പങ്‌ക്തി

ഏഴാം ദിവസത്തിന്‍റെ അവകാശികള്‍

"ഏഴാം ദിവസം നമ്മള്‍ തന്നെയായിരിക്കും" ( Dies Septimus nos ipsi erimus ) എന്ന് എഴുതിയതു വി. അഗസ്റ്റിനാണ്. സൃഷ്ടിയുടെ ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്നാണല്ലോ ഉത്പത്തിക്കഥ പറയുന്നത്. അങ്ങനെ സൃഷ്ടി കഴിഞ്ഞു ദൈവം വിശ്രമിച്ചപ്പോള്‍ സൃഷ്ടിയുടെ ലോകത്തില്‍ ദൈവം അസന്നിഹിതനായി ലോകത്തില്‍ ദൈവമില്ലാതായി. പക്ഷേ ദൈവം സൃഷ്ടിയെ മനുഷ്യനെയാണ് ഏല്പിച്ചത്. "കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവു മനുഷ്യനെ അവിടെയാക്കി." ദൈവത്തിന്‍റെ ഛായയിലും രൂപത്തിലും സൃഷ്ടിക്കപ്പെട്ടവന്‍ ഭൂമിയില്‍ ദൈവത്തിന്‍റെ പ്രതിപുരുഷനായി.
പക്ഷേ, മനുഷ്യഹൃദയം രണ്ടു വിരുദ്ധശക്തികളുടെ വടംവലിയുടെ മണ്ഡലമായിപ്പോയി. ഉത്തരവാദിത്വവും ഉത്തരവാദിത്വരാഹിത്യവും തമ്മിലുള്ള സംഘട്ടനവേദി. ഇവിടെ അതിഗൗരവമായ പാപം ഒന്നു മാത്രം. വലിയ മോഷണത്തിന്‍റെ പാതകം. സ്വയം ദൈവമാകുന്ന പാപം. "ദൈവത്തെപ്പോലെ"യാകാനുള്ള പ്രലോഭനത്തില്‍ വീഴുന്നു. ഫലമായി പ്രപഞ്ചവും അതി ലെ സകലതും സ്വന്തം സ്വകാര്യസ്വത്താണെന്ന ഭാവം. ഇത് ഉടയവനെ മറന്ന് അവന്‍റെ സ്വത്തു സ്വന്തമാക്കലാണ്. മനുഷ്യന്‍ പ്രമിത്തിയൂസിനെപോലെ സ്വര്‍ഗത്തിന്‍റെ മോഷ്ടാവായി. മനുഷ്യന്‍ തന്‍റെ ശാസ്ത്ര-സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു ഭൂമിയും അതിലെ വിഭവങ്ങളും കുത്തിക്കവരാന്‍ തുടങ്ങി. മനുഷ്യന്‍റെ വികസനം സ്വാര്‍ത്ഥതയുടെയും സ്വകാര്യങ്ങളുടെയും വികാസമായി.ഫലമായി പ്രകൃതി എല്ലാവര്‍ക്കും എന്നേയ്ക്കും വേണ്ടിയാണെന്നു മറന്നു. മറ്റുള്ളവരും ഭാവിയും മറന്നു സുഖഭോഗത്തിന്‍റെ ആര്‍ ത്തിയില്‍ ഭൂമി വിഷലിപ്തമായി, നദികള്‍ മരിച്ചു, മണ്ണു മരിച്ചു. മനുഷ്യന്‍റെ വാസത്തിന്‍റെ ഗേഹം വസിക്കാന്‍ പറ്റാത്തവണ്ണം മലിനമായി.
മനുഷ്യന്‍ മോഷ്ടാവായപ്പോള്‍ മറന്നതു ധര്‍മമാണ്, ഉത്തരവാദിത്വമാണ്. മാത്രമല്ല മനഃസാക്ഷിയിലെ ദൈവത്തിന്‍റെ സ്വരവും അവന്‍ കേട്ടില്ല. ദൈവത്തിന്‍റെ ദാനമായി കിട്ടിയ ഭൂമി ആരുടെയും സ്വാകാര്യസ്വത്തല്ല. പ്രപഞ്ചത്തിനു ഭാവി ഇല്ലാതായപ്പോള്‍ മനുഷ്യന്‍റെ ഭാവിയും അപകടത്തിലായി. ദൈവം മനുഷ്യനു നല്കിയതു ഭാവിയുടെ ഉത്തരവാദിത്വമാണ്, ഭാവിയുടെ വിളിയാണ്. അതുകൊണ്ടാണു കൂസായിലെ നിക്കോളാസ് ദൈവത്തെ സാദ്ധ്യതകളും സങ്കേതവുമായും അവതരിപ്പിച്ചത്. ദൈവം സാദ്ധ്യതയുടെ ഉറവിടമാണ് ( Possest ). ലോകത്തിന്‍റെ യും മനുഷ്യന്‍റെ സാദ്ധ്യതകളുടെയും ഭാവി ദൈവത്തിലാണ്. ദൈവനിഷേധം ഭാവിയുടെ നിഷേധമാണ്. അത് ആത്മഹത്യാപരമാണ്. ഏഴാം ദിവസം ഉത്തരവാദിത്വത്തിന്‍റെ ഭരമേല്പിക്കലിന്‍റെ പുണ്യദിനമാണ്.

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും

ഏതു പ്രായത്തിലും സ്‌നേഹം നമ്മെ മികച്ചവരാക്കുന്നു