മനുഷ്യന് ഒരു ചരമഗീതം

മനുഷ്യന് ഒരു ചരമഗീതം
Published on
  • ബോബി ജോര്‍ജ്ജ്

ലോകജനസംഖ്യയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്നത് ഈ കാലഘട്ട ത്തിലെ ഏറ്റവും പ്രസക്ത മായ ചോദ്യങ്ങളില്‍ ഒന്നാണ്. ഒരുകാലത്തു, ക്രമാതീതമായ ജനസംഖ്യ വര്‍ധനവ്, ഭൂമിയെ മുഴുവന്‍ ദാരിദ്ര്യത്തില്‍ ആക്കും എന്ന ഒരു ഭീതിയാണ് പ്രധാനമായി ഉണ്ടായിരുന്നത് (മാല്‍ത്തൂസ് ജനസംഖ്യ സിദ്ധാന്തം ഓര്‍ക്കുക). പക്ഷെ ഈ ഭീതിയെ നമുക്ക് മറികടക്കാന്‍ സാധിച്ചു എന്നുതന്നെ പറയാം. ലോകത്തിനു ആവശ്യമുള്ള ഭക്ഷണം ഇന്ന് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. എങ്കിലും എല്ലാവര്‍ക്കും ആവശ്യത്തിന് അത് വിതരണം ചെയ്യുന്നതില്‍ നമുക്ക് പരാജയം സംഭവിച്ചു എന്നത് വസ്തുതയാണ്. തല്‍ഫലമായി, ലോകത്തിന്റെ ഒരറ്റത്ത്, നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നതിന് അപ്പുറം സമൃദ്ധി ഉള്ളപ്പോള്‍ വേറെ ഒരിടത്തു മുഴുപ്പട്ടിണിയും ക്ഷാമവും നാം കാണുന്നു. അതോടൊപ്പം, മാല്‍ത്തൂസ് സങ്കല്‍പ്പിച്ചതിനു വിരുദ്ധമായി, ലോകത്ത് ഒരുപാടു രാജ്യങ്ങളില്‍ ജനസംഖ്യ കുറഞ്ഞു വരുന്ന പ്രതിഭാസമാണ് കാണുന്നത്. ഇന്ന് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് തല്‍ക്കാലം വലിയ ഒരു പ്രശ്‌നമായി തോന്നുകയില്ല. ജനസംഖ്യയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ വേറെ പലതുമാണ്. അതിലേക്കു പിന്നീടു വരാം.

  • കുറയുന്ന ജനസംഖ്യ

ലോകവ്യാപകമായി, പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍ ജനസംഖ്യ കുറഞ്ഞു വരുന്നു എന്നതാണ് വസ്തുത (Demographic Winter). ആഗോള ശരാശരി പ്രത്യുല്‍പാദന നിരക്ക് (Total Fertility Rate) 1950 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 4.8 ല്‍ നിന്നും 2.2 ആയി കുറഞ്ഞു എന്ന് കണക്കുകള്‍ പറയുന്നു. ചില രാജ്യങ്ങളിലെ നിരക്ക് നോക്കുക. അമേരിക്ക (1.6), ജപ്പാന്‍ (1.2) ദക്ഷിണ കൊറിയ (0.75). പശ്ചിമ യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളിലും, പ്രത്യുല്‍പാദന നിരക്ക് ഇതുപോലെ കുറഞ്ഞ അവസ്ഥയിലാണുള്ളത്. മരണം മൂലം കുറയുന്ന ജനസംഖ്യയെ നിലനിര്‍ത്താന്‍ വേണ്ട റേറ്റ് ആയി കരുതപ്പെടുന്നത് 2.1 ആണ്. മുകളില്‍ കാണിച്ച, കണക്കുകള്‍ പ്രകാരം, ഒട്ടനവധി രാജ്യങ്ങളില്‍ പ്രത്യുല്‍പാദന നിരക്ക് ഈ പറയുന്ന 2.1 നു താഴെയാണ് എന്ന് കാണാന്‍ സാധിക്കും. ഇതിന്റെ പരിണിതഫലം, നിരന്തരമായി കുറഞ്ഞു വരുന്ന ജനസംഖ്യ ആയിരിക്കും. ജപ്പാന്‍, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അത് ഇപ്പോള്‍ തന്നെ പ്രകടമാണ്. ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലുള്ള ജനസംഖ്യാ വര്‍ധനവ് മൂലം, താല്‍ക്കാലികമായി ലോക ജനസംഖ്യ കൂടുന്നു എങ്കിലും, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അത് ഏറ്റവും പീക്ക് ആവുകയും പിന്നീട് അത് ക്രമേണ കുറയുകയും ചെയ്യും എന്നാണ് കരുതപ്പെടുന്നത്.

ജനസംഖ്യ പടിപടിയായി കുറയുന്നത്, ഒരു രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. യുവജനങ്ങളാണ് / കുട്ടികളാണ് ഒരു രാജ്യത്തിന്റെ ചാലക ശക്തി.

ജനസംഖ്യയിലുള്ള കുറവ് എന്തുകൊണ്ടാണ് നമ്മെ അസ്വസ്ഥരാക്കുന്നത്? ജനസംഖ്യ കുറയുന്ന മിക്ക രാജ്യങ്ങളും, കുട്ടികളുടെ എണ്ണം കൂടുവാനായി പലതരം ക്ഷേമപദ്ധതികള്‍ തുടങ്ങുന്ന വാര്‍ത്തകള്‍ നാം നിരന്തരം കാണുന്നുണ്ട്. ജനസംഖ്യ പടിപടിയായി കുറയുന്നത്, ഒരു രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. യുവജനങ്ങളാണ് / കുട്ടികളാണ് ഒരു രാജ്യത്തിന്റെ ചാലക ശക്തി. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ, ശാസ്ത്ര സാങ്കേതിക പുരോഗതിയെ, വികസനത്തെ ഒക്കെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവിടത്തെ ചെറുപ്പക്കാരാണ്. അവരാണ് തൊഴില്‍ ചെയ്യുന്നതില്‍ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ, ജനസംഖ്യ കുറയുന്ന രാജ്യങ്ങളെ തുറിച്ചു നോക്കുന്നത്, സാമ്പത്തിക രംഗത്തെ ഈ പ്രതിസന്ധി ആയിരിക്കും. തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കുറയുകയും, പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുന്ന അവസ്ഥയാണ് അങ്ങനെയുള്ള രാജ്യങ്ങള്‍ നേരിടുന്നത്. മുന്‍തലമുറകളെ അപേക്ഷിച്ചു കുട്ടികളെ വളര്‍ത്തുക എന്നത്, ഇന്ന് വളരെ ദുഷ്‌കരമാണ് എന്ന ഒരു ചിന്ത പ്രബലമാണ്. കൂട്ടുകുടുംബങ്ങളുടെയൊക്കെ തകര്‍ച്ചയോടു കൂടി, കുട്ടികള്‍ക്ക് എല്ലാവരുടെയും പിന്തുണ കിട്ടി വളരാനുള്ള സാഹചര്യങ്ങള്‍ കുറയുന്നു. അതോടൊപ്പം തന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യം, മുന്‍കാലങ്ങളെ അപേക്ഷിച്ചു, തൊഴില്‍, സോഷ്യല്‍ മീഡിയ, യാത്ര തുടങ്ങി അനേകം കാര്യങ്ങളില്‍ മനുഷ്യന്‍ കൂടുതല്‍ വ്യാപൃതനാകുന്നതോടെ, ജീവിതത്തില്‍ അര്‍ഥം കിട്ടാന്‍ കുട്ടികള്‍ കൂടിയേ തീരൂ എന്ന ധാരണയും മാറുകയാണ്.

  • ഭാരതത്തിന്റെ അവസ്ഥ

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രത്യുല്‍പാദനനിരക്കായ 1.9, replacement level ആയ 2.1 ലും താഴെയാണ്. രാജ്യം സാമ്പത്തികമായി മുന്നേറുകയും, സ്ത്രീ വിദ്യാഭ്യാസം കൂടുകയും ഒക്കെ ചെയ്യുമ്പോള്‍ ഈ നിരക്ക് ഇനിയും താഴേക്ക് പോകാനാണ് സാധ്യത. എങ്കില്‍ പോലും ഇന്ന് ഒരുപക്ഷെ ലോകരാജ്യങ്ങളില്‍ ഏറ്റവും സന്തുലിതമായ ജനസംഖ്യയുള്ള ഒരു രാജ്യം തന്നെയാണ് ഭാരതം. മറ്റു ഏതൊരു രാജ്യത്തെക്കാളും ചെറുപ്പക്കാര്‍ ഇന്ന് ഭാരതത്തില്‍ ഉണ്ട്. ജനസംഖ്യയുടെ ഈ അനുകൂല സാഹചര്യത്തെ എത്രത്തോളം രാജ്യത്തിന് ഒരു മുതല്‍ക്കൂട്ടാക്കി മാറ്റാന്‍ സാധിക്കുന്നുണ്ട് എന്നതാണ് കൂടുതല്‍ പ്രസക്തമായ ചോദ്യം. വലിയൊരു ശതമാനം ജനങ്ങള്‍ കടുത്ത പട്ടിണിയിലും, നിരക്ഷരതയിലുമൊക്കെയാണെങ്കില്‍, ജനസംഖ്യ ഒരു രാജ്യത്തിന് ബാധ്യതയാണ്, ഇതാണ് ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി. അതോടൊപ്പം നിര്‍ഭാഗ്യകരമായ മറ്റൊരു കാര്യം, നമ്മുടെ രാജ്യത്തു വരുമാനത്തിലുള്ള അസമത്വം കൂടി വരുന്നു എന്നുള്ളതാണ്. സമ്പത്തു കുറച്ചു പേരുടെ കൈയില്‍ മാത്രമായി കേന്ദ്രീകരിക്കുമ്പോള്‍, മഹാഭൂരിപക്ഷം വെറും നമ്പര്‍ മാത്രമായി മാറുന്നു. ഒരു ക്ഷേമരാഷ്ട്ര സങ്കല്‍പം ഒക്കെ നാം പറയുമെങ്കിലും, ആരോഗ്യവും, വിദ്യാഭ്യാസവും പോലും, സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു. ജനങ്ങള്‍ക്ക് മികച്ച ജീവിത സൗകര്യങ്ങളും, വിദ്യാഭ്യാ സവും, തൊഴിലും ഒക്കെ കൊടുക്കാന്‍ നമുക്ക് സാധിക്കുമെങ്കില്‍, ജനസംഖ്യയുടെ ഗുണഫലങ്ങള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ കിട്ടാന്‍ സാധ്യതയുള്ള ഒരു രാജ്യം ഇന്ത്യ തന്നെ ആയിരിക്കും.

  • മനുഷ്യന് ഒരു ചരമഗീതം

മലയാളത്തിന്റെ മഹാനായ കവി ആയിരുന്ന ഒ എന്‍ വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം നാമെല്ലാം കേട്ടിട്ടുണ്ട്. മനുഷ്യന്റെ ചെയ്തികള്‍ കൊണ്ട് ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയായിരുന്നു അതിന്റെ ഇതിവൃത്തം. കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി, മനുഷ്യന്‍ എന്ന സ്വാര്‍ഥ ജീവി ഭൂമിയില്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ ഓര്‍ത്തു, ഇനി മനുഷ്യന്‍ പെരുകാതെ ഇരിക്കുന്നതാണ് നല്ലതെന്നു വാദിക്കുന്ന അനേകം തത്വചിന്തകര്‍ ഉണ്ട്. പ്രത്യുല്‍പ്പാദനം എന്ന ആശയത്തിനെതിരെ, antinatalism എന്ന ചിന്തയും പലയിടത്തും പ്രബലമാണ്!

പ്രവചനങ്ങള്‍ എന്തുതന്നെ ആയാലും, മനുഷ്യന്‍ എന്ന ജീവിയുടെ ഉത്തരവാദിത്വം ഇനി വലുതാണ്. ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടു തന്നെ, ജനസംഖ്യയും ബാലന്‍സ് ചെയ്യുക എന്ന ശ്രമകരമായ വെല്ലുവിളിയാണ് അവന്റെ മുന്നിലുള്ളത്. അതുപോലെ തന്നെ പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും ആത്മാഭിമാനമുള്ള ഒരു ജീവിതം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വവും മനുഷ്യരാശിക്കുണ്ട്.

  • ലേഖകന്റെ ബ്ലോഗ്:

  • www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org