വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)
രക്ഷകനായ യേശുക്രിസ്തുവിന്റെ ജീവിതവും സഹനവും മരണവും ഉയിര്‍പ്പുമാണ് നിത്യജീവിതത്തെപ്പറ്റിയുള്ള അറിവും പ്രതീക്ഷയും നമുക്കു നല്‍കുന്നത്. കുരിശ് രക്ഷയുടെ പ്രതീകമായി മാറി. പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള സമ്പൂര്‍ണ്ണ വിജയമായിരുന്നു ഉയിര്‍പ്പ്. ഉയിര്‍പ്പാണ് നമ്മുടെ വിശ്വാസത്തിന്റെയെല്ലാം അടിസ്ഥാനം. ഈ പെസഹാ രഹസ്യമാണ് ഇന്നേ ദിവസം സഭ തിരുനാളായി ആഘോഷിക്കുന്നത്.

കുരിശിന്റെ മഹത്വീകരണമായിട്ടാണ് ഈ തിരുനാള്‍ അറിയപ്പെട്ടിരുന്നത്. അതായത്, വിശ്വാസികളെ സംബന്ധിച്ച് ഈ തിരുനാളിന് നാലു പ്രാധാന്യമുണ്ട്.
ഒന്ന്, കാല്‍വരിയില്‍ കുരിശിലെ മരണം. ദുഃഖവെള്ളിയാഴ്ച നടന്ന ഈ സംഭവത്തില്‍ ഏറെ സഹനവും എളിമപ്പെടലുമൊക്കെയുണ്ട്. പിതാവായ ദൈവത്തിനുവേണ്ടി പുത്രന്‍ എല്ലാം ഏറ്റെടുക്കുകയായിരുന്നു. ഉയര്‍ത്തപ്പെട്ട കുരിശ് ക്രിസ്തു പ്രസംഗപീഠമാക്കി മാറ്റി. വാക്കുകളെക്കാള്‍ ശക്തമായ മാതൃകയായിരുന്നു അത്. അവിടുന്ന് എല്ലാം ക്ഷമിച്ചു. സര്‍വ്വതും നല്‍കി, എല്ലാ മുറിവുകളില്‍ നിന്നും അനുഗ്രഹങ്ങള്‍ പുറപ്പെട്ടു. അവസാനശ്വാസത്തിനുമുമ്പേ, മനുഷ്യകുലത്തിന് സ്വന്തം അമ്മയായ മറിയത്തെ നല്‍കി. കുരിശ് വിജയചിഹ്നമാണ്. നേരെയുള്ള ഭാഗം മനുഷ്യനെ ദൈവവുമായി ബന്ധപ്പെടുത്തുന്നു. കുറുകെയുള്ളത്, മനുഷ്യനെ മനുഷ്യനുമായും, അങ്ങനെ ദൈവവുമായും ബന്ധപ്പെടുത്തുന്നു.
രണ്ട്, കുരിശാണ് ദൈവാലയത്തിലെ പ്രധാന സമര്‍പ്പണം. കോണ്‍ സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മ, ഹെലെന രാജ്ഞിയാണ് കാല്‍വരിയില്‍ മൂന്നു കുരിശുകള്‍ കണ്ടെത്തിയത്. അതിലേതാണ് യേശുവിന്റെ കുരിശെന്ന് യുക്തിപൂര്‍വ്വം കണ്ടെത്തുകയും ചെയ്തു. ഒരു മുടന്തന്റെ കാലില്‍ മൂന്നു കുരിശും തൊടുവിച്ചു. ഒരു കുരിശു തൊടുവിച്ചപ്പോള്‍ രോഗം സുഖമായി. അതാണ് യഥാര്‍ത്ഥ കുരിശെന്നു ബോധ്യപ്പെടുകയും ചെയ്തു. രാജ്ഞി യഥാര്‍ത്ഥ കുരിശ് റോമിലെ തന്റെ കൊട്ടാരത്തില്‍ പ്രതിഷ്ഠിച്ചു. പിന്നീട് അത് "കുരിശിന്റെ ദൈവാലയ"മാക്കി പണിതുയര്‍ത്തി. ആ കുരിശിന്റെ അംശങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തേക്കും വണക്കത്തിനായി കൊടുത്തുവിടുകയും ചെയ്തു.
യഥാര്‍ത്ഥ കുരിശിന്റെ ഒരു ഭാഗം ജറൂസലത്ത് സൂക്ഷിച്ചിരുന്നു. പക്ഷേ, 614-ല്‍ പേര്‍ഷ്യ ആ നഗരത്തെ ആക്രമിച്ചു. പേര്‍ഷ്യന്‍ സൈന്യത്തില്‍ അന്ന് ധാരാളം യഹൂദരുണ്ടായിരുന്നു. ഒരു കാലത്ത് അവരുടെ സ്വന്തമായിരുന്ന ജറൂസലത്ത് കണ്ടുമുട്ടിയ ക്രൈസ്തവരുടെ പുണ്യ സങ്കേതങ്ങളെല്ലാം അവര്‍ ആക്രമിച്ചു നശിപ്പിച്ചു. യഥാര്‍ത്ഥ കുരിശിന്റെ ഭാഗം സൂക്ഷിച്ചുവച്ചിരുന്ന വെള്ളിപ്പാത്രം തിരഞ്ഞുപിടിച്ച് പേര്‍ഷ്യന്‍ രാജാവ് ഖുഷ്‌റൂ ഇറാനിലേക്കു കൊണ്ടുപോയി. എന്നാല്‍, 629-ല്‍ പേര്‍ഷ്യന്‍ രാജാവ് ഹെറാക്ലിയസ് പേര്‍ഷ്യയെ തിരിച്ചു പിടിച്ചപ്പോള്‍ ആ തിരുശേഷിപ്പ് കൈക്കലാക്കി ആദ്യം കോണ്‍സ്റ്റാന്റിനോപ്പിളിലും പിന്നീട് ജറൂസലത്തും കൊണ്ടുപോയി പൊതുവണക്കത്തിനായി സൂക്ഷിച്ചുവച്ചു. ജറൂസലത്ത് ഒരൊറ്റ യഹൂദനും പ്രവേശിക്കരുതെന്ന ഹാഡ്രിയാന്റെ പഴയ നിയമം പ്രാബല്യത്തിലാക്കുകയും ചെയ്തു. റോമന്‍ സഭയില്‍ ഈ തിരുനാളാഘോഷം പ്രാബല്യത്തിലായ കാലഘട്ടത്തിലായിരുന്നു ഈ സംഭവം.
മൂന്ന്, അന്ത്യവിധിയിലെ കുരിശിന്റെ അടയാളത്തിന്റെ വിജയം: യേശു നിക്കൊദേമൂസിനോടു പറഞ്ഞു, "…മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു" (യോഹ. 3:14-15). ദുഃഖവെള്ളിയാഴ്ച കാല്‍വരിയില്‍ ഉണ്ടായിരുന്നവരെ കുരിശ് രണ്ടു ഗ്രൂപ്പായി തിരിച്ചതുപോലെ, അവസാന ദിവസം "ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും" (മത്താ. 24:30). നമ്മുടെ സ്ഥാനം വലതുവശത്തോ ഇടതുവശത്തോ എന്നു നമുക്കു ബോധ്യപ്പെടും.
അവസാനമായി, ഓരോ വിശ്വാസിയുടെയും കുരിശിനോടുള്ള സമര്‍പ്പണം. ഓരോ ക്രിസ്ത്യാനിയുടെ ഹൃദയത്തിലും ഭവനത്തിലും ആരാധനാലയത്തിലും കുരിശിന് മുഖ്യസ്ഥാനവും ബഹുമാനവുമുണ്ട്. കുരിശിനെ സ്മരിച്ചുകൊണ്ടാണ് നാം ഓരോ കാര്യവും ആരംഭിക്കുന്നതു തന്നെ. വാസ്തവത്തില്‍, എന്തു ചെയ്യുമ്പോഴും ഈശോയുടെ കുരിശിനെ സ്മരിക്കുകയും വണങ്ങുകയും ചെയ്തുകൊണ്ട് ലോകത്തിന്റെ രക്ഷാകരപ്രവൃത്തിയില്‍ നാം പങ്കുചേരുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org