Coverstory

ഒറ്റ

Sathyadeepam

നാടകസമിതി : കാഞ്ഞിരപ്പിള്ളി അമല

രചന : ഹേമന്ത് കുമാര്‍

സംവിധാനം : രാജേഷ് ഇരുളം

2025 വര്‍ഷത്തിലെ പി ഒ സി നാടകമേളയില്‍ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ കാഞ്ഞിരപ്പള്ളി അമലയുടെ നാടകമാണ് 'ഒറ്റ'.

പുതിയകാലഘട്ടത്തിലെ ജീവിതഗന്ധിയായ കഥാ സന്ദര്‍ഭങ്ങളോട് വിമുഖത കാട്ടി, കടന്നുപോയ ഏതോ കാലഘട്ടത്തിലെ കഥാപാത്രങ്ങളിലും കഥാ പരിസരങ്ങളിലും നിന്നും ഒട്ടും തന്നെ മുന്നോട്ടു പോകാനാവാതെ നാടകം എന്ന കലാരൂപത്തിന്റെ ചുവടുറച്ചു പോയോ എന്ന നമ്മുടെ തോന്നലുകള്‍ക്കുള്ള കടുത്ത മറുപടിയാണ് 'ഒറ്റ' എന്ന 'അമല'യുടെ ഈ നാടകം. ഇന്നിന്റെ ചില നേര്‍ക്കാഴ്ചകളെയും വെല്ലുവിളികളെയും കഥാസന്ദര്‍ഭങ്ങളായി ഏറ്റം തെളിമയോടെ പങ്കുവയ്ക്കാന്‍ ഈ നാടകത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല.

റബ്ബര്‍ തൊഴിലാളികളായ ദമ്പതി കളാണ് കുഞ്ഞച്ചന്‍ എന്ന് വിളിപ്പേരുള്ള സുധനും അനിതയും അവരുടെ ജീവിതത്തിലെ മക്കളില്ലാത്തതിന്റെ എല്ലാ നൊമ്പരങ്ങള്‍ക്കും അറുതി കൊടുക്കുന്ന സാന്നിധ്യമായിട്ടാണ് എടുത്തു പറയാന്‍ തക്ക അടുത്ത ബന്ധമില്ലാതിരുന്നിട്ടും കറവ ശിവന്റെ മകള്‍ കബനി ഇടം പിടിക്കുന്നത്. കബനി എന്ന പെണ്‍കുട്ടി പുതിയ കാലഘട്ടത്തിന്റെ മുഴുവന്‍ യുവത്വ ത്തേയും പ്രതിനിധീകരിക്കുന്നതാണ്.

വെറുമൊരു ലോക്കല്‍ ഗാര്‍ഡിയന്‍സി നപ്പുറം തങ്ങളുടെ ജീവിതത്തിലെ ഞെരു ക്കങ്ങളെ മറന്നുപോലും കുഞ്ഞച്ചനും അനിതയും അവളുടെ സന്തോഷങ്ങള്‍ക്കു വേണ്ടി പരിശ്രമിക്കുന്നുണ്ട്.

മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അടങ്ങിയ ഏറ്റവും അടുത്ത തന്റെ സുഹൃത്ത്‌വലയത്തെ താനിപ്പോള്‍ ആയിരിക്കുന്ന കുഞ്ഞച്ചന്റെ വീട്ടിലേക്ക് കബനി ഒരു നൈറ്റ് സ്‌റ്റേ ഓവറിനായി ക്ഷണിക്കുന്നതോടുകൂടിയും ആ ഒത്തു ചേരലിലെ ചില സംഭവവികാസങ്ങളോടുകൂടിയും കഥാഗതി മറ്റൊരു തലത്തിലേക്ക് വികസിക്കുന്നു.

മൊബൈല്‍ അഡിക്ഷനും മയക്കുമരുന്നുമെല്ലാം ഇന്നിന്റെ യുവത്വത്തിന് ഏല്‍പ്പിക്കുന്ന ആഘാതം അതിന്റെ എല്ലാ തീവ്രതയിലും പങ്കുവയ്ക്കാന്‍ നാടകത്തിന് കഴിഞ്ഞിട്ടുണ്ട്. ലഹരിക്ക് അടിപ്പെട്ടവര്‍ ചെറുപ്രകോപനങ്ങളില്‍പ്പോലും എപ്രകാരമാണ് അക്രമാസക്ത രാകുന്നതെന്ന് യാഥാര്‍ഥ്യബോധ ത്തോടെ തന്നെ നാടകത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. വെകിളി പിടിച്ച കാട്ടുപന്നിയുടെ കരച്ചില്‍ നാടകത്തിലെ പ്രധാന പല സന്ദര്‍ഭങ്ങളിലും ഉപയോഗപ്പെടുത്തിക്കൊണ്ട് ലഹരിയെത്തിക്കുന്ന ഭ്രാന്തമായ അവസ്ഥ പ്രതീകാത്മകമായി അവതരിപ്പിക്കപ്പെടുന്നുണ്ട്.

അവരെ തിരുത്താന്‍ മുതിരുന്നതിനെയെല്ലാം അവര്‍ Toxic Socitey യും Toxic Parents ഉം Toxic Teaching മായി മുദ്രകുത്തുന്നു. തെറ്റ് ചെയ്‌തെന്നു പോലും തിരിച്ചറിയാന്‍ കഴിയാത്ത തലമുറയുടെ പ്രതീകങ്ങളെയും ഈ നാടകം മനോഹരമായി വരച്ചുകാട്ടുന്നു.

പുതിയ കാലഘട്ടത്തിന്റെ സിനിമാറ്റിക് രംഗ വിഭജനങ്ങളോട് കിടപിടിക്കുന്നതാണ് ഈ നാടകത്തിന്റെ രംഗാവിഷ്‌കാരം. സംഗീതവും ബാക്ഗ്രൗണ്ട് മ്യൂസികുമെല്ലാം എടുത്തു പറയേണ്ട രീതിയില്‍ മികവ് പുലര്‍ത്തുന്നതാണ്.

എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ തന്നെ എടുത്തുപറഞ്ഞ് പ്രശംസിക്ക പ്പെടേണ്ടതു തന്നെയാണ് നാടകത്തിലുടനീളം പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച അഞ്ച് യുവ താരങ്ങള്‍. നാടകമെന്ന കലാരൂപത്തെ അതിന്റെ തനിമ മങ്ങാതെ കാത്തുസൂക്ഷിച്ചുകൊള്ളാ മെന്ന ഉറപ്പോടെ തങ്ങളുടെ മുന്‍തലമുറയില്‍ നിന്ന് പുതുതലമുറ കയ്യിലേറ്റി വാങ്ങുന്ന അനുഭവം പകരുന്നതായിരുന്നു അവരുടെ അരങ്ങിലെ വേഷപകര്‍ച്ച.

ലഹരിയുടെ ഭ്രാന്തമായ വന്യതയോട് പോരാടാനുള്ള ക്ഷണമായിട്ടാണ് 'ഒറ്റ' അവസാനിക്കുന്നത്. വലിയൊരു കൂട്ടത്തിലായിരിക്കുമ്പോഴും ഓരോ മനുഷ്യരും ഒറ്റയാണെന്നുള്ള ഫിലോസഫി ഉള്‍ക്കാഴ്ച്ചയായി ഹൃദയത്തില്‍ നിക്ഷേപിച്ചാണ് ഓരോ കാണിയേയും ഈ നാടകം പറഞ്ഞയയ്ക്കുന്നത്.

  • ഫോണ്‍ : 99612 01000

ഈശോയെ ദൈവമായി ആരാധിക്കാൻ

സ്വാഗത സംഘം രൂപീകരിച്ചു

വാർഷിക സമ്മേളനം

നിറം

ലക്ഷ്മണരേഖ