Coverstory

ഹെലന്‍

Sathyadeepam

ഡോ. തോമസ് പനക്കളം

ജീവിതത്തിന്‍റെ കുഞ്ഞു പ്രതിസന്ധികളില്‍ പതറിപ്പോകുന്ന നിരവധി മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട്. അറബിക്കഥയില്‍ ഒരു പെണ്‍കുട്ടിയുടെ കഥയുണ്ട്.

നിലാവുതട്ടിയാല്‍ പോലും പൊള്ളിപ്പോവുന്ന പേലവഗാത്രിയായ ഒറ്റപ്പെണ്ണ്. കടലുകടന്നുവന്നിട്ടും കൈത്തോട്ടില്‍ മുങ്ങിപ്പോയവര്‍ പലരുണ്ട്. കപ്പല്‍ച്ചേതങ്ങളില്‍പ്പോലും തളരാത്തവര്‍ ചിലരുള്ളതുകൊണ്ടാണ് ജീവിതത്തിന് അതിന്‍റെ സൗന്ദര്യം നഷ്ടപ്പെടാത്തതെന്ന് തോന്നുന്നു.

പക്ഷെ, ഇക്കാലം ജീവിതപ്രതിസന്ധികളില്‍ തട്ടി തോറ്റുപോവുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ദേശതലസ്ഥാനത്തെ ഒരു മികച്ച കലാലയത്തില്‍ അദ്ധ്യാപകനായൊരു ചെറുപ്പക്കാരന് അമ്മയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം താങ്ങാവുന്നതായിരുന്നില്ല. 'കൂടത്തായി' കൂടുതുറന്നുവിട്ടൊരു ഭൂതം പോലെ മലയാളി ജീവിതത്തെ ഗ്രസിച്ചിരിക്കുകയാണല്ലോ? ഇനി ഇപ്പോള്‍ ഒരു മരണവും മലയാളി തൊണ്ടതൊടാതെ വിഴുങ്ങുമെന്ന് തോന്നുന്നില്ല. അമ്മ രണ്ടാനപ്പനെ കൂടത്തായി മോഡലില്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപണമുണ്ടായപ്പോള്‍ ആ യുവഹൃദയം നൊന്തു. മറുനാടനും മലയാളിയുടെ മുഖപത്രവും പറഞ്ഞ നുണകള്‍ പലരും പാടിയപ്പോള്‍ പയ്യന്‍ ജീവിതംകൊണ്ട് അതിനുവിലയിട്ടു. അവന്‍ മാത്രമല്ല, മാനഹാനി സഹിക്കാതെ ആ അമ്മയും സ്വന്തം ജീവനെടുത്തു. വിവാദങ്ങളില്‍, ന്യൂസ് അവര്‍ ചര്‍ച്ചകളില്‍ പൊലിയുന്നത് ആരുടെയെല്ലാം മാനാഭിമാനങ്ങള്‍. എന്തെല്ലാം ആരോപണങ്ങള്‍ നേരിട്ടിട്ടും പതിറ്റാണ്ടുകള്‍ പീഡിപ്പിക്കപ്പെട്ടിട്ടും ഒരു നമ്പി നാരായണന്‍ പിടിച്ചുനിന്നു. സത്യം ലോകത്തിന് കാട്ടികൊടുക്കാന്‍.

പറഞ്ഞുവന്നത് നിസ്സാരങ്ങളില്‍ തട്ടിവീഴുന്നവരെക്കുറിച്ചും ചിലപ്പോള്‍ സാരങ്ങളില്‍ത്തന്നെ വീണുപോകുന്നവരെക്കുറിച്ചുമാണ്. എന്നാല്‍ വീണവരെക്കാള്‍ വാണവര്‍ക്കാണ്, പ്രതിസന്ധിയെ പൊരുതിതോല്പിച്ചവര്‍ക്കാണ് കാലം അതിന്‍റെ തുലാസ്സില്‍ അളന്നുതൂക്കി നിറയ്ക്കുന്നത്. അത്തരമൊരു പെണ്ണിന്‍റെ കഥയാണ് ഹെലന്‍. ചങ്കിടിപ്പോടെ കണ്ട് മനസ്സും മിഴിയും നിറച്ച ചിത്രം.

'ഹെലന്‍ പോള്‍' ഒരു സാധാരണ പെണ്‍കുട്ടി. കടബാധ്യതകളേറെയുള്ള വീടുപോലും പണയത്തിലാക്കിയ ഒരപ്പന്‍റെ ഏകമകള്‍.

ജീവിതത്തെക്കുറിച്ച് കൃത്യമായ സ്വപ്നങ്ങള്‍ കാത്തുവച്ചിട്ടുണ്ട് ഹെലന്‍. IELTS പഠിച്ച് പാസ്സായി കാനഡയില്‍ നേഴ്സിംഗ് ജോലി നോക്കി കടബാദ്ധ്യതകള്‍ തീര്‍ത്ത് അപ്പനോടും അസറിനോടും (കാമുകന്‍) ഒന്നിച്ച് ഒരു ജീവിതം. അതാണ് അവളുടെ സ്വപ്നം.

പഠനത്തോടൊപ്പം ഗ്രാന്‍ഡ് മാളിലെ ഒരു ചിക്കന്‍ ഹബ്ബില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ട് ഹെലന്‍. അയല്‍പക്കത്തെ വീട്ടിലെ അമ്മയ്ക്കും വീട്ടുകാര്‍ക്കും അവള്‍ സ്വന്തം കുട്ടിതന്നെ. സിഗരറ്റ് വലിക്കുന്ന അപ്പനോട് വഴക്കടിക്കുന്ന, കാമുകനെ ഉത്തരവാദിത്വമുള്ളവനാക്കാന്‍ ശ്രമിക്കുന്ന, മാളിലെ സെക്യൂരിറ്റിയുടെ ഭാഷയില്‍ എപ്പോഴും മുഖത്ത് ചിരിയുള്ള ഒരു മാലാഖയാണ് ഹെലന്‍. അവള്‍ക്ക് സ്നേഹം മാത്രമേ എന്തിനോടുമുള്ളൂ. അവള്‍ ഇന്നലെകളിലേയ്ക്കല്ല, ഭാവിയിലേയ്ക്കാണ് നോക്കുന്നത്. പക്ഷെ, അവിചാരിതമായി അവള്‍ ആ ചിക്കന്‍ ഹബ്ബിലെ ഫ്രീസറില്‍ പെട്ടുപോകുന്നു. മാനേജരടക്കം എല്ലാവരും പൂട്ടിപ്പോകുന്നു. തണുത്ത് വിറങ്ങലിച്ച് മണിക്കൂറുകളോളം അവള്‍ അവിടെ മരണത്തിനും ജീവിതത്തിനുമിടയില്‍ അതിജീവനത്തിനായി പൊരുതുകയാണ്.

പലതരത്തില്‍ അവള്‍ തണുപ്പിനെ നേരിടാന്‍ നോക്കുന്നു. പലഹാരങ്ങള്‍ കരണ്ടുതിന്നാനെത്തിയ കുഞ്ഞെലിയില്‍ നിന്നുപോലും ചൂട് ആവാഹിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ആ ഫ്രീസര്‍ ഒരു യുദ്ധക്കളമാക്കി മനസ്സാന്നിദ്ധ്യം നഷ്ടപ്പെടുത്താതെ അവള്‍ സമയത്തോടുതന്നെ കലഹിക്കുകയാണ്. അവളുടെ അലര്‍ച്ചയും സഹായത്തിനുള്ള വിളിയും പാത്രംകൊണ്ട് അവളുണ്ടാക്കുന്ന ശബ്ദവും മാളില്‍നിന്ന് സിനിമ കഴിഞ്ഞിറങ്ങുന്ന സംഘത്തിലുള്ള ഒരു കുട്ടി ചെറുതായി കേള്‍ക്കുന്നുണ്ട്. എന്തോ ഒരു സ്വരം എന്ന് അവന്‍ തന്‍റെ അപ്പനോട് പറയുന്നെങ്കിലും അയാള്‍ ആ കുഞ്ഞിന് ചെവികൊടുക്കുന്നില്ല. (നമ്മളിലെ കുഞ്ഞു മരിക്കുന്നതാണല്ലോ ഏറ്റവും വലിയ അപകടം.)

മകള്‍ രാത്രി വൈകിയും വരാത്തതുകൊണ്ട് നാടൊട്ടുക്ക് അപ്പന്‍ 'പോള്‍' ഓടുകയാണ്. സംഭവമറിഞ്ഞ് അയല്‍ക്കാരും അസ്ഹറും വന്നു. അയാളുടെ കൂട്ടുകാര്‍ വന്നു. നിസ്സംഗമായ നിയമം – ചുവപ്പുനാടകള്‍ അഴിക്കാതെ – പതിവുകഥകള്‍ക്ക് കോപ്പുകൂട്ടുന്നു. ഒടുവില്‍ എല്ലാ വഴികളുമടയുമ്പോള്‍ സെക്യൂരിറ്റി രക്ഷകനാവുകയാണ്. 'ആ കുട്ടി ഇവിടെനിന്ന് പോയിട്ടില്ലെങ്കിലോ?' എന്ന അയാളുടെ ചോദ്യത്തില്‍ ഒടുവില്‍ അവളെ കണ്ടെത്തുകയാണ്. അപ്പോഴേക്കും അവള്‍ മരണത്തിലേക്ക് അടുത്തുകഴിഞ്ഞു. അവസാന പ്രതീക്ഷയും അസ്തമിച്ച് ബോധംമറഞ്ഞ് അവള്‍ വിറങ്ങലിക്കുന്നു. അപ്പന്‍റെ നെഞ്ചിലെ ചൂടില്‍ അവള്‍ക്ക് ഉയിരില്‍ പിടച്ചിലുണ്ടാവുന്നു. മരണത്തിന്‍റെ നൂല്‍പാലം കടന്ന് അവള്‍ ജീവിതത്തിലേക്ക്….

'ഞാന്‍ പോയെന്നു വിചാരിച്ചു അല്ലേ പപ്പാ. എനിക്കങ്ങനെ നിങ്ങളെ ഇട്ടേച്ച് പോകുവാന്‍ പറ്റുവോ പപ്പാ' എന്ന ചോദ്യം മിഴികളെ ആര്‍ദ്രമാക്കും.

ആശുപത്രിയില്‍ ഹെലനെ കാണാനെത്തിയ സെക്യൂരിറ്റിയോട് പോള്‍ ചോദിക്കുന്നു. അവള്‍ അവിടെയുണ്ട് എന്ന് നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി?

'സാറെ എത്രകാലമായി ഈ ജോലി ചെയ്യുന്നു. ആരും എന്നെ അങ്ങനെ നോക്കാറോ ചിരിക്കാറോ ഇല്ല. പക്ഷെ, സാറിന്‍റെ മോള് ഒന്നും മിണ്ടാറില്ലെങ്കിലും എന്നും എന്നെ നോക്കി നല്ല ഒരു ചിരി ചിരിക്കും. ഇന്ന് രാവിലെ എനിക്കത് കിട്ടി. പക്ഷെ, അതെനിക്ക് രാത്രി കിട്ടിയില്ല; അതാ.' ഈ പറച്ചില്‍ കവിളില്‍ കണ്ണീര്‍ച്ചാലു കീറുന്നെങ്കില്‍ നിങ്ങളില്‍ ഇപ്പോഴും നന്മയുള്ളൊരാളുണ്ട്.

'ഹെലന്‍' ജീവിതത്തെ പ്രസന്നതയോടെ നേരിടാനുള്ള സ്നേഹത്തിന്‍റെ പുതിയ പാഠമാണ്. ഒരു ചിരികൊണ്ട് നാം കൈമാറുന്നത് പലര്‍ക്കും ജീവിക്കാനും അതിജീവിക്കാനുമുള്ള പ്രേരണകള്‍ പോലുമാവാം. ഗ്രാമങ്ങളിലും നഗരങ്ങളിലും ചിരിക്ലബ്ബുകള്‍ രൂപപ്പെടുന്ന ഇക്കാലത്ത് ചിരിക്കാനും ചിരിപ്പിക്കാനും മലയാളി മറന്നുപോവുന്നു. ജീവിതം ആനന്ദത്തിന്‍റെ ആഘോഷമായും മദിരോത്സവമായും തെറ്റിദ്ധരിച്ചവര്‍ മാത്രമല്ല. പല ദാര്‍ശനിക സമസ്യകള്‍ക്കും ഉത്തരമായവര്‍ പോലും ഇടയ്ക്കുവച്ച് അടച്ചുവച്ച് ഇറങ്ങിപ്പോയ പുസ്തകമാണ് ജീവിതം.

'ജീവിതം നല്കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോടു ഞാന്‍ വാങ്ങിടും' എന്ന് പാടിയ ഇടപ്പള്ളി ആത്മഹത്യയിലാണ് അഭയം തേടിയതെന്നത് നമ്മെ ഭയപ്പെടുത്തുന്നു.

ഹെലന്‍ കൈമാറുന്ന തെളിമയാര്‍ന്ന ദര്‍ശനം മരണത്തിന്‍റെ വാതില്‍ക്കല്‍ വരെ പ്രതീക്ഷയുടെ കിരണമുണ്ട് എന്നതാണ്. ഏതു വലിയ പ്രതിസന്ധിയും ചിലപ്പോള്‍ ഇത്തിരി കാത്തിരിപ്പ് പരിഹരിച്ചു തരുമെന്നൊരു വിശ്വാസത്തിലേയ്ക്ക് നാമൊന്നു തിരിഞ്ഞു നടക്കേണ്ടതില്ലേ?

വേഗതയാര്‍ന്നൊരു ലോകത്ത് പലതും കൈപിടിയലല്ലാതെയാവുമ്പോള്‍ പെട്ടെന്ന് രംഗബോധമില്ലാതെ കളംവിട്ടുപോകുന്നവര്‍ക്ക് 'ഹെലന്‍' തിരിച്ചറിവിന്‍റെ ലോകമാണ് തുറക്കുന്നത്. ഇനിയും അസ്തമിച്ചിട്ടില്ലാത്ത നന്മകളെ ധ്യാനിച്ച് ജീവിതത്തെ ഏത് കൂരിരുട്ടിലും പ്രകാശമാനമാക്കാന്‍ നമുക്കു കഴിയും എന്ന് ഹെലന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും