
കുരിശിന്റെ വിജയം ആഘോഷിച്ചതിനുശേഷം പിറ്റേന്നുതന്നെ കത്തോലിക്കാസഭ സ്മരിക്കുന്നത് മാതാവിന്റെ ഏഴു മുഖ്യ വ്യാകുലങ്ങളാണ്.
ദൈവമാതാവിന്റെ ശുദ്ധീകരണദിവസം ഉണ്ണീശോയെ വൃദ്ധനായ ശെമയോന്റെ കരങ്ങളില്‍ ഏല്‍പിച്ചപ്പോള്‍, ആ കുഞ്ഞിനെ കൈയില്‍ പിടിച്ചുകൊണ്ട് അദ്ദേഹം മറിയത്തോടു പറഞ്ഞു, "ഒരു വാള്‍ നിന്റെ ഹൃദയത്തെ ഭേദിക്കും" എന്ന്. ഇതാണ് ആദ്യത്തെ വ്യാകുലം.
ബത്‌ലഹമില്‍ പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നയുടനെ, ഹെറോദേസിന്റെ വാളില്‍നിന്ന് കുഞ്ഞിനെ രക്ഷിക്കാനായി 300 മൈല്‍ അകലെയുള്ള ഈജിപ്തിലേക്കുള്ള പലായനമാണ് രണ്ടാമത്തെ വ്യാകുലം. ഇന്നത്തെ യാത്രാസൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് കഴുതപ്പുറത്തുള്ള യാത്ര എത്രയോ ദിവസം നീണ്ടിരിക്കും!
പന്ത്രണ്ടാമത്തെ വയസ്സില്‍ ഈശോയെ കാണാതായതാണ് മൂന്നാമത്തെ വ്യാകുലം. നിയമജ്ഞരും പുരോഹിതശ്രേഷ്ഠരുമായി അന്നു ദേവാലയത്തില്‍ യേശു വാക്‌സമരം നടത്തിയിരുന്നു. പരാജയബോധം അവരെ എന്തു സാഹസത്തിനും പ്രേരിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് ബാലനായ യേശുവിനെ കാണാതായത്.
മുറിവേറ്റ് രക്തമൊഴുകുന്ന ശരീരവുമായി, ഗാഗുല്‍ത്താമലയിലേക്ക് ഭാരമുള്ള കുരിശും വഹിച്ച്, അവഹേളിതനായി, തളര്‍ന്നുനീങ്ങുന്ന മകനെ സ്വന്തം അമ്മ കണ്ടുമുട്ടുന്നതായിരുന്നു നാലാമത്തെ വ്യാകുലം.
സ്വന്തം മകനെ കുരിശില്‍ തറച്ച് ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നതിന്റെ ചുവട്ടില്‍, ആ ദയനീയദൃശ്യം കണ്ടുനില്‍ക്കുന്ന അമ്മ – അതാണ് അഞ്ചാമത്തെ വ്യാകുലം.
പിന്നീട്, മകന്റെ നിര്‍ജ്ജീവമായ ശരീരം കുരിശില്‍ നിന്നിറക്കി മടിയില്‍ കിടത്തി കാവലിരിക്കുന്ന അമ്മ – ആറാമത്തെ വ്യാകുലം.
മകന്റെ മൃതശരീരം കല്ലറയില്‍ അടക്കപ്പെടുമ്പോള്‍ എല്ലാം കൈ വിട്ടവളെപ്പോലെ നിര്‍വികാരയായി നോക്കി നില്‍ക്കുന്ന അമ്മ – അതാണ് ഏഴാമത്തെ വ്യാകുലം.
എല്ലാം അതിശാന്തമായി നോക്കി നില്‍ക്കാനുള്ള കരുത്ത് മറിയം ഒരു ജീവിതകാലംകൊണ്ടു നേടിയിരുന്നു. കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ മുതല്‍ തുടങ്ങുന്നു മേരിയുടെ പീഡനകാലം. ഭര്‍ത്താവിന്റെ തെറ്റിദ്ധാരണ, നാട്ടുകാരുടെയിടയിലെ അപഖ്യാതി-അങ്ങനെ അവസാനം ഈശോ പിടിക്കപ്പെടുമ്പോള്‍ ശ്ലീഹന്മാര്‍ പോലും ഓടി രക്ഷപ്പെടുന്നു. നിസ്സഹായ യായ അമ്മ, എന്തു സംഭവിച്ചാലും സഹിക്കാന്‍ തയ്യാറായി മകന്റെ കുരിശിനെ പിന്തുടരുന്നു. അമ്മയ്ക്കുവേണ്ടി മറ്റൊരു കുരിശുപോലും ഒരുക്ക പ്പെടാമായിരുന്നു! ഇങ്ങനെ ഒരു ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണ് മറിയത്തിന്റെ പീഡനകാലം. ഒരിക്കലെങ്കിലും, പരാതിയായിട്ടു പോലും ഒരു വാക്ക് മറിയം ഉച്ചരിച്ചതായി എങ്ങും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുകയായിരുന്നു.
മറിയത്തിന്റെ വ്യാകുലങ്ങളെപ്പറ്റിയുള്ള സ്മരണ സഭയില്‍ സാര്‍വ്വത്രികമാക്കിയത് 1814-ല്‍ ഏഴാം പീയൂസ് മാര്‍പാപ്പയാണ്. കാരാഗൃഹത്തില്‍ നിന്നു തിരിച്ചെത്തിയ പോപ്പിന്റെ, നിത്യസഹായമാതാവിനോടുള്ള നന്ദിപ്രകടനമായിരുന്നു ആ പ്രഖ്യാപനം.