Coverstory

ജലപ്രളയം ആസാം ദ്വിമു​ഗിരി – ബം​ഗാരിപ്പാറ

Sathyadeepam

അസമിലെ പ്രളയ ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച
ഫാ. ജോസ് കൊളുത്തുവെള്ളില്‍ എഴുതുന്നു.

ഓരോ വര്‍ഷവും മുടങ്ങാതെ ജലപ്രളയം ഉണ്ടാകുന്ന ആസാം താഴ്വരയ്ക്ക് ഇത്തവണത്തെ പ്രളയം താങ്ങാവുന്നതിലുമപ്പുറമാണ്. കേരളത്തിലെ മഹാപ്രളയത്തില്‍ കണ്ട കാഴ്ചകളല്ല അസമില്‍ കാണാന്‍ കഴിഞ്ഞത്. ഗോഹട്ടി അതിരൂപതയ്ക്കു കീഴിലുള്ള ബോംഗേഗാവ് രൂപതാതിര്‍ത്തിയിലെ ദ്വിമുഗിരി എന്ന നദീതീര ഗ്രാമത്തില്‍ പ്രളയത്തിന് മുമ്പുണ്ടായിരുന്ന 40 വീടുകളില്‍ ഒന്നു പോലും അവശേഷിപ്പിക്കാതെ പ്രളയജലം കൊണ്ടു പോയെന്നാണ് അവിടെ എത്തിയ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ബ്രഹ്മപുത്ര നദി ഗതിമാറി ഒഴുകിയപ്പോള്‍ മുളകൊണ്ടും പനമ്പ് കൊണ്ടുമൊക്കെ മറച്ച് ചാണകം മെഴുകിയ തറയുള്ള സാധാരണക്കാരുടെ വീടുകള്‍ ഇരുന്ന സ്ഥലങ്ങളൊക്കെ വെള്ളത്തിനടിയിലായി. കുത്തൊഴുക്കില്‍ സ്വന്തം ജീവനല്ലാതെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പോലും സൂക്ഷിക്കാനായില്ല ഈ പാവങ്ങള്‍ക്ക്. സാധാരണ വെള്ളപ്പൊക്ക കാലത്ത് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ പ്രളയജലം ഇറങ്ങിപ്പോകുന്ന പതിവ് ഇത്തവണ ഉണ്ടായതുമില്ല. കുടിലുകള്‍ക്ക് സമാനമാണ് ഇവിടത്തെ ക്രിസ്തീയ ദേവാലയവും. ജനങ്ങളൊക്കെ മറ്റു സ്ഥലങ്ങളിലുള്ള ബന്ധുക്കളുടെ വീടുകളിലേക്ക് പോയിരിക്കുന്നു. നെല്‍വയലുകളെല്ലാം പ്രളയജലം കൊണ്ടുവന്ന ചെളി അടിഞ്ഞു കൃഷി യോഗ്യമല്ലാതായി. മിക്കവാറും വീടുകളിലുണ്ടായിരുന്ന കന്നുകാലികളെക്കുറിച്ചു യാതൊരു വിവരവുമില്ലെന്നാണ് അവിടെയുണ്ടായിരുന്ന ചില ഗ്രാമവാസികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ബംഗാരിപ്പാറ എന്ന ഗ്രാമത്തിന്‍റെ അവസ്ഥയും ഇതൊക്കെത്തന്നെ.

ഇത്രയും ദുരിതങ്ങള്‍ ഉണ്ടായിട്ടും ഒന്നോ രണ്ടോ ദിവസങ്ങളില്‍ കുറച്ച് അരിയും മറ്റു ചില ഭക്ഷ്യവസ്തുക്കളും ലഭിച്ചതല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് യാതൊരു സഹായവും ഇവര്‍ക്കൊന്നും കിട്ടിയിട്ടില്ല. ഉള്‍നാടന്‍ പ്രദേശമായതിനാല്‍ സര്‍ക്കാര്‍ അധികൃതരൊന്നും തിരിഞ്ഞുനോക്കാറേയില്ലെന്നാണ് ഗ്രാമവാസികളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. കാരിത്താസ് ഇന്ത്യ, സി.ആര്‍.എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം പകരുന്നതെന്നാണ് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഗോഹട്ടി അതിരൂപതാ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. മായാ മാര്‍ട്ടിന്‍ പറഞ്ഞത്. വടക്കന്‍ അസമിലെ ചില ഗ്രാമങ്ങളിലേക്ക് ഇപ്പോഴും എത്തിപ്പെടാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അസം എല്ലാ വര്‍ഷവും വെള്ളപ്പൊക്കം ബാധിക്കുന്ന പ്രദേശമാണ്. ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് ഇവരുടെ ആവശ്യം. വെള്ളം കയറിയിറങ്ങിയാലും വാസയോഗ്യമായ ഭവനങ്ങള്‍ ചില പ്രദേശങ്ങളില്‍ ഉണ്ടെങ്കിലും ഗ്രാമവാസികളായ സാധാരണക്കാര്‍ക്ക് അവ അപ്രാപ്യമാണ്. നമ്മുടെ നാട്ടിലെ പോലെ ചെലവൊന്നും വരില്ല ഇവിടെ ഭവന നിര്‍മാണത്തിന്. കഠിനാധ്വാനികളെങ്കിലും കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ലാത്ത ഈ സഹോദരങ്ങളെ മനസു വച്ചാല്‍ സഹായിക്കാന്‍ നമുക്ക് കഴിയുമെന്നതില്‍ സംശയമില്ല.

മഹാപ്രളയകാലത്ത് പരസ്പരം ഗ്രാമങ്ങളെ ദത്തെടുത്ത് അതിജീവനത്തിന്‍റെ വഴികളില്‍ സഹായിച്ച മാതൃക നമുക്ക് മുന്നിലുണ്ട്. അസമിലെ വെള്ളപ്പൊക്കത്തില്‍ വിലപിക്കുന്ന സഹോദരങ്ങള്‍ക്കും ഇത്തരത്തില്‍ സഹായമെത്തിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നെങ്കില്‍!

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം