

ജോണിന്റെ പിതാവ് ഫ്രാന്‍സിസ്‌കോ ഗൊണ്‍സാലൊ വളരെ മാന്യനായ ഒരു സ്‌പെയിന്‍കാരനായിരുന്നു. പക്ഷേ, ഒരു സാധു സ്ത്രീയെ വിവാഹം ചെയ്തതിന്റെ പേരില്‍ അയാള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു. കാറ്റലിന്‍ അല്‍വാരസ് സില്‍ക്കുവസ്ത്ര നിര്‍മ്മാണശാലയിലെ ജോലിക്കാരിയായിരുന്നു. അവളുടെ പശ്ചാത്തലവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഫ്രാന്‍സിസ്‌കോ. ദാരിദ്ര്യവും കഠിനാദ്ധ്വാനവും ആ കുടുംബത്തെ തളര്‍ത്തി. പുത്രന്‍ ജോണിന്റെ ജനനത്തിനുമുമ്പേ ഫ്രാന്‍ സിസ്‌ക്കോ മരണമടഞ്ഞു. അനാരോഗ്യവാനായിട്ടാണ് ജോണ്‍ ജനിച്ചത്. വലുപ്പവും കുറവായിരുന്നു.
പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു വിദ്യാലയത്തിലായിരുന്നു പഠനം. പക്ഷേ, അത് അധികകാലം തുടരാനായില്ല. ഒരു ആശുപത്രിയില്‍ ജോലിചെയ്തുകൊണ്ട് മെദിനയിലുള്ള ഒരു ജസ്യൂട്ട് സ്‌കൂളില്‍ പഠനവും തുടര്‍ന്നു. 21-ാമത്തെ വയസ്സില്‍ കര്‍മ്മലീത്താ സഭയില്‍ ചേര്‍ന്നു. പ്രാര്‍ത്ഥനയിലും വിശുദ്ധിയിലും വളര്‍ന്നു. നാലുവര്‍ഷം സലമാങ്കായില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചശേഷം പൗരോഹിത്യം സ്വീകരിച്ചു.
അധികം താമസിയാതെ തന്നെ ആവിലായിലെ വി. തെരേസയുമായി സൗഹൃദം സ്ഥാപിച്ചു. കന്യാസ്ത്രീകള്‍ക്കുവേണ്ടി തെരേസ ചെയ്യുന്നതുപോലെയുള്ള ഒരു സംവിധാനം പുരുഷന്മാര്‍ക്കും കര്‍മ്മലീത്താ സഭയില്‍ വേണമെന്ന ആവശ്യം തെരേസ, ജോണുമായി പങ്കുവച്ചു. അങ്ങനെയാണ് 1568 നവംബര്‍ 28-ന് ഡൂറെലോയില്‍ ആദ്യത്തെ നവീകൃത സന്ന്യാസസഭ ജന്മം കൊണ്ടത്. അത്യാവശ്യ സൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരു വെറും ഷെഡ്ഡായിരുന്നു സഭയുടെ ആസ്ഥാനം. വി. തെരേസ "ബെത്‌ലഹമിലെ തൊഴുത്തി"നോടാണ് അതിനെ താരതമ്യം ചെയ്തത്.
മറ്റു സന്ന്യാസഭവനങ്ങള്‍ പെട്ടെന്നു തന്നെ രൂപം കൊണ്ടു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ കുരിശിന്റെ ജോണ്‍ (അങ്ങനെയാണ് അദ്ദേഹം സ്വയം വിളിച്ചത്) ആവിലായിലെ വി. തെരേസയുടെയും മറ്റു കന്യാസ്ത്രീകളുടെയും ആദ്ധ്യാത്മിക പിതാവായിത്തീര്‍ന്നു.
എന്നാല്‍, സഭയില്‍ പ്രശ്‌നങ്ങള്‍ തല പൊക്കിത്തുടങ്ങി. സന്ന്യാസസഭയുടെയും ജനറല്‍ ചാപ്റ്ററിന്റെയും സുപ്പീരിയറായിരുന്ന അപ്പസ്‌തോലിക് നൂണ്‍ഷ്യോയുടെ ചില നിര്‍ദ്ദേശങ്ങള്‍ സഭയില്‍ എതിര്‍പ്പും മറ്റു പ്രശ്‌നങ്ങളും വിളിച്ചുവരുത്തി. അതോടനുബന്ധിച്ച് ജോണിനെ തന്റെ സഭയിലെ സഹോദരങ്ങള്‍ തന്നെ കാരാഗൃഹത്തിലടച്ചു. വളരെ ഇടുങ്ങിയ, യാതൊരു സൗകര്യവുമില്ലാത്ത ഒരു ഇരുണ്ട അറയിലായിരുന്നു ജോണിനെ അവര്‍ പാര്‍പ്പിച്ചത്. ഒരിക്കല്‍ അത്ഭുതകരമായി അതില്‍നിന്നു രക്ഷപ്പെടുന്നതുവരെ അപമാനവും പീഡനങ്ങളും സഹിച്ച് ഒമ്പതു മാസമാണ് ആ ഇരുട്ടറയില്‍ കഴിഞ്ഞത്.
ദൈവം മാത്രമായിരുന്നു ഇരുട്ടറയില്‍ ജോണിനു കൂട്ട്. ആ ബന്ധം ഊഷ്മളമായി വളര്‍ന്നു. ഇരുട്ടറയില്‍ ആന്തരികപ്രകാശം പരന്നു. അദ്ദേഹത്തിന്റെ ഭാവന ചിറകുവിരിച്ചു. അങ്ങനെയാണ് "ആത്മാവിന്റെ കറുത്ത രാത്രി", "ആത്മീയകീര്‍ത്തനം", "കര്‍മ്മല മലകയറ്റം", "ജീവിക്കുന്ന സ്‌നേഹദീപം" തുടങ്ങിയ അവിസ്മരണീയമായ ആത്മീയ കാവ്യങ്ങള്‍ രൂപം കൊണ്ടത്.
പിന്നീട്, കര്‍മ്മലസഭയില്‍ യാഥാസ്ഥിതിക ഗ്രൂപ്പും പരിവര്‍ത്തനവാദികളുടെ ഗ്രൂപ്പും ഉണ്ടായെങ്കിലും കുറെക്കാലം ജോണ്‍ അവരുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി കഴിഞ്ഞു. എങ്കിലും അധികം വൈകാതെ അദ്ദേഹം സ്‌പെയിനിന്റെ ദക്ഷിണഭാഗത്തുള്ള ഒരു മൊണാസ്റ്ററിയില്‍ ഏകാന്തവാസം ആരംഭിച്ചു. അവിടെവച്ച് മാരകമായ അള്‍സര്‍ അദ്ദേഹത്തിന്റെ കാലുകളുടെ സ്വാധീനം പോലും ഇല്ലാതാക്കി. ചികിത്സയ്ക്കായി ഉബേദായിലേക്കു മാറ്റപ്പെട്ട അദ്ദേഹം അവിടെ ഒറ്റപ്പെട്ട്, അവഗണിക്കപ്പെട്ട്, തെറ്റിദ്ധരിക്കപ്പെട്ട്, ഇഞ്ചിഞ്ചായി മരിച്ചു.
1591 ഡിസംബര്‍ 14-ന് 49-ാമത്തെ വയസ്സില്‍, "അങ്ങയെപ്രതി സഹിക്കുകയും നിന്ദിക്കപ്പെടുകയും ചെയ്യുവാന്‍ അനുവദിക്കണമേ" എന്നു പ്രാര്‍ത്ഥിച്ചിരുന്ന കുരിശിന്റെ വി. ജോണ്‍ "അങ്ങയുടെ കരങ്ങളില്‍, കര്‍ത്താവേ, എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു" എന്നു സങ്കീര്‍ത്തകനോടൊപ്പം പറഞ്ഞുകൊണ്ട് കര്‍ത്താ വില്‍ വിലയം പ്രാപിച്ചു.
1592-ല്‍, അഴുകാതിരുന്ന മൃതശരീരം, സെഗോവിയായിലേക്കു മാറ്റപ്പെട്ടു. 1675-ല്‍ പോപ്പ് ക്ലമന്റ് X ജോണിനെ വാഴ്ത്തപ്പെട്ടവനും, 1726-ല്‍ പോപ്പ് ബനഡിക്ട് XIII വിശുദ്ധനുമായി പ്രഖ്യാപിച്ചു. 1926 നവംബര്‍ 24-ന് പോപ്പ് പയസ് XI വി. ജോണിനെ സഭാപാരംഗതനായി ഉയര്‍ത്തി.
ആത്മീയഗുരുക്കന്മാരുടെ ഗുരുവായിട്ടാണ് കുരിശിന്റെ വി. ജോണ്‍ അറിയപ്പെടുന്നത്. സഭയുടെ മിസ്റ്റിക്കല്‍ തിയോളജിയുടെ പിതാവാണ് അദ്ദേഹം. "Ascent of Mount Carmel", The Dark Night of the Soul", "The Spiritual Canticle", "The Living Flame of Love" എന്നീ മഹത്തായ ആദ്ധ്യാത്മിക ഗീതങ്ങള്‍ അദ്ദേഹത്തിന്റെ ആത്മീയ ദര്‍ശനങ്ങളുടെയും വിശുദ്ധിയുടെയും തെളിവുകളാണ്. നശ്വരമായ ലോകമായകളില്‍ നിന്നകന്നു കഴിയുന്നവരോട് അദ്ദേഹം ഉപദേശിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ളതും തൃപ്തികരമല്ലാത്തതും കഷ്ടപ്പാടു നിറഞ്ഞതും തിരഞ്ഞെടുക്കാനാണ്. ആത്മീയമായും "ഒന്നും സ്വന്തമാക്കാന്‍ ശ്രമിക്കാതിരിക്കുക; എങ്കില്‍, എല്ലാം നിങ്ങള്‍ക്കു ലഭിക്കും" എന്നാണ് വി. ജോണ്‍ നമ്മെ ഉപദേശിക്കുന്നത്.