വെനിസ്വേലായുടെ പരമാധികാരം മാനിക്കപ്പെടണം - ലിയോ മാര്‍പാപ്പ

വെനിസ്വേലായുടെ പരമാധികാരം മാനിക്കപ്പെടണം - ലിയോ മാര്‍പാപ്പ
Published on

അമേരിക്കന്‍ സൈനിക നടപടിയെ തുടര്‍ന്ന് വെനിസ്വേലാ യിലുണ്ടായിരിക്കുന്ന സാഹചര്യ ത്തില്‍ കടുത്ത ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പ, വെനിസ്വേലായുടെ ദേശീയ പരമാധികാരം പൂര്‍ണ്ണമായി മാനിക്കപ്പെടണമെന്നു വ്യക്തമാക്കി. മറ്റ് ഏതൊരു പരിഗണനകള്‍ക്കുമതീതമായി പ്രിയപ്പെട്ട വെനിസ്വേലന്‍ ജനതയുടെ നന്മ സംരക്ഷിക്കപ്പെടണം.

രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കിക്കൊണ്ട്, നീതിയുടെയും സമാധാന ത്തിന്റെയും മാര്‍ഗങ്ങളിലൂടെ അക്രമത്തെ മറികടക്കുകയാണ് ആവശ്യം - പാപ്പാ വിശദീകരിച്ചു. വെനിസ്വേലായുടെ പ്രസിഡന്റ് നിക്കോളാസ് മാഡുറോയെയും അദ്ദേഹത്തിന്റെ ഭാര്യയായ സീലിയ ഫ്‌ളോറസിനെയും അമേരിക്ക പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍, സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ഥനയ്‌ക്കൊടുവില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

വെനിസ്വേലായുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും മാനിക്കപ്പെടുകയും ക്രമസമാധാനം പാലിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും മാര്‍പാപ്പ വിശദീകരിച്ചു. സഹകരണത്തിന്റെയും സുസ്ഥിരതയുടെയും അഭിപ്രായ സമന്വയത്തിന്റെയുമായ ഒരു ശാന്തമായ ഭാവിക്കായി എല്ലാവരും യത്‌നിക്കണം. പരമദരിദ്രര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കിക്കൊണ്ടാകണം ഈ പരിശ്രമങ്ങള്‍ നടത്തേണ്ടത് - പാപ്പാ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട വെനിസ്വേലാ ക്കാരായ ഹോസെ ഗ്രിഗോറിയോ ഹെര്‍ണാണ്ടസിന്റെയും സിസ്റ്റര്‍ കാര്‍മെന്‍ റെന്‍ഡൈല്‍സിന്റെയും മാധ്യസ്ഥസഹായം വെനിസ്വേലാ ക്കായി പ്രാര്‍ഥിച്ച മാര്‍പാപ്പ, വെനിസ്വേലാക്കായി പ്രാര്‍ഥനയില്‍ ഐക്യപ്പെടാന്‍ ലോകമെങ്ങുമുള്ള കത്തോലിക്കരെ ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org