Baladeepam

മതങ്ങൾ മറക്കരുതാത്തത്

Sathyadeepam

ഭാരതത്തിലുണ്ടായിട്ടുള്ള ഏറിയ പങ്കു കലാപങ്ങളും വംശീയാക്രമണങ്ങളും മതവൈരാഗ്യത്തിന്‍റെയും മതപരമായ അസഹിഷ്ണുതയുടെയും ഫലമാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. സാംസ്കാരിക നിലയോടുള്ള അവഹേളനങ്ങളാണ് അവ. നാഗരികത എന്നാല്‍ കൊട്ടാരസദൃശമായ രമ്യഹര്‍മ്യങ്ങളോ ഗോഥിക് ശൈലിയിലുള്ളതും ശില്പകലാവൈഭവം പ്രദ്യോതിപ്പിക്കുന്നവയുമായ ബൃഹദ്സൗധങ്ങള്‍ ഉള്‍പ്പെട്ടതാണ് എന്നു കരുതുന്നതു മിഥ്യയാണ്. ജാതിമതാചരങ്ങള്‍ക്കതീതമായി ഓരോ വ്യക്തിയുടെയും അന്തസ്സിനെ അംഗീകരിച്ചുകൊണ്ടു സമാധാനത്തിലും സ്വൈര്യത്തിലും ജീവിക്കുന്നതാണു നാഗരികത. ഭാരതീയ ഭരണഘടനയുടെ ആണിക്കല്ല് വ്യക്തിയുടെ മാന്യതയെ ആദരിക്കുന്നതാണ്. അപരന്‍ മറ്റൊരു മതവിശ്വാസിയാണെന്നതിന്‍റെയോ മതവിശ്വാസി അല്ലാത്തതിന്‍റെയോ പേരിലോ അയാളെ അംഗീകരിക്കാതിരിക്കുന്നതല്ല മതസ്വാതന്ത്ര്യം. അപ്രകാരമുള്ള വര്‍ഗസംഘട്ടനം അപരിഷ്കൃതസമൂഹത്തിന്‍റെ മുഖമുദ്രയാണ്.

മതസൗഹാര്‍ദ്ദത്തിനുവേണ്ടിയും സര്‍വമതങ്ങളിലെയും നന്മ സ്വീകരിക്കുന്നതിനുവേണ്ടിയും എന്നെന്നും നിലകൊണ്ട നമ്മുടെ രാഷ്ട്രപിതാവ് ഇപ്രകാരം പറഞ്ഞു: "എന്‍റെ ഹിന്ദുമതം കക്ഷിചിന്തയിലുള്ളതല്ല. ഇസ്ലാമിലും ക്രിസ്തുമാര്‍ഗത്തിലും ബുദ്ധിസത്തിലും സൊസ്ട്രിയന്‍ മതത്തിലും ഏറ്റം അഭികാമ്യമായി എനിക്കറിവുള്ളതിനെയെല്ലാം അതു ഉള്‍ക്കൊള്ളുന്നു. മതങ്ങളെല്ലാം ഒരു ബിന്ദുവില്‍ ഒന്നിച്ചുചേരുന്ന വിവിധ പാതകളാണ്. ഒരേ ലക്ഷ്യത്തിലാണു നാം എല്ലാവരും ചെന്നെത്തുന്നതെങ്കില്‍ നാം ഏതു പാത പിന്‍പറ്റിയെന്നതിനു പ്രസക്തിയെന്ത്?

എത്ര പേരുടെ മതപരിവര്‍ത്തനത്തിനു തനിക്കിടയായിട്ടുണ്ട് എന്നു മദര്‍ തെരേസയോട് ഒരിക്കല്‍ ഒരു വിശിഷ്ട വ്യക്തി ആരാഞ്ഞു. അപ്പോള്‍ മദര്‍ പറഞ്ഞു. ഞാന്‍ പരിവര്‍ത്തനപ്പെടുത്തിയവരുടെ എണ്ണം അസംഖ്യമാണ്. പല ചീത്ത ക്രിസ്ത്യാനികളെയും ഞാന്‍ നല്ല ക്രിസ്ത്യാനികളും ചീത്ത ഹിന്ദുക്കളെ നല്ല ഹിന്ദുക്കളും ചീത്ത മുസ്ലീങ്ങളെ നല്ല മുസ്ലീങ്ങളുമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു ക്രിസ്ത്യേതരനെയും ഞാന്‍ ക്രിസ്ത്യാനിയാക്കിയിട്ടില്ല…

ആര്‍ഷഭാരതത്തിന്‍റെ ആദ്ധ്യാത്മിക സ്രോതസ്സ് നമുക്കിന്നു കൈവെളിച്ചമാകട്ടെ. ഭാരതത്തിന്‍റെ സെക്കുലറിസം മതങ്ങളെ ആദരിക്കുന്നതാണ്. ബുദ്ധനും കൃഷ്ണനും യേശുദേവനും നബിയുമെല്ലാം നമ്മുടെ എല്ലാവരുടെയുമാകട്ടെ. സൂര്യനും നക്ഷത്രങ്ങളും അമ്പിളിയും കാടും കടലും കായലും പുഴകളുമെല്ലാം നമ്മുടെയെല്ലാവരുടേതുമായിരിക്കുന്നതുപോലെ. സര്‍വലോകത്തിനും ഐശ്വര്യമുണ്ടാകട്ടെ എന്നതാകട്ടെ നമ്മുടെ നിമന്ത്രണം.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്