വചനമനസ്‌കാരം

വചനമനസ്‌കാരം: No.86

Sathyadeepam
അതിനാല്‍, നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്റെ അടുത്തുവരുകയും നിന്റെ ദീപപീഠം അതിന്റെ സ്ഥലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
വെളിപാട് 2:5

'ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാണിത്'

- ശ്രീനാരായണ ഗുരു

ഭരതന്‍ ഭരിച്ചിരുന്നതിനാല്‍ മാത്രമല്ല ഹിമവാനു തെക്കും സേതുവിനു വടക്കുമുള്ള ഭൂമിക്ക് ഭാരതം എന്ന് പേര് ലഭിച്ചത്. ഭാരതം എന്നതിന് ഇതിഹാസങ്ങളില്‍ ഒന്ന് എന്നും അര്‍ത്ഥമുണ്ട്. ഭാ = എല്ലാ വേദങ്ങളിലും ശോഭിക്കുന്നത്; ര = എല്ലാ ജീവികളിലും രതി (താല്‍പര്യം) ഉള്ളത്; ത = എല്ലാ തീര്‍ത്ഥങ്ങളെയും തരിക്കുന്നത് എന്ന് അര്‍ത്ഥവിശദീകരണവുമുണ്ട്. അതെ, ഒരിക്കല്‍ നമ്മുടെ രാഷ്ട്രം ഒരിതിഹാസമായിരുന്നു. ഏറ്റവും ശോഭയുള്ള ഇതിഹാസം. സമസൃഷ്ടിസ്‌നേഹം അഥവാ എല്ലാ ജീവികളോടും തോന്നുന്ന അനുകമ്പ എന്നൊക്കെ അര്‍ത്ഥമുള്ള ഭൂതദയയാല്‍ പ്രശോഭിച്ചിരുന്ന ഇതിഹാസം. ആര്‍ഷഗാഥകളും ജ്ഞാനഗംഗകളും അനര്‍ഗളമായി പ്രവഹിച്ചിരുന്ന ഇതിഹാസം. ഒരിക്കല്‍ കള്ളനായിരുന്നവനെ രാമനാമജപത്താല്‍ മഹാഋഷി ആക്കി മാറ്റിയ ഇതിഹാസം. രണ്ടു ക്രൗഞ്ചപ്പക്ഷികളില്‍ ഒന്നിനെ എയ്തുവീഴ്ത്തിയ വേടനെയും 'മാ നിഷാദ' എന്നു വിലക്കുന്നതാണ് ആ ഇതിഹാസ ത്തിന്റെ സത്തയും ചൈതന്യവും. സര്‍വലോകത്തിനും ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആ ഇതിഹാസം പോയി മറഞ്ഞു. ഒരിക്കല്‍ സമസ്തലോകത്തിന്റെയും ദീപപീഠമായിരുന്ന ആ ഇതിഹാസം ഇപ്പോള്‍ കരിന്തിരി കത്തുകയാണ്. അതില്‍ കത്തിയമരുന്നത് ഗാന്ധിജിയും ടഗോറുമുള്‍പ്പെടെയുള്ള മഹാത്മാക്കളുടെ നിര്‍മ്മലമായ സ്വപ്‌നങ്ങളും ഭരണഘടനാമൂല്യങ്ങളുമൊക്കെയാണ്.

ജാതിയും മതവും അധികാരത്തിലേക്കുള്ള കുറുക്കുവഴിയാണെന്ന് കണ്ടെത്തുകയും നന്നായി ഗൃഹപാഠം ചെയ്ത് അത് നടപ്പാക്കുകയും ചെയ്തതോടെയാണ് ഭാരതമെന്ന ഇതിഹാസത്തിന്റെ തകര്‍ച്ച ആരംഭിച്ചത്. മൂന്നു മാസമാകുമ്പോഴും നിലവിളികളും അട്ടഹാസങ്ങളും നിലയ്ക്കാത്ത മണിപ്പൂര്‍ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. നമ്മുടെ രാഷ്ട്രശരീരത്തില്‍ ബോധപൂര്‍വം വളര്‍ത്തിയെടുത്ത വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അര്‍ബുദം മഹത്തായ ഈ സംസ്‌കൃതിയുടെ ജീവനെടുക്കുന്ന തലത്തിലെത്തിയിരിക്കുന്നു. ഭരണഘടനയുടെ 'ഹൃദയവും ആത്മാവും' എന്ന് വിശേഷിപ്പിക്കപ്പെട്ട ആമുഖത്തിലെ 'We, the People of India' എന്ന് നമുക്ക് ഇനി ആത്മാര്‍ത്ഥമായി പറയാനാകുമോ? ആര്‍ഷഭാരതം പുതിയ ഇന്ത്യയെ ഇപ്പോഴും മാടിവിളിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ സ്തംഭങ്ങളൊന്നും സഹായിച്ചില്ലെങ്കിലും ജനത എന്ന നിലയില്‍ ആ പിന്‍വിളി കേള്‍ക്കാനും സ്‌നേഹദൂരം താണ്ടാനും നമുക്ക് കഴിഞ്ഞാല്‍ മാത്രമേ ഭാരതം അതിജീവിക്കുകയുള്ളൂ.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം