Coverstory

അമ്മത്തൊട്ടില്‍

ഫാ. തോമസ് പാട്ടത്തില്‍ചിറ CMF
അമ്മ അനുഭവമാണ്. 'അമ്മ' എന്ന രണ്ടക്ഷരങ്ങള്‍ക്കിടയില്‍ ഒതുങ്ങിക്കഴിയുന്ന വിണ്ണോളം വിശാലമായ വ്യക്തിത്വം. രണ്ട് അക്ഷരതീരങ്ങള്‍ക്കിടയില്‍ അഗാധവും വിസ്തൃതവുമായി കിടക്കുന്ന അലിവിന്റെ കടല്‍. അമ്മ അര്‍ഥം (ധനം) ആണ്.

അക്ഷരക്കൂട്ടുകള്‍ക്കും അടിക്കുറിപ്പുകള്‍ക്കുമൊക്കെ അതീതയായവള്‍ അമ്മ. 'അമ്മ'യെന്ന പദത്തിനു ഒരര്‍ഥമല്ല, ഒരായിരം അന്തരാര്‍ഥങ്ങളാണുള്ളത്. അതുകൊണ്ടാണ് പ്രപഞ്ചവിസ്മയങ്ങളില്‍ പ്രഥമമായതിനെ 'അമ്മ' എന്ന രണ്ടക്ഷരങ്ങളില്‍ ആരോ ചുരുക്കിവച്ചത്. എങ്കിലും, അനുഭവങ്ങളുടെ മഷിക്കുപ്പിയില്‍ സ്മൃതികളുടെ വിരല്‍ത്തുമ്പു മുക്കി രചിക്കുന്ന അമ്മക്കുറിപ്പുകള്‍ക്ക് വലിയ വിലയുണ്ട്. അമ്മയെ ഒരു തൊട്ടില്ലിനോടല്ലാതെ മറ്റെന്തിനോടാണ് തുലനം ചെയ്യുക! അവളുടെ ഗര്‍ഭപാത്രമല്ലേ ഓരോ മനുഷ്യ ജന്മത്തിന്റെയും ആദ്യതൊട്ടില്‍? അവളുടെ മടിയും, മാറിടവും, എളിയും, തോളും, കരങ്ങളും, കാലുകളുമെല്ലാം അക്ഷരാര്‍ഥത്തില്‍ തൊട്ടിലുകളല്ലേ? അവയിലൊക്കെ ഊയ്യലാടി മയങ്ങിയുണര്‍ന്നല്ലേ ഓരോ കുരുന്നും വളര്‍ന്നുവരിക?തായ തൊട്ടില്‍ തന്നെയാണ്. ഈ അമ്മത്തൊട്ടിലില്‍ സുലഭമായുള്ള ചില സുകൃതങ്ങളെക്കുറിച്ച് MOTHER എന്ന ആംഗലനാമത്തിലെ ഓരോ അക്ഷരവും അദ്ഭുതകരമാം വിധം സൂചിപ്പിക്കുന്നുണ്ട്.

'M' പാല് (Milk) എന്ന സുകൃതത്തെ സൂചിപ്പിക്കുന്നു. ശരിക്കുമൊന്നു ചിന്തിച്ചാല്‍ 'അമ്മ'യുടെ പര്യായപദമല്ലേ 'പാല്'? അമ്മിഞ്ഞപ്പാലിന്റെ സ്വാദും സുഗന്ധവുമല്ലേ അമ്മയ്ക്കുള്ളത്? ചോരക്കുഞ്ഞായി പിറന്ന നേരം മുതല്‍ അധരങ്ങള്‍കൊണ്ട്മാസങ്ങളോളം നുണഞ്ഞിറക്കിയതും ആ ശ്വേതസുധയല്ലേ? മനുഷ്യ, മൃഗഭേദമെന്യേ ജനിച്ചുവീഴുന്ന ഓരോ ജീവനും ഭൂമിയില്‍ നുകരുന്ന പ്രഥമ പോഷകപാനീയം! പെറ്റമ്മ പകരമില്ലാത്ത പാലാഴിയാണ്. അടുക്കളയിലെ അധ്വാനങ്ങളാല്‍ കരിയും വിയര്‍പ്പും പുരണ്ട ശരീരത്തില്‍ നിന്നും ഇടവേളകളില്‍ അതീവവാത്സല്യത്തോടെ ഒരു മനുഷ്യമരത്തൈക്ക് പുഷ്ടിയും പച്ചപ്പും പകരാന്‍ അവള്‍ ചുരത്തിത്തരുന്ന സ്വന്തം 'വെണ്‍ചോര' തന്നെയാണത്. അതിനു മറുവിലയായി നല്കാന്‍ മതിയായതൊന്നും ഒരു മനുഷ്യജന്മത്തിനുമില്ല. അവശതയേറുന്ന അസ്തമയകാലത്ത് അവള്‍ അഗതിമന്ദിരത്തില്‍ അടയ്ക്കപ്പെടുന്നെങ്കില്‍ മുടക്കമില്ലാതെ അയച്ചുകൊടുക്കുന്ന മാസപ്പടികള്‍ക്കോ, ചെയ്യുന്ന ഫോണ്‍വിളികള്‍ക്കോ ഒന്നും കാര്യപ്രസക്തിയില്ല എന്ന് അവളുടെ തിരക്കൊഴിയാത്ത സന്തതികള്‍ തിരിച്ചറിഞ്ഞാല്‍ നന്ന്. അവയൊന്നും അവര്‍ കുടിച്ചുതീര്‍ത്ത മുലപ്പാലിന്റെ പകുതിക്കുപോലും പകരമാകില്ല.

'O' എണ്ണ (Oil) എന്ന സുകൃതത്തെ സൂചിപ്പിക്കുന്നു. സത്യത്തില്‍ തൈലംപോലെ മാര്‍ദവമുള്ളതല്ലേ അമ്മയുടെ മൊഴികളും കര്‍മ്മങ്ങളും മനോഭാവങ്ങളുമൊക്കെ? കുഞ്ഞായിരുന്നപ്പോള്‍ മേനിയാകെ എണ്ണതേപ്പിച്ച് ചെത്തിയൊരുക്കിയ പാളപ്പാത്രത്തില്‍ കിടത്തി ചെറുചൂടുള്ള വെള്ളമൊഴിച്ച് തിരുമ്മിക്കുളിപ്പിച്ചതിന്റെ സ്‌നിഗ്ദ്ധസ്മൃതികള്‍ ഇന്നും ചങ്കിനുള്ളില്‍ ചൂടാറാതെ കാത്തുസൂക്ഷിക്കാത്തവര്‍ ചുരുക്കം. അവള്‍ പുരട്ടിത്തന്നത് കനിവിന്റെയും കരുതലിന്റെയും വറ്റിപ്പോകാത്ത വാത്സല്യക്കുഴമ്പായിരുന്നു. ഓര്‍ക്കണം, വീടാകുന്ന വിളക്കിലെ തിരിനാളം തെളിഞ്ഞുനില്ക്കുന്നത് അമ്മയെന്ന നെയ്യ്‌നനവിലാണ്. അത് ഉണങ്ങിത്തുടങ്ങുമ്പോഴാണ് കുടുംബ ദീപം കരിന്തിരി കത്തുന്നത്.

'T' സ്വാദ് (Taste) എന്ന സുകൃതത്തെ സൂചിപ്പിക്കുന്നു. അമ്മയാണ് ഉലകത്തിലെ ഏറ്റവും ഉദാത്തമായ രുചി. അമ്മയോളം സ്വാദുള്ളതായി മറ്റെന്താണുള്ളത്? കുടുംബത്തിന്റെ ഉപ്പും മധുരവും അവളാണ്. അവളുടെ അധ്വാനഫലമാണ് ആഹാരമേശയില്‍ ഭവനാംഗങ്ങള്‍ ആസ്വദിക്കുന്നത്. പുകയും കരിയും അത്ര കാര്യമാക്കാതെ അവളൊരുക്കുന്ന പാചകക്കൂട്ടുകള്‍ക്ക് അവളുടെ വിയര്‍പ്പുകണങ്ങള്‍ പോലും രുചികൂട്ടുന്നുണ്ട്. മാതാവ് മറ്റെങ്ങും കിട്ടാത്ത മധുവാണ്, മധുരമാണ്. അമ്മയെന്ന രുചിയുടെ അഭാവം കുടുംബത്തില്‍ കയ്‌പ്പേറിയ അനുഭവങ്ങള്‍ക്ക് കാരണമാകും.

'H' ഔഷധം (Herb) എന്ന സുകൃതത്തെ സൂചിപ്പിക്കുന്നു.പിച്ചവച്ച നാളുകളില്‍ തട്ടിവീണു പൊട്ടിയ മുട്ടുകള്‍ക്ക് സുഖപ്പെടാന്‍ അവളുടെ വെറുമൊരു സ്പര്‍ശം മാത്രം മതിയായിരുന്നു. പിന്നീടുള്ള വളര്‍ച്ചയുടെ വഴികളിലെ രോഗ പീഡകളുടെ അസ്വസ്ഥതകളില്‍ അരികെയിരിക്കുന്ന അമ്മൗഷധം. വൈദ്യശാസ്ത്രം നാളിന്നോളം കണ്ടുപിടിച്ചിട്ടുള്ള സകല വൈദ്യങ്ങളേക്കാള്‍ സൗഖ്യശേഷിയുള്ളത് വസ്ത്രാഞ്ചലത്തിലും വാത്സല്യം കരുതുന്ന അമ്മയുടെ അടുപ്പത്തിനാണ്. മയക്കമറിയാത്ത മിഴികളുമായി തന്റെ രോഗിയായ കുഞ്ഞിന്റെയരികെ രാപകല്‍ കഴിച്ചുകൂട്ടുന്ന അമ്മ ലോകം കണ്ട ഏറ്റവും സമര്‍പ്പണബോധമുള്ള ചികിത്സകയാണെന്നതില്‍ സംശയമില്ല.

'E' ഊര്‍ജ്ജം (Energy) എന്ന സുകൃതത്തെ സൂചിപ്പിക്കുന്നു. അമ്മ അക്ഷയമായ ഊര്‍ജ്ജമാണ്. കുടുംബാംഗങ്ങള്‍ക്ക് കരുത്തേകാന്‍ തന്നെത്തന്നെ തളര്‍ത്തുന്നവള്‍. സ്വന്തം വയറു കത്തുമ്പോഴും മറ്റുള്ളവരുടെ പൈദാഹങ്ങള്‍ ശമിപ്പിക്കാന്‍ പണിപ്പെടുന്നവള്‍. കുടിനീരായി ഉമി നീരിറക്കിക്കൊണ്ട് കുടുംബത്തിന്റെ ഊര്‍ജ്ജ ജലം വറ്റാതെ കാക്കുന്ന അമ്മക്കുടം. തായ തളര്‍ന്നാല്‍ തറവാട് തളരും. അമ്മയുടെ ഗന്ധം, സ്വാദ്, സ്വരം, കടാക്ഷം, സ്പര്‍ശം എന്നിവയാണ് ആത്യന്തികമായി ഒരു പൈതലിന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കു പക്വതയേകുന്നത്. കുറേക്കൂടി ക്രൈസ്തവമായ ധ്യാനത്തില്‍ അമ്മ കുര്‍ബാന (Eucharist) യാണ്. കുടുംബമാകുന്ന ബലിപീഠത്തില്‍ അനുനിമിഷം മുറിഞ്ഞ് സ്വയം പകുത്തുവിളമ്പുന്ന, സ്വാര്‍ഥതയുടെ പുളിപ്പില്ലാത്ത, കുര്‍ബാനയപ്പം.

'R' സങ്കേതം (Refuge) എന്ന സുകൃതത്തെ സൂചിപ്പിക്കുന്നു. സമയം നോക്കാതെ ആര്‍ക്കും ഓടിയെത്തി അള്ളിപ്പിടിക്കാവുന്ന ആശ്രയമാണ് അമ്മ. കുട്ടിക്കാലത്തെ കുഞ്ഞിപ്പേടികളില്‍നിന്നും ചാടിക്കയറിയിരുന്നത് അവളുടെ മടിയിലെയും മാറിടത്തിലെയും സുരക്ഷിതത്വത്തിലേയ്ക്കായിരുന്നില്ലേ? ആവശ്യങ്ങളും ആവലാതികളുമൊക്കെ ശങ്കകൂടാതെ പറയാനുള്ള ഒരിടമായിരുന്നില്ലേ അവള്‍? അപ്പന്റെ പക്കല്‍ നിന്നും ഔദാര്യങ്ങള്‍ നേടിയെടുക്കാനുള്ള ഒരു കുറുക്കു വഴിയായിരുന്നില്ലേ അവള്‍? അതെ, ചേക്കാറാനൊരു അമ്മക്കൂടുള്ളത് കിളിക്കുഞ്ഞുങ്ങള്‍ക്ക് എത്രയോ ആശ്വാസമാണ്! അമ്മയൊരു സാന്ത്വനമാണ്. അവളുടെ മടിത്തട്ടില്‍ സുഖശയനമുണ്ട്, തലോടലില്‍ സൗഖ്യവും.

അമ്മ അനുഭവമാണ്. 'അമ്മ' എന്ന രണ്ടക്ഷരങ്ങള്‍ക്കിടയില്‍ ഒതുങ്ങിക്കഴിയുന്ന വിണ്ണോളം വിശാലമായ വ്യക്തിത്വം. രണ്ട് അക്ഷരതീരങ്ങള്‍ക്കിടയില്‍ അഗാധവും വിസ്തൃതവുമായി കിടക്കുന്ന അലിവിന്റെ കടല്‍. അമ്മ അര്‍ഥം (ധനം) ആണ്. തെരിവു തെണ്ടുന്ന അമ്മയുടെ എളിയില്‍ അവളെ ചേര്‍ത്തുപിടിച്ചിരിക്കുന്ന കുരുന്നിന്റെപോലും കരവലയത്തിലുള്ള ധനം! അവളെ അക്ഷരങ്ങള്‍കൊണ്ടോ അലങ്കാരങ്ങള്‍ കൊണ്ടോ ആവിഷ്‌ക്കരിക്കുക അസാധ്യം. അമ്മയെക്കുറിച്ചുള്ള സദ് വിചാരങ്ങള്‍ കുടുംബങ്ങളില്‍ തീര്‍ച്ചയായും ഉണ്ടാകണം. അമ്മ അമൂല്യയാണ്. അവളിലൂടെയാണ് മനുഷ്യനെന്ന അസ്തിത്വം മണ്ണിലേക്കു വന്നത്. മാതാവില്ലെങ്കില്‍ മക്കളില്ല. അവളുമായുള്ള പൊക്കിള്‍ക്കൊടിബന്ധമാണ് ഭൂമിയില്‍ ഏതൊരു മനുഷ്യജന്മത്തിന്റെയും ഏറ്റവും ബലിഷ്ഠമായ ബന്ധം.

മാതാവ്മണ്‍വിളക്കാണ്. വീടിന്റെ വെട്ടമാണ്. കൂടെയുള്ളവരുടെ സ്‌നേഹവാത്സല്യങ്ങളാണ് അവളുടെ തിരിവെട്ടത്തിനു തെളിച്ചമേകേണ്ടത്. അതു കെട്ടുപോകുമ്പൊഴേ വെളിച്ചത്തിന്റെ വിലയും, അന്ധകാരത്തിന്റെ അസ്വസ്ഥതയും കുടുംബം അറിഞ്ഞു തുടങ്ങൂ. അവള്‍ സര്‍വ്വംസഹയാണ്. നൊമ്പരങ്ങള്‍ പലതും നെഞ്ചിനുള്ളിലൊതുക്കി പുഞ്ചിരിക്കുന്നവള്‍. അവളെപ്പറ്റി കുടുംബാംഗങ്ങള്‍ക്ക് ചിന്തയുണ്ടാകണം. അവളുടെ ആവശ്യങ്ങള്‍ അവള്‍ പറയാതെതന്നെ അറിയാന്‍ അവര്‍ക്കു കഴിയണം. അമ്മ അനുഗ്രഹമാണ്. അവള്‍ക്കുവേണ്ടി അനുദിനം പ്രാര്‍ത്ഥിക്കണം. അതേസമയം, അമ്മയെന്ന 'കരുതുംതൊട്ടിലി'നെ 'കുരുതിത്തൊട്ടില്‍' ആക്കി മാറ്റുന്ന, നൊന്തുപ്രസവിച്ച കുഞ്ഞിനെ കടത്തിണ്ണയിലും കുപ്പത്തൊട്ടിയിലുമൊക്കെ കളഞ്ഞിട്ടുപോകുന്നവര്‍ മഹത്തായ അമ്മസങ്കല്പങ്ങള്‍ക്ക് അപവാദവും അപഹാസവുമാണെന്ന ഭാരപ്പെടുത്തുന്ന ചിന്തയും കൂടെ കുറിക്കട്ടെ. പെറ്റു പോറ്റിയവരും, പങ്കാളിയുമൊക്കെ ജീവിച്ചിരിക്കുമ്പോള്‍ ഒരമ്മയും ഒരിടത്തും ഒറ്റപ്പെടരുത്. മാതൃമിഴികള്‍ നനയ്ക്കരുത്. മാതൃമൊഴികള്‍ മറക്കരുത്. അവളുടെ കണ്ണീരു വീണു കുതിരുന്ന കുടുംബം പാര്‍ത്തലത്തിലെ ഏറ്റം ശപിക്കപ്പെട്ട ഇടങ്ങളില്‍ ഒന്നായിരിക്കും. അമ്മയെ അനുസ്മരിക്കുക, അവളോടു പറ്റിച്ചേര്‍ന്നു നില്ക്കുക. അതിനു ഭാഗ്യമില്ലാത്തവര്‍ അനേകരുണ്ട്. ഓര്‍ക്കണം, അമ്മ അവഗണിക്കപ്പെടുന്ന കുടുംബത്തില്‍നിന്ന് അനര്‍ത്ഥങ്ങള്‍ അകന്നുപോകില്ല. ലോകമാതൃദിനത്തില്‍ അമ്മയോര്‍മ്മകള്‍ക്ക് മാതൃനഷ്ടത്തിന്റെ മൗനനൊമ്പരം ഇന്നും മനസ്സില്‍ പേറുന്ന ഈ തൂലികത്തുമ്പിന്റെ ഒരുമ്മ.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍