Baladeepam

അനാവശ്യ ഉപദേശം

Sathyadeepam

ഒരിക്കല്‍ ഒരു പക്ഷിക്കച്ചവടക്കാരന്‍റെ അടുക്കലെത്തി ഒരു മദ്ധ്യവയസ്ക ഒരു തത്തയെ വാങ്ങി. പിറ്റേദിവസം ഈ സ്ത്രീ കച്ചവടക്കാരന്‍റെയടുക്കലെത്തി പറഞ്ഞു: "ഈ തത്ത ഒന്നും സംസാരിക്കുന്നില്ല."

"കൂട്ടിനുള്ളില്‍ നിങ്ങള്‍ കണ്ണാടി പിടിപ്പിച്ചിട്ടുണ്ടോ?" – കച്ചവടക്കാരന്‍ ചോദിച്ചു.

"ഇല്ല" – സ്ത്രീ മറുപടി പറഞ്ഞു.

തത്തകള്‍ക്കു കണ്ണാടി ഇഷ്ടമാണ്. തങ്ങളുടെ പ്രതിരൂപം കണ്ണാടിയില്‍ കണ്ടുകഴിയുമ്പോള്‍ അവ സംസാരിച്ചു തുടങ്ങും.

കച്ചവടക്കാരന്‍റെ വാക്കു കേട്ടു സ്ത്രീ കണ്ണാടി വാങ്ങി കൂട്ടില്‍ ഫിറ്റ് ചെയ്തു.

പിറ്റേ ദിവസം വീണ്ടും കച്ചവടക്കാരന്‍റെയടുക്കലെത്തിയ സ്ത്രീ പഴയ പല്ലവി പിന്നെയും ആവര്‍ത്തിച്ചു: "കണ്ണാടി ഫിറ്റ് ചെയ്തു; തത്ത മിണ്ടുന്നില്ല."

"ഊഞ്ഞാല്‍ കൂട്ടിലില്ലാത്തതാണു കുഴപ്പം. നിങ്ങള്‍ തത്തയുടെ കൂട്ടില്‍ ഒരു ഊഞ്ഞാല്‍ പിടിപ്പിച്ചാല്‍ തത്ത മിണ്ടും." കച്ചവടക്കാരന്‍ ആത്മവിശ്വാസത്തോടുകൂടി പറഞ്ഞു. അവര്‍ ഒരു ഊഞ്ഞാല്‍ വാങ്ങി യാത്രയായി. പിറ്റേ ദിവസവും ആ സ്ത്രീ കച്ചവടക്കാരന്‍റെയടുക്കലെത്തി. വളരെ ദുഃഖപൂര്‍ണമായ സ്വരത്തില്‍ അവര്‍ കച്ചവടക്കാരനോടു പറഞ്ഞു: "തത്ത ചത്തുപോയി." അപ്പോള്‍ കച്ചവടക്കാരന്‍ ചോദിച്ചു: "മരണത്തിലേക്കു പോകുന്നതിനു തൊട്ടുമുമ്പു തത്ത എന്തെങ്കിലും സംസാരിച്ചിരുന്നോ?"

അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: "ഉവ്വ്… നേര്‍ത്ത സ്വരത്തില്‍ തത്ത ചോദിച്ചു, ആ കടയില്‍ തീറ്റയൊന്നും വില്ക്കാന്‍ വച്ചിട്ടില്ലേ എന്ന്."

പലപ്പോഴും തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്കു കൂപ്പുകുത്തുമ്പോഴും സാധാരണക്കാരനായി ജീവിതം നാം ജീവിച്ചു തീര്‍ക്കുമ്പോഴും നമ്മെ വഴിതെറ്റിക്കുവാന്‍ ഈ കച്ചവടക്കാരനെപ്പോലെ ധാരാളം പേര്‍ കടന്നുവന്നുവെന്നു വരാം. അവര്‍ ഒരുപക്ഷേ, നമ്മുടെ സുഹൃത്തുക്കളോ കുടുംബത്തിലുള്ളവരോ ഒക്കെ ആകാം.

ഇവരോട് ഒരു പത്തു രൂപാ കടം ചോദിച്ചാല്‍ ഒന്ന് മടിച്ചിട്ടേ അവര്‍ തരൂ. പക്ഷേ, അവര്‍ ഫ്രീയായിട്ട് തരുന്ന ഒരു സംഗതിയുണ്ട്; ഉപദേശം.

അവരുടെ അനാവശ്യമായ ഉപദേശം കേട്ട് ഉന്നതമായ തീരുമാനങ്ങളില്‍നിന്നും പിന്തിരിയുന്നവരാണു നിങ്ങളെങ്കില്‍ നിങ്ങള്‍ക്കു സംഭവിക്കുന്നതും തത്തയ്ക്കു സംഭവിച്ചതിനു സമാനമായ അന്ത്യമായിരിക്കും. എന്താണോ ആവശ്യമുള്ളത്, അതു മാത്രം നേടാതെ അനാവശ്യമായതെല്ലാം നേടുന്ന ആളുകളായി നമ്മള്‍ മാറും.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം