ULife

വയോജനപരിചരണ മേഖലയിലെ തൊഴിലവസരങ്ങള്‍

എം. ഷൈറജ് IRS

ലോകത്ത് വയോജനങ്ങളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയാണ്. 2019-ലെ കണക്കു പ്രകാരം 703 മില്യണ്‍ ജനങ്ങള്‍ 65 വയസ്സിനു മുകളിലുള്ളവരാണ്. 2050 ആകുമ്പോഴേക്കും ഇത് 1.5 ബില്യണായി ഇരട്ടിക്കുമെന്ന് കണക്കാ ക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലാകട്ടെ മൊത്തം ജനസംഖ്യയുടെ 8 ശതമാനം 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. കേരളത്തിന്റെ ജനസംഖ്യയുടെ ഏതാണ്ട് 12.6% ആണ് വയോജനങ്ങളുടെ എണ്ണമെന്നും കണക്കാക്കപ്പെടുന്നു.

വയോജന സംരക്ഷണം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൂല്യവ്യവസ്ഥയില്‍ അന്തര്‍നിര്‍മ്മിതമാണെങ്കിലും, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരെ പരിപാലിക്കുന്നത് മാറിയ സാമൂഹികകുടുംബ സാഹചര്യങ്ങളില്‍ പ്രത്യേകമായ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു. കുടുംബത്തിലാണെങ്കിലും ആരോഗ്യ കേന്ദ്രങ്ങളിലാണെങ്കിലും കമ്മ്യൂണിറ്റി ലിവിംഗ് കേന്ദ്രങ്ങളിലാ ണെങ്കിലും കെയര്‍ ഹോമുകളിലാണെങ്കിലും മുതിര്‍ന്നവര്‍ക്ക് ശാരീരികവും മാനസികവും മറ്റു വിധത്തിലുള്ളതു മായ പിന്തുണ നല്‍കുന്നതിന് പ്രൊഫ ഷണലുകള്‍ ആവശ്യമാണിന്ന്.

നിയമ വ്യവസ്ഥകള്‍

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 41 വാര്‍ദ്ധക്യകാല അവകാശം ഉറപ്പാക്കുന്നതിന് ഫലപ്രദമായ വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്ന് വിഭാവനം ചെയ്യുന്നു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007-ല്‍ നിലവില്‍ വന്നു. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതിനായി 1999-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് വൃദ്ധര്‍ക്കുള്ള ദേശീയ നയവും പ്രഖ്യാപിച്ചു. സാമ്പത്തിക സുരക്ഷയും ഭക്ഷ്യസുരക്ഷയും ആരോഗ്യ പരിരക്ഷയും പാര്‍പ്പിട ആവശ്യങ്ങളും ചൂഷണത്തില്‍ നിന്നുള്ള സംരക്ഷണവും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സേവനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിന് ഗവണ്‍മെന്റ് പിന്തുണ ഈ നയം വിഭാവനം ചെയ്യുന്നു. നയം നടപ്പിലാക്കുന്നതിനായി ദേശീയ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്.

വൃദ്ധസദനങ്ങള്‍, ഡേ കെയര്‍ സെന്ററുകള്‍, മൊബൈല്‍ മെഡികെയര്‍ യൂണിറ്റുകള്‍, വിശ്രമ പരിചരണ ഭവനങ്ങള്‍, തുടര്‍ പരിചരണ ഭവനങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനും പരിപാലി ക്കുന്നതിനുമുള്ള പിന്തുണ, അല്‍ഷിമേഴ്‌സ്/ ഡിമെന്‍ഷ്യ രോഗികള്‍ക്കായി ഡേ കെയര്‍ സെന്ററുകളുടെ നടത്തിപ്പ്, പ്രായമായവര്‍ക്കുള്ള ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍, ഹെല്‍പ്പ് ലൈനുകള്‍, പ്രായമായവര്‍ക്കുള്ള കൗണ്‍സിലിംഗ് സെന്ററുകള്‍, സ്‌കൂളുകളിലും കോളേജുകളിലും കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികള്‍, റീജണല്‍ റിസോഴ്‌സ് ട്രെയിനിംഗ് സെന്ററു കള്‍, പ്രായമായവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കല്‍, മുതിര്‍ന്നവര്‍ക്കും പരിചരണം നല്‍കുന്നവര്‍ക്കും വേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടികള്‍, മുതിര്‍ന്ന പൗരന്മാരുടെ സംഘടനകളുടെ രൂപീകരണം തുടങ്ങിയവ കേന്ദ്ര സം സ്ഥാന സര്‍ക്കാരുകള്‍ വിവിധ സംഘടനകളുടെ സഹായത്തോടെ നടപ്പാക്കി വരുന്നു.

കരിയര്‍

മേല്‍പറഞ്ഞ സാഹചര്യങ്ങളാല്‍ വയോജന പരിചരണം ശക്തമായൊരു തൊഴില്‍ മേഖലയായി മാറിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് ഇതൊരു സ്‌പെഷ്യലിസ്റ്റ് കരിയറാണിന്ന്.

ജെറിയാട്രിക് ഡോക്ടര്‍

പ്രായമായവരുടെ ആരോഗ്യ പരിരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ജെറിയാട്രിക്‌സ് അഥവാ ജെറിയാട്രിക് മെഡിസിന്‍. മുതിര്‍ന്നവരില്‍ രോഗങ്ങളെയും വൈകല്യങ്ങളെയും തടയുകയും ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യം ഉറപ്പു വരുത്തുകയയെന്നതാണു ലക്ഷ്യം. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ജെറിയാട്രിക്‌സില്‍ മൂന്ന് വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡന്‍സി (എംഡി) പരിശീലനം നടത്താം. കൂടാതെ മറ്റു ചില സ്‌പെഷ്യാലിറ്റികള്‍ കഴിഞ്ഞവര്‍ക്ക് ഹൃസ്വകാല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ജെറിയാട്രിക് പ്രാക്ടീസ് നടത്താം.

സോഷ്യല്‍ വര്‍ക്കര്‍

എം.എസ്.ഡബ്‌ള്യൂ (MSW), ബി.എസ്. ഡബ്‌ള്യൂ (BSW) തുടങ്ങിയ കോഴ്‌സുകള്‍ പഠിച്ച പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് വയോജന പരിപാലനം മികച്ചൊരു കരിയര്‍ മേഖലയാണ്. ജെറിയാട്രിക് സോഷ്യല്‍വര്‍ക്ക് ഐഛിക വിഷയമായെടുക്കുന്നതും വയോജന പരിപാലന കേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും.

ജെറിയാട്രിക് നഴ്‌സിംഗ്

ബി.എസ്.സി നഴ്‌സിംഗ്, ഡിപ്ലോമ നഴ്‌സിംഗ് തുടങ്ങിയവ പഠിച്ചവര്‍ക്ക് വിദേശത്തുള്‍പ്പടെ മികച്ച അവസരങ്ങളാണ് വയോജന പരിപാലന രംഗത്തുള്ളത്. ജെറിയാട്രിക് നഴ്‌സിംഗില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ (Post Basic Diploma Courses in Specialty Nursing) കോഴ്‌സ് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരത്തോടെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കാവുന്നതുമാണ്. വയോജന പരിപാലന രംഗത്ത് തൊഴില്‍ ലഭിക്കാന്‍ ഈ യോഗ്യത അത്യന്താപേക്ഷിതമല്ല. എന്നാല്‍ തൊഴില്‍ സാധ്യതയും നിലവാരവും ഈ യോഗ്യത വര്‍ദ്ധിപ്പിക്കും.

കൗണ്‍സിലര്‍/ സൈക്കോളജിസ്റ്റ്

ക്ലിനിക്കല്‍ സൈക്കോളജി പഠിച്ചവര്‍ക്കും കൗണ്‍സലിംഗ് പരിശീലനം സിദ്ധിച്ചവര്‍ക്കും വയോജന പരിപാലന രംഗത്ത് തൊഴിലവസരങ്ങളുണ്ട്. സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്ക് പഠിച്ചവര്‍ക്കും കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുവാനാകും.

കെയര്‍ അസിസ്റ്റന്റുമാര്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക വ്യക്തി കേന്ദ്രീകൃത പരിചരണം ആവശ്യമായതിനാല്‍ ഹ്രസ്വകാല, ദീര്‍ഘകാല പരിചരണം നല്‍കുന്നവര്‍, ബെഡ്‌സൈഡ് അസിസ്റ്റന്റുമാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ഡേ ടൈം കെയറര്‍മാര്‍, 24X7 കെയറര്‍മാര്‍ എന്നിവര്‍ക്ക് വിപുലമായ അവസരമാണുള്ളത്. അനുയോജ്യ മായ വ്യക്തിഗുണങ്ങള്‍ ഉള്ളവര്‍ ഇതുമായി ബന്ധപ്പെട്ട ഹൃസ്വകാല കോഴ്‌സുകള്‍ ചെയ്യുന്നത് പ്രയോജനകരമായിരിക്കും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സ് കോഴ്‌സുകള്‍

കെയര്‍ അസിസ്റ്റന്റുമാരുടെയും കെയര്‍ മാനേജര്‍മാരുടെയും വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സ് (NISD) ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഇംഫാല്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ റിസോഴ്‌സ് ട്രെയിനിംഗ് സെന്ററുകള്‍ മുഖേന വിവിധ പരിശീലന കോഴ്‌സുകള്‍ നടത്തുന്നു.

പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് ജെറിയാട്രിക് കെയറിനെക്കുറിച്ചുള്ള മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിക്കാം. +2 യോഗ്യതയുള്ളവര്‍ക്കായി ആറ് മാസത്തെ ജെറിയാട്രിക് കെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റഗ്രേറ്റഡ് ജെറിയാട്രിക് കെയര്‍ (PGDIGC) പഠിക്കാനും അവസരമുണ്ട്. വയോജ നപരിചരണ മാനേജര്‍മാരായി പ്രവര്‍ത്തിക്കാന്‍ PGDIGC സഹായിക്കും.

അധ്യാപകര്‍, കൗണ്‍സിലര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ക്കായുള്ള ഹൃസ്വകാല പരിശീലനങ്ങളും നടത്തിവരുന്നുണ്ട്.

ഓണ്‍ലൈന്‍ കോഴ്‌സുകള്‍

NISD തപസ് (TAPAS - Training for Augmenting Productivtiy and Services) എന്ന പോര്‍ട്ടല്‍ വഴി വയോജന സംരക്ഷണത്തില്‍ സ്വയംപഠന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കേരളത്തില്‍

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും കുടുംബശ്രീയും ചില സ്വകാര്യ സ്ഥാപനങ്ങളും വയോജന സംരക്ഷണത്തില്‍ പരിശീലനം നല്‍കുന്നുണ്ട്.

വിദേശ അവസരങ്ങള്‍

വിദേശ രാജ്യങ്ങളില്‍ വയോജനപരിചരണ രംഗത്ത് അവസരങ്ങള്‍ വിപുലമായുണ്ട്. കൂടാതെ, യുകെ പോലുള്ള രാജ്യങ്ങളില്‍ പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ താമസഭക്ഷണച്ചെലവുകള്‍ കണ്ടെത്താനായി ഏറ്റവുമധികം ആശ്രയിക്കുന്നത് വയോജനപരിചരണ കേന്ദ്രങ്ങളിലെ പാര്‍ട്ട് ടൈം തൊഴിലുകളെയാണ്.

വ്യക്തിഗുണങ്ങള്‍

വയോജനപരിചരണ രംഗത്ത് തൊഴില്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ വ്യക്തിഗുണങ്ങള്‍ ഈ മേഖലയ്ക്ക് അനുയോജ്യമാണെന്നത് ഉറപ്പു വരുത്തണം.

വെബ് സൈറ്റുകള്‍

www.nisd.gov.in | https://tapas.dosje.gov.in

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു