Baladeepam

പാവം

Sathyadeepam

കഥ : അലന്‍ കാവുങ്കല്‍

എല്ലാ നാട്ടിലും ഉണ്ടാവും വിമര്‍ശിക്കപ്പെടാന്‍ ഒരു യുവാവ്. നമ്മുടെ ടോണിയും ഈ പതിവ് കാത്തുസൂക്ഷിക്കാന്‍ ജനിച്ചവനായിരുന്നു. നല്ല ഒരു ക്രിസ്ത്യാനി കുടുംബം. ഒട്ടുമിക്ക ക്രൈസ്തവകുട്ടികളെപ്പോലെ അവനും അള്‍ത്താരശുശ്രൂഷകരില്‍ ഒരാളായിരുന്നു. പക്ഷേ അനുസരണത്തിന്റെ കാര്യത്തില്‍ അവന്‍ ഇത്തിരി പിറകിലായിരുന്നു. വാചാലതയുടെ കാര്യത്തിലാണെങ്കില്‍ വളരെ മുന്നിലും. എന്തും എവിടെയും വെട്ടിതുറന്ന് പറയുകയും പ്രായമോ പദവിയോ നോക്കാതെ പെട്ടെന്ന് ആരോടും കലിപ്പാവുകയും ചെയ്യുന്നത് അവന് കുറേ വിരോധികളെ സൃഷ്ടിച്ചു. കാലം മാറി പ്രായം കൂടി എങ്കിലും അവന്റെ സ്വഭാവം മാത്രം മാറിയില്ല. കുറച്ച് കൂടിയെങ്കിലേ ഉള്ളൂ. വീട്ടിലും നാട്ടിലും അവന്‍ തര്‍ക്കിക്കാത്ത ആരുമില്ല. ആള്‍ക്കാരുടെ എല്ലാം പ്രധാന വിഷയം അവന്‍ തന്നെയായിരുന്നു. അപ്പുറത്തവന്റെ വീട്ടിലേയക്ക് കാതുകൂര്‍പ്പിച്ചിരുന്ന എല്ലാവരും ഒരേപോലെ പറഞ്ഞു: എന്തിനാണാവോ ഇവനൊക്കെ പള്ളിയില്‍ പോണേ? അപ്പനും അമ്മയും പറയുന്നതൊന്നും കേള്‍ക്കാറില്ല. മുടിയും വളര്‍ത്തി കോലം കെട്ടി ഓരോ നടപ്പ്…സ്വഭാവത്തിന്റെ പേരില്‍ ചെക്കന്റെ പള്ളിയില്‍ പോക്കു വരെ വിമര്‍ശിക്കപ്പെട്ടു.

ഒരു ദിവസം യുവജനസഖ്യത്തിന്റെ ഒരു യോഗത്തില്‍ അവന്‍ വികാരിയച്ചനെ കൂടി ചോദ്യം ചെയ്തതോടെ അവന്‍ ഇടവക മുഴുവന്റെയും സംസാരവിഷയമായി. ഒരുവന്റെ കുറ്റം എത്രത്തോളം പെരുപ്പിക്കാമോ അത്രയും എന്ന പുതു സംസ്‌കാരം അതിന്റെ ഒട്ടും മാറ്റ് കുറയാതെ അവനെതിരെ നിറഞ്ഞാടി. ദൈവം സഹായിച്ച് ഈ ചെറുപ്രായത്തില്‍ അവന് അധികം കേള്‍ക്കേണ്ടി വന്നില്ല. ഒരു വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ് മസ്തിഷ്‌ക മരണത്തിലേയ്ക്ക് വഴുതി വീണു. ആര്‍ക്കും അറിയാതിരുന്ന ഒരു സത്യം അന്നേരമാണ് വെളിവായത്. മരണാനന്തരം തന്റെ ആന്തരീക അവയവങ്ങള്‍ അവന്‍ ദാനം ചെയ്യും എന്ന് വാഗ്ദാനം ചെയ്തിരുന്നു. എല്ലാത്തിനും ശേഷം പിറ്റേന്ന് ഉച്ചതിരിഞ്ഞായിരുന്നു അവന്റെ മൃതസംസ്‌ക്കാരം. നാട് മുഴുവന്‍ മരണത്തില്‍ ഖേദം അറിയിക്കാന്‍ എത്തി. ഒരു തരം മൂകത എങ്ങും നിറഞ്ഞിരുന്നു. ആളുകള്‍ ഓരോരുത്തരായി പിറുപിറുത്തു തുടങ്ങി: ടോണി ഒരു പാവമായിരുന്നു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍