തെമ്മാടിക്കുഴി ഒരു നിയമമോ നയമോ അല്ല

തെമ്മാടിക്കുഴി ഒരു നിയമമോ നയമോ അല്ല
Published on
  • ഫാ. ജോര്‍ജ് വിതയത്തില്‍, അത്താണി

രണ്ട് പ്രമുഖ സാഹിത്യകാരന്മാരെ തെമ്മാടിക്കുഴിയില്‍ സംസ്‌കരിച്ചു എന്നും സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും പ്രസ്താവിച്ചുകൊണ്ടുള്ള ബഹു

ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കലിന്റെയും (സത്യദീപം, ലക്കം 19), പ്രസ്തുത ലേഖനത്തെ പ്രശംസിച്ചുകൊണ്ടുള്ള ഡോ. കുര്യാക്കോസ് കുമ്പളക്കുഴിയുടെയും (സത്യദീപം, ലക്കം 21) അഭിപ്രായവുമായി എന്റെ ദീര്‍ഘകാല അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ യോജിക്കുവാന്‍ കഴിയുന്നില്ല. മാത്രമല്ല, ഇത് തെറ്റിദ്ധാരണാജനകവുമാണ്. പ്രധാനകാരണം തെമ്മാടിക്കുഴി എന്നൊരു ഭാഗം സെമിത്തേരിയില്‍ ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ ഒരു നിയമം സഭയില്‍ ഉള്ളതായും അറിയില്ല. എന്നാല്‍ തെമ്മാടിക്കുഴി എന്നത് ഒരു കമ്പോളവാര്‍ത്തയാണ്. വിശ്വാസവിരോധികളും സമൂഹത്തില്‍ വെറുക്കപ്പെട്ടവരുമായ വ്യക്തികളെ സെമിത്തേരികളില്‍ സംസ്‌കരിക്കാറുണ്ട്. സംസ്‌ക്കരിക്കപ്പെടുന്ന വ്യക്തികളോടുള്ള സമൂഹത്തിന്റെ ആക്ഷേപകരമായ നിലപാടിന്റെ പ്രതികരണമാണ് തെമ്മാടിക്കുഴി എന്നത്.

ലേഖനത്തില്‍ പ്രസ്താവിത വ്യക്തികള്‍ കത്തോലിക്കാ സഭയിലെ പ്രമുഖ വ്യക്തികളാണ്. സഭയുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അകന്നു നില്‍ക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ഭാരതസ്വാതന്ത്ര്യത്തിനുശേഷം നിലവിലിരുന്ന ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയില്‍ നിന്നും വളരെ വ്യത്യസ്തമായി, പ്രത്യേകിച്ച് സാമൂഹ്യ-രാഷ്ട്രീയ-കലാ-സാഹിത്യ വിഷയങ്ങളില്‍ സംഭവിച്ച വിപ്ലവകരമായ അതിവേഗ പരിവര്‍ത്തനകാലത്ത് സഭയുടെ നിലപാടുമായി യോജിക്കുവാന്‍ സാധിക്കാത്തിനാല്‍ സഭയില്‍ നിന്നും അകലം പാലിച്ചു എന്നതാണ് സത്യം. സമകാലീന കാലത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ച് (സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ്) സഭയുമായി അകന്നു നില്‍ക്കുന്നവരെ സ്വന്തമാക്കുക പതിവായിരുന്നു.

ആ കാലഘട്ടത്തിന്റെ നിക്ഷ്പക്ഷവും വസ്തുനിഷ്ഠവുമായ അവലോകനം കൊണ്ടു മാത്രമേ പ്രസ്താവിത വ്യക്തികളുടെ വ്യക്തിത്വത്തോട് നീതിപുലര്‍ത്താന്‍ സാധിക്കൂ. അതു മുഴുവനും വിസ്തരിക്കുവാന്‍ സാധ്യമല്ല. സാഹിത്യകാരന്മാരെ തിരിച്ചറിയുന്നില്ല എന്ന ആരോപണവും മേല്‍ പ്രസ്താവിച്ച പരിവര്‍ത്തനകാലത്തെ വിശ്വാസ സന്മാര്‍ഗവിഷയത്തില്‍ ഉണ്ടായ വിപ്ലവകരമായ വ്യത്യാസങ്ങളും കൂടി ഒപ്പം അറിയേണ്ടതുണ്ട്.

സഭയുടെ വിശ്വാസ സന്മാര്‍ഗപഠനങ്ങളെ നിഷേധാത്മകമായും ആക്ഷേപാത്മകമായും അവതരിപ്പിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുള്ളതുകൊണ്ട്, പ്രത്യേകിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സഭയുടെ പ്രബോധനങ്ങളെ വികലമായി അവതരിപ്പിക്കുമ്പോള്‍ സഭ അതിനെതിരായി ശബ്ദമുയര്‍ത്തുമ്പോള്‍ സഭ മറുവശത്ത് എന്ന് ആക്ഷേപിക്കുന്നു. ഇന്നലകളെ ഇന്നത്തെ വ്യവസ്ഥിതിയുമായി വിചാരണ നടത്തിയാല്‍ ഇന്നലകള്‍ വളരെയധികം തെറ്റുകളുടെ ഉടമയായി വിധിക്കപ്പെടും. ഇതാണ് ഇപ്പോള്‍ കുറച്ചു കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org