നോര്‍ത്തുമ്പ്രിയായില്‍ ജനിച്ച ഇവാള്‍ഡ് സഹോദരന്മാര്‍ ഭക്തരും ഊര്‍ജ്ജസ്വലരുമായ വൈദികരായിരുന്നു. അവരെ തമ്മില്‍ തിരിച്ചറിഞ്ഞിരുന്നത് അവരുടെ മുടിയുടെ നിറം നോക്കിയാണ് – ഒന്ന് കറുത്തതും, മറ്റത് വെളുത്തതും. കറുത്ത ഇവാള്‍ഡ് വിശുദ്ധ ഗ്രന്ഥ പണ്ഡിതനായിരുന്നു.
അയര്‍ലണ്ടില്‍ പോയി വിശുദ്ധ ഗ്രന്ഥത്തെപ്പറ്റി ഉപരിപഠനം നടത്തുകയും പ്രഭാഷണകലയില്‍ പ്രാവീണ്യം നേടുകയും ചെയ്തശേഷം അവരിരുവരും വെസ്റ്റ്ഫാലിയ എന്ന ദേശത്ത് വചനപ്രഘോഷണത്തിനായി എത്തി.
"സ്വര്‍ഗ്ഗരാജ്യം നേടാന്‍ നിങ്ങള്‍ നിങ്ങളെത്തന്നെയാണു നല്‍കേണ്ടത്. അതിന്റെ വില നിങ്ങള്‍ തന്നെയാണ്, നിങ്ങള്‍ സ്വയം നല്‍കുക; സ്വര്‍ഗ്ഗം നിങ്ങള്‍ക്കു ലഭിച്ചിരിക്കും." – വി. അഗസ്റ്റിന്‍
ഫ്രീസ്‌ലാന്റില്‍ ആദ്ധ്യാത്മിക വിപ്ലവം സൃഷ്ടിച്ച വി. വില്ലിബ്രോഡ് ആയിരുന്നു അവരുടെ പ്രചോദനം. അവിടെ ഒരു ഉദ്യോഗസ്ഥന്റെ സഹായം അവര്‍ക്കു ലഭിച്ചു. അയാള്‍ തന്റെ വീട്ടിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി അനേകം ദിവസങ്ങള്‍ സല്‍ക്കരിച്ചു. ആ വൈദികര്‍ പ്രാര്‍ത്ഥനയും ഭക്തിഗാനങ്ങളും ദിവസവും ദിവ്യബലിയര്‍പ്പണവുമൊക്കെയായി അവിടെ കഴിഞ്ഞുകൂടി.
എന്നാല്‍, ഇവയൊക്കെ ശ്രദ്ധിച്ച അവിടത്തെ അവിശ്വാസികള്‍ക്ക് അതു വലിയ ചിന്താക്കുഴപ്പമുണ്ടാക്കി. തങ്ങളുടെ മേലുദ്യോഗസ്ഥനെ അവര്‍ തങ്ങളുടെ ദേവന്മാരിലും വിശ്വാസത്തിലും നിന്നു പിന്തിരിപ്പിക്കുമെന്നു ഭയപ്പെട്ട അവര്‍ ആ മിഷണറിമാരെ വധിക്കാന്‍ തന്നെ തീരുമാനിച്ചു. വാളുകൊണ്ട് ഒറ്റവെട്ടിന് അവര്‍ വെളുത്ത ഇവാള്‍ഡിനെ വധിച്ചു. കറുത്ത ഇവാള്‍ഡിനെ പീഡിപ്പിച്ച ശേഷമാണ് വധിച്ചത്.
അന്നാട്ടിലെ പ്രഭു ഈ വിവരങ്ങള്‍ അറിഞ്ഞ് ക്ഷുഭിതനായി ഘാതകരെയെല്ലാം വധിക്കാന്‍ ഉത്തരവിട്ടു. അപരിചിതരായ രണ്ടു സന്ദര്‍ശകരെപ്പറ്റിയുള്ള വിവരങ്ങള്‍ തന്നെ അറിയിക്കാതിരുന്നതിനും നിയമം അവര്‍ തന്നെ കൈയിലെടുത്തതിനും ശിക്ഷയായി അവരുടെ ഗ്രാമങ്ങളും തകര്‍ ക്കപ്പെട്ടു.
വി. ബീഡിന്റെ വിശദീകരണം അനുസരിച്ച്, രക്തസാക്ഷികളായ ഇവാള്‍ഡ് സഹോദരന്മാരുടെ മൃതദേഹങ്ങള്‍ റൈന്‍ നദിയിലേക്ക് എറിയുകയായിരുന്നു. അവ പിന്നീട് കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങ ളില്‍ ജ്വലിച്ചു കണ്ട അലൗകികമായ ഒരു പ്രകാശമാണ് അവ കണ്ടെത്താന്‍ സഹായിച്ചതത്രെ! രക്തസാക്ഷികളായി കരുതി അവരെ സംസ്‌കരിച്ചു.
പിന്നീട് പെപ്പിന്റെ കാലത്താണ് അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൊളോണില്‍ കൊണ്ടുപോയി വി. ക്ലമന്റിന്റെ പള്ളിയില്‍ സംസ്‌കരിച്ചത്. ഇന്ന് വി. കൂണിബര്‍ട്ടിന്റെ പേരില്‍ അറിയപ്പെടുന്ന ആ പള്ളിയില്‍ ഇപ്പോഴും ആ തിരുശേഷിപ്പുണ്ട്.