വരികള്‍ക്കിടയിലെ ദൈവം

ബന്ധങ്ങളുടെ ദൈവം

ഫാ. ഡോ. മാര്‍ട്ടിന്‍ N ആന്റണി O de M

കോര്‍മാക്ക് മക്കാര്‍ത്തിയുടെ ഒരു നോവലുണ്ട്; Outer Dark. അന്ധകാരം ഒരു ആന്തരികഭാവമായും നൈതികവിഷയമായും ആഖ്യാനപ്രമേയമായും കടന്നു വരുന്ന നോവല്‍. ഇരുളാണ് ചുറ്റും: കഥാപാത്രങ്ങളുടെയും കഥാ പരിസരത്തിന്റെയും കഥയുടെയും അകത്തും പുറത്തും ഇരുളു തന്നെ. തന്റെ സഹോദരന്‍ കുള്ളയില്‍ (Culla) നിന്നാണ് റിന്തി (Rinthy) ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. പക്ഷേ, അവന്‍ ആ കുഞ്ഞിനെ ഒരു കാട്ടില്‍ കൊണ്ടു പോയി ഉപേക്ഷിക്കുന്നു. അവന്‍ സഹോദരിയോട് പറയുന്നത് ശിശുസഹജമായ രോഗം വന്നു കുഞ്ഞു മരിച്ചു എന്നാണ്. പക്ഷെ, അവള്‍ അറിയുന്നു കുഞ്ഞു കാട്ടില്‍ എവിടെയോ ഉണ്ടെന്ന്. പിന്നീട് നോവല്‍ ചിത്രീകരിക്കുന്നത് ഉള്ളില്‍ തമസ്സും വഹിച്ചു ഇരുളിലൂടെയുള്ള ഈ രണ്ടുപേരുടെയും അലച്ചിലാണ്; സഹോദരന്‍ തന്റെ പാപഭാരത്തില്‍ നിന്നും രക്ഷപ്പെടാനും, സഹോദരി ആ കുഞ്ഞിനെ ഒരു നോക്ക് കാണാനും. പാപഫലമാണ് താന്‍ ജന്മം നല്‍കിയ കുഞ്ഞ് എന്നവള്‍ക്കറിയാം. എങ്കിലും അവളുടെ അമ്മമനസ്സ് ആ കുഞ്ഞിനുവേണ്ടി കൊതിക്കുന്നു. കുഞ്ഞിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് അവള്‍ പേരില്ലാത്ത ഒരു മൂശാരിയെ കണ്ടുമുട്ടുന്നത്. മുന്നില്‍ തടസ്സങ്ങളാണ്. അവള്‍ മൂശാരിയോട് പറയുന്നു: 'കലികാലമാണ്.' അപ്പോള്‍ മൂശാരി നല്‍കുന്ന മറുപടി വലിയൊരു ദൈവശാസ്ത്രമാണ്. അവന്‍ പറയുന്നു: 'ദുഷ്ടരാണ് കലികാലമുണ്ടാക്കുന്നത്. മനുഷ്യരുടെ നീചത്വം ഞാന്‍ ഒത്തിരി കണ്ടിട്ടുണ്ട്, എങ്കിലും എനിക്കറിയില്ല, ദൈവം എന്തേ സൂര്യനെ അണച്ചതിനുശേഷം അവരില്‍ നിന്നും പോയിമറയുന്നില്ലയെന്ന്.'

പച്ചയായ ഒരു മനുഷ്യനെ പോലെ സകല വികാരവിചാരങ്ങളോടുകൂടിയ ഒരു ദൈവചിത്രം നമുക്ക് കാണാന്‍ സാധിക്കുക ബൈബിളില്‍ മാത്രമാണ്. കാരണം, ബൈബിള്‍ ബന്ധങ്ങളെ ചിത്രീകരിക്കുന്ന രചനകളുടെ ശേഖരമാണ്. അതില്‍ ദൈവമനുഷ്യബന്ധത്തിന്റെ സൗന്ദര്യമുണ്ട്, സൗ ഹൃദത്തിന്റെയും പ്രണയത്തിന്റെയും ഉയര്‍ച്ചതാഴ്ചകളുണ്ട്, ചതിയുണ്ട്, അസൂയയുണ്ട്, തള്ളിപ്പറയലുണ്ട്, വാഗ്ദാനമുണ്ട്, ഉടമ്പടിയുണ്ട്, വിരുന്നുണ്ട്, ആതിഥേയതയുണ്ട്. എല്ലാ ജീവിതകഥകളെ പോലെ ദൈവവും മനുഷ്യനും തമ്മിലുള്ള പ്രണയകഥയുടെ ചരിത്രാഖ്യാനമാണത്. അപ്പോഴും 'എനിക്കു മടുത്തു' എന്ന് പറയുന്ന ഒരു ദൈവത്തെ അവിടെയും കാണാം: ആകാശങ്ങളോടും ഭൂതലങ്ങളോടും പരാതിപറയുന്ന ദൈവത്തെ; താന്‍ പോറ്റിവളര്‍ത്തിയ ജനം തന്നോട് കലഹിക്കുന്നു എന്ന് വിലപിക്കുന്ന ദൈവത്തെ (ഏശ. 1:120).

ബന്ധങ്ങളെ വെട്ടിമുറിച്ചു മാറ്റുക, ചില സങ്കീര്‍ണ്ണതകള്‍ ബന്ധങ്ങളില്‍ കടന്നുവരുമ്പോള്‍ എല്ലാം ഉപേക്ഷിച്ചു പോകുക എന്നൊക്കെ പറയുന്നത് ഏറ്റവും സുഖമുള്ള കാര്യമാണ്. നോക്കുക, ദൈവത്തെയും വ്യക്തികളെയും ഉപേക്ഷിക്കാന്‍ ഒരു കാരണം കണ്ടെത്തുകയെന്നത് ഏറ്റവും എളുപ്പമാണ്. ഒരു കഴുതപ്പുലിയെപ്പോലെ ചിന്തിച്ചാല്‍ മതി. പ്രസവത്തിന്റെ വിശപ്പ് കലശലാണ് കഴുതപ്പുലിക്ക്. അത് ഇരയെ അന്വേഷിച്ചു ഒത്തിരി അലയുന്നു. ഒന്നും കിട്ടിയില്ല. അവസാനം സ്വന്തം മാളത്തിലേക്ക് തിരിച്ചുവരുന്നു. ഒരു കുഞ്ഞിനെ മണത്തുനോക്കി ആത്മഗതം ചെയ്യുന്നു; ഇതിന് ആടിന്റെ മണമാണല്ലോ. എന്നിട്ട് അതിനെ ഭക്ഷിക്കുന്നു. അതെ, ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ വലിയ കാരണങ്ങളൊന്നും വേണ്ട. ഒരു കഴുതപ്പുലിയെപ്പോലെ ചിന്തിച്ചാല്‍ മാത്രം മതി.

ആത്മരതിയില്‍ അഭിരമിക്കുന്നവര്‍ക്ക് ബന്ധങ്ങളില്‍ ആനന്ദിക്കാന്‍ സാധിക്കില്ല. ജീവിതത്തെയും ബന്ധങ്ങളെയും കഠിനവും ദുര്‍ഘടവുമാക്കുന്നത് നമ്മളാണ്, ദൈവമല്ല. തിന്മയുമായുള്ള നമ്മുടെ സഹവാസമാണ് ചുറ്റിനും അന്ധകാരം സൃഷ്ടിക്കുന്നത്. ആ തിന്മ തന്നെയാണ് ദൈവമനുഷ്യ ബന്ധങ്ങളില്‍ തടസ്സമായി നില്‍ക്കുകയും ചെയ്യുന്നത്. നോക്കുക, നമ്മുടെ തിന്മകളുടെ പേരില്‍ വിലപിക്കുന്നവനാണ് ദൈവം, അകന്നു പോകുന്നവനല്ല. നമ്മുടെ പ്രവര്‍ത്തികളുടെ പേരില്‍ സൂര്യനെയും ചന്ദ്രനെയും കെടുത്തിയതിനുശേഷം അവന് വിട്ടുപോകാന്‍ സാധിക്കുകയില്ല. കാരണം, ദൈവം സ്‌നേഹമാണ്.

ഇവിടെയാണ് ഈശോയുടെ മനുഷ്യാവതാരത്തിന്റെ പ്രസക്തി. അത് പങ്കുവയ്ക്കുന്നത് ബന്ധങ്ങളുടെ ദൈവശാസ്ത്രമാണ്. യോഹന്നാന്റെ സുവിശേഷം ഒറ്റ വചനത്തിലൂടെ അത് വ്യക്തമാക്കുന്നുണ്ട്: 'അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു' (യോഹ. 3:16).

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം