വരികള്‍ക്കിടയില്‍

സിനഡാലിറ്റിയും സീറോ മലബാര്‍ സിനഡും

മുണ്ടാടന്‍ കെ.
  • മുണ്ടാടന്‍

കോവിഡിന്റെ ജീവിത പരിസരത്തു വച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് ആരംഭിച്ചത്. കത്തോലിക്കാ സഭയേയും ബാധിച്ചുകൊണ്ടിരിക്കുന്ന ചില മാരകമായ വൈറസുകളെ പ്രതിരോധിക്കാനും ക്രിസ്തുവിന്റെ സഭയായി തുടരാനും നൂറ്റാണ്ടുകളിലേക്ക് സഭയെ നയിക്കാനും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ സിനഡ് പ്രഖ്യാപനം നടത്തിയത്. 2021-2024 വര്‍ഷകാലയളവിലാണ് ഈ സിനഡിനെക്കുറിച്ച് ആഗോള സഭയില്‍ ചര്‍ച്ചകള്‍ നടന്നത്. അതിന്റെ ഫൈനല്‍ ഡോക്കുമെന്റ് 2024 ഒക്‌ടോബര്‍ 26 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പു വച്ചു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുറന്നിട്ട ദൈവജന സംസ്‌കാരത്തിന്റെ വ്യാപനമാണ് 2024 ല്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള ഡോക്കുമെന്റ് എന്നതില്‍ തര്‍ക്കമില്ല. സഭയില്‍ ദൈവജനത്തിന്റെ അടിത്തറ മാമ്മോദീസയാണ്. മാമ്മോദീസ വഴി എല്ലാവരും ദൈവമക്കളായിത്തീരുന്നു. പിന്നെ അവിടെ പുരുഷനെന്നോ സ്ത്രീയെന്നോ ദളിതനെന്നോ ഉന്നതകുല ജാതനെന്നോ മാര്‍പാപ്പയെന്നോ മെത്രാനെന്നോ വൈദികനെന്നോ മറ്റുമുള്ള വേര്‍തിരിവില്ല. എല്ലാവരും ദൈവജനത്തിന്റെ ഭാഗമാണ്. എല്ലാവരും തുല്യരാണ്. പിന്നെ ദൈവവിളി അനുസരിച്ച് വിളക്കപ്പെട്ടവരുടെ ശുശ്രൂഷ ദൈവജനത്തിന്റെ ആത്മീയവും സമഗ്രവുമായ ക്ഷേമത്തിനു വേണ്ടി മാത്രമാണ്. 26-ാം ഖണ്ഡികയില്‍ പറയുന്നു ''പരിശുദ്ധ കുര്‍ബാന എല്ലാത്തിനും ഉപരി വെളിപ്പെടുത്തുന്നത് പരിശുദ്ധാത്മാവ് നല്കിയ ഐക്യമാണ്, അല്ലാതെ ഐകരൂപ്യമല്ല. സഭയ്ക്കുള്ളിലെ ഓരോ ദാനവും പൊതുനന്മയ്ക്കു വേണ്ടിയുള്ളതാണ്.''

സിനാഡിലിറ്റിക്ക് ഒരു ത്രിമാന രൂപമുണ്ടെന്ന് അന്തിമരേഖ സമര്‍ഥിക്കുന്നു. സിനഡ് കൂടുന്നത് മൂന്നു പ്രധാന കാര്യങ്ങള്‍ക്കാണ് - Dialogue, Discern and Decision - (സംഭാഷണം, വിവേചനം, തീരുമാനം). ഇവിടെ ദൈവജനത്തെ ഒന്നിപ്പിക്കുന്ന ഒരു പാരസ്പര്യം സംജാതമാകുന്നു. ആരും ആരുടെയും മേല്‍ ഒരു തീരുമാനം അടിച്ചേല്പിക്കുകയല്ല. മറിച്ച് എല്ലാവരും കൂടി പരസ്പരം സംസാരിച്ച്, സത്യവും സത്തയും വിവേചിച്ചറിഞ്ഞ് തീരുമാനമെടുക്കുന്ന ഒരു സജീവ പ്രക്രിയയാണത് (28).

സഭയില്‍ ദൈവജനം ഒപ്പം നടക്കാന്‍ പാകത്തില്‍ മുറിവേറ്റ ബന്ധങ്ങളെ എങ്ങനെ സൗഖ്യപ്പെടുത്തണമെന്ന് സിനഡാലിറ്റിയെ കുറിച്ചുള്ള അന്തിമരേഖ കൃത്യമായി പറയുന്നുണ്ട്.

അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും അനീതിയുടെയും അസത്യത്തിന്റെയും അത്യാധുനിക സംസ്‌കാരത്തെ അടിമുടി വിമര്‍ശിക്കുന്ന പ്രവാചകശബ്ദമായി മാറാന്‍ സിനഡാലിറ്റി ദൈവജനത്തെ സഹായിക്കും. അങ്ങനെ പ്രവാചക ശബ്ദമായി മാറണമെങ്കില്‍ ആദ്യം സഭയ്ക്കുള്ളില്‍ തന്നെ ശുദ്ധികലശം നടക്കണം. അതിനാല്‍ സഭയിലെ അധികാരികളോ സഭ നിയമിച്ച വ്യക്തികളോ ലൈംഗികമായോ, ആത്മീയമായോ, സാമ്പത്തികമായോ, അധികാരത്തിന്റെ അധീശത്താലോ, മനസ്സാക്ഷിയുടെ തലത്തിലോ ആരെയെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ അത്തരം വ്യക്തികളെയോ സമൂഹത്തെയോ കേള്‍ക്കുകയും വേണ്ടി വന്നാല്‍ അവരോട് പരസ്യമായി മാപ്പു ചോദിക്കുകയും ചെയ്തുകൊണ്ട് സഭയ്ക്കുള്ളില്‍ നീതിക്ക് ഇടം നല്കണം (55).

സീറോ മലബാര്‍ സഭയില്‍ അധികാരികളാല്‍ വെറുക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത ഒരു സമൂഹമുണ്ടെങ്കില്‍ അത് എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനമാണ്. അസത്യവും അനീതിയും അധര്‍മ്മവും അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായപ്പോള്‍ അതിനെ ചോദ്യം ചെയ്തു എന്നതാണ് അതിരൂപതയിലെ ദൈവജനം ചെയ്ത അപരാധം. അതിന്റെ പേരില്‍ അതിരൂപതയിലെ വൈദികരും അല്‍മായരും ഏറെ സഹനങ്ങളും പീഡനങ്ങളും ഏല്‌ക്കേണ്ടി വന്നു. എളുപ്പത്തില്‍ ഉണക്കാനാകാത്ത മുറിവുമായാണ് അതിരൂപതയിലെ ദൈവജനം ജീവിക്കുന്നത്. അതു മനസ്സിലാക്കാന്‍ ഇപ്പോള്‍ കൂടിയിരിക്കുന്ന സിനഡിലെ പിതാക്കന്മാര്‍ക്കു സാധിക്കണം.

സഭയില്‍ ദൈവജനം ഒപ്പം നടക്കാന്‍ പാകത്തില്‍ മുറിവേറ്റ ബന്ധങ്ങളെ എങ്ങനെ സൗഖ്യപ്പെടുത്തണമെന്ന് സിനഡാലിറ്റിയെ കുറിച്ചുള്ള അന്തിമരേഖ കൃത്യമായി പറയുന്നുണ്ട്. അതു വായിച്ചു പഠിക്കാനും ചര്‍ച്ച ചെയ്യാനും സീറോ മലബാര്‍ സിനഡ് മെത്രാന്മാര്‍ ധൈര്യം കാണിച്ചാല്‍ സീറോ മലബാര്‍ സഭയിലെ ഇന്നുള്ള പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരമുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിനുപോലും ദൈവജനത്തിന്റെ ശബ്ദം കേള്‍ക്കണമെന്ന് ഖണ്ഡിക 70-ല്‍ പറയുന്നുണ്ട്. അതു ചെവിക്കൊള്ളാന്‍ സീറോ മലബാര്‍ സഭയിലെ സിനഡിനാകുമോ?

ഫുള്‍സ്റ്റോപ്പ്: ''സത്യം, വിശ്വസ്തത, വ്യക്തത, സത്യസന്ധത, സമഗ്രത, കാപട്യവും അവ്യക്തതയും നിരസിക്കല്‍, ഗുഢലക്ഷ്യങ്ങളുടെ അഭാവം തുടങ്ങിയ വാക്കുകളുമായി സിനഡല്‍ പ്രക്രിയ തന്നെ അതിനെ ബന്ധിപ്പിച്ചരിക്കുന്നു'' (അന്തിമരേഖ 96). ഈ കാര്യം അധികാരികള്‍ മറക്കാതിരുന്നാല്‍ മാത്രമേ ദൈവജനത്തെ മുഴുവനും സഭയുടെ കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്താനാവുകയുള്ളൂ.

റവ. ഫാ. തോമസ് ഷൈജു ചിറയില്‍ കെ സി ബി സി മദ്യവിരുദ്ധ സമിതി സെക്രട്ടറി

വൈദികജീവിതം

ബാക്ക് ബഞ്ചില്ലാത്ത ക്ലാസ്‌റൂം

കൊച്ചിയിലെ കപ്പലൊച്ചകൾ [03]

വചനമനസ്‌കാരം: No.184