Todays_saint

വിശുദ്ധ സ്‌നാപകയോഹന്നാന്‍ : ജൂണ്‍ 24

Sathyadeepam
കത്തോലിക്കാസഭ ജന്മദിനം ആഘോഷിക്കുന്ന ഏകവിശുദ്ധന്‍ സ്‌നാപകയോഹന്നാനാണ്. ക്രിസ്തുവിന്റെ ജനനത്തിന് (ഡിസംബര്‍ -25) കൃത്യം ആറുമാസം മുമ്പ്. ഈശോയുടെ ജനനവാര്‍ത്ത അറിയിച്ച ഗബ്രിയേല്‍ ദൈവദൂതന്‍ തന്നെയാണ് സ്‌നാപകയോഹന്നാന്റെയും ജനനവാര്‍ത്ത അറിയിച്ചത്.

"സഖറിയാ ഭയപ്പെടേണ്ട. നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. അവന് യോഹന്നാന്‍ എന്നു പേരിടണം. കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും.

വീഞ്ഞോ മറ്റു ലഹരി പാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും. ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാന്‍ അവന്‍ കര്‍ത്താവിന്റെ മുമ്പേ പോകും." (ലൂക്കാ. 1:13-17)

ഈശോ തന്നെ പറഞ്ഞു: "സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവനില്ല." (ലൂക്ക. 7:28) യോഹന്നാന്‍ ഉത്ഭവപാപത്തിലാണു ജനിച്ചതെങ്കിലും അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ പരിശുദ്ധനാക്കപ്പെട്ടു.

ക്രിസ്തുവാണു സത്യം. സത്യത്തിനുവേണ്ടി സ്വയം ബലി കഴിക്കുന്നവന്‍ ക്രിസ്തുവിനുവേണ്ടിയാണ് അതു ചെയ്യുന്നത്.
വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബെരിയോണെ

മിശിഹായ്ക്ക് വഴി ഒരുക്കാനാണ് അവന്‍ വന്നത്. മരുഭൂമിയില്‍ വിളിച്ചുപറയുന്ന സ്വരം അവന്റേതായിരുന്നു: "കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് വിശാലവീഥി ഒരുക്കുവിന്‍" (ഏശയ്യ. 40:3)

"ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" (യോഹ. 1:29). എന്നു വിളംബരം ചെയ്തിട്ട് യോഹന്നാന്‍ പശ്ചാത്തലത്തിലേക്ക് പിന്‍വാങ്ങുകയാണ്. "അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം" (യോഹ. 3:30).

യോഹന്നാന്‍ മരുഭൂമിയില്‍ കാട്ടുകിഴങ്ങുകളും തേനും ഭക്ഷിച്ച് താപസനായി ജീവിച്ചു. പശ്ചാത്തപിക്കുവാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ജോര്‍ദാന്‍ നദിയില്‍വച്ച് ക്രിസ്തുവിന് ജ്ഞാനസ്‌നാനം നല്‍കി.

താന്‍ രക്ഷകനാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചപ്പോള്‍, താന്‍ രക്ഷകനല്ലെന്നും വരാനിരിക്കുന്ന, അവന്റെ ചെരിപ്പിന്റെ ചരടുകള്‍ അഴിക്കാന്‍ പോലും താന്‍ യോഗ്യനല്ലെന്നുമുള്ള സത്യം അദ്ദേഹം വെളിപ്പെടുത്തി.

അങ്ങനെ ക്രിസ്തുവിനു പാത ഒരുക്കുന്ന യജ്ഞത്തില്‍ ഹേറോദേസിന്റെ മുഖത്തുനോക്കി സത്യം വിളിച്ചുപറയാന്‍ അദ്ദേഹം മടിച്ചില്ല. ഹേറോദേസും ഹേറോദിയായും സലോമിയും ഉള്‍പ്പെട്ട ആ ദുരന്തനാടകത്തിന്റെ അവസാനം യോഹന്നാന്റെ ശിരസ് ഛേദിക്കപ്പെട്ടു. സത്യത്തിനുവേണ്ടി അദ്ദേഹം സ്വയം ബലികഴിച്ചു.

മതബോധന സെമിനാർ

അഭിലാഷ് ഫ്രേസര്‍ക്ക് ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരം

നേതൃത്വ പരിശീലന ശിബിരവും, അവാർഡ് വിതരണവും നടന്നു

ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഭയപ്പെടുകയില്ല