നാടകസമിതി : തിരുവനന്തപുരം നടനകല
രചന : ചന്ദ്രന്‍ എസ് രാമന്‍
സംവിധാനം : കെ പി എ സി സജീവ് മാടവന
വര്‍ണ്ണവും വര്‍ഗവും അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവുകളും ചൂഷണവും കാലദേശാതീതമായി തുടരുന്ന യാഥാര്‍ഥ്യമാണ്. സാമൂഹികമായി ഏറെ പുരോഗമിച്ചു എന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിലിന്നും ഈ ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് 'നിറം.'
ആദിവാസിക്കുടിലിന്റെ പരാധീനതകളെ അതിജീവിച്ച് ഡോക്ടറായ മാലതി. തന്റെ സുഹൃത്തും ആദിവാസി സംസ്‌കൃതിയുടെ പ്രോത്സാഹകനുമായ തരുണിന്റെ അച്ഛന്‍ ശ്രീധരന്‍സാറിന്റെ ഹോസ്പിറ്റലിലാണ് അവള്‍ ജോലി ചെയ്യുന്നത്. മകന്റെ താത്പര്യപ്രകാരം മാലതിയുടെ ഊരില്‍ നിന്നുള്ളവര്‍ക്ക് സൗജന്യചികിത്സയും ശ്രീധരന്‍സാര്‍ അനുവദിച്ചിട്ടുണ്ട്.
ഇതിനിടെ, ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ആദിവാസിയായ ഉദയന്റെ അപ്രതീക്ഷിതമായ മസ്തിഷ്‌കമരണത്തിലും തുടര്‍ന്നുള്ള അവയവമാറ്റ ശ്രമങ്ങളിലും ഡോ. മാലതി സംശയാലുവാകുന്നു. മുമ്പ് നടന്ന സമാനസംഭവങ്ങളുടെ രേഖകള്‍ ശേഖരിച്ച് ഹോസ്പിറ്റലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മാലതിയെ കാണാതാകുന്നു. തന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്നും ആരാണതിന്റെ യഥാര്‍ഥ ഉത്തരവാദികളെന്നും കണ്ടെത്താന്‍ മാലതിയുടെ അച്ഛന്‍ കുഞ്ഞമ്പു ഇറങ്ങിപ്പുറപ്പെടുന്നു. ഈ അന്വേഷണം അപ്രതീക്ഷിതമായ കണ്ടെത്തലുകളിലാണ് ചെന്നെത്തുന്നത്.
ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ് പ്രേക്ഷകരെ കൂടെ നടത്താനും നിറവും ജാതിയും സാമ്പത്തിക സ്ഥിതിയുമൊക്കെ തൊഴില്‍, കുടുംബം, നീതിനിര്‍വഹണം എന്നിങ്ങനെ സാമൂഹികജീവിതത്തിന്റെ വിവിധ അടരുകളില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് സൂക്ഷ്മമായി അവതരിപ്പിക്കാനും നാടകത്തിനാവുന്നുണ്ട്. മകള്‍ക്കും തങ്ങളുടെ വംശത്തിനും നീതിതേടി അലയുന്ന ഒരു ആദിവാസി പിതാവിന്റെ വേദനയും നിശ്ചയദാര്‍ഢ്യവും അതിന്റെ തീവ്രതയില്‍ കാണികളിലേക്കെത്തിച്ച് പുല്ലച്ചിറ ബാബു കെ സി ബി സി നാടകമേളയിലെ മികച്ച അഭിനേതാവായി.
രംഗപടവും ദീപസംവിധാനവും മികവു പുലര്‍ത്തുമ്പോഴും പ്രമേയത്തിലും അവതരണത്തിലും സാമ്പ്രദായിക വഴികളില്‍ നിന്ന് മാറി നടക്കാന്‍ നാടകത്തിനാവുന്നില്ല. എന്നിരിക്കലും, 'നിഷേധിക്കപ്പെടുന്ന നീതിയാണ് മാവോയിസ്റ്റുകള്‍ക്കും നക്‌സലുകള്‍ക്കും വിമതര്‍ക്കും ജന്മംകൊടുക്കുന്നതെന്ന യാഥാര്‍ഥ്യം സമൂഹമനസ്സാക്ഷിയില്‍ ഊട്ടിയുറപ്പിച്ചിട്ടാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
ഫോണ്‍ : 90748 52251