ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. ആദിവാസികളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ച്, തടവറക്കുള്ളില്‍ മരണത്തിന് വിധേയനായ സ്റ്റാന്‍ സ്വാമിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനുള്ള ഗ്യാലറിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. തലസ്ഥാനമായ റാഞ്ചിയിലെ കാര്‍ഷിക പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും പുറമേ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും അഭിഭാഷകരും പങ്കെടുത്തു.

2006 ല്‍ ഫാ. സ്റ്റാന്‍ സ്ഥാപിച്ച ബഗയിച്ച എന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ഫാ. തോമസ് കവലക്കാട്ട്് എസ് ജെ സമ്മേളനത്തിന് സ്വാഗതം പറഞ്ഞു. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്ന ഒരു സംവിധാനമാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ഫാ. കവലക്കാട്ട് ചൂണ്ടിക്കാട്ടി. ദരിദ്രരായ ആദിവാസികളുടെ അവകാശ സംരക്ഷണത്തില്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കും ഫാ. സ്റ്റാന്‍ സ്വാമി തയ്യാറായിരുന്നില്ല. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മാത്രമല്ല, മറിച്ച് ആ പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനാണ് ജന്മദിന വാര്‍ഷികം സംഘടിപ്പിച്ചത്, അദ്ദേഹം വിശദീകരിച്ചു.

എന്‍ഐഎ അറസ്റ്റ് ചെയ്യുമ്പോള്‍ ബഗൈചയിലാണ് ഫാ.സ്റ്റാന്‍ കഴിഞ്ഞിരുന്നത്. ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിലായ ഫാ. സ്റ്റാന്‍ മുംബൈയിലെ ജയിലില്‍ വിചാരണ തടവുകാരനായി 9 മാസം കഴിയുകയും മതിയായ ചികിത്സയുടെ അഭാവത്തില്‍ മരണമടയുകയുമായിരുന്നു. സമ്മേളനത്തില്‍ വച്ച് രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും ആദിവാസി അവകാശങ്ങളെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. ഫാ. സ്റ്റാന്‍ സ്വാമി ഉപയോഗിച്ചിരുന്ന മുറിയാണ് ഗ്യാലറിയായി പരിവര്‍ത്തിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org