയ്തിട്ടില്ലാത്ത അക്കാര്യം ചെയ്യില്ലെന്ന് കര്‍ത്താവിനോട് തറപ്പിച്ചു പറയുന്നു: ''ഒരിക്കലുമില്ല, കര്‍ത്താവേ'' (അപ്പ. 10:14). ഭക്ഷണത്തിനു വേണ്ടിയുള്ള വിശപ്പോ, അശുദ്ധമൃഗങ്ങളെ കൊന്നുതിന്നുന്നതൊ അല്ല അവിടത്തെ പ്രശ്‌നമെന്ന് പെട്ടെന്ന് പത്രോസ് തിരിച്ചറിയുന്നുണ്ട്. അക്കാലത്തെ സഭയെയും പ്രത്യേകിച്ച് പത്രോസിനെയും അലട്ടിയിരുന്ന നീറുന്ന പ്രശ്‌നം വിജാതീയരായ ക്രിസ്ത്യാനികളോട് യഹൂദ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുള്ള സഭ സ്വീകരിക്കേണ്ട സമീപനമെന്ത് എന്നതായിരുന്നു. തനിക്കു ലഭിച്ച ദര്‍ശനത്തിന്റെ അര്‍ത്ഥമെന്തെന്ന് പത്രോസ് അസ്വസ്ഥതയോടെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വിജാതീയനായ കൊര്‍ണേലിയൂസ് അയച്ച ആളുകള്‍ അവിടെയെത്തി. അവരോടൊപ്പം കൊര്‍ണേലിയൂസിന്റെ ഭവനത്തിലേക്ക് പത്രോസ് നടന്നു. ഭവനത്തിെലത്തിയപ്പോള്‍, കൊര്‍ണേലിയൂസിനോട് സംസാരിച്ചുകൊണ്ട് പത്രോസ് അകത്തു പ്രവേശിച്ചു (അപ്പ. 10:27). ആ മനുഷ്യരോട് സംസാരിക്കുകയും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്തപ്പോള്‍ പത്രോസിന് അവനുണ്ടായ ദര്‍ശനാനുഭവത്തിന്റെ പൊരുള്‍ മനസ്സിലായി. ജീവിതസമസ്യകളുടെ ഉത്തരം അവനവനിലല്ല, അപരനിലാണ് ദൈവം ഒളിപ്പിച്ചു വച്ചിരിക്കുന്നത്.

കൊര്‍ണേലിയൂസിന്റെ അനുഭവസാക്ഷ്യം കൊണ്ട് സ്വന്തം മനസ്സിലെ സന്ദേഹങ്ങളുടെ കുരുക്കഴിച്ചപ്പോള്‍ പത്രോസ് പലതും പുതുതായി പഠിച്ചു. പക്ഷപാതം കാണിക്കാത്ത ദൈവത്തിന്റെ അനുയായികള്‍ ആരോടും പക്ഷപാതം കാണിക്കരുതെന്ന് അവന്‍ മനസ്സിലാക്കി. ഇങ്ങനെ വ്യക്തിപരമായി മാനസാന്തരപ്പെട്ട പത്രോസിന് ജറുസലേം സൂനഹദോസില്‍ നിയമത്തിന്റെ കടുംപിടുത്തങ്ങള്‍ക്കപ്പുറത്ത് പരിശുദ്ധാത്മാവ് രൂപപ്പെടുത്തുന്ന അഭിപ്രായ ഐക്യത്തിലേക്ക് സഹഅപ്പസ്‌തോലന്മാരെയും സഭ മുഴുവനേയും നയിക്കാന്‍ എളുപ്പം കഴിഞ്ഞു. സമൂഹത്തിന്റെ മാനസാന്തരം വ്യക്തികളില്‍ നിന്നാണ് ആരംഭിക്കുന്നത്. സ്വന്തം ബോധ്യങ്ങള്‍ക്കും ശീലങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും അപ്പുറം ആത്മീയ അനുഭവങ്ങളിലൂടെയും അപരന്റെ അധരങ്ങളിലൂടെയും സംസാരിക്കുന്ന ദൈവത്തെ അനുസരിക്കുന്നതു വഴി, സിനഡല്‍ പരിവര്‍ത്തനത്തിനു വിധേയരാകാത്ത വ്യക്തികള്‍ ഇടവക- പ്രവിശ്യ-രൂപത തുടങ്ങിയ ഉന്നതതല സിനഡുകളുടെ സംഘാടകരൊ പങ്കാളികളൊ ആയാലും സഭയ്ക്കും സമൂഹത്തിനും യാതൊരു മാറ്റവും ഉണ്ടാകില്ല.

ഗാര്‍ഹിക സഭയായ കുടുംബത്തിലും സിനഡു നടക്കും. കുടുംബനാഥന്റെ നേതൃത്വത്തില്‍ തികച്ചും ലളിതമായി നടത്താവുന്നതാണ് കുടുംബ സിനഡ്. ഈസ്റ്റര്‍ പോലുള്ള അവസരത്തില്‍ കുടുംബാഘോഷത്തിനായി എല്ലാവരും ഒത്തുചേരുമ്പോള്‍ കുടുംബ സിനഡിനായി സമയം കണ്ടെത്താനാകും. അപരിചിതമായ അനുഷ്ഠാനങ്ങളൊന്നുമില്ലാതെ സ്വാഭാവികമായി തന്നെ ഏതൊരു കുടുംബസംഗമത്തേയും സിനഡല്‍ അനുഭവമാക്കി മാറ്റാനാകും. സക്കേവൂസിന്റെ വീട്ടിലെ കുടും ബസിനഡ് എത്ര സ്വാഭാവികവും സുന്ദരവുമായിരുന്നു. സക്കേവൂസും കുടുബാംഗങ്ങളും ഈശോയോടും മറ്റു മനുഷ്യരോടുമൊപ്പം ഭക്ഷണം പങ്കിട്ട നേരത്താണ് അത് സംഭവിച്ചത്.

തന്നെയാരും കാണാത്ത, എന്നാല്‍ തനിക്കെല്ലാവരേയും കാണാനാവുന്ന ഒരു സിക്കമൂര്‍ മരത്തിന്റെ മുകളില്‍നിന്ന് ഈശോയുടെ ക്ഷണം കേട്ട് സക്കേവൂസ് ഇറങ്ങി വന്നു ഈശോയോടും ജനത്തോടുമൊപ്പം നടന്ന് സ്വന്തം വീട്ടിലേക്ക് വന്നു. സിക്കമൂര്‍ മരങ്ങളുടെ സ്വകാര്യതയില്‍ നിന്നിറങ്ങി ഈശോയോടും ജനങ്ങളോടുമൊപ്പം നടക്കാനുള്ള ക്ഷണം എല്ലാവര്‍ക്കുമുള്ളതാണ്. ഈശോയുടേയും ജനങ്ങളുടേയും സാന്നിദ്ധ്യത്തില്‍ തന്റെ കുടുംബത്തിനു രക്ഷ കൊണ്ടുവന്ന തീരുമാനങ്ങളാണ് സക്കേവൂസ് പ്രഖ്യാപിച്ചത്. അതുപോലെ, രക്ഷ നല്കുന്ന ദൈവസാന്നിദ്ധ്യവും സന്തോഷപൂര്‍വ്വം ചേര്‍ന്നു നില്‍ക്കുന്ന ജനങ്ങളും കുടുംബത്തിലും സുഹൃദ് വലയങ്ങളിലുമുണ്ടാകാന്‍ എന്തെന്ത് തീരുമാനങ്ങള്‍ അത്യാവശ്യമാണെന്ന് ഓരോ കുടുംബവും ചിന്തിക്കണം. എന്റെ കുടുംബത്തെക്കുറിച്ച് ദൈവമെന്ത് ചിന്തിക്കുന്നു, മനുഷ്യരെന്തു ചിന്തിക്കുന്നു എന്നെല്ലാം പരിഗണിക്കുന്നത് സിനഡാത്മക പരിവര്‍ത്തനത്തിലേക്ക് കുടുംബത്തെ നയിക്കും.

പരസ്പരം അതിര്‍ത്തി പങ്കിടുന്ന അയല്‍വീടുകള്‍ ഒന്നുചേര്‍ന്നും അകൃത്രിമമായ രീതിയില്‍ സിനഡല്‍ പ്രക്രിയ നടത്താവുന്നതാണ്. അവധിദിനത്തിലെ ഒരു സായാഹ്നസംഗമത്തിലൊ, ആഘോഷാവസരങ്ങളില്‍ ആശംസകളര്‍പ്പിക്കാന്‍ എത്തിച്ചേരുമ്പോഴോ, രോഗീ സന്ദര്‍ശനത്തിനണയുമ്പോഴോ, ഒന്നിച്ചൊരു വിനോദയാത്രയ്ക്കു പോകുമ്പോഴോ, എപ്പോഴെങ്കിലുമാകട്ടെ കൂട്ടത്തിലെ ക്രൈസ്തവകുടുംബങ്ങളുടെ ജീവിതസാക്ഷ്യത്തെക്കുറിച്ചൊരു ചര്‍ച്ചയ്ക്ക് ആരെങ്കിലും വഴി മരുന്നിടണം. ഒരുപക്ഷെ, അക്രൈസ്തവരായ അയല്‍ക്കാര്‍ക്കും ക്രൈസ്തവ കുടുംബങ്ങളുടെ ജീവിതത്തേയും സാക്ഷ്യത്തേയും കുറിച്ച് ചിലതൊക്കെ പറയാനുണ്ടാകും. സമരിയായിലെ കിണര്‍ക്കരയിലെ ചെറിയ വര്‍ത്തമാനം ഒരു ഗ്രാമം മുഴുവന്‍ ഉള്‍പ്പെട്ട സംഭാഷണമായി വളര്‍ന്നതെങ്ങനെയെന്ന് യോഹന്നാന്റെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ടല്ലോ.

വ്യക്തികളില്‍ ആരംഭിച്ച്, കുടുംബങ്ങളിലും അയല്‍ക്കൂട്ടങ്ങളിലും പക്വത പ്രാപിച്ചെങ്കിലെ സിനഡാത്മകതയെന്നത് സഭയ്ക്കും, ലോകത്തിനും അനുഭവ യാഥാര്‍ത്ഥ്യമാവുകയുള്ളൂ. സിനഡല്‍ മനോഭാവമുള്ള വ്യക്തികളും കുടുംബങ്ങളും ഇല്ലാത്ത ഇടവകകളിലേയും രൂപതകളിലേയും സിനഡല്‍ സമ്മേളനങ്ങള്‍ മെഗാഷോയുടെ കാറ്റഗറിയിലല്ലാതെ മറ്റെന്തിലാണ് പെടുത്താനാവുന്നത്? സഭയില്‍ വീണ്ടും കൂടിയാട്ടങ്ങളുടെകാലമായി എന്നു സാമൂഹ്യ നിരീക്ഷകര്‍ പരിഹസിക്കാതിരിക്കാന്‍ സിനഡ് എന്ന സംഭവത്തെ ശ്രദ്ധയില്‍ നിന്ന് മറച്ചിട്ട്, സിനഡെന്ന ശൈലിയെ സ്വായത്തമാക്കാന്‍ നാം ശ്രമിക്കണം.

ബോധപൂര്‍വ്വകമായ ആവര്‍ത്തനം കൊണ്ടുമാത്രമാണ് നല്ല ശീലങ്ങള്‍ രൂപപ്പെടുന്നത്. ശീലങ്ങളുടെ ആകെത്തുകയാണല്ലൊ ശൈലി. ശൈലിയാണ് വ്യക്തിത്വത്തിന്റെ മുദ്ര. ചിന്താശൈലി, സംസാരശൈലി, പെരുമാറ്റശൈലി എന്നിങ്ങനെ ശൈലികള്‍ പലതരമുണ്ട്. തങ്ങളുടെ നിയമജ്ഞരെപ്പോലെയല്ല അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിക്കുന്നതെന്ന് ഈശോയെക്കുറിച്ച് ജനം പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞത് ഈശോയുടെ പ്രബോധന ശൈലിയെ അനന്യമാക്കിയ ആധികാരികതയെക്കുറിച്ചാണ്. ഒരു സിനഡാത്മക സഭയെ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ജനാധിപത്യപരമായ സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് എന്തെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

ക്രിസ്തീയ മനോഭാവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത അത് പ്രതീക്ഷാനിര്‍ഭരമാണെന്നതാണ്. വ്യക്തിജീവിതത്തിലും, കുടുംബം, സ്ഥാപനം, സംഘടന തുടങ്ങിയ വ്യക്തികള്‍ ചേര്‍ന്നുള്ള സംവിധാനങ്ങളിലും ആവര്‍ത്തിച്ചുണ്ടാകുന്ന അപചയങ്ങള്‍ അ ധര്‍മ്മത്തിന്റെ വളര്‍ച്ച എന്നിവ മനുഷ്യരുടെ മനസ്സിലെ പ്രതീക്ഷയുടെ നാളങ്ങള്‍ കെടുത്തിക്കളയുന്നതായി കണ്ടിട്ടുണ്ട്. നിരാശയോടെ പിന്മാറാന്‍ കാരണങ്ങളുള്ളിടത്ത് ആനന്ദനിര്‍ഭരമായ പ്രത്യാശയോടെ മുന്നേറാനാണ് ക്രിസ്തീയത ലോകത്തെ പഠിപ്പിക്കുന്നത്. നിലംചേര്‍ത്ത് മുറിച്ചുമാറ്റിയ ഇടങ്ങളിലും മുളയെടുക്കുന്ന നന്മകള്‍ കാണാനുള്ള കണ്ണുകള്‍ ഉത്ഥിതന്റെ ദാനങ്ങളാണ്. ഭയത്തിന്റേയും നിരാശയുടേയും മുന്‍വിധിയുടേയും തടവറകളില്‍ സ്വയം അടച്ചിട്ട മനസ്സുകളെ മോചിപ്പിക്കണം. പ്രത്യാശയുടെ വസ്ത്രം ധരിച്ചുവേണം കൂടിയാലോചനകള്‍ക്കു വന്നു ചേരാന്‍.

തനിക്കു പറയാനുള്ളത് ആരോടെന്നില്ലാതെ അറുത്തുമുറിച്ച് പറഞ്ഞിട്ട് സംഭാഷണമുറി പൂട്ടി അപ്രത്യക്ഷരാകുന്ന സംസാരശൈലിക്ക് മാറ്റമുണ്ടാകണം. കേള്‍ക്കാതെ സംസാരിക്കില്ലെന്ന പുതിയ നിര്‍ബന്ധം മനസ്സില്‍ വളര്‍ത്തിയെടുക്കാന്‍ സിനഡാത്മകത ഏവരേയും ക്ഷണിക്കുന്നുണ്ട്. പഴയ നിയമകാലത്തെ ചില പ്രവാചകരെക്കുറിച്ച് ദൈവത്തിനുണ്ടായിരുന്ന പരാതി അവര്‍ കേള്‍ക്കാതെ സംസാരിച്ചു തുടങ്ങുന്നുവെന്നതായിരുന്നല്ലൊ. സുഹൃദ്‌വലയത്തിലാണെങ്കിലും കുടുംബത്തിലാണെങ്കിലും ദേവാലയത്തിലാണെങ്കിലും പൊതുസമൂഹത്തിലാണെങ്കിലും ക്ഷമാപൂര്‍വ്വകമായ ശ്രവണത്തിന് ഒന്നാം സ്ഥാനം നല്കുമ്പോള്‍ സംസാരശൈലിയില്‍ മാറ്റം വരും. സംസാരത്തിനു മുമ്പും പിമ്പുമുള്ള ശൂന്യതയല്ല മൗനം. സംസാരത്തെ സംഭാഷണമാക്കുന്ന മാന്ത്രിക നിമിഷങ്ങളാണ് മൗനം.

ബന്ധങ്ങളില്‍ നിന്ന് അധീശത്വത്തെ വഴിയൊഴിച്ച് കളയലാണ് പെരുമാറ്റശൈലിയില്‍ സിനഡാത്മക പരിവര്‍ത്തനം വരുത്താനുള്ള മാര്‍ഗ്ഗം. അധീശത്വം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ നിന്നാണ് അക്രമങ്ങള്‍ പുറപ്പെടുന്നത്. അക്രമങ്ങള്‍ കാണിക്കുകയും അക്രമങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം എത്ര പെട്ടെന്നാണ് നമ്മുടെ നാട്ടില്‍ വളരുന്നന്നത്. മനസ്സിനേയും ഹൃദയത്തേയും മരവിപ്പിച്ചുകളയുന്ന അക്രമങ്ങള്‍ മാത്രം നിറഞ്ഞ മുഴുനീളന്‍ സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധന സര്‍വ്വനാശത്തിന്റെ സൂചനയാണ് നല്കുന്നത്.

ഭാഷ മുറിയുന്നിടത്താണ് അ ക്രമം തുടങ്ങുന്നത്. സംസാരിച്ചുകൊണ്ടിരിക്കെ പീഠത്തിലടിക്കുന്ന പ്രസംഗകനും, സംഭാഷണത്തിനിടക്ക് ചാടിയെഴുന്നേറ്റ് അപരന്റെ മുഖത്തടിക്കുന്നവനും വാക്കു കിട്ടാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് എത്ര പേര്‍ക്കറിയാം. സംഭാഷണങ്ങള്‍ മുറിഞ്ഞു തുടങ്ങുമ്പോള്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇനിയൊന്നും പറയാനില്ലെന്ന് ഏകപക്ഷീയമായി തീരുമാനിച്ചാല്‍ അവശേഷിക്കുന്ന സാധ്യത ഉപരോധത്തിന്റേതും യുദ്ധത്തിന്റേതുമാണ്. ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള വഴി സംഭാഷണം പുനഃരാരംഭിക്കലാണ്. ദൈവത്തോടും മനുഷ്യരോടും തന്നോടുതന്നെയും രമ്യതപ്പെടുന്ന കുമ്പസാരമെന്ന ഏറ്റുപറച്ചിലില്‍ സംഭവിക്കുന്നത് സംഭാഷണത്തിന്റെ വീണ്ടെടുപ്പല്ലെ? പിതാവിനോടുള്ള സംഭാഷണത്തില്‍ പുനര്‍ജനിച്ച ധൂര്‍ത്തപുത്രന്‍ നമ്മോടു പ്രഘോഷിക്കുന്ന സുവിശേഷം സംഭാഷണത്തിന്റേതല്ലെ?

''ഇനി എനിക്കൊന്നും കേള്‍ക്കാനില്ല, പറയാനുമില്ല'' - ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട് പറയാന്‍ കഴിയുന്ന ഏറ്റവും മോശവും ക്രൂരവുമായ വാക്കുകളാണിവ. ഒറ്റുകാരനടക്കം എല്ലാവരേയും സ്‌നേഹിതരെന്ന് വിളിച്ച ഈശോയുടേതായി യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ളതിലെ ഏറ്റവും തിളക്കമുള്ള വാക്കുകള്‍ ഏതെന്നറിയുമൊ? ''ഇനിയും വളരെക്കാര്യങ്ങള്‍ എനിക്കു നിങ്ങളോട് പറയാനുണ്ട്'' (യോഹ.16:12) - ഇതാണ് വെളിച്ചം കൊണ്ടെഴുതിയ ആ വാക്കുകള്‍. പറയാന്‍ ബാക്കി വച്ചത് പറയാനല്ലെ കല്ലറ പിളര്‍ന്നും അവന്‍ ഉയിര്‍ത്തു വന്നത്, അപ്പവും ആത്മാവും വചനവുമായി അവന്റെ പ്രിയരുടെ ഉള്ളില്‍ തന്നെ അവന്‍ തുടരുന്നത്?

മരിച്ചു മറഞ്ഞിട്ടും അവനിനിയും പറയാനുള്ളത് കേള്‍ക്കാനല്ലെ അതിരാവിലെ അവന്റെ കല്ലറയിലേക്ക് അവന്റെ സ്‌നേഹിതര്‍ ഓടിച്ചെന്നത്? അവന്റെ മരണം ശരീരത്തിലും ആത്മാവിലും വഹിക്കുന്ന പാവങ്ങൡലക്കും പാപികളിലേക്കും അവന്റെ ശിഷ്യര്‍ ഇന്നും ഓടിയെത്തുന്നത് അവനെ തേടിയല്ലെ? പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും യേശു സാന്നിദ്ധ്യത്തിന്റെ സാന്ദ്രത കൂടിയ ഇടങ്ങളാണ്. പൊതുകിണറുകളുടെ അടുത്തും പാതയോരങ്ങളിലും നമുക്കവരെ കാണാം. അവരില്‍നിന്ന് അപരനെ കേള്‍ക്കാന്‍

അധീശത്വത്തിന്റെയും നിസ്സംഗതയുടെയും അധാര്‍മ്മിക പാത വിട്ട് അനുയാത്രയുടെ പച്ചമണ്ണിലേക്ക് ഇറങ്ങാന്‍ സഭ എന്നും പരിശീലിക്കണം. പാവങ്ങളും അരികുവത്ക്കരിക്കപ്പെട്ടവരും സഭയുടെ പ്രാമുഖ്യങ്ങള്‍ നിര്‍ണ്ണയിക്കുന്ന ദിനമാണ് സിനഡ് പൂര്‍ത്തിയാകുന്നത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം