എന്‍ദോര്‍ : പാതാളത്തിലേക്കുള്ള പാഥേയം

തീര്‍ഥാടനം : ഏദേന്‍ മുതല്‍ പറുദീസ വരെ
എന്‍ദോര്‍ : പാതാളത്തിലേക്കുള്ള പാഥേയം
Published on

താബോര്‍ മലയില്‍നിന്ന് ഏകദേശം 10 കി.മീ തെക്ക്, ജെസ്രേല്‍ താഴ്‌വരയിലുള്ള ഒരു പട്ടണമാണ് എന്‍ദോര്‍, ''തലമുറകളുടെ ഉറവ'' എന്നാണ് പേരിന് അര്‍ത്ഥം. എന്നാല്‍ ഇസ്രായേലിലെ ആദ്യരാജാവായ സാവൂളിനെ സംബന്ധിച്ച് പേരിന് കടകവിരുദ്ധമായ അനുഭവമാണ് എന്‍ദോറില്‍ ഉണ്ടായത്.

കാനാന്‍ദേശം ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കായി വീതിച്ചു കൊടുത്തപ്പോള്‍ മനാസ്സെ ഗോത്രത്തിന്, ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് അവകാശമായി നല്കിയ പട്ടണങ്ങളില്‍ ഒന്നായിരുന്നു എന്‍ദോര്‍. എന്നാല്‍ ജോഷ്വായുടെ കാലത്ത് ആ പട്ടണം പിടിച്ചടക്കാന്‍ മനാസ്സെക്കു കഴിഞ്ഞില്ല. പില്ക്കാലത്ത് ഇസ്രായേല്‍ ജനം ശക്തി പ്രാപിച്ചപ്പോള്‍ അവര്‍ പട്ടണം കീഴടക്കുകയും നിവാസികളെ തങ്ങളുടെ അടിമകളാക്കുകയും ചെയ്തു. അതുവരെ കാനാന്‍കാരുടെ കേന്ദ്രമായിത്തന്നെ എന്‍ദോര്‍ കഴിഞ്ഞു (ജോഷ്വാ 17, 11-13).

മരണഭീതിയോടെയാണ് സാവൂള്‍ എന്‍ദോറില്‍ വന്നത്. അതിശക്തമായ ഫിലിസ്ത്യ സൈന്യം തനിക്കെതിരേ ഷൂനേമില്‍ പാളയമടിച്ചിരിക്കുന്നു എന്നും ദാവീദും അവരോടു ചേര്‍ന്നിരിക്കുന്നുവെന്നും അറിഞ്ഞ സാവൂള്‍ ഭയചകിതനായി. ഇസ്രായേല്‍ സൈന്യത്തെ ഗില്‍ബോവ മലനിരകള്‍ക്കു മുന്നില്‍ ജെസ്രേലില്‍ ഒരുമിച്ചുകൂട്ടി (1 സാമൂ 29,1). ഇക്കുറി ഫിലിസ്ത്യരെ തോല്പിക്കാമെന്ന വിശ്വാസം സാവൂളിനില്ല. തന്റെ സൈന്യത്തിന്റെ ബലഹീനത അയാള്‍ക്കു നന്നായറിയാം

യുദ്ധത്തിനുമുമ്പ് ദൈവഹിതം ആരായുക പതിവായിരുന്നു. അതിനായി തനിക്കു സാധ്യമായ സകല മാര്‍ഗ്ഗങ്ങളിലൂടെയും സാവൂള്‍ ശ്രമിച്ചു. ''സാവൂള്‍ ഫിലിസ്ത്യരുടെ പട്ടാളത്തെ കണ്ട് ഭയപ്പെട്ടു. മനസ്സ് അത്യധികം ഇളകിവശായി. അവന്‍ കര്‍ത്താവിനോടു ആരാഞ്ഞു. പക്ഷേ കര്‍ത്താവ് സ്വപ്നത്തിലൂടെയോ ഉറീമിലൂടെയോ പ്രവാചകന്മാരിലൂടെയോ ഉത്തരം നല്കിയില്ല'' (1 സാമു 28,5-6). അവസാനമാര്‍ഗ്ഗം എന്ന നിലയില്‍, തന്റെ ദാസന്മാരുടെ ഉപദേശമനുസരിച്ച്, സാമുവേലിനെ പാതാളത്തില്‍ നിന്നു വിളിച്ചുവരുത്തി ഉപദേശം തേടാന്‍ തീരുമാനിച്ചു. അതിനുവേണ്ടിയാണ് എന്‍ദോറിലേക്കു പോയത്.

മന്ത്രവാദികളെയും മരിച്ചവരില്‍നിന്ന് രഹസ്യം ചോര്‍ത്താന്‍ കഴിവുണ്ടെന്ന് കരുതിയിരുന്ന മൃതസന്ദേശവാഹകരെയും നാട്ടില്‍ നിന്നു തുടച്ചു നീക്കിയ സാവൂള്‍ ഇപ്പോള്‍ അങ്ങനെ ഒരാളെ തേടുന്നു എന്നതുതന്നെ സംഭ്രാന്തമായ അയാളുടെ മാനസികാവസ്ഥയ്ക്കു തെളിവാണ്. ഇസ്രായേല്‍ ദേശത്തുനിന്നു മന്ത്രവാദികളെ തുരത്തിയപ്പോള്‍ കാനാന്‍കാരുടെ തുരുത്തില്‍ അഭയം തേടിയതായിരുന്നു എന്‍ദോറിലെ മന്ത്രവാദിനി.

സാവൂളിന്റെ നിര്‍ദ്ദേശമനുസരിച്ചപ്പോള്‍ മന്ത്രവാദിനി കണ്ടത് പാതാളത്തില്‍ നിന്നു കയറി വരുന്ന സാമുവേലിനെയാണ്. എന്നാല്‍ സാമുവേല്‍ സംസാരിച്ചത് മന്ത്രവാദിനിയോടോ അവള്‍ വഴിയോ അല്ല, സാവൂളിനോടു നേരിട്ടാണ്. അത് ഉപദേശമായിരുന്നില്ല, മറിച്ച് ഒരു വിധി പ്രസ്താവമായിരുന്നു. ''നീയും നിന്റെ പുത്രന്മാരും നാളെ എന്നോടു ചേരും. ഇസ്രായേല്‍ സൈന്യത്തെ കര്‍ത്താവ് ഫിലിസ്ത്യരുടെ കരങ്ങളിലേല്പിക്കും'' (1 സാമു 28,19).

ഭീകരമായ വിധിവാചകം കേട്ടു ഞെട്ടിയ സാവൂള്‍ ബോധമറ്റുവീണു. മനസ്സും ശരീരവും ഒരുപോലെ തളര്‍ന്നുപോയ സാവൂളിനുവേണ്ടി മന്ത്രവാദിനി ഒരു വിരുന്നൊരുക്കി. നിര്‍ബന്ധത്തിനു വഴങ്ങി സാവൂള്‍ അവള്‍ ഒരുക്കിയ വിരുന്നു ഭക്ഷിച്ചു, അത് മരണത്തിനു മുമ്പുള്ള തന്റെ ഒടുക്കത്തെ ഭക്ഷണം ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. മരിച്ചവരില്‍ നിന്ന് ഉപദേശം തേടിയെത്തിയ സാവൂളിന് കൊലച്ചോറൊരുക്കിയ സ്ഥലമാണ് എന്‍ദോര്‍.

മരിച്ചവരെ വിളിച്ചുവരുത്താന്‍ ശ്രമിക്കുന്നത് മൗഢ്യമല്ല, അപകടകരമായിരിക്കും എന്ന സൂചനയും എന്‍ദോര്‍ നല്കുന്നു. ഹോറെബിലേക്കുള്ള യാത്രയില്‍ ഏലിയായ്ക്കു കിട്ടിയ അപ്പത്തിന്റെ കടകവിരുദ്ധമായ ഒന്നാണ് എന്‍ദോറില്‍വച്ച് സാവൂളിനു ലഭിച്ചത് - പാതാളയാത്രയ്ക്കുള്ള പൊതിച്ചോറ്. വ്യക്തമായി അറിയാവുന്ന ദൈവഹിതത്തെ മനഃപൂര്‍വ്വം ധിക്കരിക്കുന്നവര്‍ക്ക് അവശേഷിക്കുന്നത് പാതാളപാഥേയം മാത്രമാണെന്നും എന്‍ദോര്‍ അനുസ്മരിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org