CATplus

നന്മയുടെ പ്രളയ പയോധി

ജോസ് മഴുവഞ്ചേരി

ആംഗലകവി വില്യംവേര്‍ഡ്‌സ്‌വര്‍ത്ത് സാഹിത്യാസ്വാദനത്തെ കുറിച്ച് നടത്തുന്ന ഒരു നിരീക്ഷണം ഇങ്ങനെയാണ്: ''കവിവചനങ്ങള്‍ പ്രശാന്തമായി ഓര്‍ക്കുമ്പോള്‍ അനര്‍ഗളമായി ഒഴുകുന്ന അനുഭവം''(spontaneous overflow of recollections in tranquility) ഈ വര്‍ഷത്തെ വിശ്വാസ പരിശീലനത്തിന്റെ വീക്ഷാവചനമായ ''നന്മയില്‍ വളരാം'' എന്ന ലളിതമായ ആഹ്വാനം നമ്മുടെ സ്മരണകളിലേക്ക് രണ്ട് വചനങ്ങളാണ് കൊണ്ടുവരിക. ''നന്മ നിറഞ്ഞവളെ സ്വസ്തി'', ''അവന്‍ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റേയും മനുഷ്യരുടേയും പ്രീതിയിലും വളര്‍ന്നു.'' നന്മയില്‍ വളര്‍ന്ന യേശുവും നന്മയില്‍ വളര്‍ത്തിയ മറിയവും.

ജൂഡ് ആന്റണി സംവിധാനം ചെയ്ത ജനപ്രിയ സിനിമയായ 2018-ല്‍ പ്രായത്തില്‍ വളര്‍ന്ന ലാല്‍ അവതരിപ്പിക്കുന്ന മാത്തച്ചന്‍ എന്ന മത്സ്യത്തൊഴിലാളിയും, ജ്ഞാനത്തില്‍ വളര്‍ന്ന ടോവിനോ അവതരിപ്പിക്കുന്ന അനൂപ് എന്ന കഥാപാത്രവും ദൈവത്തിന്റേയും മനുഷ്യരുടേയും പ്രീതിയില്‍ വളര്‍ന്ന രണ്ട് പ്രതീകങ്ങളായി അഭ്രപാളികളില്‍ തിളങ്ങി നില്‍ക്കുന്നു. വില്യം ഷേക്‌സ്പിയറുടെ As You Like It എന്ന ക്ലാസിക് നാടകത്തില്‍ കവി പറയുന്നു: Sweet are the uses of adversity ദുരന്തങ്ങളുടെ ഫലങ്ങള്‍ എപ്പോഴും മധുരതരമാണ്. പള്ളിമണിയുടെ അപായസൂചനകേട്ട് വള്ളമിറക്കിയ ആ വൃദ്ധന്‍ ക്രിസ്തുശിഷ്യരായ മുക്കുവരുടെ കര്‍മ്മനിരത ഈ നൂറ്റാണ്ടില്‍ സാക്ഷ്യപ്പെടുത്തി. സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല എന്ന ക്രിസ്തു വചനത്തിന്റെ നേര്‍സാക്ഷ്യമായി മാറി സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതിരൂപമായ അനൂപ്.

വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഒരുപക്ഷേ, അവരുടെ പ്രായത്തിലുള്ള യേശു ബൈബിളില്‍ ഇല്ല എന്നുള്ളതാണ്. യേശുവിന് ഉയരം കൂടുതലായിരുന്നോ കുറവായിരുന്നോ? യേശു ബെര്‍മുഡ ധരിച്ചിരുന്നോ? യേശുവിന്റെ ശൈശവം, ബാല്യം, കൗമാരം, യൗവനം ഇതെല്ലാം വിശുദ്ധഗ്രന്ഥത്തില്‍ ശൂന്യ്, ശൂന്യ്, ശൂന്യ്. ''ജീസസ് ഇന്‍ ബ്ലൂ ജീന്‍സ്'' (Jesus In Blue Jeans) എന്ന കൃതിയില്‍ ലൗറബ്രെത് ജോനാസ് നീല ജീന്‍സ് ധരിച്ച ഒരു യുവാവായിരുന്നു യേശു എന്ന് സമര്‍ത്ഥിക്കുന്നു. സുവിശേഷങ്ങളില്‍ ആകെ കാണുന്ന ഒരു മയില്‍പീലി തുണ്ടാണ് പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതായ ബാലന്റെ ചിത്രം. ആ കുമാരന്‍ നസ്രത്തിലെ ഭവനത്തില്‍ ജ്ഞാനത്തിലും, പ്രായത്തിലും വളര്‍ന്നു. (ലൂക്കാ 2:52).

എന്താണ് ജ്ഞാനം? നോബല്‍സമ്മാന ജേതാവായ ടി എസ് എലിയറ്റ് തന്റെ മാസ്റ്റര്‍ പീസായ 'Waste Land' ല്‍ ചോദിക്കുന്നു:

Where is wisdom? It is lost in knowledge

Where is knowledge? It is lost in information

പണ്ട് ജ്ഞാനികള്‍ ഉണ്ടായിരുന്നു - സോക്രട്ടീസും, പ്ലേറ്റോയും, അരിസ്റ്റോട്ടിലും മറ്റും. പിന്നെ അറിവിന്റെ വാതായനങ്ങള്‍ തുറന്ന് ഗ ലീലിയോയും, ന്യൂട്ടനും. ഐന്‍സ്റ്റീനും വന്നു. ഇപ്പോള്‍ വിവര സാങ്കേതിക വിദ്യയുടെ വിരല്‍തുമ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, ഡീപ്‌ഫേയ്ക്കും പീലി നിവര്‍ത്തി ആടുകയാണ്. കഴിഞ്ഞ ദിവസമാണ് 1972-ല്‍ ഹോളിവുഡിനെ പിടിച്ചു കുലുക്കിയ മരിയാപ്യൂസോയുടെ Godfather എന്ന സിനിമയുടെ മമ്മൂട്ടി -മോഹന്‍ലാല്‍ വെര്‍ഷന്‍ ആഴവ്യാജ നിര്‍മിതിയില്‍ പുറത്തിറങ്ങിയത്. ഇവിടെയാണ് ജ്ഞാനത്തില്‍ വളര്‍ന്ന യേശു നമുക്ക് മാതൃകയാവേണ്ടത്.

അഞ്ചുകാര്യങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ നന്മയില്‍ വളരേണ്ടത്. വാക്ക്, പ്രവൃത്തി, ചിന്ത, സ്വഭാവം, വികാരം. ഒരു നെമോണിക്‌സ് ഉപയോഗിച്ചാല്‍ WATCH എന്ന ക്യാച്ച്‌വേര്‍ഡ്. (Word, Action, Thought, Character, Heart) ആദ്യത്തെ സംജ്ഞ Word. വചനം ദൈവമാണ്. ഇന്ന് സോഷ്യല്‍ മീഡിയായില്‍ വാക്കുകളുടെ അതിസാരമാണ് (verbal diarroeah) ''നീ നിന്റെ നാവ് കൊണ്ട് കൊലപാതകം ചെയ്യരുത്, നീ നിന്റെ നാവ് കൊണ്ട് ആത്മഹത്യയും ചെയ്യരുത് (ഭവത്ഗീത) വാക്കുകളിലൂടെ സ്വഭാവഹത്യ നടത്തലാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെയും. വാക്കു കൊണ്ടുള്ള ആത്മഹത്യ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വന്തം ചെണ്ട കൊട്ടലാണ് - beating one's own trumpet. ബഷീറിന്റെ കഥാപാത്രം പറയുകയാണ്: ''ന്റുപ്പാപ്പയ്‌ക്കൊരാനെണ്ടാര്‍ന്നു.'' കൂട്ടുകാരന്‍ തിരിച്ചടിച്ചു: ''കുയിയാന ആയിരിക്കും.'' വാക്കുകളില്‍ വിനയമുണ്ടാവുക.

അടുത്ത പദം Action. പ്രവൃത്തിയില്‍ നന്മയുണ്ടാകണം. ഈയാഴ്ച നമ്മള്‍ പത്രത്തില്‍ വായിച്ച ദാരുണമായ ഒരു വാര്‍ത്ത. മരടിലെ ഒരു ഫ്‌ളാറ്റില്‍ അച്ചാമ്മ എന്ന വയോധികയെ സ്വന്തം മകന്‍ വിനോദ് അബ്രഹാം വെട്ടിക്കൊന്നു. നന്മയുടെ പൂമരമായ ഒരു അമ്മയെ എങ്ങനെ ഇതുപോലെ ചെയ്യാന്‍ സാധിക്കുന്നു? പത്ത് ലക്ഷം രൂപയുടെ കാറും, നൂറ് പവന്‍ ആഭരണവും, ബാങ്ക് അക്കൗണ്ടില്‍ വലിയ തുകയും നല്‍കി വിട്ട വിസ്മയ എന്ന യുവതിയെ ഒരു കശ്മലന്‍ അണലിക്ക് ക്വട്ടേഷന്‍ കൊടുത്ത് കൊന്നില്ലേ?

ഇനി Thought. മനുഷ്യന്‍ മാത്രമാണ് ചിന്തിക്കുന്ന ജീവി. ഡെകാര്‍ട്ടെ എന്ന ഫ്രഞ്ച് ചിന്തകന്‍ പറയുന്നു Cogito Ergosm: എന്റെ ചിന്തയാണ് എന്റെ സത്ത. അപരന്റെ ചിന്തകളെ ബഹുമാനിക്കലാണ് നന്മ. ഏകീകൃത സിവില്‍ കോഡ്, ഏകീകൃത കുര്‍ബാന - One Nation, One Language, One Faith ഇവയ്‌ക്കെല്ലാം ഒരേ താളമാണ്. മണിപ്പൂരിലെ പ്രരോദനങ്ങള്‍ ബധിരകര്‍ണങ്ങളില്‍ നിപതിക്കുന്നു. ആന്റണി ഡിമെല്ലോ എഴുതിയ Prayer of the Frog എന്ന കൃതിയില്‍ പൊട്ടക്കുളത്തിലെ തവളയുടെ സംഗീതം ആസ്വദിക്കുന്ന ധ്യാനഗുരുവിനെ കാണാം. ''ആലിലക്കണ്ണാ നിന്‍ മുരളിക കേള്‍ക്കുമ്പോള്‍ എന്‍ മനസ്സില്‍ പാട്ടുണരും'' എന്നു പാടിയത് ഇസ്ലാം മത വിശ്വാസിയായ യൂസഫലി കേച്ചേരിയാണ് എന്നോര്‍ക്കുക.

നാലാമത് Character. വിദ്യാര്‍ത്ഥികളുടെ സ്വഭാവം രൂപം കൊള്ളുന്നത് അവരുടെ കൂട്ടുകെട്ടിലാണ്. "Tell me who is your friend. I can tell who you are". വീട്ടില്‍ അമ്മമാര്‍ ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങളാണ് മുറവും അരിപ്പയും. മുറത്തില്‍ അരി ചേറ്റിയാല്‍ ചീത്തയെല്ലാം പുറത്തു പോകും, നല്ലത് മാത്രം അവശേഷിക്കും. എന്നാല്‍ അരിപ്പയില്‍ പൊടി ചേറ്റിയാല്‍ നല്ലതെല്ലാം പുറത്തു പോകും, ചീത്ത മാത്രം അവശേഷിക്കും. മക്കള്‍ ആലോചിക്കുക നിങ്ങളുടെ സൗഹൃദങ്ങള്‍ മുറങ്ങളാണോ അരിപ്പകളാണോ? യേശുവിനെക്കുറിച്ച് ബൈബിളില്‍ വായിക്കുന്നു: ''അവന്റെ കയ്യില്‍ വീശു മുറമുണ്ട്,'' തിരുബാലസഖ്യം, അള്‍ത്താരസംഘം, സി എല്‍ സി, സി എം എല്‍, കെ സി എസ് എല്‍, കെ സി വൈ എം, ജീസസ് യൂത്ത് - നന്മയില്‍ വളരാന്‍ എത്രമാത്രം വീശുമുറങ്ങള്‍?

WATCH എന്ന coinage-ല്‍ അവസാനത്തെ അക്ഷരം Heart എന്ന പദത്തെ സൂചിപ്പിക്കുന്നു. എന്താണ് ഹൃദയം? ''ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും (മത്താ. 5:8) വികാരങ്ങളുടെ ഉറവിടവും നിറകുടവുമാണ് ഹൃദയം. ഒരു യുവാവ് തന്റെ ഇഷ്ടപ്പെട്ടവളെ വിളിക്കുന്നത്sweetheart എന്നാണല്ലോ. മോശമായ വികാരങ്ങളുടെ പഴുതാരകള്‍ ഇഴഞ്ഞു നടക്കുകയാണ് സോഷ്യല്‍ മീഡിയാകളില്‍. കുമാരി കുമാരന്മാര്‍ വളരേണ്ടത് ഒരു പോസിറ്റീവ് ആംബിയന്‍സിലാണ്. A gloomy Christian is a contradiction എന്ന് പറഞ്ഞത് ഫ്രെഡറിക് നീഷേ ആണ്. നമ്മുടെ ഭവനങ്ങളും ആവാസങ്ങളും സ്വര്‍ഗങ്ങളാക്കി മാറ്റലാണ് നന്മ. Thy kingdom come. യേശു പഠിപ്പിച്ച പ്രാര്‍ത്ഥന അതാണ്. അവിടുത്തെ രാജ്യം ഇവിടെ വരിക. അങ്ങനെ നമ്മുടെ ആലയങ്ങളെ നസ്രത്തിലെ ഭവനം പോലെ നന്മയുടെ ഒരു പൂങ്കാവനം ആക്കാം.

നന്മയില്‍ മകനെ വളര്‍ത്തിയ നസ്രത്തിലെ ആ അമ്മയെക്കുറിച്ച് ഒരു ചിന്ത പങ്കുവെച്ച് കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. ബാലനായ യേശുവിനെ നഷ്ടപ്പെട്ട് ഹൃദയത്തില്‍ ഒരു വാളുമായി നീങ്ങുകയാണ് ആ അമ്മ. മൂന്നാം ദിവസം ദേവാലയത്തില്‍ വച്ച് വേദശാസ്ത്രികളുമായി സംവദിക്കുന്ന മകനെ കണ്ടപ്പോള്‍ അമ്മ ചോദിക്കുകയാണ്: ''നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവിന്റെ ഉത്കണ്ഠ നീ അറിഞ്ഞോ?'' ഒക്‌ടോവിയോ പാസ് എന്ന മെക്‌സിക്കന്‍ കവി പറയുന്ന ചിന്തോദ്ദീപകമായ ഒരു വരി ഇങ്ങനെയാണ്: ''അമ്മമാരെ, നിങ്ങള്‍ നിങ്ങളുടെ ചൂണ്ടാണിവിരല്‍ മുറിച്ചുകളയരുത്.'' മകന്‍ തെറ്റുചെയ്യുമ്പോള്‍ നീ ചെയ്തത് തെറ്റാണെന്ന് പറയാനുള്ള ആര്‍ജവത്തിന്റെ വിരലാണ് ചൂണ്ടാണിവിരല്‍. പരിശുദ്ധ കന്യകാമറിയം തീര്‍ച്ചയായും ആ ചൂണ്ടാണിവിരല്‍ ഉയര്‍ത്തിയായിരിക്കും തന്റെ മകനോട് ആ ചോദ്യം ചോദിച്ചത്. ഇതാണ് മാതൃത്വത്തിന്റെ ബീജാക്ഷരം - പിതാക്കളുടെ ആകുലതകളെ കുറിച്ച് മക്കളെ ബോധ്യപ്പെടുത്തുക.

വിശുദ്ധ അലെക്‌സിസ്  (5-ാം നൂറ്റാണ്ട്) : ജൂലൈ 17

എന്‍ദോര്‍ : പാതാളത്തിലേക്കുള്ള പാഥേയം

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം