Coverstory

കേരള ക്രൈസ്തവ സഭ: ഭാരത മിഷന്‍റെ മാര്‍ഗ്ഗദര്‍ശി

Sathyadeepam

ഡോ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ സി.എം.ഐ.

ആമുഖം:
ജറുസലത്ത് മുളച്ച സഭാതരുവിന്‍റെ ശാഖകള്‍ അതിവേഗം മറ്റു സ്ഥലങ്ങളിലേക്ക് വളര്‍ന്നു. ജറുസലമിന് അടുത്ത വലിയ സാംസ്കാരിക കേന്ദ്രമാണ് അന്ത്യോഖ്യ. മാനസാന്തരപ്പെട്ട് കര്‍ത്താവിന്‍റെ ശിഷ്യനായി, വലിയ ആത്മീയ പ്രകാശത്തോടെ കടന്നുവന്ന വി. പൗലോസ് അന്ത്യോഖ്യയില്‍ സഭയ്ക്ക് അടിസ്ഥാനമിട്ടു. അന്ത്യോഖ്യ അപ്പസ്തോല നടപടിയില്‍ നിറഞ്ഞുനില്‍ക്കുന്ന സഭയാണ്. അന്ത്യോഖ്യ പിന്നീട് വലിയ ക്രിസ്തീയ കേന്ദ്രമായി മാറി. അന്ത്യോഖ്യയിലാണ് ക്രിസ്തുവിന്‍റെ അനുയായികള്‍ "ക്രിസ്ത്യാനികള്‍" എന്നു വിളിക്കപ്പെടുവാന്‍ തുടങ്ങിയത്.

റോമാ സാമ്രാജ്യത്തിന്‍റെ കേന്ദ്രമായ റോമാ, ഈജിപ്തിലെ അലക്സാണ്ഡ്രിയ, നാലാം നൂറ്റാണ്ടോടുകൂടി പൗരസ്ത്യ റോമാസംസ്കാരത്തിന്‍റെ കേന്ദ്രമായ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എന്നിവിടങ്ങളിലേക്കും മറ്റനേകം സ്ഥലങ്ങളിലേക്കും സഭ വളര്‍ന്നു. റോമന്‍ സഭയ്ക്ക് വളരെ പീഢനങ്ങള്‍ ഏല് ക്കേണ്ടിവന്നു. ആദ്യ നൂറ്റാണ്ടുകളിലേ റോമാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരെല്ലാം ക്രിസ്തുവിന്‍റെ സഭയുടെ ശത്രുക്കളായിരുന്നു. നാലാം നൂറ്റാണ്ടില്‍ ക്രിസ്തുവിന്‍റെ സഭയുടെ ഭരണസംവിധാനം 5 സഭാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു. സഭാ ചരിത്രത്തില്‍ ഈ ഭരണകൂടം ഒരു pentarchy ആയി രൂപപ്പെടുന്നു. ജറുസലമിന് ബഹുമാന സൂചകമായി "മാതൃസഭ" എന്ന സ്ഥാനം, പാശ്ചാത്യ റോമാസംസ്കാരത്തിന്‍റെ കേന്ദ്രമായ റോമിന് രണ്ടാം സ്ഥാനം. കോണ്‍സ്റ്റാന്‍റിനോപ്പിള്‍, അന്ത്യോഖ്യ, അലക്സാണ്ഡ്രിയ സഭകള്‍ക്ക് 3, 4, 5 സ്ഥാനങ്ങള്‍. എ.ഡി. 325-ല്‍ നിഖ്യാ സൂനഹദോസില്‍ വെച്ചാണ് ഇപ്രകാരം ഒരു ഭരണസമിതി രൂപം കൊണ്ടത്. വലിയ സഭാകേന്ദ്രങ്ങളിലെ ബിഷപ്പുമാര്‍ പേട്രീയാര്‍ക്ക് എന്നറിയപ്പെടാന്‍ തുടങ്ങി. ചുറ്റുപാടുള്ള ബിഷപ്പുമാര്‍ ഒരു പേട്രീയാര്‍ക്കിന്‍റെ കീഴിലായി.

ക്രിസ്തുവിലുള്ള വിശ്വാസം വ്യത്യസ്ത സ്ഥലസാഹചര്യങ്ങളില്‍ ജീവിക്കുവാനും ആചരിക്കുവാനും തുടങ്ങിയപ്പോള്‍ വ്യത്യസ്ത ദൈവശാസ്ത്രവും ആരാധനാ രീതികളും ആത്മീയതയും ഉടലെടുത്തു. ഇങ്ങനെയാണ് റീത്തുകള്‍ ഉത്ഭവിച്ചത്. വിശ്വാസം ജീവിക്കുന്നതും ആചരിക്കുന്നതുമാണ് റീത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. റോമന്‍ റീത്ത്, അന്ത്യോഖ്യന്‍ റീത്ത്, അലക്സാണ്ഡ്രിയന്‍ റീത്ത് എന്നിവ ആദിമ റീത്തുകളാണ്.

വത്തിക്കാന്‍ കൗണ്‍സില്‍ മിഷന്‍ സമീപനം: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവ് നല്‍കി. സഭയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ പക്കലേക്ക് എത്തിക്കണമെന്നുള്ള ആശയത്തിന് കൂടുതല്‍ പ്രാധാന്യം നല്കി. ജോണ്‍ 23-ാം മാര്‍പാപ്പ സഭയില്‍ അധുനാധുനീകരണത്തിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി. ക്രൈസ്തവ സമൂഹം എന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണമെന്ന് ഉറക്കെ പ്രസ്താവിച്ചു.

16-ാം നൂറ്റാണ്ടിലേ TRENT കൗണ്‍സിലിനുശേഷം റോമന്‍ സഭ മിഷന്‍ പ്രവര്‍ത്തനം നടത്തിയിരുന്ന സ്ഥലങ്ങളിലെല്ലാം ഒരേ രീതിയിലുള്ള ആരാധന, ഒരേ ഭാഷ, ഒരേ ആദ്ധ്യാത്മികത ഇവയ്ക്ക് മുന്‍ തൂക്കം കൊടുത്തു. "ഐകരൂപ്യം" അതായിരുന്നു സഭയുടെ ലക്ഷ്യം. എല്ലാം റോമിന്‍റെ രീതിയോട് സംയോജിപ്പിക്കുക. അതേസമയം സഭ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെല്ലാം വ്യത്യസ്ത ഭാഷയും ആചാരരീതികളും നിലവില്‍ ഉണ്ടായിരുന്നു. വത്തിക്കാന്‍ കൗണ്‍സില്‍ ഇതിനൊരു വിരാമമിട്ടു. ബൈബിള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുക, സഭയുടെ ആരാധന സ്ഥലത്തെ ഭാഷയിലാക്കുക, സാംസ്കാരികാനുരൂപണങ്ങള്‍ സാധിക്കാവുന്നിടത്തോളം ആരാധനയില്‍ കൊണ്ടുവരിക തുടങ്ങിയവയെല്ലാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്തതാണ്. പുത്തന്‍ ആഭിമുഖ്യങ്ങള്‍ ലത്തീന്‍ സഭയെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടല്ല. എല്ലാ സഭകളെയും ഒരു പോലെ ബാധിക്കുന്നവയാണ്. ആധുനിക കാലഘട്ടത്തില്‍ മിഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമായി വിഭാവനം ചെയ്തുകൊണ്ട് ആരംഭം കൊടുത്തവയാണ്.

പുതിയ ശൈലികള്‍ സ്വീകരിക്കണം: ഭാരതത്തില്‍ ക്രൈസ്തവ മിഷന്‍ പുതിയ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. മതവിശ്വാസികളാണ് ഭാരതീയ ജനത. സജീവമാണ് ഇവിടുത്തെ വിശ്വാസവും ആചാരങ്ങളും. അതുകൊണ്ട് ക്രൈസ്തവ സഭ അനുവര്‍ത്തിച്ചുപോന്നിട്ടുള്ള പഴയ രീതികള്‍ അപ്രായോഗികമാണ്. മതംമാറ്റത്തേക്കാള്‍ കൂടുതലായി മനസ്സിലാണ് മാറ്റം സംഭവിക്കേണ്ടത്. സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരാണ് ഭാരതീയ ജനത. സമ്പന്നമായ ഒരു ദര്‍ശനവും ആദ്ധ്യാത്മികതയും ഭാരതത്തിന്‍റെ പൈതൃകമാണ്. ഭൗതികതയ്ക്ക് അപ്പുറം ഈ ലോകത്തിന്‍റെ കെട്ടുപാടുകളില്‍ നിന്നെല്ലാം വിമുക്തരായി ഒരു ആത്മീയതലത്തിലേക്ക് മനുഷ്യന്‍ ഉയരണമെന്ന് ഭാരതത്തിന്‍റെ പൈതൃകമായ വേദങ്ങളും ഉപനിഷത്തുകളും ഉപദേശിക്കുന്നുണ്ട്. സനാതനമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ ഗ്രന്ഥങ്ങളെ മതത്തിന്‍റെ ഇടുങ്ങിയ മനഃസ്ഥിതിയില്‍ മാത്രം കാണുന്നത് ശരിയല്ല. ഭാരതജനതയുടെ മുഴുവന്‍ പൊതുസമ്പത്താണ് പൈതൃകമായ വേദങ്ങളും ഉപനിഷത്തുകളും എന്ന് മനസ്സിലാക്കുമ്പോള്‍ "സര്‍വ്വധര്‍മ്മസമഭാവന" എന്ന വലിയ ആശയത്തിലേക്ക് ഭാരതജനത ഉയരും.

വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ഏഷ്യയിലെ സഭകള്‍ക്ക് ഏഷ്യന്‍ ബിഷപ്സ് സമിതി ഒരു പുത്തന്‍ സന്ദേശം കൈമാറുകയുണ്ടായി. ഭാരതത്തിലെ ക്രൈസ്തവസഭകളും ഈ സന്ദേശം സ്വീകരിച്ച് കൂടുതല്‍ ശക്തിയോടുകൂടി മുമ്പോട്ടു വരേണ്ടതാണ്. ഒന്ന്: ഭാരതത്തിന്‍റെ സംസ്കാര പൈതൃകമായി ക്രൈസ്തവ സഭ സംവാദത്തില്‍ ഏര്‍പ്പെടണം. ഭാരതത്തിന്‍റെ സംസ്കാര പൈതൃകം ഭാരത ജനതയുടെ പൊതുസമ്പത്താണ്. ക്രൈസ്തവ സഭ പൈതൃകം സാംശീകരിക്കണം. രണ്ട്: ഏഷ്യയിലെ (ഭാരതത്തിലെ) മതങ്ങളുമായി ക്രൈസ്തവ സഭ നിരന്തരസംഭാഷണത്തില്‍ ഏര്‍പ്പെടണം. അതിനുള്ള വേദികള്‍ തുടങ്ങണം. പരസ്പരം അറിയുവാനും തെറ്റിധാരണകള്‍ തിരുത്തുവാനും, സഹിഷുണത പുലര്‍ത്തുവാനും അതുകൊണ്ട് സാധിക്കണം. മൂന്ന്: ഭാരതത്തിലെ ദരിദ്രരുമായി സഭയ്ക്ക് പ്രതിബദ്ധത ഉണ്ടാകണം. സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് മുന്‍തൂക്കം നല്‍കണം. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെയും സംതൃപ്തി പ്രധാന ലക്ഷ്യമായി കരുതിക്കൊണ്ട് സഭ അവളുടെ മിഷന്‍ പ്രാവര്‍ത്തികമാക്കണം. മദര്‍ തെരേസ ലോകത്തിന് നല്‍കിയ സന്ദേശം മറ്റൊന്നല്ല.

കേരള സഭ – ഭാരതമിഷന്‍റെ മാര്‍ഗ്ഗദര്‍ശി: ആദ്യ നൂറ്റാണ്ടില്‍ മാര്‍തോമ ശ്ലീഹായില്‍ നിന്ന് വിശ്വാസവെളിച്ചം സ്വീകരിച്ച് ക്രിസ്തുവിന്‍റെ അനുയായികളായിത്തീര്‍ന്നവരാണ് കേരള ക്രൈസ്തവര്‍. ആദ്യ നൂറ്റാണ്ടിലെ മാര്‍തോമ ക്രിസ്ത്യാനികള്‍ കാലത്തിന്‍റെ മാറ്റത്തില്‍ ഇന്ന് വ്യത്യസ്തമായ 8 സഭകളില്‍ അംഗങ്ങളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള സഭ സീറോ-മലബാര്‍ സഭയാണ്. ആദ്യ നൂറ്റാണ്ടില്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ഏതു പ്രദേശങ്ങളില്‍ വിശ്വാസം നല്‍കിയോ, ആ പ്രദേശത്തിന്‍റെ ഭാഷയില്‍ അവിടുത്തെ സംസ്കാരത്തില്‍ "അപ്പം മുറിക്കല്‍" ശുശ്രൂഷ നടത്തിയെന്നാണ് പാരമ്പര്യം. അതിന്‍റെ വെളിച്ചത്തില്‍ ഭാരതീയ പാരമ്പര്യത്തിലുള്ള ഒരു ദൈവാരാധനയാണ് വിശുദ്ധ തോമസ് ഇവിടുത്തെ വിശ്വാസികളെ പഠിപ്പിച്ചത്. കാലത്തിന്‍റെ പ്രയാണത്തില്‍ ഈ ദൈവാരാധന മറ്റ് ആരാധന സ്വാധീനത്തിന് വഴിപ്പെട്ടു. അതിന്‍റെ ആദിമരൂപം നഷ്ടപ്പെട്ടു.

കേരള സഭ പ്രത്യേകിച്ച് സീറോ-മലബാര്‍ സഭാ ധാരാളം വൈദികരും സമര്‍പ്പിതരുമുള്ള സഭയാണ്. ധാരാളം പേര്‍ വൈദികരായും, സമര്‍പ്പിതരായും കേരളത്തിനു പുറത്ത് മിഷനുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും രോഗീ ശുശ്രൂഷയിലും, സാമൂഹിക പ്രവര്‍ത്തനത്തിലുമാണ് അധികം പേരും ശുശ്രൂഷ നടത്തുന്നത്. ഭാരതത്തിലെ ക്രൈസ്തവ സഭ ഭാരതീയ സംസ്കാരത്തോടും പാരമ്പര്യങ്ങളോടും അനുരൂപപ്പെട്ടിട്ടില്ല എന്നത് വാസ്തവമാണ്. ഭാരതത്തില്‍ ഇന്നും ക്രൈസ്തവ സഭ ഒരു വൈദേശിക സഭയായിട്ടാണ് അറിയപ്പെടുന്നത്. ഭാരതത്തിന്‍റെ സംസ്കാരത്തില്‍ വളര്‍ന്നുവരുന്ന ഒരു സമൂഹമായിട്ട് അറിയപ്പെടുന്നില്ല. വത്തിക്കാന്‍ കൗണ്‍സിലിനുശേഷം പ്രാദേശിക ഭാഷയില്‍ ആരാധന നടത്തുവാന്‍ സാധിച്ചുവെങ്കിലും, ആരാധനയിലെ പ്രതീകങ്ങളിലും അടയാളങ്ങളിലും മാറ്റം വരുത്തിയിട്ടില്ല.

വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ദൈവശാസ്ത്ര കാഴ്ചപ്പാടില്‍ കുറച്ച് വ്യത്യാസങ്ങള്‍ സംഭവിച്ചുവെങ്കിലും ആരാധനാരീതിയില്‍ കാര്യമായ അനുരൂപണങ്ങളൊന്നും ഉണ്ടായിട്ടില്ല. ചുരുക്കം ചില പരിശ്രമങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം അന്നത്തെ മെത്രാന്‍ സമിതിയുടെ പിന്‍ബലമില്ലാത്തതുകൊണ്ട് വേണ്ടവിധത്തില്‍ ഫലം ചൂടിയില്ല. ഇപ്പോഴുള്ള ആരാധന ക്രമം നഷ്ടപ്പെടുത്താതെ, ഭാരതത്തിന്‍റെ പശ്ചാത്തലത്തിലുള്ള പുതിയ പൂജാപ്രാര്‍ത്ഥനകള്‍ ചേര്‍ത്ത്, ലിറ്റര്‍ജി രൂപപ്പെടുത്തുവാന്‍ പരിശ്രമം നടന്നിട്ടുണ്ട്. സീറോ-മലബാര്‍ സഭയുടെ നേതൃസ്ഥാനത്ത് എന്നും ഉണ്ടായിരുന്ന കാര്‍ഡിനല്‍ പറേക്കാട്ടില്‍ ഈ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ പിതാവാണ്. അതുപോലെ ലത്തീന്‍ സഭയില്‍, N.B.C.L.C.-യുടെ സ്ഥാപക പിതാവായ ഡോ. അമലോത്ഭവദാസ് സാംസ്കാരികാനുരൂപണത്തില്‍ വളരെ ഉള്‍ക്കാഴ്ചകള്‍ നല്കിയിട്ടുള്ള ദൈവശാസ്ത്രജ്ഞനാണ്. രണ്ടുപേരുടെയും ദൈവശാസ്ത്ര-ആരാധന ഉള്‍ക്കാഴ്ചകള്‍ സ്വീകരിക്കുവാന്‍ ഭാരതസഭയുടെ നേതൃത്വം തയ്യാറായില്ല. ആരംഭത്തില്‍ അതെല്ലാം വലിയ പ്രതീക്ഷ ഉളവാക്കിയെങ്കിലും, നീണ്ടു നില്‍ക്കുന്ന ഫലം പുറപ്പെടുവിച്ചില്ല.

കേരളത്തിലെ സീറോ-മലബാര്‍ സഭ ഇന്നും പൗര്യസ്ത്യപാരമ്പര്യത്തിന്‍റെ മാറാപ്പുകെട്ടില്‍ കുരുങ്ങികിടക്കുകയാണ്. പൗരസ്ത്യ പാരമ്പര്യം ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ അനുരൂപപ്പെടുത്തിയെടുക്കണം. ശൈലിമാറുമ്പോഴാണ് നമ്മുടെ ആരാധനയും, ദൈവശാസ്ത്രവും സഭയ്ക്കകത്തും മറ്റു മതസ്ഥര്‍ക്കും ആകര്‍ഷകമായിത്തീരുക. ബഹുസ്വരതയാണ് ഭാരതത്തിന്‍റെ പൈതൃകം. വ്യത്യസ്ത ഭാഷയും, സംസ്കാരവും മതവും മുന്‍നിര്‍ത്തിക്കൊണ്ട് ഭാരതത്തിന്‍റെ പൈതൃകത്തില്‍ സുവിശേഷമൂല്യങ്ങള്‍ നല്‍കുവാനും ക്രൈസ്തവാരാധനക്രമം അനുരൂപപ്പെടുത്തുവാനും കഴിയണം. സീറോ മലബാര്‍ സഭയ്ക്ക് ഇന്ന് ഭാരതം മുഴുവനിലും പ്രേഷിതവേല വ്യാപിപ്പിക്കുവാനുള്ള അവസരം സംജാതമായിരിക്കുകയാണ്. ഭാരതത്തിന്‍റെ മതാത്മക പശ്ചാത്തലം മനസ്സിലാക്കിക്കൊണ്ട് ക്രിസ്തുവിന്‍റെ സുവിശേഷം ഭാരതത്തിലെ ജനങ്ങള്‍ക്ക് എത്തിക്കുവാന്‍ കഴിയണം. അപ്പോഴാണ് ഭാരതത്തിലെ ആദിമ ക്രൈസ്തവ സഭ-മാര്‍ത്തോമ ക്രിസ്ത്യാനികള്‍-അവരുടെ ദൗത്യം അതിന്‍റെ പൂര്‍ണതയില്‍ നിറവേറ്റുക.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം