Familiya

ഔഷധ​ഗുണങ്ങൾ നിറഞ്ഞ ശതാവരി

Sathyadeepam

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

നിരവധി ഔഷധഗുണങ്ങളുടെ ഉറവിടമാണു 'ശതാവരി'. ധാരാളം ഔഷധഗുണങ്ങളുള്ളതിനാല്‍ 'ദശവീര്യ' എന്ന സംസ്കൃത പേരും ഇതിനുണ്ട്. ഇതൊരു വള്ളിച്ചെടിയാണ്. ഇതിന്‍റെ ഇലകളില്‍ മുള്ളുകള്‍ കാണപ്പെടുന്നു. വെളുത്ത പൂവുള്ള ശതാവരിയുടെ കിഴങ്ങാണ് ഔഷധയോഗ്യമായിട്ടുള്ളത്. ഇതിന്‍റെ കിഴങ്ങിനു ചെറുവിരലോളം വണ്ണമേ ഉണ്ടാകൂ.

പ്രോട്ടീനും കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റും ജീവകം എ, ബി, സി, എന്നിവയും ശതാവരിയുടെ കിഴങ്ങില്‍ ഉള്‍പ്പെടുന്നു. നല്ല രുചിയുള്ളതും ഔഷധഗുണങ്ങള്‍ നിറഞ്ഞതുമായ അച്ചാര്‍ ഉണ്ടാക്കുവാന്‍ ഇവ ഉപയോഗിക്കാറുണ്ട്, നല്ലൊരു ദാഹശമിനിയായും ഇതു കരുതിപ്പോരുന്നു.

ഉള്ളംകാല്‍ ചുട്ടുനീറുന്നവരില്‍ ശതാവരിക്കിഴങ്ങ് അരച്ചു നീരെടുത്തു രാമച്ചപ്പൊടി ചേര്‍ത്തു ലേപനം ചെയ്യുന്നതു നല്ലതാണ്. മഞ്ഞപ്പിത്തം, മൂത്രതടസ്സം, മൂത്രക്കല്ല്, വയറു സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്കു ഫലപ്രദമായി ശതാവരി ഉപയോഗിക്കാറുണ്ട്.

സ്ത്രീസംബന്ധമായ ഒട്ടനവധി രോഗങ്ങള്‍ക്കു പ്രതിവിധി നല്കുവാന്‍ കഴിവുള്ള ഒരു ഔഷധം കൂടിയാണു ശതാവരി. ശതാവരി തനിച്ചും മറ്റു മരുന്നുകളോടു ചേര്‍ത്തും ഔഷധാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നു.

ശതാവരിയുടെ ഇലകള്‍ മനോഹരമാണ്. ഇത് അലങ്കാര ആവശ്യങ്ങള്‍ പൂച്ചെണ്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അവയോടൊപ്പവും പഴയ കാലങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിരുന്നു. അലങ്കാരാവശ്യങ്ങള്‍ക്ക് ഇപ്പോഴും ഇതിന്‍റെ ഇലകള്‍ ഉപയോഗിക്കാറുണ്ട്.

ഈര്‍പ്പമുള്ള ഫലഭൂയിഷ്ഠമായ മണ്ണില്‍ ശതാവരി നന്നായി വളര്‍ന്നു കാണുന്നു. വിത്തു പാകി കിളിര്‍പ്പിച്ച തൈകളും ചുവടുള്‍പ്പെടെയുള്ള കിഴങ്ങുകളും നടാന്‍ ഉപയോഗിക്കാവുന്നതാണ്. കിളച്ചൊരുക്കിയ കൃഷിസ്ഥലത്ത് കുഴിയെടുത്ത് അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ഇട്ടശേഷം ശതാവരി നടാം. ജൂണ്‍ മുതലുള്ള മാസങ്ങള്‍ നടാന്‍ നല്ലതാണ്. മഴക്കാലങ്ങളില്‍ ചുവട്ടില്‍ അധികം ജലം കെട്ടിനില്ക്കാതെ ശ്രദ്ധിക്കണം. തുടര്‍ന്നു കളയെടുപ്പു നടത്തി വളപ്രയോഗം നടത്തണം. വളമായി ചാണകപ്പൊടി, മറ്റു ജൈവവളങ്ങള്‍ എന്നിവ നല്കിയാല്‍ മതിയാകും. ചെടികള്‍ വളരുന്നതു പടര്‍ന്നുകയറിയാണ് അതിനാല്‍ പടര്‍ന്നു കയറാന്‍ തണ്ടുകള്‍ നാട്ടുകയോ കയറോ വള്ളിയോ ഉപയോഗിച്ചു വലിച്ചുകെട്ടി കൊടുക്കുകയോ ചെയ്യണം. വീട്ടുമുറ്റങ്ങളില്‍ വലിയ ചട്ടികളില്‍ ഇവ വളര്‍ത്താം. പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ നിറച്ചു അതില്‍ നട്ടുവളര്‍ത്തുകയും ആവാം. ഇവ വേനല്‍ക്കാലങ്ങളില്‍ നനച്ചു കൊടുക്കണം. ശതാവരിയുടെ വിളദൈര്‍ഘ്യം രണ്ടു വര്‍ഷം വേണ്ടിവരുമെങ്കിലും കിഴങ്ങുകള്‍ ദൃഢതയാകുന്നിടം വരെ കാത്തിരിക്കാതെ മുന്‍കൂട്ടി വിളവെടുക്കുകയാണ് പതിവ്. ഒട്ടനവധി ഗുണങ്ങള്‍ നിറഞ്ഞ ശതാവരിക്കു കൂടി നമ്മുടെ കൃഷിയിടത്തില്‍ സ്ഥാനം നല്കേണ്ടതുണ്ട്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം