ULife

അതിരുകടക്കുന്ന വിവാഹ’റാഗിംഗ് ‘

Sathyadeepam

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍
അസി. പ്രഫസര്‍,സെന്‍റ് തോമസ് കോളേജ്, തൃശ്ശൂര്‍

ഒരു കുടുംബത്തിന്‍റെയും അടുത്ത ബന്ധുമിത്രാദികളുടെയും കൂടിച്ചേരലിനും കൂട്ടായ്മയ്ക്കും അവസരമൊരുക്കിയിരുന്ന ആഘോഷാവസരങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഒരു നാടിനെ മുഴുവന്‍ ഉത്സവത്തിമിര്‍പ്പിലാക്കുന്ന തരത്തിലേയ്ക്കും അതിലുപരി തങ്ങളുടെ സമ്പത്തു തീര്‍ക്കുന്ന അത്യാഢംബരം സമൂഹത്തെ അറിയിക്കുന്ന മാധ്യമമായും ഒരു പരിധിവരെ നമ്മുടെ കല്യാണാഘോഷങ്ങളില്‍ പലതും ഇതിനകം മാറിക്കഴിഞ്ഞു. സാമ്പത്തിക സൗകര്യങ്ങളുള്ളവരൊരുക്കുന്ന ഇത്തരം ആഢംബരം, സാധാരണക്കാര്‍ക്കു പോലും സമ്മര്‍ദ്ദമുണ്ടാക്കുന്ന നിര്‍ബന്ധിത സാഹചര്യത്തിലേയ്ക്ക് വഴിമാറി. മുന്തിയ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ കല്യാണമുറപ്പിക്കല്‍ ചടങ്ങ് മുതല്‍ ഒരു ശരാശരി ബാറിലെ ഒരു ദിവസത്തെ മദ്യവില്‍പ്പനയോട് കിടപിടിക്കുന്ന രീതിയില്‍ തന്നെയുള്ള തലേ ദിവസത്തെ ബാച്ചിലേഴ്സ് പാര്‍ട്ടിയുള്‍പ്പടെ എല്ലാം ഇതേ രീതിയില്‍ തന്നെ.

കല്യാണ ദിവസത്തെ റിസപ്ഷന്‍ പാര്‍ട്ടിയില്‍ തുടങ്ങി, വധുവിനെയും വരനെയും എന്തിന് അവരുടെ മാതാപിതാക്കളെപ്പോലും, തമാശക്കാണെങ്കില്‍ പോലും പലവിധത്തില്‍ വരന്‍റെ കൂട്ടുകാരുടെ നേതൃത്വത്തില്‍ തമാശ രൂപേണ അപഹസിക്കുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റാഗ് ചെയ്യുന്ന നിശ്ചല ദൃശ്യങ്ങളും വീഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലെ ഇന്നത്തെ പതിവുകാഴ്ചകള്‍ തന്നെയാണ്. ഒരു രസത്തിനു തുടങ്ങിയ ഏര്‍പ്പാടുകള്‍, വിവാഹദിവസത്തെ എത്രമാത്രം അപമാനകരവും അരോചകവുമാക്കുമെന്നത് നമ്മുടെ പ്രാഥമിക ചിന്തകള്‍ക്കുമപ്പുറത്താണ്. വഴിക്ക് വച്ച് വാഹനം തട്ടിയെടുത്ത് വീട്ടുകാരെ മുള്‍മുനയില്‍ നിറുത്തുക, തുടര്‍ന്ന് കിലോമീറ്ററുകളോളം നവദമ്പതികളെ നടത്തിക്കുക, സഞ്ചരിച്ചിരുന്ന കാര്‍ മാറ്റി, പകരം വരനേയും വധുവിനെയും സൈക്കിള്‍ ചവിട്ടിക്കുക, ജെസിബി-കാളവണ്ടി-ആനപ്പുറം-കഴുതപ്പുറം എന്നിവയിലേറ്റുക. വെറുതെ ചടങ്ങുകള്‍ വൈകിപ്പിക്കുക. വരനെ കൂട്ടുകാര് ശവപ്പെട്ടിയില്‍ കൊണ്ടുപോകുക, ആദ്യരാത്രി 12 മണിക്ക് മുറിക്കുള്ളിലേയ്ക്ക് പടക്കകുലകള്‍ വലിച്ചെറിഞ്ഞ് വെടിക്കെട്ട് നടത്തുക, മുറിയില്‍ മൊബൈല്‍ സ്പീക്കര്‍ വച്ച് ദമ്പതിമാരുടെ സംസാരവും, ശബ്ദങ്ങളും ദൂരെ സ്ഥാപിച്ച ഉച്ചഭാഷണിയുമായി ഘടിപ്പിച്ച് കേട്ടു രസിക്കുക മാത്രമല്ല – പരസ്യപ്പെടുത്തുക, മൊബൈലില്‍ കേള്‍പ്പിക്കുക – വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുക, ആദ്യ രാത്രി മുറിയില്‍ ചതിക്കുഴികള്‍ ഒരുക്കുക, വിവാഹ തലേന്നും വിവാഹത്തിനു തൊട്ട് മുമ്പും തട്ടികൊണ്ട് പോകുക, പഴയ കാലത്തെ ഫോട്ടോകളും വിളിപ്പേരുകളും ചേര്‍ത്ത് പൊതുയിടങ്ങളില്‍ ഫ്ളക്സുകള്‍ സ്ഥാപിക്കുക എന്നിങ്ങനെയുള്ള അതിക്രൂരവും ഒരു പരിധിവരെ വധൂവരന്മാരുടേയും കുടുംബാംഗങ്ങളുടേയും മാനസികനില പോലും തെറ്റിക്കുന്ന വിനോദങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഈയടുത്ത നാളുകളിലായി, ഈ പ്രവണതകള്‍ കൂടി വരുന്നതും ഇതിന്‍റെ ചുവടുപിടിച്ച് കല്യാണവീടുകളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ അതിരുവിടുന്നതും തന്നെയായിരിക്കാം കേരള പോലീസ് തന്നെ ഈ വിഷയത്തില്‍ മുന്നറിയിപ്പുമായി രംഗത്തു വരാന്‍ കാരണം. ഈ മുന്നറിയിപ്പു തന്നെ ഈ പ്രശ്നത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നതിന്‍റെ അടിസ്ഥാന തെളിവാണ്.

സന്തോഷത്തിന്‍റെ വിവാഹദിനങ്ങളില്‍ ചിലപ്പോഴെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീര്‍വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കല്‍, ബാന്‍ഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങള്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തര്‍ക്കങ്ങള്‍ക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നുണ്ട്.

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികള്‍ ആസ്വദിക്കുന്ന ഒരു വിഭാഗം സ്വാഭാവികമായുമുണ്ടാകാം. എന്നാല്‍ ആസ്വാദനത്തിന്‍റെ അതിരുകളെല്ലാംവിട്ട്, മറ്റൊരാളുടെ ദുഃഖത്തില്‍ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ 'രസകരമായ ആചാരങ്ങള്‍' പലപ്പോഴും സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില്‍ പലയിടങ്ങളിലും ഇത് സാമാന്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. കൂട്ടുകാരെ ഇത്തരത്തില്‍ ചെയ്യാന്‍ ഒരു പരിധി വരെ പ്രേരിപ്പിക്കുന്നത് വരന്‍റെ ഇന്നലെകളിലെ ചെയ്തികളാണ്. അയാള്‍ മുന്‍പ് കൂട്ടുകാരന്‍റെ വിവാഹദിനത്തില്‍ കൊടുത്ത 'പണി'യാണ് പിന്നീട് അതേ 'പണി'യായി തന്നെ തിരികെ ലഭിക്കുന്നത്.

ഇത്തരത്തിലുള്ള പ്രവൃത്തികള്‍ കാരണം കല്യാണം കൂട്ടത്തല്ലില്‍ അവസാനിക്കുന്നതും കല്യാണം തന്നെ മുടങ്ങിപ്പോകുന്നതും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വരന്‍റെ സുഹൃത്തുക്കള്‍ ഒരുക്കിയ ഇത്തരം തമാശകളില്‍ മാനസിക നിലപോലും തെറ്റി വിവാഹദിനം തന്നെ വിവാഹമോചനത്തില്‍ എത്തിയ സംഭവങ്ങള്‍ക്കും കേരളം സാക്ഷിയായിക്കഴിഞ്ഞു. കൂടാതെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന മാനസിക വേദനയും ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളില്‍ എതിര്‍പ്പ് തോന്നിയാല്‍ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികള്‍ക്ക് കാരണമാവുന്നത്. എന്നും ഓര്‍ത്തുവയ്ക്കുവാനും അസാധാരണത്വം ഉണ്ടാക്കുന്നതിനും കൂട്ടുകാര്‍ ഒരുക്കുന്ന ഇത്തരം കസര്‍ത്തുകള്‍ ഒരു സാമൂഹ്യവിപത്തായിമാറിക്കഴിഞ്ഞു. വരന്‍റെ സുഹൃത്തുക്കളൊരുക്കിയ സര്‍പ്രൈസില്‍ വധുവിന്‍റെ മാനസികനില തെറ്റിയതും മണിയറയിലേയ്ക്ക് പമ്പ്സെറ്റ് വെച്ച് വെള്ളം പമ്പ് ചെയ്ത് വധു മരണപ്പെട്ടതും നമ്മുടെ മലയാള നാട്ടില്‍നിന്നും 2018-ല്‍ റി പ്പോര്‍ട്ടു ചെയ്യപ്പെട്ട വാര്‍ത്തകളാണെന്നത് ഈ മുന്നറിയിപ്പുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

വിവാഹ സുദിനം നൊമ്പരമായല്ല ഓര്‍മ്മിക്കപ്പെടേണ്ടത്, എന്നും നിലനില്‍ക്കുന്ന മാനവിക കാഴ്ചകളുടെ പേരില്‍ തന്നെയാണ്. അതിനുള്ള തുടക്കം നമ്മില്‍ നിന്നാകട്ടെ. ഏവര്‍ക്കുമാസ്വാദ്യകരമായ ആഘോഷങ്ങളില്‍ മുഖം തിരിക്കണമെന്നല്ല അതിന്‍റെയര്‍ത്ഥം. ഒത്തുചേരലിന്‍റെയും കൂട്ടായ്മയുടെയും പരിമളം ചൊരിയുന്ന തമാശകളും പരിപാടികളുമൊക്കെ ആവശ്യം തന്നെ. അതിനെ ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കാനുള്ള മനസ്സ് പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ, ചില വ്യക്തികളുടെ സമ്മര്‍ദ്ദം മൂലം പലപ്പോഴും ഉണ്ടാകാന്‍ സാധ്യതയുള്ള അരോചകമായ ആഭാസങ്ങളില്‍ തിരുത്തലുകളാകാനുള്ള ആര്‍ജ്ജവം നമുക്കേറ്റെടുക്കാം. അതിനുള്ള നന്മയുണ്ടാകട്ടെ.

പോലീസ് മുന്നറിയിപ്പിന് കടപ്പാട്:
https://www.facebook.com/124994060929425/posts/1966731076755705/

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം