താര്‍ഷീഷ്

താര്‍ഷീഷ്

വിശുദ്ധ ബൈബിളില്‍ താര്‍ഷീഷ് എന്ന നാമധാരികളായ മൂന്ന് കഥാപാത്രങ്ങളേയും ഒരു സ്ഥലത്തേയും കാണാനാവും. ആദ്യത്തേത് യാവാന്റെ നാലു പുത്രന്മാരില്‍ രണ്ടാമന്‍ (Gen 10:4; 1 Cro 1:7). രണ്ടാമത്തേത്, ഇസ്രായേല്യരുടെ സൈനിക സെന്‍സസില്‍ രേഖപ്പെടുത്തിയിരിക്കുന്ന യെദിയായേലിന്റെ മകനായ ബില്‍ഹാന്റെ ഏഴു പുത്രന്മാരില്‍ ഒരാള്‍ (1 Chr 7:10). ഈ താര്‍ഷീഷ് ബെഞ്ചമിന്‍ വഴി യാക്കോബിന്റെ കൊച്ചുമകനാണ്. മൂന്നാമന്‍, എസ്തറിന്റെ പുസ്തകത്തില്‍ കാണുന്ന താര്‍ഷീഷാണ്. അയാള്‍ അഹസ്വേരൂസ് രാജാവിന്റെ ഉപദേശകരായിരുന്ന പേര്‍ഷ്യയിലെയും മേദ്യയിലെയും ഏഴു രാജകുമാരന്മാരില്‍ ഒരാളാണ് (എസ്ത് 1:14). ഈ ഏഴുരാജകുമാരന്മാര്‍ കോടതിയിലെ ഏറ്റവും പ്രമുഖരായിരുന്നു. അവര്‍ രാജ്യത്തില്‍ ഒന്നാമന്മാര്‍ ആയിരുന്നു. അതിനാല്‍ രാജാവിനൊപ്പം വ്യക്തിപരമായ സദസ്സിനുള്ള പദവിയും, രാജാവിന്റെ മുഖം കാണാനുള്ള അവകാശവും അവര്‍ക്കുണ്ടായിരുന്നു. പേര്‍ഷ്യന്‍ രാജാവിന്റെ ഉപദേശകരെപ്പറ്റി ബൈബിളേതര സ്രോതസ്സുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും 'താര്‍ഷീഷ്' എന്ന പേരോ, തത്തുല്യമായ പേരുകളൊ ബൈബിളേതര സ്രോതസ്സുകളില്‍ ഇല്ലാത്തതിനാലും, ആ പേരിന്റെ ഘടന സെമറ്റിക്ക് ആയതിനാലും അത് ഒരു പേര്‍ഷ്യന്‍ പേരല്ല, യഹൂദനാമം ആണെന്നാണ് പണ്ഡിത നിഗമനം. പുഷ്യരാഗം എന്നാണ് ഈ പേരിന്റെ അര്‍ഥം.

താര്‍ഷീഷ് എന്ന സ്ഥലപ്പേര് യാവാന്റെ പുത്രനായ താര്‍ഷീഷുമായി ബന്ധപ്പെട്ടിരിക്കുന്നു. താര്‍ഷീഷിന്റെ സഹോദരങ്ങളുടെ പിന്‍ഗാമികള്‍ മെഡിറ്ററേനിയന്‍, ഈജിയന്‍ സമുദ്ര രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ താര്‍ഷീഷിന്റെ പിന്‍ഗാമികളും ഇതേ പ്രദേശത്ത് വസിച്ചിരുന്നു എന്ന് കരുതുന്നു. എന്നിരുന്നാലും, വിലയേറിയ കല്ലുകളായും, ലോഹങ്ങളായും, കപ്പലുകളുമായും ബന്ധപ്പെടുത്തി പഴയനിയമത്തില്‍ താര്‍ഷീഷിനെക്കുറിച്ച് 30 ലധികം പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നിട്ടും, അതിന്റെ കൃത്യമായ സ്ഥാനം ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. പല സൂചനകളും വൈരുധ്യമാര്‍ന്നതാണ്. താര്‍ഷീഷിനെ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട അവ്യക്തത നിമിത്തം, യോപ്പയില്‍ നിന്ന് കപ്പല്‍ കയറുമ്പോള്‍ യോനാപ്രവാചകന്‍ എവിടേക്കാണ് പോകുന്നതെന്ന് നമുക്ക് കൃത്യമായി പറയാന്‍ കഴിയില്ല. അവന്‍ ദൈവത്തില്‍നിന്നും അകന്നുപോയി എന്നു മാത്രമേ അതില്‍നിന്നും നമുക്ക് അനുമാനിക്കാനാകൂ.

താര്‍ഷീഷ് പുഷ്യരാഗത്തിന് പ്രസിദ്ധമായിരുന്നു. ഏഴ് ഇടങ്ങളില്‍ ഈ കല്ലിന്റെ തിളക്കം, സൗന്ദര്യം, പുരോഹിത വസ്ത്രത്തിലെ ഉപയോഗം എന്നിവയെപ്പറ്റി പറയാന്‍ താര്‍ഷീഷ് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. പത്തിടങ്ങളില്‍ കപ്പലുകളുമായി ബന്ധപ്പെട്ട് താര്‍ഷീഷിനെ പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ണം, വെള്ളി, വിദേശ ചരക്കുകള്‍ എന്നിവയുടെ വ്യാപാരത്തില്‍ ഫിനീഷ്യന്‍ കപ്പലുകള്‍ക്കൊപ്പം സോളമന്റെ സേവനത്തിനായി താര്‍ഷീഷിലെ കപ്പലുകളും ഉപയോഗിക്കപ്പെട്ടിരുന്നു. ഇസ്രായേല്യരെ സ്വതന്ത്രമാക്കുന്ന കര്‍ത്താവിന്റെ ദിവസം, ലെബനോനിലെ ഉയര്‍ന്ന പര്‍വതങ്ങളെയും ദേവദാരുക്കളെയും ഒപ്പം, താര്‍ഷീഷ് കപ്പലുകളെയും അവിടുന്ന് താഴ്ത്തും. സ്വര്‍ണ്ണം കൊണ്ടുവരാന്‍ ഓഫീറിലേക്ക് പോകാന്‍ (തിരുവനന്തപുരത്തെ പൂവാര്‍) യെഹോഷഫാത്ത് നിര്‍മ്മിച്ച താര്‍ഷീഷ് കപ്പലുകള്‍ എസിയോന്‍ഗേബറിന്റെ തീരത്തുവച്ച് ശക്തമായ കിഴക്കന്‍ കാറ്റിനാല്‍ നശിപ്പിക്കപ്പെട്ടു. അവയുടെ വലിപ്പം കാരണം 'താര്‍ഷീഷിലെ കപ്പലുകണക്കെ താണുപോകും' എന്നത് പഴഞ്ചൊല്ലായി മാറി (Is 2:16). താര്‍ഷീഷിന്റെ, കപ്പലുകളുമായും ലോഹങ്ങളുമായുമുള്ള ബന്ധവും, raðâðu (ചൂടാക്കുക, ഉരുക്കുക) എന്ന അക്കാഡിയന്‍ വാക്കുമായുള്ള സാമ്യവും കാരണം, താര്‍ഷീഷ് ഒരു ലോഹ റിഫൈനറി ആയിരിക്കാം എന്നും കരുതപ്പെടുന്നു. ഭാരമുള്ള ലോഹവസ്തുക്കള്‍ കൊണ്ടുപോകാന്‍ വലിയ കപ്പലുകളുടെ ആവശ്യം ഉണ്ടായിരുന്നു. ലോഹത്തില്‍ വന്‍തോതില്‍ വ്യാപാരം നടക്കുന്നിടത്തെല്ലാം ഇത്തരത്തിലുള്ള കപ്പല്‍ കാണാനാകും. 'തുഴ' എന്നര്‍ത്ഥംവരുന്ന ഗ്രീക്ക് വാക്കായ 'ടാര്‍സോസ്' എന്ന വാക്കുമായുള്ള സാമ്യവും ഇതിനെ കപ്പലുമായി ബന്ധിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org