കര്‍മ്മലമാതാവ്  : ജൂലൈ 16

കര്‍മ്മലമാതാവ്  : ജൂലൈ 16

ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍

കര്‍മ്മലീത്താസഭയുടെ സുപ്പീരിയര്‍ ജനറലായിരുന്ന സൈമണ്‍ സ്റ്റോക്ക്, യൂറോപ്പില്‍ ഈ സഭയ്ക്ക് ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നപ്പോള്‍ മാതാവിനോട് നിരന്തരം സഹായം അഭ്യര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ചിരുന്നെന്നാണ് പാരമ്പര്യം. 1251 ജൂലൈ 16-ന് മാതാവ് ഇതിനു മറുപടികൊടുത്തു. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് സൈമണ്‍ സ്റ്റോക്കിന്റെ കൈയില്‍ ബ്രൗണ്‍ നിറത്തിലുള്ള ഉത്തരീയം നല്‍കി. ലോകത്തില്‍ പിന്നീടു പ്രചരിച്ച എല്ലാ ഉത്തരീയങ്ങളുടെയും മാതൃക ഇതാണ്.
ഉത്തരീയം നല്‍കിക്കൊണ്ട് മാതാവ് പറഞ്ഞു: "എന്റെ സ്‌നേഹത്തിന്റെ അടയാളവും രക്ഷയുടെ അച്ചാരവുമാണ് ഈ ഉത്തരീയം. ഇതു വിശ്വാസത്തോടെ ധരിക്കുന്നവരെ ഞാന്‍ സംരക്ഷിക്കും. മരണനേരത്തും ഞാന്‍ അവരെ സഹായിക്കാനുണ്ടാകും."
ഏതായാലും ഈ സംഭവം യൂറോപ്പു മുഴുവനും പ്രചരിച്ചു. ലോകമാസകലമുള്ള മാതൃഭക്തര്‍ ഉത്തരീയം ധരിക്കാന്‍ തുടങ്ങി.
കര്‍മ്മലീത്താസഭ ഏലിയാസ് മുതലുള്ള പാരമ്പര്യം അവകാശപ്പെടുന്നു. പാലസ്തീനായിലെ കര്‍മ്മലമലയിലെ പുരാതന സന്ന്യാസിമാരിലൂടെ ആ പാരമ്പര്യം തുടരുന്നു. 13-ാം നൂറ്റാണ്ടില്‍ ഈ സഭയിലെ അംഗങ്ങള്‍ക്ക് ശത്രുക്കളെ ഭയന്ന് യൂറോപ്പിലേക്ക് ഓടി രക്ഷപെടേണ്ടിവന്നു. പിന്നീട് സൈമണിന്റെ നേതൃത്വത്തില്‍ സഭയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. തികച്ചും ഏകാന്തജീവിതം നയിച്ചിരുന്ന സന്ന്യാസിമാര്‍ കൂട്ടായ സമൂഹജീവിതം സ്വീകരിച്ചു. കൂടാതെ കഠിനമായ ഉപവാസങ്ങളും ഏകാന്ത ജീവിതവും മയപ്പെടുത്തി.
16-ാം നൂറ്റാണ്ടില്‍ ആവിലായിലെ വി. തെരേസായുടെയും വി. ജോണ്‍ ഓഫ് ദ ക്രോസിന്റെയും രംഗപ്രവേശത്തോടെ കര്‍മ്മലസഭയില്‍ കാര്യമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. പോപ്പ് എവുജിന്‍ IV അംഗീകരിച്ച നിയമാവലി അനുസരിച്ച് ജീവിക്കുന്ന പുരോഗമനാശയക്കാരുടെ ഒരു സമൂഹം സഭയില്‍ ഇന്നു നിലവിലുണ്ട്. കൂടാതെ, 1206-ല്‍ ജറുസലമിലെ വി. ആല്‍ബര്‍ട്ട് മുന്നോട്ടുവച്ച നിയമാവലി അനുസരിച്ചു ജീവിക്കുന്ന യാഥാസ്ഥിതികരായ ഒരു സമൂഹവും നിലവിലുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org