വിശ്വാസത്തിന്റെ നിധിക്ക് സര്‍ക്കാരിന്റെ ക്ഷേമമോ?
ക്രൈസ്തവസഭകളിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി ആവിഷ്‌കരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്, കേരള സര്‍ക്കാര്‍ ക്രൈസ്തവസഭകളോട് അഭിപ്രായം ചോദിച്ചിരിക്കുന്നു. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ടതാണ് ഈ പദ്ധതി.
മതാധ്യാപകരെക്കുറിച്ചുള്ള നിര്‍വചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം, തുടങ്ങിയവയെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെയും ലഭ്യമാക്കാതെ, വിശ്വാസപരിശീലന മേഖലയെക്കുറിച്ചുള്ള ഒരു പഠനവും ഇല്ലാതെ ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ചു മാത്രം അഭിപ്രായം ചോദിച്ചിരിക്കുന്ന സര്‍ക്കാരിന്റെ നിലപാട് കൗതുകകരമാണ്! 2026 ഇലക്ഷന്‍ മുന്നേ കണ്ടുള്ള മധുരംവയ്പ് ആരംഭിച്ചിരിക്കുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ ആകുമോ?
ഇതേക്കുറിച്ച് സര്‍ക്കാരിനോട് ഒന്നും പറയാനില്ല. പക്ഷേ സഭകള്‍ക്ക് ചെവിയോര്‍ക്കാന്‍ ഒരുപാടുണ്ട്! വിശ്വാസപരിശീലനം സഭയുടെ ഹൃദയമാണ്. ദാനമായി വിശ്വാസിക്ക് ലഭിച്ചത് ദാനമായി അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇടം. സ്വമനസാലെയും നിസ്വാര്‍ത്ഥമായും കടന്നുവരുന്ന വിശ്വാസപരിശീലകര്‍ മനസ്സുകൊണ്ടുപോലും അതിന് പ്രതിഫലമോ പ്രത്യുപകാരമോ ആഗ്രഹിക്കാറില്ല. ജോലിയേക്കാള്‍ സുകൃതം ആയിട്ടാണ് അതിനെ കാണുന്നതും. അത്തരമൊരു കാര്യത്തെ വരുമാനത്തിന്റെ പരിസരത്തേക്ക് കൊണ്ടുവരുമ്പോള്‍ അത് സ്വാഭാവികമായി വാണിജ്യവല്‍ക്കരിക്കപ്പെടും. ലൗകികമായ ആനുകൂല്യങ്ങള്‍ സുവിശേഷത്തിന്റെ ഭാഗമാകുമ്പോള്‍ അത് വിപണന ചരക്ക് ആകും, രാഷ്ട്രീയത്തിന്റെ ഭാഗമാകും. ക്രമേണ ഇതിലേക്ക് കടന്നുവരുന്നവരുടെ മനസ്സിനെയും കാഴ്ചപ്പാടുകളെയും ബാധിക്കും. ഇത് വിശ്വാസ പരിശീലനത്തിന്റെ ആത്മീയ ഉള്‍ക്കാഴ്ചകളെയും പരിസരത്തെയും തച്ചുടയ്ക്കും. ഇത്തരത്തില്‍ ഔദ്യോഗികതയിലേക്കുള്ള മാറ്റം വിശ്വാസ പരിശീലനം സ്വീകരിക്കുന്ന കുട്ടികളുടെ മനസ്സുകളെ പോലും ബാധിക്കാം.
സര്‍ക്കാര്‍ വിഹിതം സ്വീകരിക്കുന്ന ചുരുക്കം ചില വിദേശരാജ്യങ്ങളിലെ സഭാശുശ്രൂഷകളുടെ ഫലദായകത്വവും അവിടുത്തെ വിശ്വാസവളര്‍ച്ചയും ഇതോടൊപ്പം കേരള സഭയ്ക്ക് പഠന വിധേയമാക്കാവുന്നതാണ്. കേരള സഭയിലെ വിശ്വാസപരിശീലകര്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരും ഉപജീവനത്തിനായി മറ്റ് ഉദ്യോഗങ്ങള്‍ വഹിക്കുന്നവരും ആണ്. അവര്‍ കേരളസഭയുടെ അഭിമാനവും അമൂല്യ നിധിയുമാണ്.
വിശ്വാസപരിശീലനത്തിനുപോലും സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ആശ്രയിക്കുമ്പോള്‍ പലപ്പോഴും സാമൂഹികവും ധാര്‍മികവുമായ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാടെടുക്കാന്‍ സഭയ്ക്ക് സാധിക്കാതെ വരും. അത് സഭയുടെ പ്രവാചക ശബ്ദത്തെ ദുര്‍ബലമാക്കും. പൊളിറ്റിക്കലി കറക്റ്റ് ആയിട്ടുള്ള പല കാര്യങ്ങളും സുവിശേഷാത്മകമായി ശരിയായി കൊള്ളണമെന്നില്ലല്ലോ. ഇതിന് ചുവടുപിടിച്ച് പക്ഷങ്ങളും ചേരിതിരിവും സഭയ്ക്കുള്ളില്‍ തന്നെ വര്‍ദ്ധിക്കുന്ന സാഹചര്യവും ഉണ്ടാകാം. ഇതെല്ലാം അനേകര്‍ പങ്കുവെക്കുന്ന ആശങ്കകളാണ്.
വിശ്വാസപരിശീലനത്തിനു പോലും സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ആശ്രയിക്കുമ്പോള്‍ പലപ്പോഴും സാമൂഹികവും ധാര്‍മികവുമായ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാടെടുക്കാന്‍ സഭയ്ക്ക് സാധിക്കാതെ വരും. അത് സഭയുടെ പ്രവാചക ശബ്ദത്തെ ദുര്‍ബലമാക്കും.
നിലവില്‍ മദ്രസ അധ്യാപക ക്ഷേമനിധി നിധിയുമായി ബന്ധപ്പെട്ട് എന്തുമാത്രം വ്യാജ പ്രചാരണങ്ങള്‍ ആണ് (സര്‍ക്കാര്‍ മദ്രസ അധ്യാപക ചെലവ് വഹിക്കുന്നുവെന്ന അര്‍ഥത്തില്‍!) കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കൃത്യമായ ഇടവേളകളില്‍ വാട്‌സാപ്പില്‍ പ്രചരിപ്പിക്കപ്പെടുന്ന ഈ വ്യാജവാര്‍ത്ത വലിയൊരു അളവ് വരെ കേരളത്തില്‍ അതിശക്തമായ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്. പൊട്ടിയൊലിക്കുന്ന അഗ്‌നിപര്‍വ്വതത്തിന് സമാ നമാണ് ഈയാഴ്ചയും കേരളത്തിലെ രാഷ്ട്രീയ സാമുദായിക നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍. മന്ത്രി മുഖ്യന്മാരും അതില്‍ പിന്നിലല്ല. അതിന്റെ ലാവയില്‍ കാല്‍ ചവിട്ടി പൊള്ളാതെ പൊള്ളുകയും വിങ്ങുകയും ചേരി തിരിയുകയും ആണ് മലയാളികളുടെ മനസ്സും വാക്കും. അതിനിടയിലേക്കാണ് ഈ ഇലക്ഷന്‍ കാലത്ത് ക്രിസ്ത്യന്‍ മതാധ്യാപകര്‍ക്ക് ഒരു ക്ഷേമനിധിയുമായി വസ്തുനിഷ്ഠമായ വിവരങ്ങളുടെ പശ്ചാത്തലം ഇല്ലാതെ സര്‍ക്കാര്‍ എത്തുന്നത്.
സഭയുടെ സാമൂഹിക പ്രബോധനം അനുസരിച്ച് സഭയും ഭരണകൂടവും അവരവരുടെ പ്രവര്‍ത്തന മേഖലകളില്‍ സ്വതന്ത്രരാണ്. സഭയ്ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നീ മേഖലകളില്‍ സര്‍ക്കാരുമായി സഹകരിക്കാം. എന്നാല്‍ സുവിശേഷപ്രഘോഷണം സഭയുടെ മാത്രം ഉത്തരവാദിത്തമാണ്. അതിന്റെ ഭാരങ്ങളും ക്ലേശങ്ങളും സഭയ്ക്കും മാത്രം സ്വന്തവും. അതിനാല്‍ ഇത്തരം ആനുകൂല്യ വാഗ്ദാനങ്ങളോട് അതീവ ജാഗ്രതയോടെ ആയിരിക്കണം സഭയുടെ പ്രതികരണം.

