പ്രകടന പത്രിക ഇനി വേണ്ട, സര്‍ക്കാര്‍ ഉറക്കം വിട്ടുണരണം : കെ സി ബി സി മദ്യവിരുദ്ധ സമിതി

പ്രകടന പത്രിക ഇനി വേണ്ട, സര്‍ക്കാര്‍ ഉറക്കം വിട്ടുണരണം : കെ സി ബി സി മദ്യവിരുദ്ധ സമിതി
Published on

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യനയം സംബന്ധിച്ച പ്രകടന പത്രിക ഇടതുമുന്നണി ഇനി പ്രസിദ്ധീകരിക്കരുതെന്നും മുന്‍തെരഞ്ഞെടുപ്പുകളില്‍ നല്കിയതൊക്കെ വ്യാജമായിരുന്നെന്ന് കാലം തെളിയിച്ചെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ചങ്ങനാശ്ശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമിതിയുടെ കോട്ടയം മേഖലാ സമ്മേളനം ലൂര്‍ദ്ദ് ഫൊറോന പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

പ്രകടന പത്രികയില്‍ പറഞ്ഞതൊക്കെ അധികാരത്തില്‍ വന്നപ്പോള്‍ സമൂലം തള്ളിയ സര്‍ക്കാരാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി ഭരണം നടത്തുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം മദ്യശാലകളും മാരക ലഹരി വസ്തുക്കളും ഉണ്ടായ കാലഘട്ടമില്ല. സര്‍ക്കാര്‍ ഉറക്കം വിട്ടുണരണം. ഗാര്‍ഹിക പീഡനങ്ങള്‍ പെരുകുന്നുവെന്നും മുഖ്യമായും ലഹരി വസ്തുക്കളുടെ പ്രേരണയിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഭീതിപ്പെടുത്തുന്നതാണ്.

ഈ കാലഘട്ടത്തിലാണ് മദ്യം ഹോം ഡെലിവറി ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നുള്ള കാര്യം അത്ഭുതമുളവാക്കുന്നു.  യുവതലമുറ കത്തിയെടുത്ത് മറ്റുള്ളവരെ ആക്രമിക്കുന്നതും സ്വയം ദേഹമാകെ വരഞ്ഞും, കുത്തിയും മുറിവേല്‍പ്പിക്കുന്നതും പൊതുനിരത്തില്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. ജാഗ്രത പുലര്‍ത്തേണ്ട ഭരണ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭക്ഷ്യകിറ്റ് നല്കാന്‍ പോലീസിനെ ഉപയോഗിച്ച് വാഹനങ്ങളെ പിഴിയാന്‍ പൊതുനിരത്തിലിറക്കി വിട്ടിരിക്കുകയാണ്.

കുടുംബകോടതികളിലെ പതിനായിരക്കണക്കിന് വിവാഹ മോചന കേസുകളും പൊതുനിരത്തിലെ വാഹനാപകടങ്ങളും ജയില്‍വാസങ്ങളും മാനസിക രോഗങ്ങളും മദ്യ-മാരക ലഹരിമരുന്നുകളുടെ ഉല്പന്നങ്ങളാണ്. മേഖലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ആന്റണി മാത്യു, കെ.പി. മാത്യു, സാബു എബ്രാഹം, ജോസ് കവിയില്‍, ജോസ്‌മോന്‍ പുഴക്കരോട്ട്, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, ഔസേപ്പച്ചന്‍ ചെറുകാട്, ജിയോ കുന്നശ്ശേരി, റ്റോമി പൊട്ടംകുഴിയില്‍, തോമസുകുട്ടി റ്റി. എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org