ഒരു കുഞ്ഞ്, മാതാവിന്റെ ഉദരത്തില്‍ രൂപംകൊണ്ട് ആറാം മാസം മുതല്‍ ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ തക്കവിധം ഹൃദയം പ്രവര്‍ത്തന സജ്ജമാകും. ''തന്റെ മാതാവായ മറിയവും പിതാവായ യൗസേപ്പും പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നും യൂദയായിലെ ദാവീദിന്റെ പട്ടണമായ ബെത്‌ലെഹമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി'' (ലൂക്കാ 2:3-5). ബെത്‌ലഹെമിലെ സത്രങ്ങളില്‍ ഒന്നില്‍ പോലും രാത്രി താമസിക്കാന്‍ ഇടംകിട്ടാഞ്ഞതുകൊണ്ട്; കന്നു കാലികളെ രാത്രി കാലങ്ങളില്‍ സൂക്ഷിക്കുന്ന കാലിതൊഴുത്തിലാണ് അവര്‍ക്ക് അഭയം ലഭിച്ചത്. ''കാരണം സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല'' (ലൂക്കാ 2:7). സത്രങ്ങളില്‍ അഭയം ലഭിക്കാതെ അങ്ങുമിങ്ങും അസമയത്ത് അലഞ്ഞുതിരിഞ്ഞ ഗര്‍ഭിണിയായ തന്റെ പ്രിയ മാതാവും പ്രിയ പിതാവും അനുഭവിച്ച മാനസിക സംഘര്‍ഷം കുഞ്ഞായ യേശുവും അനുഭവിച്ചു കാണും. എന്നാല്‍ ലോകത്ത് ഏറ്റവും സുരക്ഷിതമായ ആലയം മാതാവിന്റെ ഉദരമാണെന്നുള്ളത് കുരുന്നായ ഈശോയ്ക്ക് യാതൊരു സംഘര്‍ഷത്തിനും ഇടവരുത്തിയില്ല. ''എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ, കുരികില്‍ പക്ഷി ഒരു സങ്കേതവും മീവല്‍പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലൊ'' (സങ്കീ. 84:3). ജനതകളുടെ മാതാവായ മറിയത്തിന്റെ ഉദരം സുരക്ഷിതമായ സങ്കേതമാണെന്ന് യേശു അന്നേ മനസ്സിലാക്കിയിരുന്നു (സങ്കീ. 87) - ''സംഘര്‍ഷപൂരിത ഹൃദയം.''
യേശുവിനു പന്ത്രണ്ടു വയസ്സായിരുന്നപ്പോള്‍ പെസഹാ തിരുന്നാളിന് ജെറുസലെമില്‍ തന്റെ പിതാവും മാതാവുമൊത്തു പോയി. തിരുന്നാള്‍ കഴിഞ്ഞ് മാതാവും പിതാവും മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ദേവാലയത്തില്‍ ഉപാദ്ധ്യായന്മാരുടെ ഇടയില്‍ തങ്ങി. തിരിയെ വന്ന മാതാപിതാക്കള്‍ യേശുവിനെ ദേവാലയത്തില്‍ കണ്ടുമുട്ടിയപ്പോള്‍ യേശു നല്കുന്ന മറുപടി എത്രയോ ശ്രേഷ്ഠമാണ്. ''നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിക്കുന്നത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യത്തില്‍ വ്യാപൃതനാകേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലെ?'' (ലൂക്കാ 2:49). സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടുള്ള പിതൃപുത്ര ഹൃദയ ഐക്യം (സങ്കീ. 125, 84:2). തന്റെ ദൗത്യം പിതാവായ ദൈവത്തിന്റെ രാജ്യം ഭൂമിയില്‍ സംജാതമാക്കാനാണെന്ന് സംശയലേശമെന്യേ പ്രസ്താവിക്കുകയാണ് യേശു ഇവിടെ - ''ഐക്യമുള്ള ഹൃദയം.''
പരസ്യജീവിതം ആരംഭിക്കുന്ന മുപ്പതു വയസ്സുവരെ തന്റെ പിതാവും മാതാവുമൊത്ത് ജീവിച്ച യേശു. മാതാവിന്റെ കൂടെ വീട്ടുവേലകള്‍ ചെയ്തും, പിതാവുമൊരുമിച്ച് മരപ്പണിയില്‍ ഏര്‍പ്പെട്ടും ജീവിച്ച കാലം, സ്വസ്ഥവും ശാന്തവുമായ ജീവിത കാലഘട്ടം. വയലലില്‍ ആടുമേച്ചും, കൂട്ടുകാരുമൊത്ത് ആടിയും പാടിയും തല്ലു കൂടിയും, കുട്ടീംകോലും കളിച്ചും തിമിര്‍ത്തകാലം. മനുഷ്യന്റെ സ്വച്ഛന്തസുന്ദരമായ ജീവിതം, എന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചുപൂത്തുനില്‍ക്കും. പിന്നീട് തന്റെ ദൗത്യാരംഭം വരെ ലോകത്തിന്റെ നന്മതിന്മകളും, കഷ്ടപ്പാടും ദുരിതങ്ങളും, പ്രകൃതിയുടെ ഭാവഭേദങ്ങും, സന്തോഷങ്ങളും സങ്കടങ്ങളും ലോകത്തെ തന്നെയും സാകൂതം വീക്ഷിച്ചു പഠിച്ചകാലം; ആ പളുങ്കുഹൃദയം എല്ലാം ഹൃദിസ്ഥമാക്കി. വളരെ ദുഷ്‌കരമായ തന്റെ ദൗത്യം ഏറ്റെടുക്കുന്നതിനു മുമ്പ് അരയും തലയും മുറുക്കിയുള്ള തയ്യാറെടുപ്പ്. ലൂക്കാ സുവിശേഷകന്‍ എഴുതിയിരിക്കുന്നതുപോലെ ''ശിശു വളര്‍ന്നു ജ്ഞാനം നിറഞ്ഞു ശക്തനായി. ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു'' (ലൂക്കാ 2:40). ''യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നു വന്നു'' (ലൂക്കാ 2:52). ''അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ പ്രീതിയും സല്‍കീര്‍ത്തിയും നേടും (സുഭാ. 3:4) - ''പളുങ്കു ഹൃദയം.''
മരുഭൂമിയിലെ പരീക്ഷ എന്ന ഭാഗമൊന്നു നോക്കാം. ''ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടു കൂടെ ആയിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു'' (മര്‍ക്കോ. 1:12, മത്താ. 4:1-11, ലൂക്കാ 4:1-13). ഇവിടെ യേശു നേരിട്ട മൂന്നു ഹൃദയാനുഭവങ്ങള്‍ 1) മരുഭൂമി അനുഭവം, 2) നിബിഡ വനത്തില്‍ അകപ്പെട്ട അനുഭവം, 3) ദൈവദൂതന്മാരൊത്തുള്ള ശാന്ത സുന്ദരമായ സ്വര്‍ഗ്ഗീയാനുഭവം. മരുഭൂമി അനുഭവം; വറ്റി വരണ്ട് ഒരു തുള്ളി ജലാംശം പോലും ഇല്ലാത്ത മരുഭൂമി. അത്യുഷ്ണവും മണല്‍കാറ്റും. ഹൃദയം നേരിടേണ്ടി വരുന്ന വരണ്ടു വിണ്ടു കീറിയ പ്രതീതി. ''ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു. ശില്‍പകാല ശിക്ഷണത്തിനു ശേഷം അവര്‍ക്കു വലിയ നന്മ കൈവരും ഉലയില്‍ സ്വര്‍ണ്ണമെന്ന പോലെ അവിടുന്ന് അവരെ ശോധന ചെയ്ത് ദഹനബലിക്കായി സ്വീകരിച്ചു'' (ജ്ഞാനം 3:5-6). ''എന്തെന്നാല്‍ അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടു കൂടെ നാം പീഡയനുഭവിക്കുന്നു'' (റോമാ 8:17). മറ്റൊരു മരുഭൂമി അനുഭവം: തലയോടിടം എന്ന ഗോല്‍ഗോഥായില്‍ രണ്ടു കുറ്റവളികളുടെ മദ്ധ്യേ കുരിശില്‍ കിടന്നപ്പോള്‍, ''അനന്തരം എല്ലാം നിറവേറി കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തുപൂര്‍ത്തിയാകാന്‍ വേണ്ടി യേശു പറഞ്ഞു, എനിക്കു ദാഹിക്കുന്നു'' (യോഹ. 19:28). മരുഭൂമിയിലെന്ന പോലെ ഒരിറ്റു ദാഹജലം പോലും ലഭിക്കാതെ വരണ്ട ശരീരവും ഹൃദയവും. നീണ്ട മണിക്കൂറുകള്‍ ശാരീരികവും മാനസികവുമായ പീഡകള്‍ക്കൊടുവില്‍ വരണ്ട ചുണ്ടും നാവുമായി കുരിശില്‍ നിസ്സഹായനായി - ''പിടഞ്ഞ ഹൃദയം.''
ഇരുമ്പഴിക്കുള്ളില്‍ അകപ്പെട്ടാലെന്നപോലെ വന്യമൃഗങ്ങളും മനുഷ്യരും അട്ടഹസിച്ച് ആക്രോശിച്ച് ചുറ്റും നില്‍ക്കുന്ന അനുഭവം. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല. ചുറ്റും ഹിംസ്ര ജന്തുക്കള്‍. യേശുവിന്റെ ജീവന്‍ തുടിക്കുന്ന ഹൃദയം ആകെ അസ്വസ്ഥമാണ്. ''നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റി നടക്കുന്നു'' (1 പത്രോ. 5:8) - ''ജീവന്‍ തുടിക്കുന്ന ഹൃദയം.''
ദൈവദൂതന്മാരുടെ സംരക്ഷണത്തിലും, പരിചരണത്തിലും തന്റെ പുത്രനായ യേശുവിനെ പിതാവായ ദൈവം ഏറ്റെടുക്കുന്നു (മത്താ. 4:11). കുളിര്‍മയും സൗരഭ്യവും, ശീതളഛായയും ഒരു സ്വര്‍ഗ്ഗീയ പ്രതീതി. പിതാവിന്റെ കൈകളില്‍ യേശുവിന്റെ സുരക്ഷിത ഹൃദയം. ''അവിടുന്നു നിന്നെ വേടന്റെ കെണിയില്‍ നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും. തന്റെ തൂവലുകള്‍ കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും'' (സങ്കീ. 91:3-4) - ''സുരക്ഷിത ഹൃദയം.''
യേശുവും മോശയും ഏലിയായും; പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവരുമായി ഉയര്‍ന്ന മലയിലേക്കുപോയ യേശുവിന്റെ രൂപവും ഭാവവും മാറുന്ന സമയം. രൂപാന്തരപ്പെട്ട് സൂര്യനെപ്പോലെ പ്രശോഭിക്കുന്ന ഹൃദയം. ''അവന്‍ അവരുടെ മുമ്പില്‍വച്ച് രൂപാന്തരപ്പെട്ടു. ഇവന്‍ എന്റെ പ്രിയ പുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍'' (മത്താ. 17:2-5, മര്‍ക്കോ. 9:2, ലൂക്കാ 9:28, 2 പത്രോ. 1:17-18) - ''പ്രശോഭിക്കുന്ന ഹൃദയം.''
വീഞ്ഞും കല്‍ഭരണിയും; യോഹന്നാന്‍ സുവിശേഷകന്‍ പറയുന്ന കല്‍ഭരണിയുടെ കഥ. യഹൂദരുടെ ശുചീകരണ പ്രക്രിയകള്‍ക്ക് വെള്ളം സൂക്ഷിക്കുന്ന കല്‍ഭരണി. യേശുവിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് മാനഹാനിയില്‍ നിന്നും രക്ഷപ്പെട്ട കുടുംബവും, പ്രസിദ്ധി നേടിയ കല്‍ഭരണിയും. കടുകട്ടിയായ മനസ്സോടെ കൂട്ടംതെറ്റിയലയുന്ന മനുഷ്യഭരണികള്‍ യേശു തന്റെ വചനങ്ങളാകുന്ന രുചിയേറിയ വീഞ്ഞു നിറച്ച് മറ്റുള്ളവര്‍ക്ക് ആസ്വദ്യകരമാക്കിയപോലെ മാറ്റം സംഭവിക്കുമ്പോള്‍, അന്നു കാനായില്‍ കല്ല്യാണത്തിനു കൂടിയ ജനം ആ വീഞ്ഞു കുടിച്ച് ദൈവത്തെ പുകഴ്ത്തിയ പ്രകാരം ഇവിടെയും സംഭവിക്കട്ടെ. സംഭവിക്കേണ്ടിയിരുന്ന വലിയ ഒരു ദുരന്തം യേശു നിമിഷനേരം കൊണ്ട് പരിഹരിച്ചു. ''ഭരണികളില്‍ വെള്ളം നിറക്കുവിന്‍ എന്നു യേശു അവരോടു കല്പിച്ചു'' (യോഹ. 2:7). ''ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അത്ഭുതം. അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു'' (യോഹ. 2:11). യേശുവിന്റെ മഹത്വം വെൡപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച ആദ്യത്തെ അടയാളമെന്നു യോഹന്നാന്‍ സുവിശേഷകന്‍ പറയുമ്പോള്‍ തന്നെ; പുത്രനായ ദൈവം ഒരു ശിശുവായി കന്യകാമറിയത്തിന്റെ ഉദരത്തില്‍ ഉത്ഭവിച്ചതു മുതലുള്ള സകല സംഭവങ്ങളും യേശുവിന്റെ മഹത്വത്തെ പ്രഘോഷിക്കുന്നതായിരുന്നു - ''മഹത്തരമായ ഹൃദയം.''
അപ്പവും മത്സ്യവും, മര്‍ക്കോ. 6, ലൂക്കാ 9, യോഹ. 6, മത്താ. 14 - അദ്ധ്യായങ്ങളില്‍ യേശു ജനങ്ങള്‍ക്ക് ആഹാരം നല്കുന്ന രംഗം വിവരിക്കുന്നുണ്ട്. മനുഷ്യന്‍ സംതൃപ്തനായി 'മതി' എന്നു പറയുന്നത് ആഹാരം ലഭിക്കുമ്പോള്‍ മാത്രമാണ്. അത് യേശുവിന് നന്നായി അറിയാമായിരുന്നു. യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലും ആഹാരത്തിനാണ് ഊന്നല്‍ നല്കുന്നതെന്നും ശ്രദ്ധേയമാണ്. ''അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്കണമെ'' (മത്താ. 6:9-15, ലൂക്കാ 11:2-4). മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ നാവില്‍നിന്നും പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്. മത്താ. 4:4 എന്നു പറയുമ്പോള്‍ പോലും ശരീരത്തിനു ആവശ്യമായ ഭക്ഷണം നല്കാതെ യാക്കോ. 2:15-16 മറ്റൊരു പ്രവര്‍ത്തിക്കും പോകരുതെന്നും പറയുന്നുണ്ട് - ''സംതൃപ്തമായ ഹൃദയം.''
ശിമയോനും വള്ളവും വലയും - വി. ലൂക്കായുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലും, വി. യോഹന്നാന്റെ സുവിശേഷം 21-ാം അദ്ധ്യായത്തിലും യേശു ശിഷ്യരുമൊത്തു മീന്‍പിടിക്കുന്ന ഭാഗം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. രാത്രി മുഴുവന്‍ മത്സ്യബന്ധനം നടത്തി ഒന്നും ലഭിക്കാതെ വിഷമിച്ചു വിഷണ്ണരായി നിരാശപ്പെട്ട് മടുത്തിരുന്ന ശിഷ്യരെ തക്ക സമയത്തു സഹായിക്കുന്ന യേശു (ലൂക്കാ 5:4-7, യോഹ. 21:3-6). ''സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു. ആഴത്തിലേക്കു നീക്കി മീന്‍ പിടിക്കാന്‍ വലയിറക്കുക''-''ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഹൃദയം.''
ലാസറും യേശുവും; ഉറ്റ സ്‌നേഹിതന്‍ ലാസറിന്റെ മരണവും അതോടനുബന്ധിച്ചു നടക്കുന്ന സംഭവവികാസങ്ങളും യേശു മുന്‍കൂട്ടി കണ്ടിരുന്നു. മരണം ഒരന്ത്യമല്ലെന്നും തുടര്‍ന്നു സ്വര്‍ഗ്ഗത്തിലൊരു നിത്യജീവിതമുണ്ടെന്നും സൂചന നല്കുന്ന ഭാഗം. എന്നിരുന്നാല്‍ തന്നെ മനുഷ്യസഹജമായ വേര്‍പാടിന്റെ ദുഃഖവും സങ്കടവും പേറുന്ന വിങ്ങുന്ന ഹൃദയം. ''യേശു വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ട് ശവകുടീരത്തിങ്കല്‍ വന്നു'' (യോഹ. 11:38) - ''വിങ്ങുന്ന ഹൃദയം.''
കഴുതയും കഴുതക്കുട്ടിയും - കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്തു കയറി വിനീതനായി ജറുസലത്തേക്കു എഴുന്നുള്ളുന്ന യേശുവിനെക്കുറിച്ചു സഖറിയാ പ്രവാചകന്‍ പറയുന്നു. സഖറിയ 9:9 കഴുത സമാധാനത്തിന്റെയും ശാന്തതയുടെയും പ്രതീകമാണ്. ഇസ്രായേല്‍ രാജാക്കന്മാര്‍ സമാധാനം വിളംബരം ചെയ്യാന്‍ കഴുതപുറത്താണ് എഴുന്നുള്ളുന്നത്. ന്യായാധിപന്‍ 10:4, 12:14. പച്ചപുല്ലും പരവതാനിയും മരച്ചില്ലകളും വിരിച്ച വഴിയിലൂടെ രാജകീയ പ്രവേശനം നടത്തുന്ന യേശു. യേശുവിനെ രാജാവും രക്ഷകനുമായി മത്തായി സുവശേഷകന്‍ അവതരിപ്പിക്കുന്നു. ''അപ്പോള്‍ യേശു തന്റെ രണ്ടു ശിഷ്യന്മാരെ ഇപ്രകാരം നിര്‍ദ്ദേശിച്ചയച്ചു. എതിരെ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു കഴുതയേയും അടുത്ത് അതിന്റെ കുട്ടിയേയും കെട്ടിയിരിക്കുന്നതു ഉടന്‍ നിങ്ങള്‍ കാണും'' (മത്താ. 21:1; മര്‍ക്കോ. 11:1, ലൂക്കാ 19:28, യോഹ. 17:13) - ''സമാധാന സന്ദേശമായ ഹൃദയം.''
ശിശുക്കളും യേശുവും - ''അവന്‍ തൊട്ട് അനുഗ്രഹിക്കുന്നതിനു വേണ്ടി ശിശുക്കളെ അവന്റെയടുക്കല്‍ കൊണ്ടുവന്നു. ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍, അവരെ തടയരുത്. എന്തെന്നാല്‍ ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്'' (മര്‍ക്കോ. 10:13-14). ശിശുക്കളുമൊത്തു കളിക്കുകയും, ഉല്ലസിക്കുകയും, അതീവ വാത്സല്യത്തോടെ അവരെ പഠിപ്പിക്കുകയും അവരോടൊത്തു വസിക്കുകയും ചെയ്യുന്ന യേശു - ''വാത്സല്യഹൃദയം.''
ശിഷ്യരും പാദക്ഷാളനവും - ''അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ് മേലങ്കി മാറ്റി, ഒരുതൂവാലയെടുത്ത് അരയില്‍ കെട്ടി. അനന്തരം ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയ തൂവാലകൊണ്ട് തുടക്കാനും തുടങ്ങി'' (യോഹ. 13:4-5). യേശു സ്വയം ചെറുതായി; സ്‌നേഹമെന്നത് ഒരു കൂദാശയാണെന്നും, ശുശ്രൂഷയുടെ മാര്‍ഗ്ഗമാണെന്നും പറഞ്ഞു വക്കുന്ന എളിമയുടെ സന്ദേശം നല്കുന്നു. പാദക്ഷാളനം ദൈവസ്‌നേഹത്തിന്റെ വെളിപ്പെടുത്തലാണെന്നും, ആ സ്‌നേഹം സ്വീകരിക്കുക വഴി ശിഷ്യര്‍ പിതാവിന്റെ രാജ്യത്തിന് യേശുവിനോടു കൂടി അവകാശികളാകുന്നുവെന്നും പ്രഖ്യാപിക്കുകയാണിവിടെ - ''എളിമയുടെ ഹൃദയം.''
യേശുവിന്റെ ശരീരവും രക്തവും - പരിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം ഇപ്രകാരമായിരുന്നു. 'അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്തുകൊണ്ട് അരുള്‍ചെയ്തു വാങ്ങി ഭക്ഷിക്കുവിന്‍ ഇതെന്റെ ശരീരമാണ്. നിങ്ങളെല്ലാവരും ഇതില്‍നിന്നും പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടെതുമായ എന്റെ രക്തമാണ്'' (മത്താ. 26:26-28). വി. ഫ്രാന്‍സിസ് സാലസ് പരിശുദ്ധ കുര്‍ബാനയെപ്പറ്റി പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്. ''നല്ലവര്‍ നശിച്ചുപോകാതിരിക്കുന്നതിനും, പാപികള്‍ മനസ്സു തിരിയുന്നതിനും, വൈദികവൃത്തിയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ അതില്‍ ഉത്സാഹമുള്ളവരായിരിക്കുന്നതിനും, സന്യാസികള്‍ അവരുടെ അന്തസ്സില്‍ നിലനില്‍ക്കുന്നതിനും, രോഗികള്‍ ആരോഗ്യം പ്രാപിക്കുന്നതിനും വിവാഹം കഴിച്ചിട്ടുള്ള വര്‍ക്കു അവരുടെ കടമകളെ ശരിയായി നിറവേറ്റുന്നതിനും വി. കുര്‍ബാനയുടെ സ്വീകരണം ഉത്തമമായ പോംവഴിയാണ്'' - ''പകുത്തു നല്കുന്ന ഹൃദയം.''
ചാട്ടവാറും ചമ്മട്ടിയും, മനുഷ്യഹൃദയങ്ങളെ കണ്ണീരണിയിച്ച രംഗം. പീലാത്തോസിന്റെ അരമനയുടെ അകത്തളത്തില്‍ കരിങ്കല്‍ തൂണില്‍ കൈകാലുകള്‍ ബന്ധിച്ച് വിശേഷ ബുദ്ധിയും സംസാരശേഷിയുമില്ലാത്ത മൃഗത്തെ തല്ലുന്നതു പോലെയല്ലെ ആ കഠിന ഹൃദയര്‍ ചെയ്തത്. പട്ടാളക്കാര്‍ യേശുവിനു ചുറ്റുംനിന്ന് തലങ്ങും വിലങ്ങും ചാട്ടവാറും, ചമ്മട്ടിയും ചുഴറ്റി വീശിയടിച്ചപ്പോള്‍ ചിതറി തെറിച്ചത് മാംസവും, ചീറ്റിയതു രക്തവുമായിരുന്നു. ''പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു'' (യോഹ. 19:1). യേശു അസഹനീയമായ വേദനയാല്‍ പുളഞ്ഞു - ''നുറുങ്ങിയ ഹൃദയം.''
മുള്‍ക്കിരീടവും മേലങ്കിയും - യേശുവിനെ അവര്‍ പുരോഹിത പ്രമുഖരുടെയും, ജനപ്രമാണികളുടെയും, നിയമഞ്ജരുടെയും, ന്യായാധിപസംഘം മുഴുവന്റെയും അടുത്തേക്കും അവിടെനിന്നും പീലാത്തോസിന്റെ പക്കലേക്കും പരുപരുത്ത കല്ലുനിറഞ്ഞ പാതയിലൂടെ നടത്തി കൊട്ടാരത്തിനുള്ളിലെ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. ''അവര്‍ അവനെ ചെമപ്പു വസ്ത്രം ധരിപ്പിക്കുകയും, കൂര്‍ത്തമുനയുള്ള മുള്ളുകൊണ്ടു മെനഞ്ഞെടുത്ത മുള്‍ക്കിരീടം അണിയിക്കുകയും ചെയ്തു'' (മര്‍ക്കോ. 14:15, മത്താ. 26:57, ലൂക്കാ 22:54, യോഹ. 18:13). മുള്‍ക്കിരീടം തറച്ചു കയറിയത് തലയിലേക്കല്ല, നിസ്സ ഹായനും അപഹാസ്യനുമായ യേശുവിന്റെ ഹൃദയത്തിലേക്കാണ് - ''നിന്ദിക്കപ്പെട്ട ഹൃദയം.''
അമ്മയും മകനും - ''യേശു അമ്മയോടു പറഞ്ഞു, സ്ത്രീയെ ഇതാ നിന്റെ മകന്‍. അനന്തരം അവന്‍ ശിഷ്യനോടു പറഞ്ഞു, ഇതാ നിന്റെ അമ്മ'' (യോഹ. 19:26-27). തന്റെ പ്രിയ മാതാവ് മാലോകരുടെ മുഴുവന്‍ അമ്മയാണെന്നും, സകല മനുഷ്യരും പ്രിയ മാതാവിന്റെ അരുമ മക്കളാണെന്നും വ്യക്തമാക്കിക്കൊണ്ട് യേശു പ്രപഞ്ചത്തോട് വിളംബരം ചെയ്യുന്ന സമയം - ''സ്‌നേഹം തുളുമ്പുന്ന ഹൃദയം.''
പടയാളിയും കുന്തവും - ''എന്നാല്‍ പടയാളികളില്‍ ഒരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍ നിന്നും രക്തവും വെള്ളവും പുറപ്പെട്ടു'' (യോഹ. 19:34). വിശുദ്ധിയുടെ കുരിശില്‍ സ്‌നേഹത്തിന്റെ തിരുമുറിവുകളുമായി കിടന്ന യേശുവിന്റെ ഹൃദയത്തെ പടയാളികളില്‍ ഒരുവന്‍ കുന്തംകൊണ്ടു കുത്തിയപ്പോള്‍ ചിന്തിയ രക്തം ബലി പൂര്‍ത്തീകരണത്തിന്റെ അടയാളം. പുറപ്പെട്ട ജലം മനുഷ്യാത്മാവും ശരീരവും കഴുകിവെടിപ്പാക്കുന്നതിന്റെ പ്രതീകം - ''പിളര്‍ക്കപ്പെട്ട ഹൃദയം.''
യേശുവിന്റെ സഹനങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ് കുത്തിമുറിവേല്പിച്ചിരിക്കുന്ന തിരുഹൃദയത്തിന്റെ ചരിത്രം. അവസാന തുള്ളി രക്തംവരെ ചിന്തി നമ്മെ രക്ഷിച്ച യേശുവിന്റെ ഹൃദയത്തിന്റെ ഭാവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നിറയാന്‍ നമുക്കു ആഗ്രഹത്തോടെ പ്രാര്‍ത്ഥിക്കാം - ''ഹൃദയശുദ്ധി ഉള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തെ കാണും.''