ഇമ്മാനുവലിന്റെ വരവ് കാത്ത്

ഇമ്മാനുവലിന്റെ വരവ് കാത്ത്
Published on

ഡിസംബർ മാസത്തിന്റെ കുളിരണിഞ്ഞ ചെറുപുഞ്ചിരി പോലെ വെളുത്ത മഞ്ഞ് വീണു നനഞ്ഞ ക്രിസ്തുമസ് രാത്രി.

പത്ത് വയസ്സുകാരി അന്നയും ഏഴ് വയസ്സുകാരി സാറയും വീടിന്റെ മുറ്റത്ത് സുന്ദരമായ ഒരു പുൽക്കൂട് പണിതു മിനുക്കുകയായിരുന്നു.

“പുത്തൻ ഉടുപ്പും വീട്ടുസാധനങ്ങളും വാങ്ങാൻ പോയ അപ്പ ഇതുവരെ വന്നില്ലല്ലോ...” അമ്മ ആലീസ് ആശങ്കയോടെ പറഞ്ഞു.

കയ്യിൽ പണം നിറഞ്ഞ ബാഗുമായി ജോയി ഒറ്റയ്ക്കായിരുന്നു പോയത്. പഴയ മദ്യപാനശീലം... ആലീസിന്റെ മനസിൽ കുന്തമുനയായി വേദനിച്ചു കടന്നു.

അന്നയും സാറയും പുൽക്കൂടിന്റെ മുന്നിൽ മെഴുകുതിരികൾ തെളിച്ച് കൈകൾ ചേർത്ത് പ്രാർത്ഥിച്ചു:

“ഉണ്ണീശോ... അപ്പയെ സുരക്ഷിതനായി വേഗം തിരികെ കൊണ്ടുവരണമേ.”

നനവേറിയ ഒരു ചെറുകാറ്റ് വീശി; കുട്ടികളുടെ കൈകൾ തിരികൾ അണയാതിരിക്കാൻ കാവലായി.

സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ് സമയത്ത് മണി കിലുക്കങ്ങളുടെ ശബ്ദവും റാന്തൽ വിളക്കുകളുടെ മൃദുവായ വെളിച്ചവും നിറഞ്ഞ ഒരു കാളവണ്ടി മുറ്റത്ത് എത്തി നിന്നു.

വണ്ടിക്കുള്ളിൽ...

മദ്യലഹരിയിൽ അവശനായി കിടക്കുന്ന അവരുടെ അപ്പ, ജോയി.

“അപ്പാ...!” എന്ന് കുട്ടികൾ വിളിക്കുമ്പോൾ വണ്ടിക്കാരന്റെ മുഖത്ത് ഒരു കരുണയുടെ നിഴൽ പടർന്നു.

അയാൾ ജോയിയെ മെല്ലെ തട്ടി വിളിച്ചു. ജോയി പാതി മയക്കത്തിൽ കണ്ണു തുറന്ന് വണ്ടിയിൽ നിന്ന് ഇറങ്ങി.

വണ്ടിക്കാരൻ മൃദുവായി പറഞ്ഞു:

“മോനെ... കുടുംബം ദൈവത്തിന്റെ വലിയൊരു സമ്മാനമാണ്. അത് ശ്രദ്ധയോടെ കാത്തുപോരേണ്ടതുണ്ട്.”

ആലീസും കുട്ടികളും ചേർന്ന് ജോയിയെ അകത്തേക്ക് കൊണ്ടുപോയി. വണ്ടിക്കാരൻ ക്രിസ്തുമസ്സ് ആശംസകൾ നേർന്നു കാളകൾ മുന്നോട്ട് നടന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ വീടിന്റെ മുന്നിൽ വെള്ള നിറത്തിലുള്ള രണ്ട് വലിയ ചാക്കുകൾ, ചില പൊതികൾ, മുകളിലായി പണവുമായി ഒരു കൈബാഗ്... എല്ലാം നന്നായി വച്ചിട്ടുണ്ടെന്ന് ആലീസ് ശ്രദ്ധിച്ചു.

ദീർഘനിദ്രയ്ക്ക് ശേഷം ജോയി ഉണർന്നു. അയാൾ പറഞ്ഞു:

“ഒന്നും നഷ്ടമായിട്ടില്ല... ആ വണ്ടിക്കാരൻ നല്ലയാളാണ്. അവന്റെ പേര്... ഇമ്മാനുവൽ.”

ആ പേര് കേട്ടപ്പോൾ വാതിൽക്കൽ ഒരു ദിവ്യനിശ്ശബ്ദത പടർന്നു.

പൊതികൾ തുറന്നപ്പോൾ... പുതിയ വസ്ത്രങ്ങൾ, കേക്ക്, റൊട്ടി, മാംസം, പൂത്തിരി, മത്താപ്പുകൾ, വാൽനക്ഷത്രം ഉള്ള അലങ്കാരദീപങ്ങൾ... ക്രിസ്തുമസിനാവശ്യമായതെല്ലാം.

“പപ്പ ഇവയെല്ലാം നമുക്കായി വാങ്ങിയതല്ലേ?” അന്ന ചോദിച്ചു.

ജോയിയുടെ കണ്ണുകൾ നിറഞ്ഞു.

അയാൾ പറഞ്ഞു: “ദൈവം എല്ലാം തന്നിട്ടും... മദ്യപാനം കൊണ്ട് ഞാനാണ് എല്ലാം നശിപ്പിച്ചത്.”

മദ്യലഹരിയിൽ കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങളും പണം നിറഞ്ഞ ബാഗും താഴെവീണ് പോയത് ജോയിക്ക് ഓർമ്മയായി.

അതേസമയം... വണ്ടിക്കാരൻ കരുണയോടെ അവന്റെ അടുത്തെത്തി, താങ്ങി, കഴുത്തിലെ കുരിശിൽ മുത്തമിട്ട് പറഞ്ഞു:

“ദൈവത്തിന് വിരുദ്ധമായതിൽ നിന്ന് വിട്ടുനിൽക്കണം, മകനേ.”

അയാൾ ജോയി വാങ്ങിയിരുന്ന വിലകൂടിയ മദ്യക്കുപ്പികൾ ദൂരേക്ക് എറിഞ്ഞു കളഞ്ഞതും ജോയിയുടെ മനസിൽ വെളിച്ചമായി തെളിഞ്ഞു.

കണ്ണുകൾ നിറച്ച് ജോയി കുട്ടികളെ ചേർത്തുപിടിച്ചു:

“ഇനി അപ്പ മദ്യപിക്കില്ല... ഇത് നിങ്ങളോടുള്ള എന്റെ വാഗ്ദാനം.”

അന്നയും സാറയും അപ്പയുടെ നെഞ്ചിൽ മുഖം മറച്ചു.

ആലീസിന്റെ ഹൃദയവും കൃതജ്ഞതയിൽ നനഞ്ഞു.

ആ രാത്രിയിൽ, പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് രാത്രികുർബാനയ്ക്കായി ഇറങ്ങുമ്പോൾ, കുഞ്ഞുങ്ങൾ അകലെ കണ്ടു...

റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ മണി കിലുക്കങ്ങളോടെ ആളൊഴിഞ്ഞൊരു കാളവണ്ടി... അവരുടെ പുൽക്കൂടിലേക്കൊരു സ്വർണ്ണപ്രകാശം വിതറി അകലേക്ക് മറഞ്ഞു.

ആ നിമിഷത്തിൽ പുൽക്കൂടിനുള്ളിൽ ഇമ്മാനുവലിന്റെ ദിവ്യമുഖം തിളങ്ങുന്നതുപോലെ തോന്നി.

മാലാഖ പുഞ്ചിരിയോടെ കൈകൾ കൂപ്പി. കുഞ്ഞുങ്ങൾ ദൈവത്തെ വാഴ്ത്തി.

ഇമ്മാനുവലിന്റെ വരവിനായി കാത്തിരുന്ന കുട്ടികൾ... ഒടുവിൽ നിരാശരായില്ല.

ജോയിയുടെ വീട്ടിലെ കറുത്ത മേഘങ്ങൾ മാറി; നന്മയും ശാന്തിയും സമൃദ്ധിയും നിറഞ്ഞ ഒരു ക്രിസ്തുമസ് ദിനം ആഗതമാവുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org