Familiya

സ്ത്രീ വിളക്കും വെളിച്ചവും

സി. അമല്‍ ഗ്രേസ് CMC
ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ അവന് അമ്മയാണ്, പെങ്ങളാണ്, ഭാര്യയാണ്, കാമുകിയും കൂട്ടുകാരിയുമൊക്കെയാണ്. അവിടെ അതിന്റെ പൂര്‍ണ്ണതയില്‍ എത്താന്‍ കഴിയുമ്പോഴാണ് ഓരോ സ്ത്രീയുടെയും ജീവിതം സുഗന്ധപൂരിതമാകുന്നത്. ഒരു സ്ത്രീയെപ്പോലെ ഒരമ്മയെപ്പോലെ പൂര്‍ണ്ണതയുള്ള മറ്റൊന്ന് ഈ ലോകത്തിലോ പ്രപഞ്ചത്തിലോ ഇല്ല തന്നെ.

സ്ത്രീകളെ സംബോധന ചെയ്തുകൊണ്ട് ജോണ്‍പോള്‍ പാപ്പ ഇങ്ങനെ എഴുതി. 'സഭയിലും സമൂഹത്തിലും സ്ത്രീയുടെ അന്തസ്സ് വര്‍ധിപ്പിക്കേണ്ട ദൗത്യം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് സ്ത്രീക്ക് തന്നെയാണ്. ഈ ദൗത്യത്തിലെ പ്രമുഖവ്യക്തികള്‍ എന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വം അവര്‍ അംഗീകരിക്കണം.' പാപ്പയുടെ വാക്കുകള്‍ എത്രയോ ശരിയാണ്. അതേ, സ്ത്രീകളെ അവരായിരിക്കുന്നതുപോലെ കാണാന്‍ അവര്‍ തന്നെ ആദ്യം പഠിക്കേണ്ടതുണ്ട് എന്ന യാഥാര്‍ത്ഥ്യം എത്ര വ്യക്തമായിട്ടാണ് മാര്‍ പാപ്പ അവരെ ബോധ്യപ്പെടുത്തുന്നത്. പ്രപഞ്ചത്തിന്റെ ആരംഭം തന്നെ അനുഗ്രഹീതമായിരിക്കുന്നത് സ്ത്രീയുടെ സാന്നിധ്യത്തിലും സൗന്ദര്യത്തിലുമാണ് എന്നത് എത്ര സുന്ദരമായ ദര്‍ശനമാണ്. 'ദൈവത്തിന്റെ ദാനം നീ അറിഞ്ഞിരുന്നെങ്കില്‍' (യോഹ. 4:10) എന്ന യേശുവിന്റെ വാക്കുകളില്‍ ഓരോ സ്ത്രീയോടുമുള്ള കരുതലും, അവളോടുള്ള ആര്‍ദ്രതയും ആദരവുമുണ്ട്. അവന്റെ ഈ വാക്കുകള്‍ എന്നും എന്നേക്കും ഉള്ളതാണ്.

ഇന്നിന്റെ ഏറ്റവും സുന്ദരമായ കാഴ്ച, ഏതൊരു സ്ത്രീയും വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക സാമൂഹിക രംഗത്തും അവരുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മാത്രം പ്രാപ്തിയുള്ളവളായി വളര്‍ന്നു കഴിഞ്ഞു എന്നുള്ളതാണ്. ഈശോ സ്ത്രീയുടെ ദൗത്യത്തെ കുടുംബത്തില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയില്ല. സ്ത്രീകള്‍ക്ക് വ്യക്തിത്വം അംഗീകരിച്ചു കൊടുത്തു കൊണ്ട് അവരെ ശിഷ്യകളായി സ്വീകരിച്ചു കൂടെ നടത്തി. പുരുഷനോടൊപ്പം ഇരുത്തുന്ന, അവനോടൊപ്പം ചിന്തിക്കാന്‍ പ്രാപ്തയാക്കുന്ന വ്യക്തിത്വമായിരുന്നു ക്രിസ്തുവിന്റേത്. ആ അവബോധത്തിലേക്കാണ് അവന്‍ അവളെ ഉയര്‍ത്തി നിര്‍ത്തിയത്.

ഏതൊരു തൊഴിലാളിയുടെയും അന്തിമസ്വപ്നം മുതലാളിയാവുക എന്നതാണല്ലോ. എന്നതുപോലെ, സ്ത്രീത്വത്തെ സ്വയം അംഗീകരിക്കാന്‍ കഴിയാത്ത സ്ത്രീകളും ഇല്ലാതില്ല. തന്റെ മഹത്വത്തെ പൂര്‍ണ്ണതയില്‍ ആദരിക്കാന്‍ കഴിയാത്ത, ഏറ്റെടുത്ത ജീവിതാന്തസ്സിന്റെ ഗുണമേന്മയില്‍ അഭിമാനിക്കാനോ ആര്‍ജവത്തോടെ ജീവിക്കാനോ കഴിയാത്ത പലരെയും നാം ജീവിതവഴികളില്‍ കണ്ടുമുട്ടുന്നുണ്ട്. അത്തരക്കാര്‍ ചെയ്യുന്നത് ഇരിക്കുന്ന കൊമ്പു മുറിച്ച് സാഹസം കാട്ടി സ്വയം പരിഹാസ പാത്രമാവുകയാണ്. ഇത്തരക്കാര്‍ പുഴുക്കുത്തേറ്റ പൂക്കള്‍ പോലെയാണ്.

ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ അവന് അമ്മയാണ്, പെങ്ങളാണ്, ഭാര്യയാണ്, കാമുകിയും കൂട്ടുകാരിയുമൊക്കെയാണ്. അവിടെ അതിന്റെ പൂര്‍ണ്ണതയില്‍ എത്താന്‍ കഴിയുമ്പോഴാണ് ഓരോ സ്ത്രീയുടെയും ജീവിതം സുഗന്ധപൂരിതമാകുന്നത്. ഒരു സ്ത്രീയെപ്പോലെ ഒരമ്മയെപ്പോലെ പൂര്‍ണ്ണതയുള്ള മറ്റൊന്ന് ഈ ലോകത്തിലോ പ്രപഞ്ചത്തിലോ ഇല്ല തന്നെ. ചില പരാജയത്തോടെ എല്ലാം എന്നെന്നേക്കുമായിതീര്‍ന്നെന്ന് ചിലപ്പോള്‍ നമുക്ക് തോന്നിയേക്കാം. എന്നാല്‍ ഒരിക്കലും അത് അങ്ങനെ ആകണമെന്നില്ല. കൂടുതല്‍ ശക്തിയോടെ നമുക്കായി പലതും പുനര്‍ജനിക്കും. ഏതൊരു സ്ത്രീയുടെയും മനസ്സില്‍ അവള്‍ സ്‌നേഹിക്കുന്ന വിശ്വസിക്കുന്ന ഏകശക്തി…ഒരു വ്യക്തി മാത്രം മതി, അവള്‍ക്ക് ഈ ലോകത്തെ കീഴടക്കാന്‍!!. മര്‍ത്ത പറയുന്നില്ലേ. 'നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു'വെന്ന്. മൃതമായതിന് ജീവനേകാന്‍ ഉള്ളിന്റെ ഉള്ളിലെ ആര്‍ജവവും ആഗ്രഹവും മാത്രം മതി.

കാലത്തിനു മായ്ക്കാനാവാത്ത ആത്മാര്‍ത്ഥതയുടെ, കരുത്തിന്റെ, കരുതലിന്റെ ആള്‍രൂപമാണ് സ്ത്രീ. പരിശുദ്ധ അമ്മയില്‍ നമുക്കത് കാണാനാകും. സഹനത്തെ സദ്‌വാര്‍ത്തയും സ്‌തോത്രഗീതവുമാക്കി അവള്‍ സ്വയം സൗഖ്യമാക്കി. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്കും നിനക്കും അതിന് കഴിയും. ഒരിക്കലുമണയാത്ത വിളക്കും, വെളിച്ചവുമായി നേരിന്റെ പാതയിലൂടെ നിര്‍ഭയം നടക്കുക മാത്രം ചെയ്യുക. സ്ത്രീയെന്ന സുകൃതയെ പുറത്തെടുത്ത് അതിനെ സുഗന്ധപൂരിതമാക്കുക.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം