കഥകള്‍ / കവിതകള്‍

സ്വീകരണം

sathyadeepam

വി.ജെ. മാതേക്കൻ
കടവൂർ

മന്ത്രിയെത്തുന്നതിന്നാദ്യമായ് നാട്ടിൽ ജന-
മെന്തിന്നു മൊരുക്കമായ് നില്പതായിരത്തോളം
"കരിവീരന്മാർ മുമ്പിൽ നിൽക്കണം 'നീലാണ്ട'ന്റെ
കരമാകട്ടെ മാല ചാർത്തുവതൊന്നാമതായ്
യൗവനം തുടിക്കുന്ന കന്യമാർ വേഷം കെട്ടി
ഭംഗിയായ് തിരഞ്ഞെടുത്തിടണം താലപ്പൊലി
ബാന്റുസെറ്റടുത്തതായ് നില്ക്കണം പെൺകുട്ടികൾ
നീങ്ങണം, മുറതെറ്റിപ്പോകരുതൊരിക്കലും
തോരണം പോരാ നമ്മളെന്തിനു പിശുക്കുന്നു
ഗൗരവം കുറയ്ക്കുന്നതെത്രയും മോശംതന്നെ
ആശുപത്രിയും രണ്ടു വണ്ടിയും കോളേജെന്ന-
ല്ലീശ്വരൻ തടഞ്ഞാലുമെന്തുമേ ദാനം ചെയ്യാൻ
കരുണയുള്ളൊരുത്തനാണവനെ പൂജിച്ചിടാൻ
മടിക്കുന്നതെന്തിനു പൊടിപൂരമാക്കണം
പൊട്ടണം കതിനകളൊക്കെയും, പടക്കങ്ങൾ
കെട്ടണം തെങ്ങിൻമോളിലെത്രയും വേഗം വേണം
മുപ്പതുപേർക്കേ കാപ്പി 'പ്രിപ്പയർ' ചെയ്തിട്ടുള്ളൂ
നാല്പതെങ്കിലും 'അറേഞ്ചാക്കണം' മടിക്കാതെ
മന്ത്രിയോടൊപ്പം സ്റ്റാഫും സർക്കിളും പാർട്ടിക്കാരും
ചൊക്കടാ നേതാക്കളും ഒത്തിരികാണും തിട്ടം."
കാര്യങ്ങളെല്ലാം നേരെയാക്കിയ നേതാവയാൾ
ഹാരവുമായി ജനത്തലപ്പത്തെത്തീടുമ്പോൾ
"മന്ത്രിയെത്തുവാനല്പം താമസിച്ചീടും ഫോണിൽ
വന്നതാണീ സന്ദേശം തിടുക്കം വേണ്ടെ"ന്നൊരാൾ
അങ്ങൊരുദിക്കിൽ വള്ളം കളിയുണ്ടതു കണ്ടി-
ട്ടങ്ങാടിപ്പിള്ളേരുടെ യൂണിയനുദ്ഘാടനം.
പിന്നൊരു 'തിരണ്ടു' കല്യാണവും കഴിഞ്ഞെന്നാ-
ലുണ്ടൊരു 'കറവ'യുദ്ഘാടനം തിരക്കിലും
മച്ചിയായ് കഴിഞ്ഞൊരു 'ജേഴ്‌സി'യാണവളാദ്യം
പെറ്റതാണുപേക്ഷിക്കാൻ പറ്റുമോ, നേതാവല്ലേ?
മണിക്കൂറൊന്നോ രണ്ടോ താമസിച്ചാലും മന്ത്രി
വാക്കുമാറ്റുന്നോനല്ല; (കാലുമാറുമെന്നാലും)
വാർത്തയാജനത്തിന്റെ കാതിലൂടരിച്ചപ്പോൾ
ആർത്തരാ, യാവേശങ്ങളാകവേ തണുത്തുപോയ്
എന്തിനും വേണം മന്ത്രി നാട്ടുകാർക്കെല്ലാം പിന്നെ
എങ്ങനെ ഭരണയന്ത്രങ്ങളെ തിരിച്ചിടാൻ?
(നീലാണ്ടൻ – ആനയുടെ പേര്)

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം