വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15
Published on
ഇറ്റലിയിലെ ബ്രേഷിയയില്‍ ഒരു സമ്പന്ന കുടുംബത്തില്‍ ഒമ്പതു മക്കളില്‍ ആറാമത്തവളായി പാവ്‌ളീന ഫ്രാന്‍സെസ്‌ക ഡി റോസ 1813 നവംബര്‍ 6 ന് ജനിച്ചു. 1824-ല്‍ അമ്മ മരിക്കുമ്പോള്‍ അവള്‍ക്ക് പതിനൊന്ന് വയസ്സേയുള്ളു. വിസിറ്റേഷന്‍ സിസ്റ്റേഴ്‌സാണ് അവള്‍ക്കു വിദ്യാഭ്യാസം നല്‍കിയത്. 1830-ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച്, നല്ലൊരു കര്‍ഷകനും പൊതുക്കാര്യപ്രസക്തനുമായ പിതാവിന്റെ സഹായിയായി ജോലി ആരംഭിച്ചു. നല്ലൊരു സംഘാടകയായിരുന്ന അവള്‍ പിതാവിന്റെ സാമൂഹികപ്രവര്‍ത്തനങ്ങളുടെ ചുവടു പിടിച്ച് കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. അവളുടെ ആദ്ധ്യാത്മിക പിതാവും ബ്രേഷിയ കത്തീഡ്രല്‍ വികാരിയുമായിരുന്ന മോണ്‍. ഫൗസ്റ്റിനോ പിന്‍സോണി അവള്‍ക്കു വേണ്ട എല്ലാ പ്രോത്സാഹ നങ്ങളും സഹായങ്ങളും നല്‍കിക്കൊണ്ടിരുന്നു. ഗബ്രിയേല ബൊര്‍ണാറ്റി എന്ന യുവതിയും അവളെ സഹായിക്കാനെത്തി.

അവരിരുവരും കൂടി 1836-ല്‍ നാട്ടില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോള്‍ രോഗികളെ ശുശ്രൂഷിക്കാന്‍ ധീരമായി രംഗത്തിറങ്ങി.
പാവ്‌ളീനയുടെ ശ്രമഫലമായി ബ്രേഷിയായില്‍ മൂക-ബധിര വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സ്‌കൂളും തെരുവില്‍ അലയുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാനായി ഒരു സ്ഥാപനവും ആരംഭിച്ചു. പാവപ്പെട്ട സ്ത്രീ കളെ സഹായിക്കാനായി നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനും അവള്‍ പ്രേരണ ചെലുത്തി. അവര്‍ക്കുവേണ്ടി ഒരു സാമൂഹിക പദ്ധതിയും ആരംഭിച്ചു.
ക്രിസ്തുവിന്റെ പീഡാനുഭവങ്ങളായിരുന്നു എപ്പോഴും അവളുടെ ധ്യാനവിഷയം. അതുകൊണ്ട് പാവ്‌ളീനയുടെ ആദ്ധ്യാത്മികതയും ക്രൂശിക്കപ്പെട്ട യേശുവിനെപ്പറ്റിയുള്ള ചിന്തകളിലും സ്‌നേഹത്തിലും അധിഷ്ഠിതമായിരുന്നു. അങ്ങനെയാണ് 1840-ല്‍ അവള്‍ മരിയ ക്രൂസിഫിക്‌സ ഡി റോസ എന്നു പേരു സ്വീകരിച്ചുകൊണ്ട് "ഉപവിയുടെ ദാസികള്‍" എന്ന പുതിയ സന്ന്യാസസഭയ്ക്കു രൂപം കൊടുത്തത്. പാവങ്ങളെയും രോഗികളെയും വേദനിക്കുന്നവരെയും സഹായിക്കുകയും ശുശ്രൂഷിക്കുകയുമായിരുന്നു "ഉപവിയുടെ ദാസികളു"ടെ പ്രവര്‍ത്തനങ്ങള്‍. വെറും 30 വയസ്സുള്ള സഭാസ്ഥാപകയുടെ ഊര്‍ജ്ജസ്വലതയില്‍ ആകൃഷ്ടരായി ധാരാളം പേര്‍ പുതിയ സഭയില്‍ അംഗങ്ങളായി ചേര്‍ന്നു.
ഉത്തര ഇറ്റലിയില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ വേദനിക്കുന്ന സകലര്‍ക്കും ആശ്വാസവും സഹായവുമായി സി. മരിയയും സഹോദരിമാരും മാലാഖമാരെപ്പോലെ ബ്രേഷിയയിലും പരിസരപ്രദേശങ്ങളിലും ഓടി നടന്നു. പരുക്കേറ്റ സൈനികരെ ശുശ്രൂഷിക്കാന്‍ 1849-ല്‍ ഒരു മിലിട്ടറി ഹോസ്പിറ്റല്‍ ആരംഭിക്കാന്‍ സഹായിക്കുകയും ചെയ്തു.
1850-ല്‍ തങ്ങളുടെ പുതിയ സന്ന്യാസസഭയ്ക്ക് പേപ്പല്‍ അംഗീകാരം ലഭിക്കാനായി സി. മരിയ റോമിലെത്തി. അംഗീകാരം ലഭിച്ചതോടെ ധാരാളം പുതിയ കോണ്‍വെന്റുകള്‍ ആരംഭിക്കപ്പെട്ടു. 1855-ല്‍ മാണ്ടുവായില്‍ വച്ച് പെട്ടെന്ന് ബോധക്ഷയം സംഭവിച്ച സി. മരിയ ഡിസംബര്‍ 15 ന് അന്തരിച്ചു. അവരുടെ സഭയുടെ മാതൃഭവനത്തില്‍ നടത്തിയ സംസ്‌കാര ശുശ്രൂഷകളില്‍ ഒരു വന്‍ജനാവലി തന്നെ പങ്കെടുത്തു.
പോപ്പ് പയസ് XII 1940 മെയ് 26ന് സി. മരിയയെ വാഴ്ത്തപ്പെട്ടവളും 1954 ജൂണ്‍ 12 ന് വിശുദ്ധയുമായി പ്രഖ്യാപിച്ചു.

ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും; എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.
യോഹ. 16:33

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org