

കോട്ടയം: സമൂഹത്തില്‍ അനുദിനം വര്‍ധിച്ചു വന്നുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറും കോട്ടയം ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പറുമായ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വഹിച്ചു.
കെ എസ് എസ് എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ചുള്ള ബോധവല്‍ക്കരണ സെമിനാറിന് കാരിത്താസ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് നേതൃത്വം നല്‍കി. കൂടാതെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
കെ എസ് എസ് എസ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍, മേരി ഫിലിപ്പ്, കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് ഫാക്കല്‍റ്റിസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് നേഴ്‌സിംഗ് വിദ്യാര്‍ഥികളുടെ റോള്‍ പ്ലേയും നടത്തപ്പെട്ടു.