ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

സുവിശേഷഭാഷ്യം അല്മായവീക്ഷണത്തിൽ
ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം
Published on

ഡിസംബർ 28, 2025

പിറവി ഒന്നാം ഞായർ

ഉത്പ 4:3-8

ഹെബ്ര 11:32-38

മത്താ 2: 13-18


- സജീവ് പാറേക്കാട്ടിൽ

ബേത്ലെഹെം - അപ്പത്തിൻ്റെ ഭവനം! വിശന്നു കരയുകയും ദാഹിച്ച് വലയുകയും ചെയ്ത മനുഷ്യന് നിത്യമായ തൃപ്തി നൽകാൻ ദൈവം മനുഷ്യനായി അവതരിച്ച നഗരം! സർവ്വവും സൃഷ്ടിച്ച വചനം മാംസമായി അവതരിച്ച  നഗരം! ദൈവം ആദ്യമായി മണ്ണിനെ തൊട്ട നഗരം! പ്രവാചകർക്കും രാജാക്കൻമാർക്കും ഒരുപോലെ പ്രിയങ്കരമായ നഗരം. ഇടം നൽകാത്ത സത്രങ്ങൾക്കു പകരം പുൽത്തൊട്ടിയൊരുക്കി ലോകരക്ഷകനെ വരവേറ്റ നഗരം. മാലാഖമാരുടെ ആനന്ദഗാനങ്ങളും  ആട്ടിടയരുടെ ആരാധനയും ജ്ഞാനികളുടെ ആത്മാർപ്പണവുമെല്ലാം വർണ്ണാഭമാക്കിയ ഉത്സവദിനങ്ങൾക്കുശേഷം, ഇതാ ബേത്ലെഹം  വിലാപത്തിൻ്റെ നഗരമായിരിക്കുകയാണ്; ഭയത്തിൻ്റെയും അസ്വസ്ഥതയുടെയും നഗരമായിരിക്കുകയാണ്; രണ്ടും അതിൽ താഴെയും വയസ്സുള്ള ആൺകുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്; റാഹേലുമാരുടെ നെഞ്ചു പൊട്ടിയുള്ള നിലവിളി ഉയരുന്ന നഗരമായിരിക്കുകയാണ്. ചോരപ്പുഴ ഒഴുകുന്ന  ബെത്ലെഹെം നഗരത്തിൻ്റെ നടുമുറ്റത്തിരുന്നാണ്  ആ വിശുദ്ധ പൈതലുകളെ ഇന്ന് നാം ഓർമ്മിക്കുന്നത്.  'സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ് വാർത്തയുടെ ' വിളംബരത്തിനു തൊട്ടുപിന്നാലെ സുവിശേഷത്തിൻ്റെ താളുകളിൽ പുരണ്ട ആ നിർമ്മലരക്തത്തിൻ്റെ നനവിലിരുന്നാണ് ഇന്ന് നാം കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ആചരിക്കുന്നത്.

നവഹേറോദേസുമാർ

ദൈവത്തിന് എല്ലാ മനുഷ്യരും പൈതങ്ങളാണ്. അങ്ങനെയെങ്കിൽ രണ്ടും അതിൽ താഴെയും വയസുള്ള പൈതങ്ങൾ അവിടുത്തേക്ക് ആരായിരിക്കും? മാലാഖമാർക്കും സ്വർഗദൂതർക്കും തുല്യരായിരിക്കും. അവരുടെ ഓർമ്മദിനമാണ്. അവരിൽ, ആദ്യചുവടുകൾ വച്ചവർ മുതൽ ആദ്യാമൃതം നുകർന്നവർ വരെയുണ്ട്. പൊക്കിൾക്കൊടി വേർപെടുന്നതിന് മുമ്പ് അമ്മയുടെ മടിത്തട്ടിൽ നിന്ന് വലിച്ചെടുക്കപ്പെട്ടവരുണ്ട്. അവരെയാണ് അധികാരക്കൊതിയുടെ വാളുകൾ വെട്ടിക്കീറിയത്. എത്ര പൈതങ്ങളുടെ ചോരച്ചാലിലാണ് ചിലർ തങ്ങളുടെ അധികാരക്കോട്ടകളുടെ അസ്തിവാരമിട്ടിരിക്കുന്നത്! എത്ര മനുഷ്യരുടെ വിലാപമതിൽ കൊണ്ടാണ് അവർ അത് പണിതുയർത്തിരിക്കുന്നത്. എത്ര അമ്മമാരുടെ കരൾ നൊന്ത നിലവിളികളിലാണ് അവർ തങ്ങളുടെ  സിംഹാസനം ഉറപ്പിച്ചിരിക്കുന്നത്. വിനാശത്തിൻ്റെ സിംഹാസനം! ശാപത്തിൻ്റെ സിംഹാസനം!അധികാരാസക്തി പൂണ്ട ഒരു മനുഷ്യനോളം ദൈവത്തെ ഉപേക്ഷിച്ചവനും ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടവനുമില്ല!  അത് സ്റ്റേറ്റായാലും സഭയായാലും ശരിയാണ്. അയാളുടെ ദൈവവും ആത്മാവും ജീവനും ജീവിതവുമെല്ലാം ആ കസേരയാണ്! അതിനുവേണ്ടി അയാൾ ആരെയും കൊല്ലും; കൊല്ലാക്കൊല ചെയ്യും. ചിരംജീവികളെപ്പോലെ അതിൽ അമർന്നിരിക്കാൻ ഭരണഘടനകൾ ഭേദഗതി ചെയ്യും. 3, 4, 5 എന്നിങ്ങനെ തൻ്റെ  ഭരണത്തുടർച്ചയുടെ കരിങ്കിനാക്കൾ അടിമകളായ അണികളെക്കൊണ്ട് പ്രചരിപ്പിക്കും. അവരിലൊക്കെ അനാവൃതമാകുന്നത് കഠിനഹൃദയനും ശിശുഘാതകനുമായ ഹേറോദേസ് തന്നെയാണ്! രക്ഷകനെ വധിച്ചും തൻ്റെ കസേര ഉറപ്പിക്കാൻ വെമ്പുന്ന നവഹേറോദേസുമാരാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാർ യഥേഷ്ടമുള്ളതിനാൽ കൊലയാളികൾക്ക്  വീരപരിവേഷം ലഭിക്കും. ചാകുന്നവരല്ല, കൊല്ലുന്നവരാണ് ഇന്ന് വീരപുരുഷർ!    എത്രയധികം പേരെ കൊല്ലുന്നുവോ അത്രയധികം വീരത്വമുള്ളവർ!  അണികൾ അവരെ അവതാരങ്ങളായി വാഴ്ത്തും. അവർക്കായി ആരാധനാലയങ്ങളും പ്രതിഷ്ഠകളും ഉയരും. ആധിപത്യങ്ങളോടും സാമ്രാജ്യങ്ങളോടും നിർഭയം ഏറ്റുമുട്ടി  ചാകുന്നവരായിരുന്നു പണ്ട് വീരരും ധീരരും രക്തസാക്ഷികളും. എന്നാൽ,  അധികാരത്തിനു വേണ്ടി കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവരാണ് ഇന്ന് വീരരും ധീരരും രക്തസാക്ഷികളും! തങ്ങൾ കൊല്ലുന്നവരുടെ രക്തത്തിൻ്റെ സാക്ഷികൾ എന്ന നിലയിൽ കൊല്ലുന്നവരാണ് ഇന്ന് രക്തസാക്ഷികൾ! ആ രക്തം നിലവിളിച്ചുകൊണ്ട് അവർക്കെതിരെ സാക്ഷ്യം നൽകും.  കൊല്ലുന്നത് കണ്ടവരില്ല! ആരും ഒന്നും കണ്ടില്ല. ഭരണഘടനയും പാർലമെൻ്റും ജുഡീഷ്യറിയും ഒന്നും കണ്ടില്ല. കൊല യാഥാർത്ഥ്യമാണ്. പക്ഷേ, കൊന്നവരെ കാൺമാനില്ല. അതാണ് ഹേറോദേസുമാരുടെ കൈയ്യടക്കം! അവർ ആരും കാണാതെ കൊല്ലും. എതിരാളികളെ ഇല്ലാതാക്കാൻ നിയമങ്ങൾ നിർമ്മിക്കും.  തങ്ങളെ എതിർക്കുന്നവരുടെ അലമാരകളിലും അരിപ്പെട്ടികളിലും ലാപ്ടോപിലും നിന്ന് രാജ്യദ്രോഹത്തിൻ്റെ 'തെളിവുകൾ' കണ്ടെടുക്കും. 'രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുള്ള ' ഏറ്റുമുട്ടലിൽ മനുഷ്യർ വധിക്കപ്പെടും. വിറവാതമുള്ള വൃദ്ധർ പോലും കടലാസു കുഴൽ കിട്ടാതെ തടവറയിൽ ദാഹിച്ച് മരിക്കും. ആരും ഒന്നും കാണില്ല. ചത്തവർ ചത്തു. അതവരുടെ വിധി! കൊന്നവർക്ക് വിധിയില്ല; ന്യായവിധി ഉണ്ടെങ്കിലായി. എല്ലാം അവർക്കനുകൂലമാണ്. കൊല ചെയ്യപ്പെട്ടു എന്ന് തെളിയിക്കേണ്ടത് കൊല്ലപ്പെട്ടവൻ്റെ ബാധ്യതയാണ്! സിസ്റ്റം അതാണ്. വെറുതെ ജഡ്ജിയെ അധിക്ഷേപിക്കേണ്ട!  നീതിദേവതയുടെ കണ്ണ് കെട്ടിയിട്ടിരിക്കുന്നത് ന്യായാധിപരല്ല; ഭരണകൂടങ്ങളാണ്. ആ കെട്ടഴിച്ചു വിട്ടാൽ, നൂറ്റാണ്ടുകൾ പഴകിദ്രവിച്ച  നിയമങ്ങൾ പരിഷ്കരിച്ചാൽ, തങ്ങളുടെ അധോലോകം അനാവൃതമാകുമെന്ന് അവർക്കറിയാം.  അതിനാൽ അവർ വെറുതെ പേരു മാറ്റിക്കളിക്കും! സംഗതി പഴയതു തന്നെ; പക്ഷേ പേര് പുതുക്കും.  ഹേറോദേസിൻ്റെയും  പേരുകൾ പുതുക്കപ്പെട്ടിട്ടുണ്ട്. പ്രധാനസേവകൻ, മുഖ്യസേവകൻ, സേവകർ, അഴിമതിക്കാരായ ബ്യുറോക്രറ്റുകൾ, മിന്നൽ ഇൻസ്പെക്ടർമാരും കൈക്കൂലിക്കാരായ ഐ. ജി. മാരും ഉൾപ്പെടെയുള്ള പൊലീസുകാർ എന്നിങ്ങനെ ഇപ്പോൾ അത് വായിച്ചെടുക്കാം. ചിലപ്പോഴെങ്കിലും കർദ്ദിനാൾ, മെത്രാപ്പോലീത്ത, മെത്രാൻ, പൗരോഹിത്യ ദുഷ്പ്രഭുക്കൾ, ഡയറക്ടർ, ചെയർമാൻ, പ്രിൻസിപ്പൽ എന്നുമെല്ലാം ഹേറോദേസിൻ്റെ പേരുകൾ ഭാഷാന്തരം ചെയ്യാം.  അധികാരത്തിൻ്റെ രാഷ്ട്രീയം കൊല്ലും. പൗരരെയും സഭാതനയരെയും കൊല്ലും. ആരുടെയും ചോര പുരളാത്തതും ആരുടെയും  കണ്ണീര് കലരാത്തതുമായ കസേരകളുള്ള എത്ര അധികാരികൾ ഉണ്ടാകും സ്റ്റേറ്റിന്? നീതി,  വിശ്വസ്തത, വിനയം, നിഷ്പക്ഷത എന്നിവ മുറുകെ പിടിച്ച്  ശുശ്രൂഷ ചെയ്യുന്ന എത്ര അധികാരികളുണ്ടാകും സഭയ്ക്ക്? രാഷ്ട്രമായാലും സഭയായാലും അധികാരത്തിൻ്റെ രാഷ്ട്രീയത്തിൻ്റെ 'മോഡസ് ഓപെറാൻഡി ' സമാനമാണ്. പാർട്ടികൾ കൊല്ലും; പള്ളി കൊല്ലാക്കൊല ചെയ്യും എന്ന വ്യത്യാസം മാത്രം. ഹേറോദേസുമാർ പ്രതിഷ്ഠകളായിരിക്കുന്ന ആരാധനാലയങ്ങൾ കൂടിവരുന്നതാണ് ഭയപ്പെടുത്തുന്നത്. അധികാരത്തിൻ്റെ ഉന്മാദങ്ങളിൽ അഭിരമിക്കുന്ന മനുഷ്യന് പുതിയൊരു മാതൃക നൽകാനുമാകണം  സർവ്വാധികാരിയും സർവ്വശക്തനുമായ

ദൈവം നിരാലംബനായ കുഞ്ഞായി പിറന്നത് !

ഉള്ളിലെ പൈതങ്ങൾ

പൈതങ്ങളിലേക്ക് മടങ്ങാം! രക്ഷകൻ്റെ ആദ്യരക്തസാക്ഷികൾ അവരാണ്. 'ദൈവപുത്രന് വീഥിയൊരുക്കുവാൻ സ്നാപകയോഹന്നാൻ വന്നു' എന്ന ഗാനശകലം സത്യമാണ്. എന്നാൽ, ദൈവപുത്രന് വീഥിയൊരുക്കിയവരിൽ കൊല്ലപ്പെട്ട ആ കുഞ്ഞിപ്പൈതങ്ങളുമുണ്ട്. എന്നാലും ലോകരക്ഷകന് ആ കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നില്ലേ? രക്ഷകന് രക്ഷപ്പെടാൻ വേണ്ടി ആ കുരുന്നുകളെ കൊലയ്ക്ക് കൊടുത്തത് ശരിയാണോ? ഇങ്ങിനെയൊക്കെ ചിലർ ചോദ്യമുന്നയിക്കാറുണ്ട്. കൊന്നതും കൊല്ലിച്ചതും രക്ഷകനല്ല എന്നതു മാത്രമാണ് അവർക്കുള്ള ഉത്തരം. ഏകജാതൻ്റെ ആദ്യസ്നേഹിതർ ചോര ചിന്തി മരിച്ച ആ കുരുന്നുകളാണ്.  

 'രക്തം ചിന്താതെ പാപമോചനമില്ല' എന്ന് വചനമുണ്ട്. പാപമോചനം മാത്രമല്ല; രക്തം ചിന്താതെ, മുറിവേൽക്കാതെ സ്നേഹവുമില്ല. നിലത്തു വീണഴിയാതെ, തകർക്കപ്പെടാതെ, പങ്കുവയ്ക്കപ്പെടാതെ സ്നേഹമില്ല.  അത്തരമൊരു സ്നേഹത്തെ കുരിശിൽ ശാശ്വതീകരിച്ച രക്ഷകൻ്റെ മരണത്തിൻ്റെ മുന്നാസ്വാദനമായിരുന്നു ആ കുരുന്നുകളുടേതും. അപമൃത്യുവിന് ഇരയാകുന്ന ഓരോ കുഞ്ഞും ഏകജാതൻ്റെ സ്നേഹിതരത്രെ. അമ്മമാരുടെ ഉദരങ്ങളിലും വെറുപ്പിൻ്റെ പടക്കളങ്ങളിലും കാമാസക്തരുടെ കൺമുനകളിലുമെല്ലാമായി ഏകജാതന് എത്രയോ സ്നേഹിതരാണ്! പീഡിപ്പിക്കപ്പെടുകയും വേദനിച്ച് നിലവിളിക്കുകയും ചെയ്യുന്ന ഓരോ കുഞ്ഞിലും ഉയരുന്നത് ബെത്ലെഹെമിൽ അന്ന് മുഴങ്ങിയ നിലവിളി തന്നെ.  ഗാസ, നൈജീരിയ, ഉക്രെയ്ൻ എന്നല്ലൊം അതിന് നാമഭേദങ്ങളുണ്ടെന്ന് മാത്രം.

മറ്റൊരു തരത്തിലുള്ള ശിശുഘാതകരുണ്ട്.   വിശുദ്ധിയുടെ ശുഭ്രവസ്ത്രമണിഞ്ഞ ഉള്ളിലെ കുഞ്ഞിനെ കൊല്ലുന്നവർ! ഒരിക്കൽ ഉണ്മയായിരുന്ന, നിർമ്മലമായി സ്നേഹിച്ചിരുന്ന, ആഹ്ലാദിച്ച് തുളുമ്പിയിരുന്ന, മാലാഖമാരെപ്പോലെ ചിരിച്ചിരുന്ന ഉള്ളിലെ കുഞ്ഞിനെ കൊലപ്പെടുത്തുന്നവർ!  സർവമനുഷ്യരുടെയും ഉള്ളിൽ ദൈവം ഒരു ശിശുവിനെ നിക്ഷേപിച്ചിട്ടുണ്ട്. 'സ്വർഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ് ' എന്ന് യേശു പറഞ്ഞത് സത്യത്തിൽ നമ്മുടെ ഉള്ളിലെ ശിശുക്കളെക്കുറിച്ചാണ്! വളർന്നപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ  ഉള്ളിലെ ആ കുഞ്ഞിനെയാണ്.  നഷ്ടപ്പെട്ടതല്ല; നഷ്ടപ്പെടുത്തിയതാണ്. നഷ്ടപ്പെടുമെന്ന് അറിഞ്ഞ് തന്നെ നഷ്ടപ്പെടുത്തിയതാണ്. ആ കുഞ്ഞിനെ കൊന്നാണ് നാം വളർന്നത്! ഭ്രൂണഹത്യ പോലെ ഈ ശിശുഹത്യയും കുറ്റകരമാണ്. ഹേറോദേസ് മാത്രമല്ല; നാം ഓരോരുത്തരും ശിശുഘാതകരാണ്. ഉള്ളിലെ ശിശുവിനെ കൊല്ലുന്നവർ! നാം കൊലപ്പെടുത്തിയ ആ കുഞ്ഞിനെ നമുക്ക്  തിരികെ തരാനാണ് ദൈവം കുഞ്ഞായി പിറന്നത്! ദൈവം കുഞ്ഞായതിന് റ്റെ കാരണമേയുള്ളൂ; വല്ലാതെ 'വളർന്ന ' നമ്മെ കുഞ്ഞുങ്ങളാക്കുക! കുഞ്ഞായ ദൈവത്തിന് കൂട്ടുകൂടണമെങ്കിൽ നാം ഓരോരുത്തരും കുഞ്ഞുങ്ങളാകണമല്ലോ! കുഞ്ഞുങ്ങൾക്ക് ആരുമായും കൂട്ടുകൂടാമല്ലോ! 

നാം കൊലപ്പെടുത്തിയ നമ്മുടെ ഉള്ളിലെ കുഞ്ഞിപ്പൈതങ്ങൾക്കുവേണ്ടി ഹേറോദേസ് കൊലപ്പെടുത്തിയ കുഞ്ഞിപ്പൈതങ്ങളോട് പ്രാർത്ഥിക്കാം. നമ്മുടെ ഉള്ളിലെ പൈതലിനെ പുനർജീവിപ്പിക്കാൻ പൈതലായി മാറിയ തമ്പുരാനോടും പ്രാർത്ഥിക്കാം. കുഞ്ഞായ ദൈവം, മരിച്ച കുഞ്ഞിനോട്  'തലീത്താ കും' എന്ന് പറഞ്ഞില്ലേ ?  നമ്മോടും അവിടുന്ന് അതാവർത്തിക്കട്ടെ. ബാലികേ, ബാലകാ എഴുന്നേൽക്കൂ, എന്ന് നമ്മുടെ ഉള്ളിലെ കുഞ്ഞിപ്പൈതലിനോടും അവിടുന്ന് പറയട്ടെ. എത്ര വളർന്നാലും ഉള്ളിലെ കുഞ്ഞിനെ ഹൃദയനെെർമ്മല്യത്തോടെ കാത്തുസൂക്ഷിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ജ്ഞാനം. ദൈവവിശ്വാസവും ദൈവശരണവും ദൈവസ്നേഹവും സംഗമിക്കുന്ന ശിശുസഹജമായ ആ  ജീവിതനിലയാണ് യഥാർത്ഥത്തിൽ നമ്മെ ജ്ഞാനികളാക്കുന്നത്. എപ്പോഴും ദൈവത്തെ തേടാനും എല്ലാ അനുഭവങ്ങളിലും അവിടുത്തെ കണ്ടെത്താനും എല്ലാം സമർപ്പിച്ച് ആരാധിക്കാനും എല്ലായ്പ്പോഴും അവിടുന്നിൽ ആനന്ദിക്കാനും  നമ്മെ പ്രാപ്തരാക്കുന്നതും ഉള്ളിലെ ആ കുഞ്ഞിപ്പൈതലാണ്. എല്ലാത്തരം ഹിംസകളിൽ നിന്നും ആ പൈതലിനെ രക്ഷിക്കാൻ മരുഭൂമിയിലേക്കോ പർവതങ്ങളിലേക്കോ പലായനം ചെയ്യാനും നാം സന്നദ്ധരായിരിക്കണം. ബെത്ലെഹെമിലെ കൊല്ലപ്പെട്ട കുഞ്ഞിപ്പൈതങ്ങളും ഹൃദയനൈർമല്യമുള്ള ആട്ടിടയരും ദിവ്യശിശുവിൻ്റെ സ്നേഹിതരായ ജ്ഞാനികളും തിരുക്കുടുംബവും അതിന് നമ്മെ സഹായിക്കട്ടെ.

സജീവ് പാറേക്കാട്ടിൽ

(സജീവ് പാറേക്കാട്ടിൽ, എറണാകുളം ലിസി ഹോസ്പിറ്റൽ പിആർ മാനേജറും എഴുത്തുകാരനും ആണ് ലേഖകൻ)

.....................................

Publisher: Fr Paul Kottackal (Sr)

Email: frpaulkottackal@gmail.com 

Homilieslaity.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org