ഫാ. മാത്യു കിലുക്കന്‍
2025 ജനുവരി 11, കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ മായാകളങ്കത്തിന്റെ കറുത്ത അക്കമായി അടയാളപ്പെടുകയാണ്. രാത്രിയുടെ മറവില്‍ കാക്കിയുടെ കാട്ടാളത്തം അതിന്റെ സകല നൃശംസതകളോടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അതിമെത്രാസനമന്ദിരത്തില്‍ അഴിഞ്ഞാടിയപ്പോള്‍, മതരാഷ്ട്രീയ ബാന്ധവത്തിന്റെ അറപ്പുളവാക്കുന്ന അശ്ലീലതയാണ് വെളിച്ചപ്പെട്ടത്. വെളുപ്പിന് 5 മണിക്ക് അതിരൂപതയിലെ 21 വൈദികര്‍ തങ്ങളുടെ സ്വന്തം ഭവനമായ അതിരൂപതാ ആസ്ഥാനത്ത് വൈദികര്‍ക്കായി നിശ്ചയിക്കപ്പെട്ട വിശ്രമമുറിയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു സഭാനേതൃത്വത്തിന്റെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ അതിക്രൂരമായ ഈ നരനായാട്ട് നടന്നത്. മുറിയില്‍ വിശ്രമത്തിലായിരുന്ന വൈദികരെ ബലമായി, ഉന്തിയും തള്ളിയും പുറത്തെത്തിച്ച് കരിങ്കല്‍ പാകിയ നിരത്തിലൂടെ അതിക്രൂരമായി വലിച്ചിഴച്ച്, ളോഹ വലിച്ചുരിഞ്ഞ്, നഗ്നരാക്കി മര്‍ദിക്കുന്ന ദൃശ്യം ലോകം ഭീതിയോടെയാണ് കണ്ടത്. ഈ മര്‍ദനദൃശ്യം ലോകമറിയാതിരിക്കാന്‍ വൈദികരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസുകാര്‍ ബലമായി പിടിച്ചുവാങ്ങിയെങ്കിലും പുറത്തു സ്ഥാപിക്കപ്പെട്ട സി സി ടി വി ക്യാമറകളിലൂടെ 'ദൈവത്തിന്റെ കണ്ണ്' അതെല്ലാം ഒപ്പിയെടുത്തതിനാല്‍, ഭീകരമായ പൊലീസ് അതിക്രമം അതിന്റെ തീവ്രതയില്‍ത്തന്നെ നാടറിഞ്ഞു. പ്രതിഷേധം അണപൊട്ടി. കേട്ടവരെല്ലാം, അരമനയിലേക്കൊഴുകി. അതൊരു പ്രതിഷേധക്കടലായി മാറി. അലറിയാര്‍ത്ത ആ പ്രതിഷേധത്തിരയില്‍ മുങ്ങിത്താഴുമെന്നായപ്പോള്‍, ബിഷപ് ബോസ്‌കോ നേതൃത്വം നല്കുന്ന ക്രിമിനല്‍ കൂരിയ, കൂടുതല്‍ പൊലീസിനെ വരുത്തി പ്രതിരോധം തീര്‍ക്കൊനൊരുങ്ങി. നിലതെറ്റിയപ്പോള്‍ ബിഷപ് ബോസ്‌കോ രാജിവച്ചു. അതിരൂപതയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചുകൊണ്ട് മാര്‍പാപ്പ ഉത്തരവിറക്കി. അതിരൂപതുടെ ഭരണച്ചുമതലയുള്ള മെത്രാപ്പോലീത്തന്‍ വികാരിയായി മാര്‍ ജോസഫ് പാംപ്ലാനി ചുമതലയേറ്റു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ നേരിട്ടുള്ള ഭരണത്തിലേക്ക് അതിരൂപത തിരികെയെത്തി.
ബിഷപ് പുത്തൂരിന്റെ രാജി ജനുവരി 12-ാം തീയതി വത്തിക്കാന്‍ സ്വീകരിച്ചുവെന്നാണ് വെബ്‌സൈറ്റില്‍ നിന്നു കിട്ടുന്ന വിവരം. മാര്‍പാപ്പയുടെ പ്രതിനിധി ബിഷപ് ബോസ്‌കോയാണ് വൈദികര്‍ക്കുനേരെയുള്ള ഈ നരനായാട്ടിന് ഉത്തരവിറക്കിയത് എന്ന് വ്യക്തമായിരിക്കെ, അതീവ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് വത്തിക്കാന്‍ മറുപടി പറയേണ്ടി വരും. ലിറ്റര്‍ജി വിവാദത്തില്‍ കത്തും, വീഡിയോയും ഹാജരാക്കി, ഇതിനോടകം മാര്‍പാപ്പയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതില്‍ ഇപ്പോള്‍ത്തന്നെ അതൃപ്തിയിലായ വത്തിക്കാന്‍, ഈ വിഷയത്തില്‍ എന്തു നടപടിയെടുക്കും എന്നറിയാന്‍ ലോകം കാത്തിരിക്കുകയാണ്.
കേരളാപൊലീസ് വെറും മതപൊലീസായി ചുരുങ്ങിപ്പോയ ദിനങ്ങള്‍ക്കാണ് കേരളം ഭീതിയോടെ സാക്ഷ്യം വഹിച്ചത്. എ സി പി ജയകുമാറിന്റെ നേതൃത്വത്തില്‍ ഒരു പരാതിക്കടലാസ് പോലും കാണിക്കാനില്ലാ തിരുന്നിട്ടും, സകല മനുഷ്യാവകാശങ്ങളെയും കാറ്റില്‍ പറത്തി, വൈദികര്‍ക്കുമേല്‍ പൊലീസ് ഗുണ്ടകള്‍ നിഷ്‌ക്കരുണം അഴിഞ്ഞാടുകയായിരുന്നു. ഏകപക്ഷീയമായല്ല, ഏകാധിപത്യരീതിയിലായിരുന്നു, പ്രതികരണവും അക്രമവും. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സര്‍ക്കാര്‍ നിലവിലുണ്ടോ എന്ന് സംശയിക്കത്തക്കവിധമായിരുന്നു പൊലീസിന്റെ തേര്‍വാഴ്ച. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ നിലമറന്ന രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ജനാധിപത്യ കേരളത്തിന്റെ പരാജയമായിത്തന്നെ കാണണം.
2017-ല്‍ ഭൂമി വിവാദത്തോടെ ആരംഭിച്ച പ്രതിസന്ധി, ലിറ്റര്‍ജിത്തര്‍ക്കത്തോടെ വളര്‍ന്ന വഷളായതില്‍ ഇവിടുത്തെ സഭാനേതൃത്വത്തിന്റെ നിരന്തരമായ ഭരണപരാജയവും പക്ഷപാതപരമായ നിലപാടും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
സഭാതലവനായ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വെള്ളപൂശാനിറങ്ങിയ സഭാസിനഡും, നേതൃത്വവും ആകെ കരിപുരണ്ട് അപമാനിതരായി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രശ്‌നം, പരിഹരിക്കാനെത്തിയ ബിഷപ് മനത്തോടത്തും സത്യസന്ധമായി നിലപാടെടുത്തപ്പോള്‍ ചുമതല അവസാനിപ്പിക്കാനാവശ്യപ്പെട്ടു. ഭൂമി വിവാദക്കറ മറയ്ക്കാനായി കൊണ്ടുവന്ന ലിറ്റര്‍ജി വിവാദത്തില്‍ യുക്തി സഹമായ നിലപാടുമായി ബിഷപ് കരിയിലെത്തിയപ്പോള്‍ നിഷ്‌ക്കരുണം രാജിവെപ്പിച്ചു. 'ഇപ്പോള്‍ ശരിയാക്കാം' എന്ന വാശിയോടെ ഗുണ്ടായിസവുമായി മാര്‍ ആന്‍ഡ്രൂസെത്തിയതോടെ സംഘര്‍ഷം തെരുവിലെത്തി.
ഇതിനിടെ പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെ മുന്‍വിധിയോടെയുള്ള വരവിനും അപമാനകരമായ മടങ്ങിപ്പോക്കിനും സഭ സാക്ഷ്യം വഹിച്ചു. പിന്നീടെത്തിയ ബിഷപ് പുത്തൂര്‍ ആദ്യഘട്ടത്തില്‍ പ്രശ്‌നങ്ങളെ ശരിയായ ദിശയില്‍ സമീപിച്ചെങ്കിലും 'സഭാസംരക്ഷകരുടെ' കെണിയില്‍പ്പെട്ടും ക്രിമിനല്‍ കൂരിയായുടെ വരുതിയിലമര്‍ന്നും വലിയ ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് അതിരൂപതയെയും സഭയെയും തള്ളിവിട്ട് അപമാനിതനായി മടങ്ങി.
മാര്‍ പാംപ്ലാനിയുടെ പുതിയ നിയമനത്തെ വലിയ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ കാണുന്നത്. സത്യത്തെ അഭിമുഖീകരിക്കാന്‍ ഇതുവരെയും നേതൃത്വം തയ്യാറാകാത്തതാണ് പ്രതിസന്ധിയുടെ ആഴം കൂട്ടിയത്. സംഭാഷണങ്ങളുടെ സൗഹാര്‍ദ സദസ്സില്‍ കൂടിയാലോചനകള്‍ക്ക് മാര്‍ പാംപ്ലാനി തയ്യാറാകുമെങ്കില്‍ പ്രശ്‌നപരിഹാരം എളുപ്പമാകും. മറിച്ച്, ഏകപക്ഷീയമായ രീതിയില്‍ ചില സൈബര്‍ സഭാ സംരക്ഷകരുടെ കുഴലൂത്തിനൊപ്പം ആടാനൊരുങ്ങിയാല്‍ പ്രശ്‌നം ഇനിയും കൈവിട്ടു പോകും എന്നതും മറക്കരുത്.
ഏറ്റവുമൊടുവിലിറങ്ങിയ സിനഡാനന്തര കുറിപ്പില്‍ ഇതുവരെയും ബിഷപ് ബോസ്‌കോ എടുത്ത നടപടികളുടെ ഉത്തരവാദിത്വമേറ്റെടുത്ത് അദ്ദേഹത്തെ അതിരുവിട്ട് പ്രശംസിച്ച സിനഡ് ഇനിയും തെറ്റുതിരുത്താന്‍ തയ്യാറല്ല എന്ന സൂചന തന്നെയാണ് നല്‍കുന്നത്.
അടിച്ചൊതുക്കിയും അതിക്രമിച്ചു കയറിയും കാര്യം നടത്താന്‍ ഇത് സഭയുടെ ഇരുണ്ട മധ്യയുഗമല്ലെന്ന് മറക്കരുത്. ജനാധിപത്യകാലത്ത് വിയോജിക്കാനുള്ള ഇടം സഭയിലുണ്ട്. ഐകരൂപ്യം ഐക്യം കൊണ്ടുവരില്ലെന്ന മാര്‍ പാംപ്ലാനിയുടെ മുന്‍നിലപാട് അദ്ദേഹം മറക്കില്ലെന്ന് കരുതുന്നു. ഒരുപോലെയാക്കാന്‍ ശ്രമിച്ചിട്ട് എല്ലാം നാനാവിധമാക്കിയ കഴിവുകെട്ട സഭാഭരണനേതൃത്വത്തിന്റെ തുടര്‍ച്ചയല്ല മാര്‍ പാംപ്ലാനിയുടെ ശ്രമങ്ങളെങ്കില്‍ യഥാര്‍ഥ സഭാസ്‌നേഹികളുടെ പിന്തുണയുണ്ടാകും. വൈദികരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചും, അഡ്മിനിസ്‌ട്രേഷന്‍ ഭരണത്തില്‍ നിന്നും ഇടവകകളെ മോചിപ്പിച്ചും തുടങ്ങണം.
ക്രിമിനല്‍ കൂരിയായെ പിരിച്ചുവിട്ട് അടുപ്പിച്ചിടുന്ന സംഭാഷണമേശയ്ക്ക് ഇരുപുറവും പിതാവും വൈദികരും അല്‍മായരും മുഖാമുഖം ഇരിക്കണം. എന്നിട്ട് ചര്‍ച്ച തുടങ്ങണം. ഫലം തീര്‍ച്ച.