മലയാള ഭാഷയ്ക്ക് ഭാവുകത്വത്തിന്റെയും സര്‍ഗാത്മകതയുടെയും കാവ്യധാരയുടെയും യാഥാര്‍ത്ഥ്യബോധത്തിന്റെയും നിറമാല്യം ചാര്‍ത്തിയ എം ടി വാസുദേവന്‍ നായരുടെ നവതി മലയാള സാഹിത്യലോകത്തിനും സിനിമാ പരിസരത്തിനും നിറക്കൂട്ടുകളാണ് പകരുന്നത്. ഭാഷയും കവിതയും മൗനവും വാചാലതയും ദുഃഖവും സന്തോഷവും തൃഷ്ണയും കലഹവും തുടങ്ങി മനുഷ്യജീവിതത്തിലെ ഓരോ തുടിപ്പും നെഞ്ചിലടക്കിപ്പിടിച്ചാണ് എം ടി എന്ന മഹാമേരു മലയാള ഭാഷയിലും മറ്റുഭാഷകളിലും സര്‍ഗശക്തിയുടെ പച്ചിലച്ചാര്‍ത്തായ് നിലകൊള്ളുന്നത്. കഥാകൃത്ത്, നോവലെഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി മനസ്സുവച്ച എല്ലാ മേഖലകളിലും എം ടി സ്വന്തമായിടം സൃഷ്ടിച്ചു. എഴുപതോളം സിനിമകളാണ് എം ടി സഹൃദയര്‍ക്കായി ഒരുക്കിയത്. കേന്ദ്ര അക്കാദമി അവാര്‍ഡു തുടങ്ങി ഒട്ടുമിക്ക പുരസ്‌കാരങ്ങളും ലഭിച്ച പ്രതിഭാധനനായ മറ്റൊരു എഴുത്തുകാരന്റെ പേരു പറയാന്‍ മലയാളിക്കില്ല.
ഓരോ കാലഘട്ടത്തിലെയും മലയാളികളുടെ അവസ്ഥാന്തരങ്ങളെ സ്വന്തം ജീവിത കഥയാക്കി മാറ്റിയെഴുതുന്ന എഴുത്തിന്റെ മാസ്മരശക്തിയാണ് എം ടി യുടെ ഓരോ കൃതിയിലും നാം വായിക്കുന്നത്. എം ടി യുടെ എഴുത്തില്‍ മനുഷ്യമനസ്സുകളുടെ വേപഥുവും, ആനന്ദവും മാത്രമല്ല കാലവും സമയവും സംസ്‌കാരവും സാമൂഹിക വ്യവസ്ഥിതികളും, രാഷ്ട്രീയവും തുടങ്ങി മനുഷ്യന്റെ ജീവിതത്തെ സ്പര്‍ശിക്കുന്ന എല്ലാ തലങ്ങള്‍ക്കും അതിന്റെതായ ഇടമുണ്ടാകും. അതുകൊണ്ടു തന്നെ എം ടി യുടെ രചനകള്‍ കാലാതിവര്‍ത്തിയാണെന്നു നിസ്സംശയം പറയാം.
''പള്ളിവാളും കാല്‍ചിലമ്പും'' എന്ന കഥയുടെ സിനിമാവിഷ്‌കാരമായിരുന്നു 1974-ല്‍ കേന്ദ്ര ഫിലിം അവാര്‍ഡ് ലഭിച്ച നിര്‍മ്മാല്യം. ആ കഥ വായിച്ചാല്‍ വെളിച്ചപ്പാട് രാമക്കുറുപ്പിന്റെ സത്യസന്ധവും ഭക്തിയും നിറഞ്ഞ ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും വേദനകളുമാണ് ഉറഞ്ഞുതുള്ളുമ്പോള്‍ പള്ളിവാള്‍ കൊണ്ട് വെളിച്ചപ്പാട് തന്റെ തന്നെ തലയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടാക്കുന്ന മുറിവുകള്‍ എന്നും നാം മനസ്സിലാക്കും. ദേവിയുടെ കണ്‍മുമ്പിലും കള്ളത്തരം കാണിക്കുന്നവര്‍ക്ക് സുഖകരമായ ജീവിതവും സത്യസന്ധമായി തന്റെ ജീവിതദൗത്യം നിറവേറ്റുന്നവര്‍ക്ക് ദുഃഖങ്ങള്‍ മാത്രവുമാണെന്ന സത്യമാണ് ഒരു വാങ്മയ ചിത്രം പോലെ ഈ ചെറുകഥയില്‍ എം ടി വരച്ചു വയ്ക്കുന്നത്. മറ്റുള്ളവര്‍ക്ക് വസൂരി ദീനം വരാതിരിക്കാന്‍ ദേവിയുടെ കടാക്ഷത്തിനായി പള്ളിതുള്ളുന്ന വെളിച്ചപ്പാട് തന്റെ മകള്‍ അമ്മിണി ഒറ്റയ്ക്ക് പായയില്‍ കിടന്ന് വസൂരിയുടെ വേദനയില്‍ ഞെരിപിരി കൊള്ളുന്ന കാഴ്ചകണ്ട് മനസ്സുനൊന്ത് തീരുമാനമെടുത്തു.
''അമ്മിണി കിടക്കുന്ന മുറിയില്‍ അയാള്‍ കടന്നു. ലക്ഷ്മിയമ്മ എന്തോ ചോദിച്ചു. അയാളത് കേട്ടില്ലെന്നും തോന്നുന്നു. മൂലയില്‍ ചാരിവച്ചിരുന്ന പള്ളിവാളും ചുമരില്‍ ഒരാണിയില്‍ തൂങ്ങിക്കിടക്കുന്ന ചിലമ്പും അയാല്‍ കൈയിലെടുത്തു.
''അച്..ച്ഛാ', 'ഞാന്‍ വരാം മോളെ..''
'എങ്ങട്ടാ', അയാള്‍ നടന്നു. മൂശാരി നാണുവിന്റെ പുരയിലേക്കാണ് അയാള്‍ കയറിച്ചെന്നത്. വെളിച്ചപ്പാടിനെ കണ്ടപ്പോള്‍ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു. ''എന്താണോവോ ഈ വഴിക്ക്?', 'പഴേ ഓടിന് എന്ത് വില യുണ്ട്?'' ''റാത്തിലിന് രണ്ടര ഉറുപ്പിക വെച്ചിട്ടാ അട്യേന്‍ വാങ്ങ്ണ്''. ''ന്നാ, ഇതൊക്കെ തൂക്കി ഒന്ന് കാശ് കണക്കാക്ക്.'' മൂശാരി അമ്പരന്നു പോയി. ഭഗവതിയുടെ പള്ളിവാളും ചിലമ്പുമാണ്.
കഷ്ടപ്പാടിന്റെ ഉള്ളിലും ദേവിയുടെ വെളിച്ചപ്പാട് സത്യം വിട്ട് ഒന്നും പെരുമാറിയിട്ടില്ല. ദേവിയുടെ കടാക്ഷം തന്നിലൂടെ അനേകര്‍ക്ക് നല്കിയിട്ടുമുണ്ട്. പക്ഷേ തന്റെ കഠിനമായ ജീവിത വ്യഥയില്‍ ദേവി തന്നെ മറന്നുവെന്ന തീവ്രമായ വേദനയില്‍ നിരാശയുടെ അന്ധകാരത്തില്‍ അയാള്‍ക്ക് പള്ളിവാളും കാല്‍ചിലമ്പും വില്‍ക്കുകയില്ലാതെ നിവൃത്തിയില്ലായിരുന്നു. കഥ വായിച്ചു നിര്‍ത്തിയാലും വെളിച്ചപ്പാടിന്റെ ശ്വാസത്തിന്റെ ഗതിയും ഹൃദയത്തിന്റെ വേഗതയാര്‍ന്ന തുടിപ്പും വായനക്കാരന്റെ മനസ്സില്‍ നിന്നും വര്‍ഷങ്ങളായാലും കടന്നുപോകില്ല. അതാണ് എം ടി യുടെ മനുഷ്യത്വമാര്‍ന്ന ഭാഷയുടെ സൗന്ദര്യവും തന്റേടിത്തവും.
ഫുള്‍സ്റ്റോപ്പ്: ''എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്.'' 2015 ഏപ്രിലില്‍ എം ടി തിരുവന്തപുരത്തെ മലയാളം പള്ളിക്കൂടം സന്ദര്‍ശിച്ചു. കവി വി മധുസൂദനന്‍ നായരുടെ അഭ്യര്‍ത്ഥന പ്രകാരം കുട്ടികള്‍ക്കായ് അന്ന് ബോര്‍ഡില്‍ തല്‍ക്ഷണം എഴുതിയ വരികളാണിത്. 2018 ഫെബ്രുവരി 16 ന് സംസ്ഥാന സര്‍ക്കാര്‍ ഈ വാക്കുകള്‍ കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായി പ്രഖ്യാപിച്ചു