![കൊച്ചിയിലെ കപ്പലൊച്ചകൾ [08]](http://media.assettype.com/sathyadeepam%2F2025-10-01%2Fvccpw4iy%2Fkochiyile-kappalochakal08.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
ഏത് കപ്പലൊച്ചയെയും തോല്‍പ്പിക്കാന്‍ മാത്രം തൊണ്ടക്കുഴികളില്‍ കരച്ചിലിന്റെ കോളാമ്പികള്‍ കെട്ടി തൂക്കിയിട്ടുള്ള സ്ത്രീജനങ്ങളാണ് കൊച്ചിയിലുള്ളത്. സ്വരമില്ലാതെ നെഞ്ചുരുകി കരയുന്നവരും അവര്‍ക്കിടയിലുണ്ട്. എന്നാല്‍ കൊച്ചിയിലെ കടല്‍ത്തിരകളുടെ ജല്‍പനങ്ങളിലും കായല്‍പ്പരപ്പുകളിലെ ചെറിയ ഓളംവെട്ടിന്റെ നേര്‍ത്ത സ്വരത്തിലും ആരും കേള്‍ക്കാതെ പോകുന്നത് ഓരുവള്ളത്തെ പോലും ഒറ്റയ്‌ക്കെടുക്കാന്‍ പ്രാപ്തിയുള്ള, ഒറ്റചാക്ക് സിമന്റെടുത്ത് ഫ്‌ളാറ്റിന്റെ ഉച്ചിയിലേക്ക് നടന്നു കയറാന്‍ കായികബലമുള്ള പാവം ആണുങ്ങളുടെ കരച്ചിലുകളാണ്. തുറന്നു സംസാരിക്കാന്‍ കോപ്പകളോളം കള്ളും അരിശം നുരഞ്ഞു പതയുമ്പോള്‍ പതപോലെ തിളച്ച് മറിയാന്‍ പച്ചതെറികളും നാവിലുള്ള ആണ്‍കൂട്ടങ്ങള്‍ക്ക് ഹൃദയം നോവുമാറ് സങ്കടം പറയാന്‍ ഒരിടമോ അതൊക്ക കേള്‍ക്കാന്‍ മാത്രം കനിവോ ഉള്ള മനുഷ്യര്‍ ഇല്ലത്രെ!
അധ്യായം 08
അറക്കപ്പറമ്പില്‍ ജോണി
ഇരുട്ടിന്റെ കരിമ്പടം വീണ ആ രാത്രിയ്ക്ക് മീതെ നിലാവ് വെളിച്ചക്കീറ് വലിച്ച് വാരിയിട്ടുകൊണ്ടേയിരുന്നു. അടുക്കളയിലെ പാത്രങ്ങള്‍ക്കുള്ളില്‍ നിന്നും കയ്യില്‍ തടഞ്ഞ ചോറും കൂട്ടാനും കൂട്ടികുഴച്ചെടുത്ത അത്താഴപാത്രവുമായി ജോണി പട്ടിക്കൂടിന്റെ അടുത്ത് ചെന്നിരുന്നു.
ജനലിനരികില്‍ സ്വന്തം മകനെ നോക്കിക്കൊണ്ട് നിറകണ്ണുകളോടെ ഒരമ്മ തൊട്ടരികില്‍ നില്‍ക്കുന്ന പേരക്കിടാവിന്റെ കുഞ്ഞു വായ പൊത്തിപ്പിടിച്ചു കൊണ്ട് ശ്വാസമടക്കി നില്‍ക്കുകയാണ്. കെവിനെ ജനലിനോടും തന്നോടും ചേര്‍ത്ത് നിര്‍ത്തി ആ വൃദ്ധയായ സ്ത്രീ പുറത്തേക്ക് നോക്കുമ്പോള്‍ ജോണി അതാ കൈസറിന്റെ കൂട് തുറക്കുകയാണ്. സാധാരണ രീതിയില്‍ ഭക്ഷണം കൊടുക്കാന്‍ ചെല്ലുമ്പോള്‍ കൂട്ടിനകത്ത് അവന്‍ കാണിച്ചിരുന്ന കാവടിയാട്ടം ഇന്നില്ല. ജോണിയുടെ നിഴല്‍ കണ്ടമാത്രയില്‍ കൂടിന്റെ മൂലയിലോട്ടു കൈസര്‍ കുറച്ചുകൂടി ചുരുണ്ടുകൂടി.
കൂടിന്റെ വാതില്‍ തുറന്ന് ജോണി അകത്തോട്ട് കൈയിട്ട് കൈസറിന്റെ നെറ്റിയില്‍ ഒന്ന് തടകി. സത്യമായിട്ടും അവന്‍ ചിരിച്ചു. കണ്ണുകളില്‍ നീരൊഴുക്കിന്റെ നനവ്! കഴുത്തിലെ അവന്റെ പ്രിയപ്പെട്ട ഇടത്തില്‍ തടകികൊണ്ട് ജോണി കുറെക്കൂടി അവനെ ചേര്‍ത്തുപിടിച്ചു. കളഞ്ഞുപോയതെന്തോ തിരിച്ചുകിട്ടിയ കുഞ്ഞിനെപ്പോലെ കൈസര്‍ ജോണിയുടെ അരികിലേക്ക് ചാഞ്ഞുനിന്നു. പട്ടിക്കൂടിന്റെ വാതില്‍ തുറന്ന് അവനെ പുറത്തേക്കിറക്കി കയ്യിലുണ്ടായിരുന്ന ചോറ് അവന്റെ പാത്രത്തിലേക്ക് ജോണി കുടഞ്ഞിട്ടു. ഭക്ഷണത്തേക്കാളും കൈസറിന് അപ്പോള്‍ ജോണിയെ മതിയാര്‍ന്നു. കൂടിന്റെയരികിലെ അലക്ക് കല്ലിന്റെ മീതെ ഇരുന്ന് ജോണി അവന്റെ രണ്ടു കൈയെടുത്ത് സ്വന്തം മടിയില്‍ വച്ചു ഇടറിയ സ്വരത്തില്‍ പറഞ്ഞു,
''സാരുല്ലടാ... നീ എന്തിനാ കെവിനെ കടിച്ചത്... അവന്‍ കൊച്ചല്ലേ... അതാ എനിക്ക് ദേഷ്യം വന്നത്...''
കൈസര്‍ എന്ന നായ ആ നിമിഷം പുറപ്പെടുവിച്ച അപശബ്ദങ്ങളെല്ലാം ചേര്‍ന്ന് മാപ്പെന്ന വാക്ക് അവിടെ രൂപംകൊണ്ടു.
ഒരു നായയുടെ മാപ്പ് പറച്ചിലില്‍ ഒരു മനുഷ്യന്റെ നെഞ്ച് നീറുകയാണ്... ശബ്ദം ഇടറുകയാണ്.
''ഞാന്‍ കൊറേ തല്ലി അല്ലേടാ... സാരൂല്ലടാ...'' കൈസറിന്റെ നെറ്റിയില്‍ അയാള്‍ ഒരുമ്മ വച്ചു. ഭൂമിയില്‍ മറ്റാര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ കൈസര്‍ അന്ന് മൃഗങ്ങളുടെ ദൈവത്തിനു നന്ദി പറഞ്ഞു. ഭക്ഷണം കഴിക്കണ നേരത്ത് ആരേയും കൂസാത്ത കൈസര്‍, ഒരാളെയും അടുപ്പിക്കാത്ത കൈസര്‍, അന്ന് കഴിക്കണ നേരത്ത് മുഴുവന്‍ വാലാട്ടിക്കൊണ്ടിരുന്നു. അരികില്‍, അവന്റെ മുതുകില്‍ തടവികൊണ്ട് കണ്ണുനിറഞ്ഞ് ജോണിയും. അവരെ രണ്ട് പേരെയും ഉറ്റുനോക്കിക്കൊണ്ട് രണ്ടാളുകള്‍ അകത്തെ ഇരുട്ടില്‍. ഇരുട്ടില്‍ നില്‍ക്കുന്ന ആ രണ്ടു തലമുറയിലെ മുതിര്‍ന്ന ആളുടെ കണ്ണില്‍ നിന്നും ഉതിര്‍ന്നു വീണ കണ്ണീര്‍തുള്ളികള്‍ ഒരിളം കുഞ്ഞിന്റെ ഷര്‍ട്ടില്ലാത്ത ദേഹത്ത് വീണു പൊള്ളിച്ചു. ലഹരിക്കോപ്പയില്‍ മൂക്ക് കുത്തി വീണ്, വീടും വീട്ടുകാരെയുമൊക്കെ കൈമോശം വന്ന സ്വന്തം മകനെ ഒരു സ്ത്രീ നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ്. അറക്കപറമ്പില്‍ ജോണി എന്ന് പറയുന്ന ആ നാല്‍പതു വയസ്സുകാരന്റെ ഭൂതകാല പൊള്ളലുകള്‍ അറിയാവുന്ന ഭൂമിയിലെ ഏക സ്ത്രീയായിരുന്നു ആ വൃദ്ധ.
ഒരാളോടു പോലും തുറന്നു പറയാതെ അറക്കപ്പറമ്പില്‍ ജോണി എന്ന പച്ചയായ ഒരു പുരുഷന്‍ സ്വന്തം ചങ്കില്‍ കൊണ്ടുനടന്ന സര്‍വ പൊള്ളലനുഭവങ്ങള്‍ക്കും മീതെ ദൈവം പുരട്ടിയ സൗഖ്യലേപനത്തിന്റെ പേരാണ് റീത്ത. പ്രിയപെട്ടവരാല്‍ പോറലേറ്റ രണ്ടു പടുജന്മങ്ങള്‍ ഒരു കെട്ടു കുര്‍ബാനയില്‍ ഒന്നിച്ചപ്പോള്‍ അവര്‍ പരസ്പരം വൈദ്യരായും മരുന്നായും സൗഖ്യമായും മാറിയെങ്കിലും പഴുപ്പ് വിട്ടുമാറാത്ത മുറിവേറ്റ ചില മാംസയിടങ്ങള്‍ പോലെ അവരിരുവരുടെയും ആത്മാവില്‍ വീണ്ടും വീണ്ടും വേദനയേറ്റു കൊണ്ടേയിരുന്നു.
* * * * *
ഡിഗ്രി പഠനത്തിന്റെ പരാജയത്തിനുശേഷം കൊച്ചിയിലെ കടല്‍ത്തീര ത്തു നിന്നും ദുബായി യുടെ കടല്‍തീരത്തേക്കു കെവിനെ കൂട് മാറ്റാന്‍ നോക്കുമ്പോള്‍ കെവിന്റെ കൈവശം കൊടുത്തു വിടാന്‍ ഉണ്ടായിരുന്നത് റീത്തയും അനിയത്തിമാരും ഇട്ടു പൂട്ടികൊടുത്ത ഇറച്ചി അച്ചാറിന്റെയും ചെമ്മീനച്ചാറിന്റെയും കുപ്പികളും, പാരസെറ്റാമോളും ടൈഗര്‍ ബാമും അടങ്ങിയ ഫസ്റ്റ് എയ്ഡിന്റെ ഒരു മെഡിക്കല്‍ കിറ്റും മാത്രമായിരുന്നു. അയല്‍ക്കാരുടെ വീടുകളുടെ അകവും പുറവും അടിച്ചുവാരിയും അടുക്കള കഴുകിയും സ്വരുകൂട്ടിയിട്ടും പിന്നെയും നീളുന്ന കാശിന്റെ ആവശ്യം ഇര വിഴുങ്ങാന്‍ വാ പിളര്‍ന്ന പെരുമ്പാമ്പിനെ പോലെ പിന്നെയും നീണ്ടു കിടന്നു.
പെയിന്റ് പണിക്കാരനും ഒത്ത പൈന്റടിക്കാരനുമായ അറയ്ക്കല്‍ ജോണിന്റെ മൂന്ന് മക്കളില്‍ മൂത്തവന്‍ കെവിനെ ദുബായിക്കു വിടാനായി പച്ചാളം പത്താം പീയൂസ് ഇടവകക്കാരിയും ജോണിന്റെ ഭാര്യയുമായ റീത്തയുടെ കൈയില്‍ പണയം വയ്ക്കാന്‍ പോലും പണ്ടമില്ലാത്ത രീതിയില്‍ ജീവിതം പണ്ടാരടങ്ങിയിരിക്കു വായിരുന്നു. എന്നിട്ടും, മക്കളുടെ തലയില്‍ ദുരിതപെയ്ത്ത് വീഴുന്നത് കാണാതിരിക്കാന്‍ റീത്ത ഉടപ്പെറന്ന പെണ്ണുങ്ങളുടെ പക്കല്‍ പരസഹായം തേടിച്ചെന്നു. ദാരിദ്ര്യത്തിന്റെ മുഴുപ്പും നിത്യരോഗങ്ങളുടെ വിഴുപ്പും പേറി പ്രപഞ്ചത്തില്‍ ചുവട് വച്ചിരുന്ന റീത്തയെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയമായിരുന്നു. അതുകൊണ്ടുതന്നെ ഉടപ്പിറന്നോരിലെ ബീനയും ബ്രിജിത്തും കൈത്തണ്ടയിലെ സ്വര്‍ണ്ണവളകളില്‍ നേരിയതു നോക്കി റീത്തയുടെ സാരി തുമ്പിലേക്ക് ചുരുട്ടിവച്ചു. അവരവരുടെ ആണുങ്ങള്‍ കാണാതെ ചില വീട്ടകങ്ങളിലെ പെണ്ണുങ്ങള്‍ നടത്തി വരുന്ന എത്രയെത്ര സ്വര്‍ണ്ണ വായ്പകളും അടുക്കളയുടെ പുകയേറ്റ് കറുത്ത ബ്ലാക്ക് മണി ട്രാന്‍സാക്ഷനുകളുമാണ് കൂടെപ്പിറപ്പ് ബന്ധങ്ങളെയും അയല്‍പക്ക ബന്ധങ്ങളെയും കര കയറ്റിയിട്ടുള്ളതെന്ന് കര്‍ത്താവിനു പോലും വല്യ നിശ്ചയമുണ്ടാകില്ല. കെട്ട്യോന്റെ കുത്തുവിട്ട പോക്കറ്റില്‍ നിന്നപഹരിച്ച് കൂട്ടി അരിചാക്കിലും അലമാരിക്കകത്തെ നിഗൂഢയറകളിലും കൂട്ടിവച്ച കൊച്ചുകാശുകളെടുത്ത് റീത്ത മൂത്തമകന്റെ വിമാനയാത്രയ്ക്ക് ചിറകുകള്‍ തുന്നി.
എത്ര അലക്കിയാലും പെയിന്റൊഴിഞ്ഞു പോകാത്ത ജോണിന്റെ മുണ്ടും ഷര്‍ട്ടും മടക്കിവച്ചും, ഉച്ചയ്ക്കത്തെ ഊണും കറിയും പൊതിഞ്ഞെടുത്ത സ്റ്റീല്‍ പാത്രവും കവറിലിട്ട് റീത്ത കൈകൂപ്പി കണ്ണടച്ച് നില്‍ക്കുന്ന ജോണിന്റെ അരികിലോട്ടു ചെന്നു. രൂപക്കൂടിന്റെ ഉള്ളിലെ മിഖായേല്‍ മാലാഖയുടെ ഫോട്ടോയില്‍ തൊട്ടുമുത്തി, നടയില്‍ നിന്നുമെടുത്ത സൈക്കിളിന്റെ താക്കോലെടുത്ത്, പിതാവിനും പുത്രനും വരച്ച് പുറത്തേക്കിറങ്ങുന്ന ജോണി പുണ്യാളനാണോ പിശാചാണോയെന്നു കാലമാണ് തെളിയിക്കേണ്ടത്.
കയ്യില്‍ മടക്കിപിടിച്ച വര്‍ക്കിങ് ഡ്രെസ്സും ഉച്ചയൂണിന്റെ ചോറ്റുപാത്രവും കൂടി റീത്ത ജോണിയുടെ സൈക്കിളിന്റെ കാരിയറിന്റെ സ്റ്റാന്‍ഡ് പൊക്കി അതില്‍ വച്ചു. 'കറിക്കെന്താന്ന് വച്ചാല്‍ വാങ്ങിക്കെന്നും' പറഞ്ഞ് ജോണി അമ്പത് രൂപയെടുത്ത് റീത്തയുടെ നേരെ നീട്ടി. ഇടതു കൈകൊണ്ട് ആ കാശ് മേടിച്ച്, റീത്ത വലത് കയ്യില്‍ കടലാസില്‍ പൊതിഞ്ഞ രണ്ട് നേരിയ സ്വര്‍ണ്ണവളകള്‍ ജോണിയുടെ നേരെ നീട്ടി. കാര്യം മനസ്സിലാകാതെ മുഖത്തേക്കു നോക്കിയ ജോണിയോട് ''അനിയത്തിമാര്‍ തന്നതാണെന്നും കെവിന് ദുബായിക്ക് പോകാന്‍ പണയം വയ്ക്കാന്‍ തന്നതാണെന്നും'' പറഞ്ഞു. ഒരക്ഷരം പോലും പറയാതെ ജോണി അതു വാങ്ങി പോക്കറ്റിലേക്കുവച്ച് സൈക്കിളെടുത്ത് വഴിയിലേക്കിറങ്ങി.
അതൊരു ശനിയാഴ്ച അല്ലായിരുന്നു എന്നതായിരുന്നു റീത്തയുടെ ഏകധൈര്യം. ശനിയാഴ്ച ആയിരുന്നെങ്കില്‍ ആ വളകള്‍ വാറ്റുചാരായക്കടകളിലോ, കൂട്ടുകാരൊന്നിച്ചുള്ള ചീട്ടുകളിയിലോ പണയപ്പിരിവായി മാറുമെന്നുറപ്പാണ്.
(തുടരും)