വിശുദ്ധ പാട്രിക് (385-461) : മാര്‍ച്ച് 17

വിശുദ്ധ പാട്രിക് (385-461) : മാര്‍ച്ച് 17
അയര്‍ലണ്ടിന്റെ അപ്പസ്‌തോലനും മദ്ധ്യസ്ഥനുമായ വി. പാട്രിക്ക്, ബ്രിട്ടനില്‍ റോമന്‍ സൈന്യാധിപനായിരുന്ന കല്‍പൂര്‍ണിയസിന്റെ മകനായി ജനിച്ചു. ടൂര്‍സിലെ വി. മാര്‍ട്ടിന്റെ സഹോദരപുത്രിയായിരുന്നു അമ്മ. വിനയവും ധീരതയും പാട്രിക്കിന്റെ മുഖമുദ്രയായിരുന്നു. അദ്ദേഹത്തിന്റെ ഇച്ഛാശക്തി പീഡനങ്ങള്‍ സഹിക്കാനും പ്രവര്‍ത്തനങ്ങള്‍ തുടരാനുമുള്ള ശക്തി നല്‍കി.

അയര്‍ലണ്ടിന്റെ അപ്പസ്‌തോലനും മദ്ധ്യസ്ഥനുമായ വി. പാട്രിക്ക്, ബ്രിട്ടനില്‍ റോമന്‍ സൈന്യാധിപനായിരുന്ന കല്‍പൂര്‍ണിയസിന്റെ മകനായി ജനിച്ചു. ടൂര്‍സിലെ വി. മാര്‍ട്ടിന്റെ സഹോദരപുത്രിയായിരുന്നു അമ്മ. 16-ാമത്തെ വയസ്സില്‍ പാട്രിക്കിനെ ഏതാനും ഐറിഷ് ഭീകരന്മാര്‍ തട്ടിക്കൊണ്ടുപോയി നാടുകടത്തി. അങ്ങനെ ആറുവര്‍ഷത്തോളം ആട്ടിടയനായി അന്യനാട്ടില്‍ കഴിയേണ്ടിവന്നു. പിന്നീട് അവിടെ നിന്ന് രക്ഷപെട്ട് ബ്രിട്ടനിലും ടൂര്‍സിലെ മൊണാസ്റ്ററിയിലും തിരിച്ചെത്തി. ഈ സമയം കൊണ്ട് ധാര്‍മ്മികചിന്തയും പ്രാര്‍ത്ഥനയോടുള്ള താല്പര്യവും സാരമായി വളര്‍ന്നിരുന്നു. അയര്‍ലണ്ടിനെ ഗ്രസിച്ചിരുന്ന പേഗന്‍ വിശ്വാസത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കുവാന്‍ പാട്രിക്ക് അതിയായി ആഗ്രഹിച്ചെങ്കിലും 20 വര്‍ഷം വേണ്ടിവന്നു അവരുടെ മുമ്പില്‍ ഒരു യഥാര്‍ത്ഥ മിഷണറിയായി രംഗപ്രവേശം ചെയ്യാന്‍.
ബ്രിട്ടീഷ് ബിഷപ്പ് പല്ലാഡിയസിനെ സെലസ്റ്റിയന്‍ ഒന്നാമന്‍ 430-ല്‍ അയര്‍ലണ്ടിലേക്ക് അയച്ചെങ്കിലും അവിടത്തെ പേഗന്‍സുമായി പൊരുത്തപ്പെടാനാവാതെ ഇംഗ്ലണ്ടിലേക്കു തിരിച്ചു പോയ അദ്ദേഹം വൈകാതെ മരണമടഞ്ഞു. നാല്പതു വയസ്സു കഴിഞ്ഞിരുന്ന പാട്രിക്കിനെ ബിഷപ്പായി അഭിഷേകം ചെയ്യകയും അയര്‍ലണ്ടിലേക്ക് മിഷണറിയായി അയക്കുകയും ചെയ്തു. ആദ്യം വിജയിച്ചില്ലെങ്കിലും പാട്രിക്ക് പിന്മാറാതെ പിടിച്ചുനിന്നു.
പരിശുദ്ധ ത്രിത്വത്തെപ്പറ്റിയും മറ്റും സോദാഹരണം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം ഏഴുവര്‍ഷത്തോളം അയര്‍ലണ്ടില്‍ ചുറ്റിനടന്നു. ഈ സമയത്ത് അദ്ദേഹത്തിന് സഹപ്രവര്‍ത്തകരോടൊപ്പം അനേകം പ്രാവശ്യം ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. ജീവനു വരെ ഭീഷണിയുണ്ടായിരുന്നു എങ്കിലും പിന്മാറിയില്ല. അവസാനം ആയിരക്കണക്കിന് ആള്‍ക്കാര്‍ അദ്ദേഹത്തിനു ചുറ്റും തടിച്ചുകൂടാന്‍ തുടങ്ങി.
461 ല്‍ പോപ്പ് മൂന്ന് സഹായമെത്രാന്മാരെ പാട്രിക്കിന് അയച്ചുകൊടുത്തു രണ്ടു വര്‍ഷം കഴിഞ്ഞ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി പോപ്പിനെ ധരിപ്പിക്കാന്‍ റോമിലേക്കു പുറപ്പെട്ടു. അവിടെ നിന്ന് അയര്‍ലണ്ടില്‍ തിരിച്ചെത്തിയ പാട്രിക്ക് നാടുനീളെ സഞ്ചരിച്ച് ഇടവകകളും രൂപതകളും സ്ഥാപിക്കുകയും പ്രാദേശിക വൈദികരെ ഭരണമേല്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇവകൂടാതെ അനേകം കോണ്‍വെന്റുകളും മൊണാസ്റ്ററികളും സ്ഥാപിച്ച് യൂറോപ്പിന്റെ വിശ്വാസം സംരക്ഷിക്കുവാനുള്ള വിശുദ്ധരെ വാര്‍ത്തെടുക്കുവാനുള്ള യജ്ഞവും ആരംഭിച്ചു.
വിനയവും ധീരതയും പാട്രിക്കിന്റെ മുഖമുദ്രയായിരുന്നു. അദ്ദേഹത്തിന്റെ ഇച്ഛാശക്തി പീഡനങ്ങള്‍ സഹിക്കാനും പ്രവര്‍ത്തനങ്ങള്‍ തുടരാനുമുള്ള ശക്തി നല്‍കി. അങ്ങനെ 461 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ അയര്‍ലാണ്ടിലെ സഭ ഉറച്ച അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ടിരുന്നു.

ദൈവത്തിന്റെ കൈകളാണ് എന്റെ രക്ഷാകവചം; ദൈവത്തിന്റെ വഴിയാണ് എന്റെ വഴി.
വി. പാട്രിക്ക്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org