സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം
Published on

കൊച്ചി: തൃശൂര്‍ സഹൃദയവേദി ഏര്‍പ്പെടുത്തിയ മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അര്‍ഹനായി. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം. ജൂലൈ 16ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്നു ഭാരവാഹികള്‍ കൊച്ചിയിൽ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച 'പകുത്തേകിയ ജീവിതങ്ങള്‍', വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും ഗുരുതര പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ അതിജീവനം അവലോകനം ചെയ്തു 2024 ഫെബ്രുവരി 18 മുതല്‍ 22 വരെ പ്രസിദ്ധീകരിച്ച 'കാടിറക്കം ആധികാലം' എന്നീ പരമ്പരകൾക്കാണു പുരസ്‌കാരം.

17 വര്‍ഷമായി ദീപിക പത്രാധിപസമിതി അംഗമായ സിജോ പൈനാടത്തിന്, ദേശീയ റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്, കേരള സര്‍ക്കാരിന്റെ മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ്, സ്‌കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം, ചാവറ മാധ്യമ അവാര്‍ഡ്, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം മീഡിയ അവാര്‍ഡ് തുടങ്ങി 11 പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതരായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണു സിജോ. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്‍റ് മേരീസ് സ്‌കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.

പഴയ കൊച്ചി രാജ്യത്തെ ഭരണവിഭാഗത്തില്‍ അംഗമായിരുന്ന മേനാച്ചേരി എരിഞ്ഞേരി തോമ, കൊച്ചിയിലെ പഴയ ഹൈക്കോടതി കെട്ടിടം, സുഭാഷ് പാര്‍ക്ക്, ടൗണ്‍ ഹാള്‍, ഹില്‍പാലസ് മ്യൂസിയം എന്നിവയുടെ നിര്‍മാണത്തില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ചു തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ജേര്‍ണലിസം വിഭാഗവുമായി സഹകരിച്ചു 'ഭരണഘടനയുടെ സംരക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ റിട്ട. ജസ്റ്റീസ് ബി. കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും.

സഹൃദയവേദി വൈസ് പ്രസിഡന്‍റുമാരായ ഡോ. ജോര്‍ജ് മേനാച്ചേരി, പ്രഫ. വി.എ. വര്‍ഗീസ്, സെക്രട്ടറി ബേബി മൂക്കന്‍, എസ്എച്ച് കോളജ് അസി. പ്രഫസര്‍ സുജിത്ത് നാരായണന്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org