Coverstory

'കാലം പറക്ക്ണ്'

Sathyadeepam

നാടകസമിതി: കോഴിക്കോട് സങ്കീര്‍ത്തന

രചന: പ്രദീപ്കുമാര്‍ കാവുന്തറ

സംവിധാനം: രാജീവന്‍ മമ്മിളി

അരങ്ങൊഴിയുമ്പോള്‍, 'കാലം പറക്ക്ണ്' എന്ന നാടകം ഒരു പിടി ചോദ്യങ്ങള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് എറിഞ്ഞിടും. കേവലം ഒരു കലാസൃഷ്ടിയായി ഒതുങ്ങാതെ, നമ്മുടെ ആധുനിക ജീവിതത്തിലേക്ക് തുറന്നുവെച്ച ഒരു കണ്ണാടിയായി ഈ നാടകം മാറുന്നു. തലമുറകള്‍ തമ്മിലുള്ള വിടവും, തിരക്കിട്ട ജീവിതം സൃഷ്ടിക്കുന്ന താളപ്പിഴകളും ഈ നാടകം അതിസൂക്ഷ്മമായി വരച്ചിടുന്നു. ക്ഷണികമായ 'വൈബുകളില്‍' മാത്രം ശ്രദ്ധിക്കുന്ന പുതുതലമുറ, സത്യസന്ധമായ മാനുഷികബന്ധങ്ങളില്‍ നിന്ന് എത്രമാത്രം അകന്നുപോയിരിക്കുന്നു എന്നതിന്റെ ഹൃദയഭേദകമായ ഒരു ചിത്രം കൂടിയാണ് ഈ നാടകം.

നാടകത്തിന്റെ കഥാതന്തു ജാനകി എന്ന കൊച്ചു മിടുക്കിയിലൂടെയാണ് വികസിക്കുന്നത്. ജോലിയുടെ തിരക്കില്‍ മുഴുകിയ, സ്‌നേഹം നല്‍കാന്‍ സമയം കിട്ടാത്ത മാതാപിതാക്കള്‍, അതിനു പകരമായി ഭൗതിക സൗകര്യങ്ങള്‍ വാരിക്കോരി നല്‍കി അവളെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റിലും 'ഏറ്റവും മികച്ചത്' നല്‍കാനുള്ള ആവേശം, ഒരു സാധാരണ കുട്ടിക്കാലം അവളില്‍ നിന്ന് കവര്‍ന്നെടുക്കുന്നു. എന്നാല്‍, തങ്ങളുടെ കുട്ടി എന്താണ് യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത് എന്നതിനെക്കുറിച്ച് അവര്‍ തീര്‍ത്തും അജ്ഞരാണ്. ഫോണിന്റെ തടവറയില്‍ സാഹചര്യങ്ങളാല്‍ ഒതുങ്ങികൂടേണ്ടി വന്ന ജാനകി, മുത്തശ്ശീമുത്തശ്ശന്മാരുടെയും പ്രിയപ്പെട്ടവരുടെയും സ്‌നേഹത്തില്‍ നിന്ന് അകറ്റപ്പെട്ടിരിക്കുകയാണ്. ഒരു തലമുറയുടെ പ്രതിസന്ധി, ഈ നാടകത്തില്‍ ഒരു നോവായി അവതരിക്കുമ്പോള്‍, അതിന് പിന്നില്‍ ടെക്‌നോളജിയുടെ അമിത ഉപയോഗം ഉണ്ടാക്കുന്ന 'ഡിജിറ്റല്‍ ഓട്ടിസം' പോലെയുള്ള ഭീകരമായ അവസ്ഥകള്‍ ഉണ്ടെന്ന് നാടകം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

ഈ ബന്ധങ്ങളുടെ ഇടര്‍ച്ചകള്‍ക്കിടയില്‍ ആശ്വാസത്തിന്റെ ഒരു കൈത്താങ്ങായി മാറുന്നത് എബി മാഷ് എന്ന കഥാപാത്രമാണ്. ജാനകിയുടെ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ കഴിയാത്ത സ്‌നേഹവും, പരിഗണനയും അയാള്‍ അവള്‍ക്ക് നല്‍കുന്നു. തിരക്കിട്ട ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് സമയം കണ്ടെത്താന്‍ കഴിയാത്ത ഒരു സമൂഹത്തെയും, പണത്തിനു വേണ്ടിയുള്ള ഓട്ടത്തില്‍ എവിടെയും എത്താതെ പോകുന്ന മനുഷ്യരെയും നാടകം ചോദ്യം ചെയ്യുന്നു. ജീവിതത്തിന്റെ അവസാന നിമിഷം വരെയും താന്‍ സ്വപ്നം കണ്ട സന്തോഷം എന്താണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന ഒരുപാട് ജീവിതങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്.

കൂടാതെ, കുട്ടികളെ ഒരു ബാധ്യതയായി കാണുന്ന മാനസികാവസ്ഥ, അത് അവരുടെ വളര്‍ച്ചയെ എങ്ങനെ ബാധിക്കുന്നു, ഒരു തലമുറയുടെ മുറിപ്പാടുകള്‍ എങ്ങനെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നൊക്കെയുള്ള അതിഗൗരവമായ വിഷയങ്ങളും നാടകം ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വന്തം സ്വപ്നങ്ങളും കുട്ടികളുടെ സ്വപ്നങ്ങളും തമ്മില്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളും, അതില്‍ ആരുടെ സന്തോഷത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നുള്ള ചോദ്യവും നാടകം ഉയര്‍ത്തുന്നു.

നാടകം ഒരേ സമയം അനേകം വിഷയങ്ങളിലേക്ക് കടന്നുചെല്ലാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ സംഭാഷണങ്ങള്‍ നാടകീയത വിട്ട് പ്രഭാഷണങ്ങളായി മാറുന്നുണ്ടോ എന്ന് സംശയിച്ചു പോകാം.

ഈ ഒരു പോരായ്മയെ അതിജീവിക്കാന്‍ കഴിയുന്നത് അഭിനേതാക്കളുടെ പ്രകടനത്തിലൂടെയാണ്. ജാനകിയുടെ അമ്മാവന്മാരെ അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രകടനം എടുത്തുപറയേണ്ട താണ്. നാടകത്തിന്റെ ഭാരം കുറയ്ക്കാന്‍ നൃത്തരംഗങ്ങളും സഹായിക്കുന്നുണ്ട്. കൊച്ചുമിടുക്കിയുടെ നിഷ്‌കളങ്കമായ പ്രകടനവും നാടകത്തിന് ഒരു മധുരം പോലെ അനുഭവപ്പെട്ടു. സാങ്കേതികമായി, ദീപവിധാനവും, സംഗീതവും ശരാശരി നിലവാരം പുലര്‍ത്തുമ്പോള്‍, പശ്ചാത്തല ദൃശ്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. നമ്മുടെ ജീവിതത്തെയും, ബന്ധങ്ങളെയും, കാലഘട്ടം നമ്മില്‍ വരുത്തിയ മാറ്റങ്ങളെയും കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ നാടകം നമ്മളെ പ്രേരിപ്പിക്കുന്നു.

  • ഫോണ്‍ : 94479 11701

ഈശോയെ ദൈവമായി ആരാധിക്കാൻ

സ്വാഗത സംഘം രൂപീകരിച്ചു

വാർഷിക സമ്മേളനം

നിറം

ലക്ഷ്മണരേഖ