
വിലങ്ങാട്: വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന പതിനാല് ഭവനങ്ങളില്‍ വിലങ്ങാട് താമരശേരി രൂപതയുമായി സഹകരിച്ചു നടപ്പാക്കുന്ന ഭവനങ്ങളുടെ തറക്കല്ലിടല്‍ എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ നിര്‍വഹിച്ചു.
നാല് ഭവനങ്ങള്‍ക്കാണ് തറക്കല്ലുകളിട്ടത്. രണ്ട് വീടുകളുടെ തറക്കല്ലിടല്‍ കഴിഞ്ഞ മാസം നടത്തിയിരുന്നു. ശേഷിക്കുന്ന ഒരു വീടിന്റെ തറക്കല്ലിടല്‍ അടുത്ത ആഴ്ച നടക്കും. വിലങ്ങാട്, കണ്ണൂര്‍, ചക്കിട്ടപ്പാറ എന്നീ പ്രദേശങ്ങളിലാണ് ഭവന നിര്‍മ്മാണം പുരോഗമിക്കുന്നത്. ഭവന പദ്ധതി കൂടാതെ ദുരിതബാധിതര്‍ക്കായി ജീവനോപാധി വികസന പ്രവര്‍ത്തനങ്ങളും സഹൃദയ നടപ്പാക്കുന്നുണ്ട്.
ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, ഫാ. പ്രിയേഷ് തേവടിയില്‍, ഫാ. സായി പാറക്കുളങ്ങര, സിദ്ധാര്‍ഥ് എസ് നാഥ്, ആല്‍ബിന്‍ സക്കറിയാസ് എന്നിവര്‍ ശിലാസ്ഥാപന കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു.
വയനാട് ദുരിതബാധിതര്‍ക്കായി എറണാകുളം അങ്കമാലി അതിരൂപത സഹൃദയ വഴി നല്‍കുന്ന 7 ഭവനങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു.