തിരുപ്പട്ടം: മുദ്രിത കൂദാശ

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ 'കൂദാശകള്‍' [ഭാഗം 9]
തിരുപ്പട്ടം: മുദ്രിത കൂദാശ
ലോകത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ടുകൊണ്ട് ദൈവജനത്തില്‍ നിന്നും ദൈവത്തിനുവേണ്ടി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് 'തിരുപ്പട്ടം' എന്ന കൂദാശ സ്വീകരിക്കുന്ന പുരോഹിതര്‍. പരിശുദ്ധാത്മാവിനാല്‍ പവിത്രീകരിക്കപ്പെട്ട് തിരുസഭയുടെ നാമത്തില്‍ ദൈവജനത്തിന് സവിശേഷമാം വിധം ശുശ്രൂഷ ചെയ്യാന്‍ ആത്മാവില്‍ മുദ്ര ചെയ്യപ്പെട്ട് അഭിഷേകം സ്വീകരിക്കുന്നവരാണവര്‍. ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തില്‍ പങ്കചേര്‍ന്നുകൊണ്ട് ഈ ലോകത്തില്‍ ക്രിസ്തുവിന് പകരക്കാരനാകാന്‍ ക്രിസ്തുനാഥനാല്‍ വിളിക്കപ്പെട്ടവരാണവര്‍. തിരുപ്പട്ടം എന്ന കൂദാശ വഴി വൈദികന്‍ ക്രിതുവിന്റെ സ്ഥാനപതിയായി തീരുകയാണ് (2 കൊറി. 5:20).
  • പൗരോഹിത്യം പഴയനിയമത്തില്‍

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ ജനത്തെ പുരോഹിത രാജ്യവും വിശുദ്ധ ജനവുമായി രൂപപ്പെടുത്തി (പുറ. 19:6) ഇസ്രായേലിലെ 12 ഗോത്രങ്ങളില്‍ ഒന്നായ ലേവിഗോത്രത്തെയാണ് പുരേഹിത ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്തത്. ലേവി ഗോത്രത്തില്‍പ്പെട്ടവരെ മാത്രമേ പുരോഹിത ശുശ്രൂഷയ്ക്ക് നിയോഗിച്ചിരുന്നുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കാനും മനുഷ്യര്‍ക്കുവേണ്ടി ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ബലികളും കാഴ്ചകളും അര്‍പ്പിക്കുവാനുമാണ് പുരോഹിതര്‍ നിയോഗിക്കപ്പെട്ടത്. ഹോമബലി, പാപപരിഹാര ബലി, സമാധാന ബലി എന്നിങ്ങനെ 3 തരം ബലികളാണ് പ്രധാനമായും അവര്‍ അര്‍പ്പിച്ചിരുന്നത്. അതാകട്ടെ പൂര്‍ണ്ണമായ വിശുദ്ധീകരണം നേടിത്തരാന്‍ സാധിക്കാത്തതിനാല്‍ ബലികള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു.

  • ക്രിസ്തുവിന്റെ പൗരോഹിത്യം

പഴയനിയമ പൗരോഹിത്യത്തില്‍ പ്രതീകാത്മകമായി പ്രത്യക്ഷപ്പെട്ട എല്ലാ പ്രതിരൂപങ്ങളുടേയും പൂര്‍ത്തീകരണം ''ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലെ ഏക മധ്യസ്ഥനായ ''യേശുക്രിസ്തുവിലാണ്. ക്രിസ്തുവിന്റെ പൗരോഹിത്യം പഴയ നിയമത്തിലെ അഹറോന്റേയോ ലേവി വംശത്തിന്റേയോ ക്രമപ്രകാരമല്ല മറിച്ച് അത്യുന്നത ദൈവത്തിന്റെ പുരോഹിതനായ മെല്‍ക്കിസെദെക്കിന്റെ ക്രമപ്രകാരമുള്ള (ഹെബ്രാ. 5:10) ഈ മഹാപുരോഹിതന്‍ പരിശുദ്ധനും കുറ്റമറ്റവനും നിഷ്‌ക്കളങ്കനുമാണ്. വിശുദ്ധീകരിക്കപ്പെടുന്നവരെ തന്റെ കുരിശിലെ അതുല്യമായ ഏകബലി വഴി എന്നേക്കുമായി പരിപൂര്‍ണ്ണരാക്കിയിരിക്കുന്നു. മെല്‍ക്കി സെദെക്ക് എന്നേക്കും മഹാപുരോഹിതനായ ക്രിസ്തവിന്റെ പൗരോഹിത്യത്തിന്റെ മുമ്പേയുള്ള പ്രതിഛായയാണ്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട, നിയോഗിക്കപ്പെട്ട മഹാപുരോഹിതനാണ് യേശുക്രിസ്തു എന്നതുപോലെ ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കുചേരാനായി ക്രിസ്തുവിനാല്‍ വിളിക്കപ്പെട്ട വിശുദ്ധ ജനമാണ് സഭ.

  • വിശ്വാസികളുടെ പൊതു പൗരോഹിത്യം

ക്രിസ്തു മാത്രമാണ് യഥാര്‍ത്ഥത്തില്‍ പുരോഹിതന്‍. മാമ്മോദീസ വഴി നാമെല്ലാവരും അവിടുത്തെ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്നു. ഇതിനെയാണ് വിശ്വാസികളുടെ പൊതുപൗരോഹിത്യം എന്നു പറയുന്നത്. വിശ്വാസികളുടെ സമൂഹം പ്രകൃത്യാ പുരോഹിത ജനമാണ്. ക്രിസ്തുവിന്റെ പൗരോഹിത്യത്തിലും രാജകീയത്വത്തിലും പ്രവാചകത്വത്തിലും ഓരോ വിശ്വാസിയുടെയും വിളിക്കനുസരിച്ച് പങ്കുപറ്റിക്കൊണ്ട് ജ്ഞാനസ്‌നാനത്തിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നമുക്ക് ലഭിച്ച കൃപാവരത്തെ പൂര്‍ത്തീകരിക്കുന്നു. ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്നവര്‍ എന്ന നിലയിലാണ് ഓരോ വി. കുര്‍ബാനയിലും പുരോഹിതന്‍ പ്രധാന അര്‍പ്പകരും നാമെല്ലാവരും സഹ അര്‍പ്പകരുമാകുന്നത്.

  • ശുശ്രൂഷാ പൗരോഹിത്യം

മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ പൊതുപൗരോഹിത്യത്തില്‍ എല്ലാ വിശ്വാസികളും പങ്കുചേരുന്നുണ്ടെങ്കിലും സഭയിലൂടെ നിറവേറ്റപ്പെടേണ്ട ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയില്‍ സവിശേഷമായ വിധത്തില്‍ കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും ദൈവജനത്തിന് ശുശ്രൂഷ ചെയ്യാനും അവരെ നയിക്കാനും പഠിപ്പിക്കാനും വിശുദ്ധീകരിക്കാനുമായി ക്രിസ്തുവിനാല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് ശുശ്രൂഷ പൗരോഹിത്യം സ്വീകരിക്കുന്ന പുരോഹിതര്‍.

ക്രിസ്തുവിന്റെ സഭയെ ക്രിസ്തുവിനുവേണ്ടി പണിതുയര്‍ത്താന്‍ വിളിക്കപ്പെട്ടവരാണ് അവര്‍. ക്രിസ്തുവിന്റെ പകരക്കാരനായി അഭിഷേകം ചെയ്യപ്പെട്ടവര്‍ എന്ന നിലയില്‍ സവിശേഷമായ കൃപാവരവും അധികാരവും നല്കപ്പെട്ടവരാണവര്‍. ഈ അധികാരത്തിന്റെ വിനിയോഗത്തില്‍ മനുഷ്യരോടുള്ള സ്‌നേഹത്തെ പ്രതി തന്നെത്തന്നെ ചെറിയവനും നിസ്സാരനും എല്ലാവരുടേയും ദാസനുമാക്കിയ ക്രിസ്തുവാണ് അവര്‍ക്ക് മാതൃക. ഒരു വ്യക്തി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നത് പൊതുവായ പൗരോഹിത്യം സ്വീകരിച്ച ദൈവജനത്തിന് ശുശ്രൂഷ ചെയ്യാനാണ്. ക്രിസ്തുവാണ് പൗരോഹിത്യത്തിന്റെ മുഴുവന്‍ ഉറവിടം. ''പഴയ നിയമത്തിലെ പുരോഹിതര്‍ ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നെങ്കില്‍ പുതിയ നിയമത്തിലെ പുരോഹിതര്‍ ക്രിസ്തുവിന് പകരം നിന്ന് പ്രവര്‍ത്തിക്കുന്നു'' (രരര 1548).

മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള പുരുഷന് മാത്രമേ സാധുവായ വിധത്തില്‍ തിരുസഭയില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. 12 അപ്പസ്‌തോലന്മാരുടെ ഗണത്തിലേക്ക് യേശുനാഥന്‍ പുരുഷന്മാരെ മാത്രം തിരഞ്ഞെടുത്തു എന്നതു കൊണ്ടും അപ്പസ്‌തോലന്മാര്‍ തങ്ങളുടെ ശുശ്രൂഷാ പിന്‍തുടര്‍ച്ചക്കാരെ തിരഞ്ഞെടുത്തപ്പോള്‍ ആ പതിവ് തുടര്‍ന്നു എന്നതുകൊണ്ടും ഈ പാരമ്പര്യത്തെ മുറുകെ പിടിച്ച കത്തോലിക്കാ സഭ സ്ത്രീകള്‍ക്കു തിരുപ്പട്ടം നല്കുന്നില്ല. മറ്റ് പല ക്രിസ്തീയ സഭകളും സ്ത്രീകള്‍ക്ക് വൈദികപട്ടവും മെത്രാന്‍പട്ടവും നല്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭ ഇതിനോട് ഇന്നും യോജിച്ചിട്ടില്ല. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് ഇത്തരം ഒരാവശ്യം സഭയില്‍ ഉയര്‍ന്നുവന്നെങ്കിലും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം സ്ത്രീകള്‍ക്ക് പട്ടം കൊടുക്കുക സാധ്യമല്ല എന്ന് മാര്‍പാപ്പ വ്യക്തമാക്കി (രള. ഖീവി ജമൗഹ, ങഉ 2627).

  • തിരുപ്പട്ടത്തിലെ മൂന്നു പദവികള്‍

'പട്ടം' എന്ന് നാം മലയാളത്തില്‍ പറയുന്ന വാക്ക് ഇംഗ്ലീഷിലെ ീൃറശിമശേീി എന്ന പദത്തില്‍നിന്നും വന്നതാണ്. ഓര്‍ഡിനേഷന്‍ എന്ന പദമാകട്ടെ ലത്തീനിലെ ഓര്‍ഡിനാസിയോ (ീൃറശിമശേീ) എന്ന പദത്തില്‍ നിന്നുമാണ് ഉണ്ടായത്. പുരാതന റോമിലെ ഭരണ സമിതിയെ സൂചിപ്പിക്കാന്‍ ഓര്‍ദോ (ീൃറീീൃറലൃ) എന്നാണ് പറഞ്ഞിരുന്നത്. ഓര്‍ദോയിലേക്ക് ആളുകളെ ചേര്‍ക്കുന്നതിനെ ഓര്‍ഡിനാസിയോ എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. പില്‍ക്കാലത്ത് ശുശ്രൂഷാ പൗരോഹിത്യം നല്കുന്ന കര്‍മ്മത്തിനും ഈ പദം ഉപയോഗിച്ചു തുടങ്ങി. തിരുപ്പട്ടം എന്ന കൂദാശയ്ക്ക് മെത്രാന്‍, പുരോഹിതന്‍, ഡീക്കന്‍ എന്നീ മൂന്ന് പദവികള്‍ ഉണ്ട്.

ശ്ലൈഹിക പിന്‍തുടര്‍ച്ച സഭയില്‍ നിലനില്‍ക്കുന്നത് മെത്രാനിലൂടെ ആകയാല്‍ പൗരോഹിത്യത്തിന്റെ പൂര്‍ണ്ണത മെത്രാന്‍ പട്ടത്തിലാണ്. മെത്രാന്‍ ദൈവത്തിന്റെ കാര്യസ്ഥന്‍ എന്ന നിലയില്‍ കുറ്റമറ്റവനും ശ്ലൈഹിക കൈവയ്പ് സ്വീകരിച്ചവനുമായിരിക്കണമെന്ന് വി. ഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു (അപ്പ. 1:8; 2:4, തീത്തോ. 1:7, 1 തിമോ 1:6-7).

മെത്രാന്മാരുടെ ശ്ലൈഹിക ശുശ്രൂഷയില്‍ പങ്കുചേരുന്നവരാണ് പുരോഹിതര്‍. അവര്‍ മെത്രാന്മാരുടെ പ്രതിനിധിയായി (വികാരി) വര്‍ത്തിക്കുന്നു. പുരോഹിതര്‍ മെത്രാന്മാരുടെ സഹകാരികളും സഹപ്രവര്‍ത്തകരും പുത്രന്മാരും സഹോദരങ്ങളും സുഹൃത്തുക്കളുമാണ്.

ശുശ്രൂഷാ പൗരോഹിത്യത്തിന്റെ മൂന്നാമത്തെ പദവിയാണ് ഡീക്കന്മാര്‍. ഡയക്കോണിയ എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് ഡീക്കന്‍ എന്ന പദത്തിന്റെ ഉല്‍ഭവം. ശുശ്രൂഷ ചെയ്യുന്നവന്‍, സേവനം ചെയ്യുന്നവന്‍ എന്നാണ് ഇതിനര്‍ത്ഥം. ആരാധനാക്രമങ്ങളിലും സുവിശേഷ പ്രഘോഷണത്തിലും മറ്റ് ദൗത്യ നിര്‍വഹണത്തിലും മെത്രാന്മാരേയും വൈദികരേയും പ്രത്യേകം സഹായിക്കുന്നു എന്നത് ഡീക്കന്മാരുടെ ചുമതലയാണ്.

തിരുപ്പട്ട കൂദാശയും ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശയാണ്. അതിനാല്‍ അത് ആവര്‍ത്തിക്കാനോ താല്‍ക്കാലികമായി നല്കുവാനോ തിരിച്ചെടുക്കുവാനോ കഴിയില്ല.

  • വിവാഹിതര്‍ക്ക് പൗരോഹിത്യം സ്വീകരിക്കാമോ?

സഭയുടെ ആദിമകാലഘട്ടം മുതലെ വിവാഹിതര്‍ക്ക് തിരുപ്പട്ടം സ്വീകരിക്കുന്നതില്‍ തടസ്സം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ആദിമ നൂറ്റാണ്ടുകളില്‍ വിവാഹിതരായ അനേകം വൈദികരും മെത്രാന്മാരും ഉണ്ടായിരുന്നു. ദൈവശാസ്ത്രപരമായി വിവാഹിതരായ പുരുഷന്മാര്‍ക്ക് തിരുപ്പട്ടം സ്വീകരിക്കുന്നതില്‍ തടസ്സം ഇല്ലെങ്കിലും കഴിഞ്ഞ ആയിരം വര്‍ഷമായിട്ടെങ്കിലും അജപാലനപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് ലത്തീന്‍ സഭയില്‍ വൈദികബ്രഹ്മചര്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സഭയിലെ 98% വിശ്വാസികളും ലത്തീന്‍ സഭയില്‍ പെട്ടവരാണു താനും. അവിഭക്ത ഹൃദയത്തോടെ തങ്ങളെത്തന്നെ സ്വയം പ്രതിഷ്ഠിക്കാന്‍ വിളിക്കപ്പെട്ടവരാണ് വൈദികര്‍ എന്ന ബോധ്യം അവര്‍ക്ക് ഉണ്ടാകുവാനാണത്. ''അവര്‍ തങ്ങളെതന്നെ പൂര്‍ണ്ണമായും ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു. സഭാശുശ്രൂഷകന്‍ ഏതിന്റെ ശുശ്രൂഷയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവോ ആ പുതിയ ജീവിതത്തിന്റെ അടയാളമാണ് ബ്രഹ്മചര്യം (രരര 1579).

എന്നാല്‍ പൗരസ്ത്യസഭകളില്‍ നൂറ്റാണ്ടുകളായി വ്യത്യസ്തമായൊരു ശിക്ഷണമാണ് നിലനിന്നിരുന്നത്. ബ്രഹ്മചാരികളായവരെ മാത്രം മെത്രാന്‍ പട്ടത്തിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ വിവാഹിതരായവരെ പുരോഹിതനും ഡീക്കന്മാരുമായി അഭിഷേകം ചെയ്യുന്നു. ആദിമ നൂറ്റാണ്ടുമുതലുള്ള ഈ പാരമ്പര്യം നിയമാനുസൃതമായി തുടരാന്‍ പൗരസ്ത്യസഭകള്‍ക്ക് അനുവാദമുണ്ട്. എന്നിരുന്നാലും പൗരസ്ത്യ സഭകളില്‍ ഭാരതത്തിലുള്ള സീറോ മലബാര്‍ സഭയും സീറോ മലങ്കര സഭയും ഉള്‍പ്പെടെ പല പൗരസ്ത്യസഭകളും ഈ രീതി പിന്തുടരാതെ ലത്തീന്‍ സഭയിലേതുപോലെ വൈദിക ബ്രഹ്മചര്യം നിഷ്‌ക്കര്‍ഷിക്കുന്നു.

  • തിരുപ്പട്ടം തിരിച്ചെടുക്കാമോ?

സഭയ്ക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകരണമായി വര്‍ത്തിക്കേണ്ടതിനു പരിശുദ്ധാത്മാവിന്റെ പ്രത്യേക കൃപാവരത്താല്‍ തിരുപ്പട്ടം സ്വീകരിക്കുന്ന വ്യക്തിയെ ക്രിസ്തുവുമായി അനുരൂപപ്പെടുത്തുന്നു. മാമ്മോദസായിലും സ്ഥൈര്യലേപനത്തിലുമെന്നതുപോലെ ക്രിസ്തുവിന്റെ ധര്‍മ്മത്തിലുള്ള ഈ ഭാഗഭാഗിത്വം തിരുപ്പട്ടത്തിലും എന്നേക്കുമായി നല്കപ്പെടുന്നതാണ്. മറ്റ് രണ്ട് കൂദാശകളിലും എന്നതുപോലെ തിരുപ്പട്ട കൂദാശയും ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശയാണ്. അതിനാല്‍ അത് ആവര്‍ത്തിക്കാനോ താല്‍ക്കാലികമായി നല്കുവാനോ തിരിച്ചെടുക്കുവാനോ കഴിയില്ല.

സാധുവായി പട്ടം സ്വീകരിക്കുന്ന ഒരാളെ തക്കതായ കാരണത്താല്‍ തിരുപ്പട്ടവുമായി ബന്ധപ്പെട്ട കര്‍ത്തവ്യങ്ങളിലും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിവാക്കുകയോ വിലക്കുകയോ ചെയ്യാമെന്നത് ശരിയാണ്. പക്ഷേ നിഷ്‌കൃഷ്ടാര്‍ത്ഥത്തില്‍ അയാള്‍ക്ക് വീണ്ടും ഒരു അല്മായനാകാന്‍ കഴിയില്ല. കാരണം തിരുപ്പട്ടം പതിക്കുന്ന മുദ്ര എക്കാലത്തേക്കുമാണ്. തിരുപ്പട്ടം സ്വീകരിച്ച ദിവസം ഏറ്റുവാങ്ങുന്ന വിളിയും ദൗത്യവും ആ വ്യക്തിയെ ശാശ്വതമായി അടയാളപ്പെടുത്തുന്നു (രരര 1583).

ക്രിസ്തുതന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകനിലൂടെ പ്രവര്‍ത്തിക്കുകയും രക്ഷ സാധ്യമാക്കുകയും ചെയ്യുന്നത്. അതിനാല്‍ ശുശ്രൂഷകന്റെ അയോഗ്യത ക്രിസ്തുവിന്റെ പ്രവര്‍ത്തനത്തെ തടയുന്നില്ല. അയാള്‍ അശുദ്ധമായാലും ക്രിസ്തുവിന്റെ വരദാനം അശുദ്ധമാകുന്നില്ല. ശുദ്ധമായിതന്നെ ഇരിക്കുന്നു. ''അശുദ്ധമായതിലൂടെ കടന്നുപോകേണ്ടി വന്നാലും അത് അതില്‍തന്നെ അശുദ്ധമാക്കപ്പെടുന്നില്ല'' (സെന്റ് അഗസ്റ്റിന്‍).

  • വൈദികര്‍ മധ്യസ്ഥര്‍

വൈദികന്‍ ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലെ മധ്യസ്ഥനാണ്. മനുഷ്യര്‍ക്കുവേണ്ടി ദൈവത്തിന്റെ മുമ്പിലും ദൈവത്തിനുവേണ്ടി മനുഷ്യരുടെ മുമ്പിലും കരങ്ങളുയര്‍ത്തുന്ന മധ്യസ്ഥനാണവന്‍. പുരോഹിതന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മുമ്പില്‍ നിര്‍ത്തപ്പെട്ടവന്‍ എന്നാണ്. മനുഷ്യരുടെ രോദനങ്ങള്‍ ദൈവത്തോടും ദൈവത്തിന്റെ സ്വരം മനുഷ്യരോടും വിളമ്പാന്‍ വിളിക്കപ്പെട്ടവനാണവന്‍.

മറ്റുള്ളവര്‍ക്ക് തണലാകുമ്പോഴും സ്വയം അല്പം തണലിനുവേണ്ടി ആഗ്രഹിക്കേണ്ടി വരുമെന്നും സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുമ്പോഴും തന്നെ സ്‌നേഹിക്കുന്നവരോട് അകലം പാലിക്കേണ്ടി വരുമെന്നും ഉത്സവ തിമര്‍പ്പുകള്‍ക്കും ആഘോഷങ്ങള്‍ക്കും ഒടുവില്‍ ഒറ്റപ്പെടേണ്ടി വരുന്ന സായാഹ്നങ്ങളുണ്ടാകുമെന്നും അറിഞ്ഞുകൊണ്ടുതന്നെ അവിടുത്തെ വിളിക്ക് പ്രത്യുത്തരമേകിയവനാണവന്‍.

ആവര്‍ത്തനങ്ങളാകുന്ന ഏകാന്തതയില്‍ ക്രിസ്തുവില്‍ മാത്രം ആശ്രയിക്കുന്ന ഇക്കൂട്ടരെ നാം മറന്നുപോകുന്നത് എന്തുകൊണ്ടാണ്? പുരോഹിതന്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇന്നലെകളുടെ വഴികളിലും നാളെകളുടെ തിരക്കുകളിലും നിന്റെ ജീവിതത്തില്‍ ശക്തമായ സാന്നിധ്യമാകുന്ന പുരോഹിതരെ ഓര്‍മ്മിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും നമുക്ക് കടമയുണ്ട്.

ജനനം മുതല്‍ മരണം വരെ എത്രയെത്ര വൈദികരാണ് നമ്മുടെ ജീവിതയാത്രയില്‍ നമ്മെ അനുധാവനം ചെയ്യുന്നത്. ക്രിസ്തുവിന്റെ ജ്ഞാനത്തില്‍ നിന്നെ സ്‌നാനപ്പെടുത്താന്‍ നിന്റെ തലയില്‍ വെള്ളമൊഴിച്ച് അനുഗ്രഹിച്ചതു മുതല്‍ നിന്റെ മരണത്തിന്റെ മൗനത്തില്‍ മാലാഖമാരോടൊത്ത് നിന്നെ സ്വര്‍ഗത്തിലേക്ക് യാത്രയാക്കാനുള്ള തിരുക്കര്‍മ്മ ങ്ങള്‍ക്കു നേതൃത്വം നല്‌കേണ്ടതുവരെ യുള്ള നിന്റെ വഴിത്താരകളില്‍ എത്രയോ വൈദികരാണ് തണലായി നിന്നിട്ടുള്ളത്.

ബോധപൂര്‍വം നീ നല്കാന്‍ മറന്നുപോയ ഹൃദയത്തിലെ ഒരിടം അവന് അവകാശപ്പെട്ടതല്ലെ? ക്രിസ്തുമാത്രം സ്വന്തമെന്ന് കരുതുന്നവനുവേണ്ടി ഒരു മാത്ര ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ നാം സ്വന്തമാക്കുന്നത് ക്രിസ്തുവിനെ തന്നെയാണ്. ഓര്‍ക്കുക മറക്കുമ്പോഴും മാറ്റിനിര്‍ത്തുമ്പോഴും നീ അകറ്റുന്നത് നിന്നിലെ ക്രിസ്തുവിനെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org